മയ്യിത്ത് സംസ്‌കരണ നിയമങ്ങൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

‘ജനാസ’ എന്നതിന്റെ ബഹുവചനമാണ് ‘ജനാഇസ്.’ ‘ജനാസ’ എന്നും ‘ജിനാസ’ എന്നും ഉച്ചാരണമുണ്ട്. രണ്ടിനും ഒരേ അർഥമാണ്. മരണത്തെയും ഭൗതികലോകത്തെ തന്റെ ഒടുക്കത്തെയും ഓർക്കൽ മനുഷ്യന് അനിവാര്യമാണ്. സൽപ്രവൃത്തികൊണ്ടും പരലോകത്തേക്കുള്ള വിഭവമൊരുക്കിക്കൊണ്ടും തെറ്റുകളിൽനിന്നു പശ്ചാത്ത പിച്ചുകൊണ്ടും അന്യായങ്ങൾ കയ്യൊഴിച്ചുകൊണ്ടും അതിനായി ഒരുങ്ങേണ്ടതുണ്ട്.

രോഗിയെ സന്ദർശിക്കലും തൗബയും വസ്വിയ്യത്തും ഓർമിപ്പിക്കലും സുന്നത്താകുന്നു. രോഗി മരണാസന്നനായാൽ അവനു ‘ലാഇലാഹ ഇല്ലല്ലാഹ്’ ചൊല്ലിക്കൊടുക്കലും ക്വിബ്‌ലയിലേക്കു തിരിച്ചുകിടത്തലും സുന്നത്താകുന്നു. മരണപ്പെട്ടാൽ കണ്ണുചിമ്മിക്കൊടുക്കലും ജനാസ മറമാടൽ വേഗത്തിലാക്കലും സുന്നത്താണ്.

മയ്യിത്ത് കുളിപ്പിക്കൽ; വിധിയും രീതിയും

1. കുളിപ്പിക്കുന്നതിന്റെ വിധി: മയ്യിത്തു കുളിപ്പിക്കൽ നിർബന്ധമാകുന്നു. കാരണം തിരുനബിﷺ അതിനു കൽപിച്ചിട്ടുണ്ട്. ഇഹ്‌റാമിലായിരിക്കെ ഒട്ടകം തള്ളിയിടുകയും കഴുത്തൊടിഞ്ഞു മരിക്കുകയും ചെയ്ത വ്യക്തിയുടെ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “അദ്ദേഹത്തെ നിങ്ങൾ വെള്ളം കൊണ്ടും എലന്തമരത്തിന്റെ ഇലകൊണ്ടും കുളിപ്പിക്കുക.’’

തിരുനബിﷺ തന്റെ പുത്രി സയ്‌നബി(റ)ന്റെ വിഷയത്തിൽ പറഞ്ഞു: “നിങ്ങൾ അവരെ മൂന്നോ അഞ്ചോ ഏഴോ തവണ കുളിപ്പിക്കുക.’’ മയ്യിത്തു കുളിപ്പിക്കൽ സാമൂഹ്യബാധ്യതയാണെന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.

2. കുളിപ്പിക്കുന്നതിന്റെ രൂപം: മരണപ്പെട്ടവരെ കുളിപ്പിക്കുവാൻ വിശ്വസ്തതയുള്ള, ദീനീനിഷ്ഠയുള്ള, കുളിപ്പിക്കുന്നതിന്റെ വിധികളറിയുന്ന ആളുകളെ തെരഞ്ഞെടുക്കൽ അനിവാര്യമാണ്.. കുളിപ്പിക്കുവാൻ മയ്യിത്തു വസ്വിയ്യത്തു ചെയ്ത വ്യക്തി മുന്തിപ്പിക്കപ്പെടണം. പിന്നീട് മയ്യിത്തിന്റെ പിതാവ്, പ്രപിതാവ്, പുത്രൻ, തുടങ്ങി മയ്യിത്തിനോട് ഏറ്റവും അടുത്തവർ മുന്തിപ്പിക്കപ്പെടണം. കുളിപ്പിക്കുന്നതിന്റെ വിധി അറിയുന്നവരാണെങ്കിലാണ് ഇവർ മുന്തിപ്പിക്കപ്പെടേണ്ടത്. അവർക്ക് അതറിയില്ലെങ്കിൽ അറിയുന്നവർ മുന്തിക്കപ്പെടണം. പുരുഷനെ പുരുഷന്മാരും സ്ത്രീയെ സ്ത്രീകളും കുളിപ്പിക്കണം. ഭാര്യാഭർത്താക്കന്മാരിൽ ഭാര്യയെ ഭർത്താവിനും ഭർത്താവിനെ ഭാര്യക്കും കുളിപ്പിക്കാവുന്നതാണ്. എഴു വയസ്സിനു താഴെയുള്ള കുട്ടികളെ പുരുഷന്മാർക്കും സ്ത്രീകൾക്കും കുളിപ്പിക്കാവുന്നതാണ്. കാഫിറിനെ കുളിപ്പിക്കലും കഫൻ ചെയ്യലും അവന്റെ ജനാസ വഹിക്കലും അവനു മയ്യിത്തു നമസ്‌കരിക്കലും മുസ്‌ലിമായ ആണിനോ പെണ്ണിനോ അനുവദനീയമല്ല; മാതാവ്, പിതാവ് പോലെ ഏറ്റവും അടുത്തബന്ധമുള്ളവരായാലും ശരി.

മയ്യിത്തിനെ കുളിപ്പിക്കുന്ന വെള്ളം ത്വഹൂറും (സ്വയം ശുദ്ധവും മറ്റൊന്നിനെ ശുദ്ധിയാക്കുവാൻ കഴിവുള്ളത്) അനുവദനീയവുമായിരിക്കലും കുളിപ്പിക്കൽ മറക്കപ്പെട്ട സ്ഥലത്തുവച്ചായിരിക്കലും നിബന്ധനയാണ്.

കുളിപ്പിക്കുന്ന രീതി: കുളിപ്പിക്കുവാനുള്ള കട്ടിലിൽ മയ്യിത്തിനെ വയ്ക്കുക. ഔറത്ത് മറക്കുകയും വസ്ത്രങ്ങളഴിക്കുകയും ചെയ്യുക. ഒരു റൂമിലോ മറ്റോവച്ചു ജനദൃഷ്ടിയിൽനിന്നു മറക്കുക. ശേഷം കുളിപ്പിക്കുന്നവൻ മയ്യിത്തിന്റെ തല അതിനെ ഇരുത്തുവാനെന്നോണം ഉയർത്തുക. ശേഷം തന്റെ കൈ മയ്യിത്തിന്റെ വയറ്റിന്മേൽ നടത്തുകയും അമർത്തി തടവുകയും മലവും മൂത്രവും പുറത്തുവരുന്ന സ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്യുക. തന്റെ കയ്യിൽ ഒരു ശീല ചുറ്റി വിസർജ്യങ്ങൾ പുറത്തുവരുന്നേടത്തുനിന്ന് നജസു കഴുകി മയ്യിത്തിനു മലമൂത്ര ശുചീകരണം വരുത്തുക.

ശേഷം കുളിപ്പിക്കുന്നതു നിയ്യത്തു ചെയ്ത് ബിസ്മി ചൊല്ലി നമസ്‌കാരത്തിനു വുദൂഅ് ചെയ്യുന്നതു പോലെ മയ്യിത്തിന് വുദൂഅ് ചെയ്യുക. എന്നാൽ വായിൽവെള്ളം കൊപ്‌ളിക്കലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും വേണ്ട; വായക്കും മൂക്കിനും മീതെ തടവിയാൽ മതിയാവും. പിന്നീടു മയ്യിത്തിന്റെ തലയും താടിയും എലന്തമരത്തിന്റെ ഇലയോ സോപ്പോ മറ്റോ ഉപയോഗിച്ചു കഴുകുക. പിന്നീടു വലതുഭാഗവും തുടർന്നു ഇടതുഭാഗവും കഴുകുക. അതിൽപിന്നെ ശേഷിക്കുന്ന ശരീരഭാഗം കഴുകുക. കുളിപ്പിക്കുമ്പോൾ തന്റെ കയ്യിൽ ഒരു ശീല ചുറ്റൽ സുന്നത്താണ്. ഒരു കുളികൊണ്ട് വൃത്തിയായാൽ അതു മതിയാകും; ഒരു തവണ കുളിപ്പിക്കലാണു നിർബന്ധമായത്. വൃത്തിയായിട്ടുണ്ടെങ്കിലും മൂന്നുതവണ കുളിപ്പിക്കൽ സുന്നത്താകുന്നു. അവസാനത്തെ കുളിപ്പിക്കലിൽ വെള്ളത്തിൽ കർപ്പൂരം ചേർക്കൽ സുന്നത്താകുന്നു. ശേഷം മയ്യിത്തിനെ തോർത്തുക. സ്ത്രീകളുടെ മുടി മുടയുകയും പിന്നിലേക്കു തൂക്കിയിടുകയും ചെയ്യുക.

വെള്ളം ലഭിക്കാത്തതിനാലോ കത്തിക്കരിഞ്ഞതിനാലോ മൃതശരീരം മുറിഞ്ഞതായതിനാലോ മയ്യിത്തു കുളിപ്പിക്കൽ പ്രയാസകരമായാൽ മണ്ണുകൊണ്ടു മയ്യിത്തിനു തയമ്മും ചെയ്തുകൊടുക്കണം. കുളിപ്പിക്കുന്ന വൻ മയ്യിത്തിനെ കുളിപ്പിച്ചതിനുശേഷം കുളിക്കൽ സുന്നത്താണ്.

ആരാണ് മയ്യിത്തു കുളിപ്പിക്കേണ്ടത്?

കുളിപ്പിക്കുന്നതിന്റെ നബിചര്യകളറിയുന്നവരും വിശ്വസ്തരും ദീനീനിഷ്ഠയുള്ളവരുമാണ് മയ്യിത്തു കുളിപ്പിക്കലേറ്റെടുക്കുന്നതിന് ഏറ്റവം ഉത്തമർ; വിശിഷ്യാ അവർ മയ്യിത്തിന്റെ കുടുംബക്കാരും അടുത്തബ ന്ധുക്കളുമായാൽ. കാരണം തിരുനബിﷺയുടെ ജനാസ കുളിപ്പിക്കുന്നതേറ്റെടുത്തത് അലി(റ)യെ പോലുള്ള തിരുമേനിﷺയുടെ കുടുംബക്കാരായിരുന്നു. ജനങ്ങളിൽ കുളിപ്പിക്കുവാൻ മയ്യിത്തു വസ്വി യ്യത്തു ചെയ്ത വ്യക്തിയാണ് ഏറ്റവുമർഹൻ. പിന്നീട് മയ്യിത്തിന്റെ പിതാവ്, പ്രപിതാവ്, പുത്രൻ, തുടങ്ങി മയ്യിത്തിന്റെ അസ്വബയിൽ (ശിഷ്ടാവകാശികൾ) പെട്ടവരും ശേഷം ദവുൽഅർഹാമുമാണ് (ശിഷ്ടാവകാശി കളും അംശാവകാശികളുമല്ലാത്ത വിദൂര ബന്ധുക്കൾ).

പുരുഷന്മാരെ കുളിപ്പിക്കൽ പുരുഷന്മാർ ഏറ്റെടുക്കലും സ്ത്രീകളെ കുളിപ്പിക്കൽ സ്ത്രീകൾ ഏറ്റെടുക്കലും നിർബന്ധമാണ്. ദമ്പതികൾ ഇതിൽനിന്ന് ഒഴിവാക്കപ്പെടും. കാരണം അവരിലോരോരുത്തർക്കും തന്റെ ഇണയെ കുളിപ്പിക്കാവുന്നതാണ്.

തിരുനബിﷺ ആഇശ(റ)യോടു പറഞ്ഞു: “എന്റെ മുമ്പു നിങ്ങൾ മരണപ്പെട്ടാൽ ഞാൻ നിങ്ങളെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ചെയ്യും.’’

അസ്മാഅ് ബിൻത് ഉമയ്‌സ്(റ) അവരുടെ ഭർത്താവായ അബൂബക്ർ സ്വിദ്ദീക്വി(റ)നെ കുളിപ്പിച്ചു. അടർക്കളത്തിൽ ശഹീദായ വ്യക്തി കുളിപ്പിക്കപ്പെടുകയില്ല. കാരണം, ഉഹുദിൽ വധിക്കപ്പെട്ടവരെ അവരുടെ വസ്ത്രങ്ങളിൽ മറമാടുവാൻ തിരുനബിﷺ കൽപിച്ചു. അവർ കുളിപ്പിക്കപ്പെടുകയോ അവരുടെ ജനാസ നമസ്‌കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഇപ്രകാരം ശഹീദ് കഫൻ ചെയ്യപ്പെടുകയോ ശഹീദിനു ജനാസ നമസ്‌കരിക്കപ്പെടുകയോ ഇല്ല; പ്രത്യുത മുകളിൽ പറഞ്ഞ ഹദീസിലുള്ളതുപോലെ തന്റെ വസ്ത്രത്തിൽ മറമാടപ്പെടുകയാണു വേണ്ടത്.

ഗർഭകാലം തികയുന്നതിനു മുമ്പ് പ്രസവിക്കപ്പെടുന്ന കുഞ്ഞ് (സിക്വ‌്‌ത് അഥവാ ചാപ്പിള്ള) ആണായാലും പെണ്ണായാലും നാലു മാസം തികഞ്ഞതാണെങ്കിൽ കുളിപ്പിക്കപ്പെടുകയും കഫൻ ചെയ്യപ്പെടുകയും നമസ്‌കരിക്കപ്പെടുകയും മറമാടപ്പെടുകയും വേണം.

കഫൻ ചെയ്യുന്നതിന്റെ വിധിയും രൂപവും

മയ്യിത്തിനെ കഫൻ ചെയ്യൽ നിർബന്ധമാകുന്നു. ഇഹ്‌റാമിലായിരിക്കെ ഒട്ടകം തള്ളിയിടുകയും കഴുത്തൊടിഞ്ഞു മരിക്കുകയും ചെയ്ത വ്യക്തിയുടെ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “അദ്ദേഹത്തെ രണ്ടു വസ്ത്രങ്ങളിൽ നിങ്ങൾ കഫൻചെയ്യുക.’’

ശരീരം മുഴുവൻ മറയ്ക്കലാണ് നിർബന്ധമായത്. മുഴുവൻ ശരീരത്തിനും തികയാത്ത നീളം കുറഞ്ഞ വസ്ത്രം മാത്രമാണ് ലഭിച്ചതെങ്കിൽ തല മൂടുകയും ഇരുകാലുകളിലും കുറച്ചു ഇദ്ഖിർ പുല്ല് വെക്കുകയും ചെയ്യാൻ നബിﷺ കൽപിച്ചതായി കാണാം. മിസ്വ്അബ് ഇബ്‌നുഉമയ്‌റി(റ)ന്റെ സംഭവത്തിൽ ഖബ്ബാബി(റ)ന്റെ വാക്ക് ഇപ്രകാരമുണ്ട്:

“നബിﷺ ഞങ്ങളോട് അദ്ദേഹത്തിന്റെ തല മൂടുവാനും അദ്ദേഹത്തിന്റെ ഇരുകാലുകളിലും ഇദ്ഖിർ പുല്ല് വെക്കുവാനും കൽപിച്ചു.’’ ഇഹ്‌റാമിൽ പ്രവേശിച്ച പുരുഷന്റെ തല മൂടരുത്. കാരണം ഇഹ്‌റാമിൽ മരിച്ച വ്യക്തിയുടെ വിഷയത്തിൽ തിരുനബിﷺ പറഞ്ഞു: “അദ്ദേഹത്തിന്റെ തല നിങ്ങൾ മൂടരുത്.’’

കഫൻ ചെയ്യുന്നത് തൊലിയെ തെളിയിച്ചുകാണിക്കാത്ത മറക്കുന്ന രീതിയിലുള്ള വസ്ത്രം കൊണ്ടായിരിക്കണം. പുരുഷനെ പരുത്തിയാലുള്ള വെളുത്ത മൂന്നു തുണികളിൽ കഫൻ ചെയ്യലാണ് സുന്നത്ത്. മൂന്നു തുണികളും ചിലതു ചിലതിന്മേലായി വിരിച്ചിടുകയും മയ്യിത്തിനെ അതിന്മേൽ മലർത്തിക്കിടത്തുക യും പിന്നീടു മീതെയുള്ള തുണിയുടെ ഇടത്തേയറ്റം മയ്യിത്തിന്റെ വലതു ഭാഗത്തേക്കു തിരിച്ചിടുകയും തുടർന്ന് അതിന്റെ വലത്തേയറ്റം ഇടത്തേയറ്റത്തേക്കു തിരിച്ചിടുകയും ചെയ്യുക. രണ്ടും മൂന്നും തുണികൾ ഇപ്രകാരം ചെയ്യുക. കൂടുതൽ വരുന്ന തുണിഭാഗം തലയുടെ ഭാഗത്താക്കുകയും അതു ബന്ധിക്കുകയും ചെയ്യുക. തുണി അതിലും കൂടുതലാണെങ്കിൽ അത് പാദങ്ങളുടെ ഭാഗത്ത് ആക്കുകയും ബന്ധിക്കുകയും വേണം. കാരണം അതാണ് കഫനിനെ നന്നായി ഉറപ്പിച്ചു നിർത്തുക. ആഇശ(റ) പറഞ്ഞു:

“യമനിലെ സഹൂൽ ദേശത്ത് നെയ്ത ശുദ്ധവെള്ളയും പരുത്തികൊണ്ടുള്ളതുമായ പുതിയ മൂന്നു വസ്ത്രങ്ങളിലാണ് അല്ലാഹുവിന്റെ തിരുദൂതർﷺ കഫൻ ചെയ്യപ്പെട്ടത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല. തിരുമേനിയെ അതിൽ നന്നായി ചുറ്റിപ്പൊതിയുകയായിരുന്നു.’’

തിരുമേനിﷺ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങളിൽ വെള്ള ധരിക്കുക. കാരണം അതു നിങ്ങളുടെ ഉത്തമവസ്ത്രമാകുന്നു. അവയിൽ നിങ്ങളിൽ മരണപ്പെട്ടവരെ നിങ്ങൾ മറമാടുകയും ചെയ്യുക.’’

ഉടുമുണ്ട്, മുഖമക്കന, കുപ്പായം, രണ്ടു തുണികൾ എന്നീ അഞ്ചു വസ്ത്രങ്ങളിലാണ് സ്ത്രീ കഫൻ ചെയ്യപ്പെടേണ്ടത്. ചെറിയ ആൺകുട്ടി ഒരു വസ്ത്രത്തിലാണ് കഫൻ ചെയ്യപ്പെടേണ്ടത്. മൂന്നു വസ്ത്രങ്ങളിലും അനുവദനീയമാണ്. പെൺകുട്ടി ഒരു കുപ്പായത്തിലും രണ്ടു തുണികളിലുമാണ് കഫൻ ചെയ്യപ്പെടേണ്ടത്.

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)