മയ്യിത്ത് സംസ്‌കരണ നിയമങ്ങൾ 3
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

ജനാസ വഹിക്കലും അനുഗമിക്കലും
ജനാസയെ പിന്തുടരലും ക്വബ്‌റുവരെ അനുഗമിക്കലും സുന്നത്താകുന്നു. തിരുനബിﷺ പറഞ്ഞു: ‘ആരെങ്കിലും ജനാസ സംസ്‌കരണത്തിൽ അതിനു നമസ്‌കരിക്കുന്നതുവരെ സന്നിഹിതനായാൽ അയാൾക്കൊരു ക്വീറാത്ത്വുണ്ട്. ആരെങ്കിലും അതു മറമാടപ്പെടുന്നതുവരെ അതിൽ ഹാജറായാൽ അയാൾക്കു രണ്ടു ക്വീറാത്ത്വുകളുണ്ട്.’ ചോദിക്കപ്പെട്ടു: ‘എന്താണ് രണ്ടു ക്വീറാത്ത്വുകൾ?’ തിരുനബിﷺ പറഞ്ഞു: ‘വലിയ രണ്ടു പർവതങ്ങൾക്കു സമാനമായ (പ്രതിഫലം).
മുസ്‌ലിംകളിൽ ഒരാളുടെ മരണവാർത്തയറിഞ്ഞാൽ അയാളുടെ ജനാസ വഹിക്കുവാനും നമസ്‌കരിക്കുവാനും മറമാടുവാനും പുറപ്പെടൽ ഒരു മുസ്‌ലിമിന്റെ ബാധ്യതയാണ്. നബിﷺ പറഞ്ഞു: “ഒരു മുസ്‌ലിമിനു മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യത അഞ്ചാകുന്നു: സലാം മടക്കുക, രോഗസന്ദർശനം നടത്തുക, ജനാസയെ അനുഗമിക്കുക...’’
വാഹനങ്ങളിലോ മൃഗത്തിന്മേലോ ജനാസ വഹിക്കുന്നതിലും കുഴപ്പമില്ല; വിശിഷ്യാ ക്വബ്‌റിടം വിദൂരത്താണെങ്കിൽ. മരണപ്പെട്ടവരെ പ്രത്യേകമായുള്ള മക്വ‌്‌ബറയിൽതന്നെ മറമാടൽ നിയമമാണ്. കാരണം, തിരുനബിﷺ മരണപ്പെട്ടവരെ ബക്വീഅ് ക്വബ്ർസ്ഥാനിലായിരുന്നു മറമാടിയിരുന്നത്. ഈ വിഷയത്തിൽ ഹദീസുകൾ മുതവാതിറായി വന്നിട്ടുണ്ട്. മക്വ‌്‌ബറയിലല്ലാതെ മറമാടപ്പെട്ടതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല.
ജനാസയെ കുളിപ്പിക്കുക, കഫൻ ചെയ്യുക, നമസ്‌കരിക്കുക, മറമാടുക എന്നിവ വേഗത്തിലാക്കൽ സുന്നത്താകുന്നു. തിരുനബിﷺ പറഞ്ഞു: “നിങ്ങളിലൊരാൾ മരിച്ചാൽ അയാളെ നിങ്ങൾ തടഞ്ഞുവെ ക്കരുത്. അയാളുടെ ക്വബ്‌റിലേക്ക് അയാളെ വേഗത്തിലെത്തിക്കുക.’’ ജനാസയെ മറമാടുന്നത് വൈകിപ്പിക്കുക, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോവുക, മറമാടുവാൻ ഒരു നിശ്ചിത ദിനം തെരഞ്ഞെടുക്കുക, തുടങ്ങി ചിലർ ഇന്ന് ചെയ്തുവരുന്ന കാര്യങ്ങൾ സുന്നത്തിനെതിരാണ്.
ജനാസ വഹിച്ചുകൊണ്ടുള്ള നടത്തം വേഗത്തിലാക്കലും സുന്നത്താകുന്നു. തിരുനബി പറഞ്ഞു: “ജനാസ കൊണ്ട് നിങ്ങൾ ധൃതികാണിക്കുക. അതു നല്ലതാണെങ്കിൽ നന്മയിലേക്കാണ് നിങ്ങൾ അതിനെ സമർപ്പിക്കുന്നത്. അത് അങ്ങനെയല്ലെങ്കിൽ നിങ്ങൾ ഒരു വിപത്തിനെ നിങ്ങളുടെ പിരടിയിൽനിന്ന് ഇറക്കിവെക്കുന്നു.’’ എന്നാൽ അതിവേഗതയാകരുത്.
ജനാസ കൊണ്ടുപോകുന്നവർക്ക് സമാധാനവും ഒതുക്കവമുണ്ടായിരിക്കണം. ക്വുർആൻ പാരായണം കൊണ്ടോ മറ്റൊ ശബ്ദമുയർത്തുകയുമരുത്.കാര
ണം തിരുനബിയിൽനിന്ന് ആ വിഷയത്തിൽ യാതൊന്നും സ്ഥിരപ്പെട്ടിട്ടില്ല. വല്ലവനും അപ്രകാരം ചെയ്താൽ അവൻ സുന്നത്തിനെതിര് പ്രവർത്തിച്ചു.
ജനാസയെ വഹിക്കലും അനുഗമിക്കലും പുരുഷന്മാർക്കു പ്രത്യേകമാണ്. സ്ത്രീകൾക്ക് ജനാസയോടൊപ്പം പുറപ്പെടൽ അനുവദനീയമല്ല. ഉമ്മുഅത്വിയ്യ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ജനാസകളെ അനുഗമിക്കുന്നതിൽനിന്ന് ഞങ്ങൾ വിരോധിക്കപ്പെട്ടിരിക്കുന്നു.’’
മറമാടലും ക്വബ്‌റൊരുക്കലും സുന്നത്തിൽ
ക്വബ്‌റിന് ആഴംകൂട്ടലും വീതികൂട്ടലും ക്വബ്‌റിൽ ലഹ്ദ് ഒരുക്കലും സുന്നത്താണ്. ക്വബ്‌റിനടിയിൽ ഒരു ഭാഗത്ത് ക്വിബ്‌ലയുടെ ദിശയിൽ ഒരു കുഴിയൊരുക്കലാണ് ലഹ്ദ്. ലഹ്‌ദൊരുക്കുന്നതിനു തടസ്സമുണ്ടായാൽ ‘ശക്ക്വ്’ ആക്കുന്നതിനു കുഴപ്പമില്ല. ക്വബ്‌റിന്റെ മധ്യത്തിൽ മയ്യിത്തിനെ വെക്കാനുള്ള കുഴിയൊരുക്കലാണ് ശക്ക്വ്. മയ്യിത്ത് ലഹ്ദിൽ ക്വിബ്‌ലക്ക് അഭിമുഖമായി വലതുഭാഗത്തായി വെക്കപ്പെടണം. ലഹ്ദിന്റെ വായ്മുഖം ഇഷ്ടികകൊണ്ടും മണ്ണുകൊണ്ടും അടക്കപ്പെടുകയും ശേഷം അതിൽ മണ്ണു ചൊരിയ പ്പെടുകയും വേണം.
ക്വബ്ർ ഭൂമിയിൽനിന്ന് ഒരു ചാൺ ഉയരത്തിൽ കൂനായ രൂപത്തിൽ ഉയർത്തിയിടണം. തിരുനബി ﷺയുടെയും അബൂബകർ(റ), ഉമർ(റ) എന്നിവരുടെയും ക്വബ്‌റുകളുടെ രൂപത്തിൽ അപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്. ക്വബ്‌റാണെന്ന് അറിയപ്പെടുവാനും അത് അനാദരിക്കപ്പെടാതിരിക്കുവാനും വേണ്ടിയാ ണത്. ക്വബ്‌റാണെന്നറിയുവാനും അതിന്റെ അതിരുകൾ വ്യക്തമാകുവാനും അതിന്റെ അറ്റങ്ങളിൽ കല്ലോ മറ്റോ വെക്കുന്നതിൽ കുഴപ്പമില്ല.
ക്വബ്‌റിന്മേൽ എടുപ്പുണ്ടാക്കുന്നതും കുമ്മായമിടുന്നതും ഇരിക്കുന്നതും ഹറാമാകുന്നു. ജാ ബിറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ക്വബ്ർ കുമ്മായമിടപ്പെടുന്നതും അതിന്മേൽ ഇരിക്ക പ്പെടുന്നതും നിർമിക്കപ്പെടുന്നതും തിരുദൂതർ വിരോധിച്ചിരിക്കുന്നു.’’
ഇമാം തുർമുദിയുടെ നിവേദനത്തിൽ ഇപ്രകാരമുണ്ട്: “ക്വബ്‌റിന്മേൽ എഴുതപ്പെടുന്നതും (തിരുമേനി) വിരോധിച്ചിരിക്കുന്നു.’’ കാരണം, ഇവ ശിർക്കിലേക്കും ജാറങ്ങളുമായി ബന്ധപ്പെടുന്നതിലേക്കുമുള്ള മാർഗമാണ്. അതാകട്ടെ വിവരദോഷികൾ വഞ്ചിതരാകുന്നതും ബന്ധപ്പെടുന്നതുമായ കാര്യവുമാണ്.
ക്വബ്‌റുകളിൽ വെളിച്ചം വെക്കുന്നതും ഹറാമാകുന്നു. കാരണം അതിൽ അവിശ്വാസികളോടു സാദൃശ്യപ്പെടലും സമ്പത്തു പാഴാക്കലുമാണുള്ളത്. ക്വബ്‌റിന്മേൽ പള്ളികളുണ്ടാക്കലും അതിനടുത്ത് നമസ്‌കരിക്കലും അതിലേക്കു നമസ്‌കരിക്കലും ഹറാമാകുന്നു. തിരുനബിﷺ പറഞ്ഞു: “ജൂത-ക്രൈസ്തവരെ അല്ലാഹു ശപിക്കട്ടെ; അവർ അവരുടെ നബിമാരുടെ ക്വബ്‌റുകളെ പള്ളികളാക്കി സ്വീകരിച്ചു.’’
ക്വബ്‌റുകൾക്കുമേൽ നടന്നും ചെരിപ്പുകൊണ്ട് അതിൽ ചവിട്ടിയും അതിന്മേൽ ഇരുന്നും മറ്റും അതിനെ നിന്ദിക്കുന്നത് ഹറാമാകുന്നു. അബൂഹുറയ്‌റ(റ)യിൽനിന്നു നിവേദനം. തിരുനബിﷺ പറഞ്ഞു: “നിങ്ങളിലൊരാൾ ഒരു തീക്കനലിൽ ഇരിക്കലും അത് അവന്റെ വസ്ത്രത്തെ കത്തിച്ച് അവന്റെ തൊലിയിലേക്കെത്തലുമാണ് ഒരു ക്വബ്‌റിന്മേൽ ഇരിക്കുന്നതിനെക്കാൾ അവന് നല്ലത്.’’ ക്വബ്‌റിന്മേൽ ചവിട്ടുന്നതും നബിﷺ വിരോധിച്ചിട്ടുണ്ട്.
മറമാടുന്നതിൽ നിന്ന് വിരമിച്ചാൽ മയ്യിത്തിനുവേണ്ടി പ്രാർഥിക്കൽ സുന്നത്താകുന്നു. തിരുനബി അപ്രകാരം ചെയ്തിട്ടുണ്ട്. തിരുമേനി മയ്യിത്തു മറമാടുന്നതിൽനിന്ന് വിരമിച്ചാൽ അവിടെ നിൽക്കുമായിരുന്നു. തിരുനബി പറഞ്ഞു: “നിങ്ങളുടെ സഹോദരുവേണ്ടി നിങ്ങൾ ഇസ്തിഗ്ഫാർ നടത്തുക. അദ്ദേഹത്തിനു വേണ്ടി തസ്ബീത്തിനും തേടുക. കാരണം അദ്ദേഹം ഇപ്പോൾ ചോദിക്കപ്പെടും.’’
എന്നാൽ ക്വബ്‌റിനരികിൽ സൂറത്തുൽഫാതിഹയോ ക്വുർആനിൽനിന്ന് മറ്റുവല്ലതുമോ പാരായണം ചെയ്യൽ എതിർക്കപ്പെടേണ്ട ബിദ്അത്താകുന്നു. കാരണം നബിയോ സ്വഹാബികളോ അപ്രകാരം ചെയ്തിട്ടില്ല. തിരുനബിﷺ പറഞ്ഞു: “ഒരാൾ നമ്മുടെ കൽപനയില്ലാത്ത ഒരു കാര്യം പ്രവർത്തിച്ചാൽ അതു തള്ളപ്പെടേണ്ടതാണ്.’’
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ നിന്നുമെടുത്തത്)

