കടം കൊടുക്കലും പണയവും

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

ആദായമെടുക്കുന്നവനു സമ്പത്ത് നൽകലാണ് ക്വർദ് അഥവാ കടം. അതിനു പകരമായത് അയാൾ തിരിച്ചുനൽകുകയും ചെയ്യും.

കടം നൽകൽ മതപരമാകുന്നു. വിശുദ്ധക്വുർആൻ വചനങ്ങളുടെ പൊതു തേട്ടങ്ങളും പരസ്പര സഹകരണത്തിന്റെ മഹത്ത്വവും മുസ്‌ലിമിന്റെ ആവശ്യനിർവഹണം, പ്രയാസം ദൂരീകരിക്കൽ, ദാരിദ്ര്യാവസ്ഥ പരിഹരിക്കൽ എന്നിവയുടെ മഹത്ത്വവുമറിയിക്കുന്ന ഹദീസുകളും അതു വിളിച്ചറിയിക്കുന്നു.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: “അല്ലാഹുവിന്റെ തിരുദൂതർﷺ ഒരു വ്യക്തിയോട് യുവപ്രായമുള്ള ഒരു ഒട്ടകത്തെ വായ്‌പ വാങ്ങി. അങ്ങനെ സകാത്തിന്റെ ഒട്ടകങ്ങൾ തിരുനബിയുടെ അടുക്കലേക്കു വന്നപ്പോൾ ആ വ്യക്തിയുടെ കടം വീട്ടുവാൻ നബിﷺ അബൂറാഫിഇനോടു കൽപിച്ചു. അബൂറാഫിഅ് പറഞ്ഞു: ‘മുന്തിയ തരത്തിൽപെട്ട ആറു വയസ്സ് പ്രായം തികഞ്ഞ ഒട്ടകത്തെ മാത്രമെ ഞാൻ കാണുന്നുള്ളൂ.’ നബിﷺ പറഞ്ഞു: ‘അയാൾക്ക് അതിനെ നൽകുക. നിശ്ചയം, ജനങ്ങളുടെ കൂട്ടത്തിൽ ഉത്തമന്മാർ ബാധ്യതകൾ ഏറ്റവും ഉത്തമമായ നിലയ്ക്ക് വീട്ടുന്നവരത്രെ.’’

വായ്പ നൽകുന്നതിന്റെ മഹത്ത്വമറിയിക്കുന്ന മറ്റൊരു തെളിവാണ് ഇബ്‌നുമസ്ഊദി(റ)ൽനിന്നുള്ള ഹദീസ്. നബിﷺ പറഞ്ഞു: “ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന് രണ്ടുതവണ കടം നൽകിയാൽ അത് ഒരുതവണ അതിനുള്ള സ്വദക്വ (ദാനം) പോലെയാണ്.’’

വായ്പയുടെ നിബന്ധനകളും ചില മതവിധികളും

1. തന്റെ വായ്പ തിരിച്ചു നൽകിയാൽ തനിക്കും വായ്പ നൽകണമെന്ന നിബന്ധനയോടെ സഹോദരനു കടം നൽകൽ ഒരു മുസ്‌ലിമിനും അനുവദനീയമല്ല. കാരണം കടം നൽകുന്നവൻ തനിക്കൊരു നേട്ടം നിബന്ധനവെച്ചു. കടം കൊടുക്കുന്നവന് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന എല്ലാ കടമിടപാടുകളും പലിശയാകുന്നു. കടം കൊടുത്തവന് താമസിക്കുവാൻ വെറുതെയോ അല്ലെങ്കിൽ വിലക്കുറവിലോ വീട് നൽകുക, തന്റെ വാഹനമോ മറ്റോ വായ്പ നൽകുക തുടങ്ങിയ നേട്ടങ്ങൾ നൽകൽ അനുവദനീയമല്ലെന്ന് സ്വഹാബികളിലൊരു വിഭാഗം ഫത്‌വ നൽകിയിട്ടുണ്ട്. ഇതു പാടില്ലെന്നതിൽ കർമശാസ്ത്ര വിദഗ്ധർ ഏകോപിച്ചിട്ടുമുണ്ട്.

2. കടം കൊടുക്കുന്നവൻ പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള, തന്റേടമുള്ള സ്വത്ത് കൈകാര്യം ചെയ്യാൻ അനുവാദമുള്ള, സംഭാവന നൽകിയാൽ അത് സാധുവാകുന്ന വ്യക്തിയായിരിക്കണം.

3. കടമായി നൽകിയ സമ്പത്തിൽ വർധനവ് നിബന്ധനവെക്കുവാൻ കടംനൽ കിയവനു പാടുള്ളതല്ല. കാരണം അത് പലിശയാകുന്നു. അതു സ്വീകരിക്കൽ അവന് അനുവദനീയമല്ല. പ്രത്യുത കടം സ്വീകരിച്ചവന് താൻ ആദ്യം നൽകിയ സംഖ്യയിൽ പരിമിതപ്പെടുകയാണ് വേണ്ടത്.

4. കടം സ്വീകരിച്ചവൻ താൻ സ്വീകരിച്ചതിനെക്കാൾ നല്ലതോ അല്ലെങ്കിൽ നൽകിയതിനെക്കാൾ കൂടുതലോ, യാതൊരു നിബന്ധനയും മുൻധാരണയും കൂടാതെ കടം നൽകിയവന് നൽകിയാൽ അത് ശരിയാകും. കാരണം അത് വായ്പ സ്വീകരിച്ചവനിൽനിന്നു സ്വമനസ്സാലുള്ള ഔദാര്യവും നല്ലനിലയിലുള്ള കടം വീട്ടലുമാണ്. മുൻചൊന്ന, അബൂറാഫിഇന്റെ ഹദീസ് അതാണറിയിക്കുന്നത്.

5. കടം നൽകുന്നവൻ കടം നൽകുന്ന സ്വത്ത് ഉടമപ്പെടുത്തിയിരിക്കണം. താൻ ഉടമപ്പെടുത്താത്തത് കടം നൽകൽ അവന് അനുവദനീയമല്ല.

6. വർത്തമാന കാലത്ത് ബാങ്കുകൾ അവയ്ക്കും ആവശ്യക്കാർക്കുമിടയിൽ നടത്തുന്ന കടമിടപാടുകൾ നിഷിദ്ധവും പലിശയിലധിഷ്ഠിതവുമാണ്; നിർണിത ലാഭത്തിനു പകരമായി ബാങ്ക് ആവശ്യക്കാർക്കു കാശ് നൽകുന്നു. കടം നൽകിയതിനെക്കാൾ കൂടുതലായാണ് ആ ലാഭം ബാങ്ക് സ്വീകരിക്കുന്നത്. അല്ലെങ്കിൽ ബാങ്ക് കടം വാങ്ങുന്നവനുമായി നൽകുന്ന തുകയിൽ ഒത്തുതീർപ്പിലാകുന്നു. ശേഷം കടം സ്വീകരിക്കുന്നവൻ മുഴുവൻ സംഖ്യയും അടച്ചുതീർക്കണമെന്നവ്യവസ്ഥയിൽ ഒത്തുതീർപ്പിലായതിനെക്കാൾ കുറഞ്ഞ സംഖ്യ ബാങ്ക് അയാൾക്കു നൽകുന്നു. ഉദാ: വായ്പ സ്വീകരിക്കുന്നവൻ ബാങ്കിനോട് ഒരു ലക്ഷം രൂപ ആവശ്യപ്പെടുന്നു. ബാങ്ക് അയാൾക്ക് ഒരു എൺപതിനായിരം നൽകുകയും ഒരു ലക്ഷം തിരിച്ചടക്കണമെന്ന് നിബന്ധനവെക്കുകയും ചെയ്യുന്നു. ഇതും നിഷിദ്ധമായ പലിശയാകുന്നു.

പണയം

കടത്തിനു ഈടായി മൂല്യവത്തായ ഒരു വസ്തു നിശ്ചയിക്കുന്നതിനാണ് പണയം എന്നു പറയുന്നത്. കടം വീട്ടുവാൻ പ്രതിബന്ധം നേരിടുന്നപക്ഷം അതിൽനിന്നോ അതിന്റെ വിലയിൽനിന്നോ അത് വസൂലാക്കുന്നതിനു വേണ്ടിയാണത്.

പണയം മതപരമാണെന്നതറിയി ക്കുന്നതിന്റെ പ്രമാണം വിശുദ്ധക്വുർആൻ വചനമാണ്. അല്ലാഹു പറഞ്ഞു: “ഇനി നിങ്ങൾ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കിൽ പണയ വസ്തുക്കൾ കൈവശം കൊടുത്താൽ മതി’’ (2:283).

ഈ ആയത്തിൽ യാത്ര എന്നു ഉപാധിവെച്ചത് പണയം ആവശ്യമായി വരുന്ന സ്ഥിതിവിശേഷം കൂടുതലും യാത്രയിലായത് പരിഗണിച്ചാണ്. അതിന്നർഥം യാത്രയിലല്ലെങ്കിൽ പണയം പാടില്ല എന്നല്ല. നാട്ടിലാണെങ്കിലും പണയം മതചട്ടമാണെന്നതിനു സുന്നത്തിൽ തെളിവുണ്ട്. ആഇശ(റ)യിൽനിന്നു നിവേദനം:

“അല്ലാഹുവിന്റെ തിരുദൂതർﷺ ഒരു ജൂതനിൽനിന്ന് അവധിവെച്ചുകൊണ്ട് ഭക്ഷണം വാങ്ങി. ജൂതന് തന്റെ ഇരുമ്പിനാലുള്ള അങ്കി അതിനു പണയാമായി നൽകുകയും ചെയ്തു.’’

പണയവുമായി ബന്ധപ്പെട്ട വിധികൾ

1. വക്വ‌്ഫുസ്വത്ത്, നായ പോലുള്ള, വിൽക്കൽ അനുവദനീയമല്ലാത്ത വസ്തുക്കൾ എന്നിവ പണയമാക്കൽ സാധുവാകുകയില്ല. കാരണം അതിൽനിന്ന് കടം വീട്ടുവാൻ സാധിക്കുകയില്ല. ഉടമപ്പെടുത്താത്ത വസ്തുവും പണയത്തിനു പ്രമാണമല്ല.

2. പണയത്തിന്റെ തോത്, വർഗം, രൂപം എന്നിവ അറിയൽ നിബന്ധനയാകുന്നു.

3.പണയം വെക്കുന്നവൻ സാമ്പത്തികവിനിമയം അനവദീയമായവനും പണയവസ്തു ഉടമപ്പെടുത്തി യവനോ അല്ലെങ്കിൽ അതിനു അനുവാദം നൽകപ്പെട്ടവനോ ആയിരിക്കണം.

4. പണയം സ്വീകരിച്ചവന്റെ പൊരുത്തം കൂടാതെ പണയവസ്തുവിൽ പണയംവെച്ചവന് സാമ്പത്തിക വിനിമയം പാടുള്ളതല്ല. പണയംവെച്ചവന്റെ പൊരുത്തം കൂടാതെ പണയം സ്വീകരിച്ചവൻ അത് ഉടമപ്പെടുത്തുവാനും പാടില്ല.

5. പണയവസ്തു കൈവശം വെക്കുന്നവന് അത് ഉപയോഗിക്കൽ അനുവദനീയമല്ല. എന്നാൽ പണയ വസ്തു യാത്രാമൃഗമോ പാൽ കറക്കപ്പെടുന്ന മൃഗമോ ആണെങ്കിൽ, അതിന് അവനു ചെലവുണ്ടെങ്കിൽ വാഹനത്തിൽ കയറുവാനും പാൽകറക്കുവാനും അനുവാദമുണ്ട്.

6. പണയം സ്വീകരിച്ചവന്റെ കൈയിൽ അമാനത്താണ് പണയവസ്തു. കടം വാങ്ങിയവന്റെ പക്ഷത്തുനിന്നുള്ള അതിക്രമംകൊണ്ടല്ലാതെ അത് അവന്റെ ഉത്തരവാദിത്തത്തിലാവുകയില്ല. പണയം വെച്ചുള്ള കടം വീട്ടുവാൻ സമയമായാൽ കടക്കാരൻ അതു വീട്ടൽ നിർബന്ധമാണ്. അവൻ വിസമ്മതിച്ചാൽ ഭരണാധികാരി അവനെ നിർബന്ധിക്കണം. എന്നിട്ടും അവൻ വിസമ്മതിച്ചാൽ കടം വീട്ടുവോളം അവനെ തടങ്കലിലിടുകയും ശിക്ഷിക്കുകയും വേണം. അല്ലെങ്കിൽ പണയവസ്തു വിറ്റ് അതിന്റെ തുകയിൽനിന്ന് കടം തിരിച്ചടക്കണം.