ഹജ്ജിന്റെയും ഉംറയുടെയും രൂപം 3
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

ജാബിറി (റ)ൽ നിന്നുള്ള പ്രസിദ്ധമായ ഹദീസിനാകുന്നു ഹജ്ജിന്റെ രീതി വിവരിക്കുന്നതിൽ പണ്ഡിതന്മാരുടെ അടുക്കൽ അടിസ്ഥാനം. തിരുനബിയിൽ നിന്നു വന്ന സ്വഹീഹായ നിവേദനങ്ങളെ നാം പരിശോധിക്കുകയും താഴെ വരുന്ന സംക്ഷിപ്തരൂപം അവയിൽനിന്നു നമുക്ക് ലഭിക്കുകയും ചെയ്തു.
തീർഥാടകൻ മീക്വാത്തിലേക്ക് എത്തിയാൽ കുളിക്കലും കക്ഷരോമം, ഗുഹ്യരോമം, മീശ, എടുക്കൽ അനുവദനീയമായതും ആവശ്യമായതുമായ മറ്റു രോമങ്ങൾ എന്നിവ നീക്കലും നഖം വെട്ടലും സുന്നത്താകുന്നു. പുരുഷൻ തുന്നിയ വസ്ത്രങ്ങളിൽനിന്ന് ഒഴിവാകുകയും കർമത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയ്യത്തിനു മുമ്പായി ശരീരത്തിൽ സുഗന്ധം പൂശുകയും ചെയ്യുക. പുരുഷൻ വൃത്തിയുള്ളതും വെളുത്തതുമായ ഒരു ഉടുമുണ്ടും ഒരു മേൽമുണ്ടും ധരിക്കുകയും സ്ത്രീ താനുദ്ദേശിക്കുന്ന വസ്ത്രത്തിൽ ഇഹ്‌റാമിൽ പ്രവേശിക്കുകയും ചെയ്യുക. പുരുഷൻ മേൽമുണ്ടുകൊണ്ട് തന്റെ ഇരുചുമലുകൾ മറയ്ക്കുകയും താനുദ്ദേശിക്കുന്ന കർമം പ്രഖ്യാപിക്കുകയും ചെയ്യുക. തന്റെ വാഹനത്തിൽ കയറിയ ശേഷം ഈ പ്രഖ്യാപനം നടത്തലാണ് ഏറ്റവും ഉത്തമം. രോഗം, വഴിക്കൊള്ള പോലുള്ളതു കാരണത്താൽ തന്റെ കർമത്തെ പൂർത്തീകരിക്കുന്നതിനു തടസ്സമാകുന്ന വല്ല വിഘ്‌നവും ഇഹ്‌റാമിൽ പ്രവേശിക്കുന്നവൻ ഭയക്കുകയായാൽ അവൻ ഉപാധിവെക്കട്ടെ. അഥവാ ‘അല്ലാഹുവേ, എവിടെ വെച്ച് നീ എന്നെ തടയുന്നുവോ ഞാൻ അവിടെ വെച്ചു ഇഹ്‌റാമിൽനിന്ന് വിരമിക്കുന്നതാണ്’ എന്നു ഉപാധിവെക്കുക.
താനുദ്ദേശിക്കുന്ന കർമം പ്രഖ്യാപിക്കുമ്പോൾ ക്വിബ്‌ലക്കു മുന്നിടൽ സുന്നത്താണ്. ‘അല്ലാഹുവേ, ലോകമാന്യതയും പ്രശസ്തിയുമില്ലാത്ത ഹജ്ജാകുന്നു ഇത്’ എന്നു പ്രാർഥിക്കുകയും തൽബിയ്യത്തു തുടങ്ങുകയും ചെയ്യുക:
لَبَّيْكَ اللَّهُمَّ لَبَّيْكَ،
لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ،
إنَّ الْحَمَدَ وَالنِّعْمَةَ
لّكَ وّالْمُلْكَ لاَ شَرِيكَ لَكَ
(അല്ലാഹുവേ, നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല. നിന്റെ വിളികേട്ടു ഞാനിതാ വന്നിരിക്കുന്നു. മുഴുവൻ സ്തുതികളും അനുഗ്രഹങ്ങളും നിനക്കാകുന്നു. അധികാരവും നിനക്കാകുന്നു. നിനക്കു യാതൊരു പങ്കുകാരുമില്ല).
തൽബിയ്യത്തു കൊണ്ട് ശബ്ദം ഉയർത്തൽ സുന്നത്താണ്. ഇഹ്‌റാമിൽ പ്രവേശിച്ചവൻ മക്കയിലെത്തിയാൽ കുളിക്കൽ സുന്നത്താകുന്നു. പുരുഷൻ ത്വവാഫു ചെയ്യുവാനുദ്ദേശിച്ചാൽ വലത്തെ ചുമലു വെളിപ്പെടുത്തി മേൽമുണ്ടുകൊണ്ട് ഇടത്തെ ചുമലു പുതച്ച് ഇദ്ത്വിബാഅ് ചെയ്യണം. ത്വവാഫിന്റെ അവസരത്തിൽ വുദൂഅ് ഉണ്ടാകൽ നിബന്ധന (ശർത്വ്)യാണ്. ഹജറുൽഅസ്‌വദിനെ തടവലും ചുംബിക്കലും സുന്നത്താകുന്നു. ചുംബിക്കുവാൻ സാധിച്ചില്ലയെങ്കിൽ കൈകൊണ്ട് തടവി കൈ ചുംബിക്കുക. അതിനും അവസരമില്ലെങ്കിൽ കൈകൊണ്ട് ചൂണ്ടുക. ആ കൈ ചുംബിക്കരുത്. ഓരോ ചുറ്റിലും ഇപ്രകാരം ചെയ്യുക. ഓരോ ചുറ്റും തക്ബീർകൊണ്ടു തുടങ്ങുക. ബിസ്മില്ലാഹി വല്ലാഹു അക്ബർ എന്നു ചൊല്ലി ത്വവാഫു തുടങ്ങിയാൽ അതാണു നല്ലത്.
റുക്‌നുൽയമാനി (കഅ്ബയിൽ ഹജറുൽഅസ്‌വദുള്ള മൂലയുടെ തൊട്ടു മുമ്പുള്ള മൂല) എത്തിയാൽ അതിനെ തടവുക. അതിനെ ചുംബിക്കരുത്. റുക്‌നുൽയമാനിയെ തടവാൻ സാധ്യമായില്ലെങ്കിൽ അതിലേക്കു ചൂണ്ടുകയോ അതു ചുംബിക്കുകയോ ചെയ്യരുത്. ഹജറുൽഅസ്‌വദ്, റുക്‌നുൽയമാനീ എന്നീ മൂലകൾക്കിടയിൽ
رَبَّنَا آتِنَا فِي الدُّنْيا حَسَنَةَ وَفِي الآخِرَةِ حَسَنَةَ وَقِنَا عَذَابَ النَّارْ.
(ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയിൽനിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ) എന്നു ദുആ ചെയ്യണം. ത്വവാഫിൽ ശേഷിക്കുന്ന സമയം താനുദ്ദേശിക്കുന്ന ദുആകൾ ചെയ്യാവുന്നതാണ്. ത്വവാഫിന്റെ ആദ്യ മൂന്നു ചുറ്റലിലും റമലും നാലു ചുറ്റലിൽ നടത്തവും സുന്നത്താകുന്നു. നടത്തത്തിനും ഓട്ടത്തിനും ഇടയിൽ ധൃതിയുള്ള ഒരുതരം നടത്തമാണ് റമൽ. ഏഴു ചുറ്റുകൾ പൂർത്തിയാക്കിയാൽ തന്റെ മേൽമുണ്ടുകൊണ്ട് രണ്ടു ചുമലുകളും പൊതിഞ്ഞശേഷം മക്വാമു ഇബ്‌റാഹീമിലേക്കു ചെന്ന് ഇപ്രകാരം ഓതുക: ‘വത്തഖിദൂ മിമ്മക്വാമി ഇബ്‌റാഹീമ മുസ്വല്ലൻ’ ഇബ്‌റാഹീം നിന്ന് പ്രാർഥിച്ച സ്ഥാനത്തെ നിങ്ങളും നമസ്‌കാര വേദിയായി സ്വീകരിക്കുക’ (ക്വുർആൻ 2: 125). മക്വാമു ഇബ്‌റാഹീമിന്റെ പിന്നിൽ നിന്നു രണ്ടു റക്അത്ത് നമസ്‌കരിക്കുക. ആദ്യത്തെ റക്അത്തിൽ (ഫാതിഹക്കുശേഷം) സൂറത്തുൽകാഫിറൂനും രണ്ടാമത്തെതിൽ സൂറത്തുൽഇഖ്‌ലാസ്വും ഓതുക. തിരക്കുകൊണ്ടോ മറ്റോ മക്വാമു ഇബ്‌റാഹീമിനു പിന്നിൽ നമസ്‌കരിക്കുവാൻ സാധിച്ചില്ലെങ്കിൽ പള്ളിയിൽ ഏതു സ്ഥലത്തും നമസ്‌കരിക്കാവുന്നതാണ്. ഈ ത്വവാഫ് ഇഫ്‌റാദായും ക്വിറാനായും ഹജ്ജു ചെയ്യുന്നവർക്കു തവാഫുൽക്വുദൂമും തമത്തുആയി ഹജ്ജു ചെയ്യുന്നവർക്കു ഉംറയുടെ ത്വവാഫുമാകുന്നു. പിന്നീട് സംസം കുടിക്കുക.
ശേഷം സ്വഫായിലേക്കു പുറപ്പെടുക. അല്ലാഹുവിന്റെ ഈ വിശുദ്ധ വചനം (ക്വുർആൻ 2:158) പാരായണം ചെയ്യുകയും ചെയ്യുക:
إنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللهِ
(തീർച്ചയായും സ്വഫായും മർവയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതിൽ പെട്ടതാകുന്നു).
കഅ്ബ കാണുവോളം സ്വഫാ കുന്നിലേക്കു കയറിനിന്ന് ക്വിബ്‌ലക്കു മുന്നിടുകയും ഇരുകരങ്ങളും ഉയർത്തി ‘അല്ലാഹു അക്ബർ’ എന്നു മൂന്നു പ്രാവശ്യം പറഞ്ഞു ഇപ്രകാരം ചൊല്ലുകയും ചെയ്യുക:
“യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴുവനും അവനു മാത്രമാകുന്നു. സ്തുതികൾ മുഴുവനും അവനുമാത്രമാകുന്നു. അവൻ എല്ലാറ്റിനും കഴിവുള്ളവനാണ്. യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവൻ അവന്റെ വാഗ്ദാനം നിറവേറ്റി. അവൻ തന്റെ ദാസനെ സഹായിച്ചു. സംഘ ടിച്ചുവന്ന ശത്രുക്കളെ അവൻ തനിച്ചു തുരത്തി.’’ ഇത് മൂന്നുതവണ ചൊല്ലുകയും അവയ്ക്കിടയിൽ ദീർഘനേരം പ്രാർഥിക്കുകയും ചെയ്യുക. ശേഷം മർവയിലേക്ക് ഇറങ്ങി നടക്കുക. പച്ച അടയാളമുള്ള തൂണുകൾക്കിടയിൽ ഓടുക. ഇതു പുരുഷന്മാർക്കു മാത്രമാണ്; സ്ത്രീകൾക്കില്ല. പിന്നീടു നടന്നു മർവയിൽ കയറി അതിന്മേൽ സ്വഫയിൽ ചെയ്തതുപോലെ ചെയ്യുക. ഇത് ഒരു ചുറ്റാകുന്നു. മർവയിൽനിന്ന് സ്വഫയിലേക്ക് മറ്റൊരു ചുറ്റ്. അങ്ങനെ സഅ്‌യ് ഏഴു ചുറ്റുകൾ പൂർത്തിയാക്കുക.
ഇത് മുഫ്‌രിദിനും ക്വാരിനിനും ഹജ്ജിന്റെ സഅ്‌യ് ആകുന്നു. അവർ ഇതിനുശേഷം തഹല്ലുലാകുവാൻ (ഇഹ്‌റാമിൽനിന്ന് വിരമിക്കുവാൻ) പാടില്ല; അവർ ഇഹ്‌റാമിൽ തുടരുകയാണു വേണ്ടത്. ഈ സഅ്‌യ് മുതമത്തിഇനു ഉംറയുടെ സഅ്‌യാകുന്നു.

തന്റെ മുടി മുറിച്ചുകൊണ്ട് മുതമത്തിഅ് തന്റെ ഉംറയിൽനിന്ന് വിരമിക്കുകയും തന്റെ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യുക. യൗമുത്തർവിയയുടെ ദിവസം അഥവാ ദുൽഹജ്ജ് എട്ടിനു മുതമത്തിഅ് താനുള്ള സ്ഥലത്തുവെച്ച് ഹജ്ജിന് ഇഹ്‌റാമിൽ പ്രവേശിക്കുക. മക്കയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരും ഇപ്രകാരം ഇഹ്‌റാമിൽ പ്രവേശിക്കുക. ഇഹ്‌റാമിനു മുമ്പായി കുളിക്കുക, സുഗന്ധമു പയോഗിക്കുക, രോമങ്ങൾ വെടിപ്പാക്കുക തുടങ്ങി മീക്വാത്തിൽ വെച്ച് ചെയ്തതെല്ലാം ചെയ്യൽ സുന്നത്താകുന്നു. എല്ലാ ഹാജിമാരും തൽബിയത്തു ചൊല്ലിക്കൊണ്ട് മിനയിലേക്കു തിരിക്കുകയും മിനയിൽ ദ്വുഹ്‌റും അസ്വ്‌റും മഗ്‌രിബും ഇശാഉം സ്വുബ്ഹിയും, അവയിൽ നാലു റക്അത്തുള്ളത് ക്വസ്വ്‌റാക്കി(രണ്ടാക്കിച്ചുരുക്കി) ജംആക്കാതെ നമസ്‌കരിക്കുക.
ദുൽഹജ്ജ് ഒമ്പതിന്റെ പ്രഭാതത്തിൽ അറഫയിലേക്ക് സഞ്ചരിക്കണം. ഉച്ചസമയംവരെ നമിറയിൽ ഇറങ്ങി തങ്ങുവാൻ അവസരമുണ്ടായാൽ അതു നല്ലതാണ്. സൂര്യൻ മധ്യത്തിൽനിന്നു തെറ്റിയാൽ ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ സംക്ഷിപ്തമായ ഒരു ഖുത്വുബ നിർവഹിക്കുകയും ശേഷം ദ്വുഹ്‌റും അസ്വ്‌റും ദ്വുഹ്‌റിന്റെ സമയത്ത് ജംഉം ക്വസ്വ്‌റുമാക്കി നമസ്‌കരിക്കുകയും ചെയ്യുക. പിന്നീട് അറഫയിൽ പ്രവേശിക്കുക. താൻ അറഫയുടെ അതിരുകൾക്കുള്ളിലാണെന്നത് ഉറപ്പുവരുത്തൽ ഹാജിക്കു നിർബന്ധമാണ്. ക്വിബ്‌ലക്കു മുന്നിട്ടുകൊണ്ട് ഇരുകരങ്ങളുമുയർത്തി ദുആയിരക്കുകയും തൽബിയ്യത്തു ചൊല്ലുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക. മഹത്തായ അറഫാദിനം വിനയപ്പെടുന്നതിലും ദിക്‌റെടുക്കുന്നതിലും ദുആയിരക്കുന്നതിലും സാഹസപ്പെടുക. അറഫാ ദിനത്തിൽ ചൊല്ലപ്പെടുന്നതിൽ ഏറ്റവും ശ്രേഷ്ഠമായ വചനം:
لاَ الَهَ إلاَّ اللهُ وَحْدَهُ لاّ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءِِ قَدِيرْ
“യഥാർഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല. അവൻ ഏകനാകുന്നു. അവനു യാതൊരു പങ്കുകാരുമില്ല. ആധിപത്യം മുഴുവനും അവനു മാത്രമാകുന്നു. സ്തുതികൾ മുഴുവനും അവനു മാത്രമാകുന്നു. അവൻ എന്തിനും കഴിവുള്ളവനാണ്.’’
അറഫാദിനത്തിൽ നോമ്പ് ഒഴിവാക്കുക; അതാണ് ഇബാദത്തെടുക്കുവാൻ അവനു കരുത്തേകുക. സൂര്യാസ്തമയംവരെ വിനയപ്പെട്ടും താഴ്മയോടും നിൽകുന്നവനായി തുടരണം.
സൂര്യൻ അസ്തമിച്ചാൽ അറഫയിൽനിന്ന് സമാധാനത്തിൽ പുറപ്പെടുക. മുസ്ദലിഫയിൽ എത്തുന്നതുവരെ തൽബിയ്യത്തു ചൊല്ലിക്കൊണ്ട് സഞ്ചരിക്കുകയും അവിടെവെച്ച് മഗ്‌രിബും ഇശാഉും ജംആക്കിയും ഇശാഅ് ക്വസ്വ്‌റാക്കിയും നമസ്‌കരിക്കുകയും ചെയ്യുക. ദുർബലർക്കു രാത്രിയിൽ മുസ്ദലിഫയിൽനിന്നു പുറപ്പെടുവാൻ ഇളവു നൽകപ്പെട്ടിട്ടുണ്ട്. കരുത്തുള്ളവർ സ്വുബ്ഹി നമസ്‌കരിക്കുവോളം മുസ്ദലിഫയിൽ തങ്ങണം. ശേഷം നന്നായി പ്രകാശം പരക്കുന്നതുവരെ ക്വിബ്‌ലക്കു മുന്നിട്ട് അല്ലാഹുവിനു തഹ്‌മീദും (അൽഹംദു ലില്ലാഹ്) തക്ബീറും (അല്ലാഹു അക്ബർ) തഹ്‌ലീലും (ലാ ഇലാഹ ഇല്ലല്ലാഹ്) നിർവഹിക്കുക. സൂര്യൻ ഉദിക്കുന്നതിനു മുമ്പായി മുസ്ദലിഫയിൽനിന്നു തൽബിയ്യത്തു ചൊല്ലിക്കൊണ്ട് ശാന്തമായി പുറപ്പെടുക. വഴിയിൽനിന്നു ഏഴ് ചെറുകല്ലുകൾ പെറുക്കുകയും അങ്ങനെ ജംറത്തുൽ അക്വബയിലെത്തിയാൽ ഏഴു കല്ലുകൾകൊണ്ട് അതിനെ എറിയുകയും ഒരോ കല്ലെറിയുമ്പോഴും തക്ബീർ ചൊല്ലുകയും ചെയ്യുക. തൽബിയ്യത്ത് ചൊല്ലുന്നത് അവസാനിപ്പിക്കുക. ശേഷം ബലിയറുക്കുക. തന്റെ ബലിയിൽനിന്നു ഭക്ഷിക്കൽ സുന്നത്താകുന്നു. തുടർന്ന് തലമുണ്ഡനം ചെയ്യുകയും തവാഫുൽഇഫാദ (ഹജ്ജിന്റെ ത്വവാഫ്) നിർവഹിക്കുകയും മുതമത്തിഅ് ആണെങ്കിൽ ഹജ്ജിന്റെ സഅ്‌യ് ചെയ്യുകയും മുഫ്‌രിദോ ക്വാരിനോ ആണെങ്കിൽ ത്വവാഫുൽക്വുദൂമിനോടൊപ്പം സഅ്‌യ് ചെയ്തിട്ടില്ലെങ്കിൽ അവരും സഅ്‌യ് ചെയ്യുക. ജംറയിൽ എറിയുക, ബലിയറുക്കുക, മുടി വടിക്കുക അല്ലെങ്കിൽ വെട്ടുക എന്നീ കർമങ്ങൾ തുടർച്ചയായി ചെയ്യലാണ് സുന്നത്ത്. അവയിൽ ഒന്ന് മറ്റൊന്നിനെക്കാൾ മുന്തിപ്പിച്ചാൽ അതിൽ കുഴപ്പമൊന്നുമില്ല.
ജംറത്തുൽഅക്വബയിൽ എറിയുക, മുടി വടിക്കുക അല്ലെങ്കിൽ വെട്ടുക, സഅ്‌യുണ്ടെങ്കിൽ സഅ്‌യും ത്വവാഫും ചെയ്യുക എന്നീ മൂന്നു കർമങ്ങളിൽ രണ്ടെണ്ണം ചെയ്താൽ ഒന്നാമത്തെ തഹല്ലുൽ(വിരാമം) ആയി. ഭാര്യാ സംസർഗമൊഴിച്ച് ഇഹ്‌റാം കൊണ്ട് അവനു നിഷിദ്ധമായ എല്ലാ കാര്യങ്ങളും അവന് അനുവദനീയമായി. മൂന്നു കർമങ്ങളും അവൻ അനുഷ്ഠിച്ചാൽ അവനു വലിയ തഹല്ലുലായി (വിരാമമായി). അതോടെ ഭാര്യാസംസർഗമുൾപ്പടെ ഇഹ്‌റാംകൊണ്ട് നിഷിദ്ധമായ എല്ലാ കാര്യങ്ങളും അവന് അനുവദനീയമായി.
ദുൽഹജ്ജ് പതിനൊന്നാം രാവിലും പന്ത്രണ്ടാം രാവിലും നിർബന്ധമായും മിനയിൽ രാപാർക്കണം. ജംറത്തുസ്സ്വുഗ്‌റാ, ജംറത്തുൽവുസ്ത്വാ, ജംറത്തുൽ കുബ്‌റാ എന്നീ ക്രമത്തിൽ അവൻ ജംറത്തുസ്സ്വുഗ്‌റയിൽ തുടങ്ങി മൂന്നു ജംറകളിലും കല്ലെറിയണം. ഇപ്രകാരം പന്ത്രണ്ടിനും എറിയണം. സൂര്യൻ ഉച്ചതെറ്റിയതു മുതലാണ് കല്ലെറിയുന്ന സമയം തുടങ്ങുന്നത്. ഫജ്‌റിന്റെ ഉദയംവരെയാണ് ഏറ്. ജംറത്തുസ്സ്വുഗ്‌റായിൽ എറിഞ്ഞാൽ തന്റെ വലതുഭാഗത്തേക്ക് അൽപം മുന്നിട്ട് ക്വിബ്‌ലയിലേക്കു തിരിഞ്ഞ് ഇരുകരങ്ങളുമുയർത്തി ദുആചെയ്യലും ജംറത്തുൽവുസ്ത്വായിൽ എറിഞ്ഞാൽ തന്റെ ഇടതുഭാഗത്തേക്ക് അൽപം മുന്നിട്ട് ക്വിബ്‌ലയിലേക്കു തിരിഞ്ഞ് ഇരുകരങ്ങളുമുയർത്തി ദീർഘനേരം ദുആചെയ്യലും സുന്നത്താകുന്നു. ജംറത്തുൽഅക്വബയിൽ എറിഞ്ഞ ശേഷം അവിടെ നിൽക്കരുത്.
മിനയിലെ താമസം ദുൽഹജ്ജ് പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളിൽ മതിയാക്കി വല്ലവരും ധൃതിപ്പെട്ടു പോരുവാനുദ്ദേശിച്ചാൽ ദുൽഹജ്ജ് പന്ത്രണ്ടിനു സൂര്യൻ അസ്തമിക്കുന്നതിനു മുമ്പായി മിനയിൽനിന്നു പുറപ്പെടൽ അവനു നിർബന്ധമാണ്. സ്വേഛപ്രകാരം അവൻ മിനയിൽ തങ്ങുകയും സൂര്യനസ്തമിക്കുകയും ചെയ്താൽ പതിമൂന്നാം രാവിലും രാപാർക്കൽ അവനു നിർബന്ധമാണ്.
ഹാജി മക്കയിൽനിന്ന് പുറപ്പെടുവാനുദ്ദേശിച്ചാൽ ത്വവാഫുൽവദാഅ് നിർവഹിക്കൽ നിർബന്ധമാണ്. കഅ്ബയോടുള്ള അവന്റെ വിടവാങ്ങൽ ത്വവാഫുകൊണ്ടായിരിക്കണം. വിടവാങ്ങൽ ത്വവാഫിൽ ഋതുമതിക്കും പ്രസവരക്തമുള്ള സ്ത്രീക്കും ഇളവുണ്ട്.
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

