സകാത്ത്; യുക്തിയും നിബന്ധനകളും

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 മാർച്ച് 02, 1445 ശഅ്ബാൻ 21

സകാത്ത് നിർബന്ധമാക്കിയതിലെ യുക്തി (ഹിക്മത്ത്):

മഹിതമായ യുക്തികൾക്കും മഹനീമായ ലക്ഷ്യങ്ങൾക്കുമാണ് സകാത്തു നിയമമാക്കപ്പെട്ടിരിക്കുന്നത്; പ്രസ്തുത യുക്തികളും ലക്ഷ്യങ്ങളും ധാരാളമാണ്. അവയിൽ ചിലത്:

1. സമ്പത്തു ശുദ്ധീകരിക്കുക, അതു പോഷിപ്പിക്കുക, അതിൽ ബറകത്ത് കടാക്ഷിക്കുക, അതിലുള്ള വിപത്തും കെടുതിയും നീക്കുക, ആപത്തുകളിൽനിന്നും നാശത്തിൽനിന്നും അതിനെ കാക്കുക.

2. പിശുക്ക്, ലുബ്ധത എന്നിവയിൽനിന്നും; പാപങ്ങൾ, കുറ്റങ്ങൾ, എന്നിവയുടെ മ്ലേച്ഛതകളിൽനിന്നും സകാത്തുനൽകുന്നവനെ ശുദ്ധീകരിക്കൽ. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുവാനും വിനിയോഗിക്കുവാനും അവനെ അഭ്യസിപ്പിക്കൽ.

3. അഗതിക്ക് ആശ്വാസമേകുക, ആവശ്യക്കാരുടെയും പരവശരുടെയും നിർധനരുടെയും ആവശ്യങ്ങൾ പരിഹരിക്കുക.

4. സമൂഹത്തിലെ വ്യക്തികൾക്കിടയിൽ പരസ്പര സംരക്ഷണവും സഹകരണവും സ്‌നേഹവും സാക്ഷാത്കരിക്കുക. ധന്യതയായി തനിക്കുള്ള അനുഗ്രഹം നീങ്ങിപ്പോകുവാൻ ഒരു സാധുവിലുണ്ടായേക്കാവുന്ന ദുരാഗ്രഹവും അവന്റെ ഹൃദയത്തിലുണ്ടായേക്കാവുന്ന പകയും ധനികൻ തന്റെ സഹോദരനായ സാധുവിനു തന്റെ സ്വത്തിലെ സകാത്തു നൽകുമ്പോൾ എടുത്തുമാറ്റുകയാണ് ചെയ്യുന്നത്. അതിലൂടെ വിദ്വേഷങ്ങൾ വഴിനീങ്ങുന്നു. നിർഭയത്വമെങ്ങും കളിയാടുന്നു.

5. മുസ്‌ലിമിന് അല്ലാഹു ചൊരിഞ്ഞുനൽകിയ സമ്പത്താകുന്ന അനുഗ്രഹത്തിന് അവനു നന്ദി പ്രകാശിപ്പിക്കുക. അല്ലാഹുവിന്റെ കൽപന നടപ്പിലാക്കുന്നതിലൂടെ അവനു വഴിപ്പെടുക.

6. സകാത്തു നൽകുന്നവന്റെ ഈമാൻ സത്യസന്ധമാണെന്ന് അതറിയിക്കുന്നു; കാരണം തനിക്ക് ഇഷ്ടപ്പെട്ട ധനം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നവനുവേണ്ടിയല്ലാതെ അയാൾ പുറത്തിറക്കുകയില്ല. അതി നാലാണ് സകാത്തിനു സ്വദക്വയെന്നു പേരുവിളിക്കപ്പെട്ടത്. അഥവാ സകാത്തു നൽകുന്നവൻ അല്ലാഹുവിന്റെ തൃപ്തിയും പ്രീതിയും തേടുന്നതിൽ സത്യസന്ധനാണെന്നതിനാൽ.

7. റബ്ബിന്റെ തൃപ്തിക്കും അനുഗ്രഹത്തിനും പാപമോചനത്തിനും മറ്റും അതു കാരണമാകുന്നു.

സകാത്ത് നിർബന്ധമാകുവാ നുള്ള നിബന്ധനകൾ

താഴെ നൽകുന്ന ശർത്വുകൾ ഒരാളിൽ ഒത്തുവന്നാൽ അവനു സകാത്ത് നിർബന്ധമാകും:

1. ഇസ്‌ലാം: കാഫിറിന്റെമേൽ സകാത്തു നിർബന്ധമില്ല. കാരണം, അതു സമ്പത്തിലുള്ള ഇബാദത്താകുന്നു. ഒരു മുസ്‌ലിം അതിലൂടെ അല്ലാഹുവിലേക്കു സാമീപ്യം തേടുന്നു. അവിശ്വാസി ഇസ്‌ലാമിൽ പ്രവേശിക്കുന്നതുവരെ അവനിൽനിന്ന് ഇബാദത്തു സ്വീകരിക്കപ്പെടുകയില്ല. അല്ലാഹു പറഞ്ഞു: “അവർ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതു മാത്രമാണ് അവരുടെ പക്കൽനിന്ന് അവരുടെ ദാനങ്ങൾ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്’’ (ക്വുർആൻ 9:54). അവരിൽനിന്ന് അതു സ്വീകരിക്കപ്പെടുകയില്ലെങ്കിൽ അതിൽ അവരെ നിർബന്ധിക്കുന്നതിൽ കാര്യമില്ല.

ഇസ്‌ലാം നിബന്ധനയാണെന്നതിന്റെ തെളിവാണ് അബൂബക്‌റി(റ)ൽനിന്നുള്ള വചനത്തിന്റെ ഭാഷ്യം. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതർ മുസ്‌ലിംകളുടെമേൽ നിർബന്ധമാക്കിയ നിർബന്ധ സ്വദക്വഃയാകുന്നു ഇത്.’’

2. സ്വാതന്ത്ര്യം: അടിമക്കും മുകാതിബിനും (അടിമമോചനമെഴുതപ്പെട്ടവൻ) സകാത്തു നിർബന്ധമില്ല. കാരണം അടിമ യാതൊന്നും ഉടമപ്പെടുത്തുന്നില്ല. മുകാതിബിന്റെ ഉടമസ്ഥത ദുർബലവുമാണ്. അടിമയും അവന്റെ കൈവശമുള്ളതും അവന്റെ യജമാനനുള്ളതാണ്. അതിനാൽ യജമാനന്റെമേൽ സകാത്തു നിർബന്ധമാകും.

3. നിസ്വാബ് ഉടമപ്പെടുത്തൽ: സമ്പൂർണവും നാശത്തിനു വിധേയമല്ലാത്തവിധം സുസ്ഥിരവുമായ നിലയിലാണ് നിസ്വാബ് ഉടമപ്പെടുത്തേണ്ടത്. ഭക്ഷണം, വസ്ത്രം, പാർപ്പിടം പോലുള്ള, ഒരു മനുഷ്യന് ഒരിക്കലും ധന്യനാകുവാൻ കഴിയാത്ത നിർബന്ധ ആവശ്യങ്ങൾ കഴിച്ചു മിച്ചമുള്ളതുമായിരിക്കണം അത്. കാരണം സാധുക്കളെ സാന്ത്വനപ്പെടുത്തുവാനാണ് സകാത്ത് നിർബന്ധമാക്കിയത്. അതിനാൽതന്നെ പരിഗണനീയമായ ധന്യത കരഗതമാകുന്ന നിസ്വാബിനെ ഉടമപ്പെടുത്തണമെന്നതും പരിഗണിക്കൽ നിർബന്ധമാണ്. തിരുനബിﷺ പറഞ്ഞു: “അഞ്ചു വസ്‌ക്വിനു താഴെയുള്ള കാർഷികോൽപന്നങ്ങൾക്കു സകാത്തില്ല. അഞ്ച് ഒട്ടകങ്ങൾക്കു താഴെയുള്ളതിൽ സകാത്തില്ല. അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തില്ല.’’

4. സമ്പത്തിനു വർഷം തികയൽ: ഉടമസ്ഥന്റെ സംരക്ഷണത്തിലുള്ള നിസ്വാബിനു പന്ത്രണ്ട് ചന്ദ്രമാസങ്ങൾ കഴിഞ്ഞുപോകലാണ് ഉദ്ദേശ്യം. നബിﷺ പറഞ്ഞു: “ഒരു സമ്പത്തിനും അതിൽ ഒരു വർഷം പൂർത്തിയാകുന്നതിനുമുമ്പ് സകാത്തില്ല.’’ ഈ നിബന്ധന കാലിസമ്പത്ത്, നാണ്യങ്ങൾ, കച്ചവടച്ചരക്ക് എന്നിവയ്ക്കു പ്രത്യേകമാണ്. എന്നാൽ കൃഷി, ഫലവർഗം, ഖനി, നിധി എന്നിവയ്ക്ക് വർഷം തികയൽ നിബന്ധനയല്ല. അല്ലാഹു പറഞ്ഞു: “അതിന്റെ വിളവെടുപ്പുദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്തുവീട്ടുകയും ചെയ്യുക’’ (ക്വുർആൻ 6: 141).

ഖനിജങ്ങളും നിധിയും ഭൂമിയിൽനിന്ന് എടുക്കപ്പെടുന്ന സമ്പത്താണ്. അതിനാൽ കൃഷി, ഫലവർഗം എന്നിവപോലെ അവയിലും സകാത്ത് നിർബന്ധമാകുവാൻ വർഷം തികയൽ പരിഗണനീയമല്ല.

സകാത്തിന്റെ വിഭജനങ്ങൾ

സകാത്ത് രണ്ടു നിലയ്ക്കാണ്: 1) സമ്പത്തുകളിലുള്ള സകാത്ത്. അതു സമ്പത്തുമായി ബന്ധപ്പെട്ട തത്രെ. 2) ശരീരങ്ങളിലുള്ള സകാത്ത്. അതു ശരീരവുമായി ബന്ധപ്പെട്ടതത്രെ. അതാകുന്നു സകാതുൽ ഫിത്വ‌്ർ.

കടത്തിന്റെ സകാത്ത്

ഞെരുക്കക്കാരന്റെയോ വീട്ടുന്നതിൽ വീഴ്ച കാണിക്കുന്നവന്റെയോ അടുക്കലാണ് കടമെങ്കിൽ കടം നൽകിയവൻ അതു തിരിച്ചുവാങ്ങിയ വർഷം ഒരു വർഷത്തെ സകാത്തു നൽകുകയാണു വേണ്ടത്. എന്നാൽ കടം വീട്ടുന്നതിൽ വീഴ്ച കാണിക്കാത്ത, കഴിവുള്ള ഒരു ധനികന്റെ അടുക്കലാണ് കടം ഉള്ള തെങ്കിൽ കടം നൽകിയവൻ എല്ലാ വർഷവും സകാത്തു നൽകണം; കാരണം, അതിന് തന്റെ അടുക്കലുള്ള തിന്റെ അതേ വിധിയാണ്.