ഹജ്ജും ഉംറയും
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

ലക്ഷ്യം’ എന്നാണ് ഭാഷയിൽ ‘ഹജ്ജ്’ എന്നതിന്റെ അർഥം. ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥലത്തുവെച്ച് തിരുനബിﷺയുടെ മാതൃകയനുസരിച്ചുള്ള കർമങ്ങൾ അനുഷ്ഠിച്ചുകൊണ്ട് അല്ലാഹുവിന് ഇബാദത്തെടുക്കുക എന്നതാണ് മതപരമായി ഹജ്ജിനുള്ള നിർവചനം.
ഹജ്ജിന്റെ മതവിധിയും മഹത്ത്വവും
1. ഹജ്ജിന്റെ വിധി: ഇസ്‌ലാമിക സൗധത്തിന്റെ സ്തംഭങ്ങളിലൊന്നും ഇസ്‌ലാമിലെ മഹത്തായ നിർബന്ധ കാര്യങ്ങളിൽ ഒന്നുമാകുന്നു ഹജ്ജ്. അല്ലാഹു പറഞ്ഞു: “ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകു ന്നു’’ (ക്വുർആൻ 3: 97).
“നിങ്ങൾ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂർണമായി നിർവഹിക്കുക’’ (ക്വുർആൻ 2:196). ഇബ്‌നുഉമറി(റ)ൽനിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരമുണ്ട്: “അഞ്ചു സ്തംഭങ്ങളിലായി ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു...കഅ്ബത്തിങ്കൽ ചെന്ന് ഹജ്ജുചെയ്യൽ...’’
കഴിവും ശേഷിയുമുള്ളവന് ആയുസ്സിലൊരിക്കൽ ഹജ്ജു നിർബന്ധമാണെന്നതിൽ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു.
2. ഹജ്ജിന്റെ മഹത്ത്വം: ഹജ്ജിന്റെ മഹത്ത്വമറിയിക്കുന്ന ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയിൽ ചിലത് ചുവടെ:
അബൂഹുറയ്‌റ(റ)യിൽനിന്നു നിവേദനം. തിരുദൂതർﷺ പറഞ്ഞു: “ഒരു ഉംറ മുതൽ അടുത്ത ഉംറവരെ അവയ്ക്കിടയിലുള്ള (ചെറുപാപങ്ങളുടെ) പ്രായച്ഛിത്തമാകുന്നു. മബ്‌റൂറായ ഹജ്ജിനു സ്വർഗമല്ലാതെ പ്രതിഫലമില്ല.’’
തിരുനബിﷺ പറഞ്ഞു: “വല്ലവനും അല്ലാഹുവിനുവേണ്ടി ഹജ്ജു ചെയ്തു. അവൻ കാമവികാര പ്രകടനം നടത്തിയില്ല. കുറ്റകരമായതു പ്രവർത്തിക്കുകയും ചെയ്തില്ല. അവൻ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലുണ്ടായിരുന്നതുപോലെ (പരിശുദ്ധനായി) തിരിച്ചുവരും.’’ ഇതുപോലെ വേറെയും ഹദീസുകൾ ഈ വിഷയത്തിലുണ്ട്.
ഒന്നിലധികം ഹജ്ജു നിർബന്ധമുണ്ടോ?
ആയുസ്സിൽ ഒരു തവണ മാത്രമാണ് ഹജ്ജു നിർബന്ധം. അതിനെക്കാൾ അധികമാവുന്നത് ഐച്ഛികമാണ്. അബൂഹുറയ്‌റ(റ)യിൽനിന്നു നിവേദനം: ‘ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് ഹജ്ജു നിർബന്ധമാക്കിയിരിക്കുന്നു. അതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യുക.’ അപ്പോൾ ഒരു വ്യക്തി ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എല്ലാ വർഷവുമാണോ?’ തിരുനബിﷺ പറഞ്ഞു: ‘ഞാൻ അതെ എന്നു പറഞ്ഞിരുന്നെങ്കിൽ അത് എല്ലാ വർഷവും നിർബന്ധമാകുമായിരുന്നു. നിങ്ങൾക്കത് സാധിക്കുമായിരുന്നുമില്ല.’
നബിﷺ ഒരു ഹജ്ജ് മാത്രമാണ് ചെയ്തിട്ടുള്ളത്. പണ്ഡിതന്മാരാകട്ടെ കഴിവും ശേഷിയുമുള്ളവന് ആയുസ്സിലൊരിക്കൽ മാത്രമാണ് ഹജ്ജു നിർബന്ധമെന്നതിൽ ഏകോപിച്ചിരിക്കുന്നു. ഒരാൾക്ക് ഹജ്ജിന്റെ ശർത്വുകളൊത്താൽ അതു നിർവഹിക്കുവാൻ ധൃതികാണിക്കൽ അവനു നിർബന്ധമാണ്. ഒഴിവുകഴിവൊന്നുമില്ലാതെ ഹജ്ജിനെ പിന്തിപ്പിക്കുന്നതുകൊണ്ട് അവൻ കുറ്റക്കാരനാകും. തിരുനബിﷺ പറഞ്ഞു: “ഹജ്ജിനു നിങ്ങൾ ധൃതികാണിക്കുക. കാരണം, നിങ്ങളിലൊരാൾക്ക് തനിക്കു വന്നണയുന്നത് അറിയുകയില്ല.’’ തിരുമൊഴിയായും സ്വഹാബിയുടെ വാക്കായും ഒന്ന് ഒന്നിനെ ബലപ്പെടുത്തുന്ന പരമ്പരകളിൽ ഇവ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: “വല്ലവനും ഹജ്ജു ചെയ്യുവാൻ കഴിവുണ്ടായി; എന്നാൽ അവൻ ഹജ്ജു ചെയ്തില്ല. എങ്കിൽ അവൻ താനുദ്ദേശിക്കുംവിധം ജൂതനായിട്ടോ അല്ലെങ്കിൽ നസ്വ്‌റാനിയായിട്ടോ മരണം വരിക്കട്ടെ.’’
ഹജ്ജിന്റെ നിബന്ധനകൾ
ഹജ്ജ് നിർബന്ധമാകുന്നതിന് അഞ്ചു ശർത്വുകളുണ്ട്:
1. ഇസ്‌ലാം: ഹജ്ജ് കാഫിറിനു നിർബന്ധമാവുകയില്ല. അത് അവനിൽനിന്നു സാധുവാകുകയുമില്ല. കാരണം, ഇബാദത്ത് ശരിയാകണമെങ്കിൽ ഇസ്‌ലാം ശർത്വാകുന്നു.

2. ബുദ്ധി: ഭ്രാന്തനു ഹജ്ജു നിർബന്ധമില്ല. ഭ്രാന്തുള്ള അവസ്ഥയിൽ അവനിൽനിന്ന് ഹജ്ജ് ശരിയാകുകയുമില്ല. കാരണം, ബുദ്ധിയുണ്ടാവുകയെന്നത് വിധിവിലക്കുകൾ ബാധകമാകുവാനുള്ള ശർത്വാകുന്നു. ഭ്രാന്തനാകട്ടെ വിധിവിലക്കുകൾ ബാധകമായവരിൽ പെട്ടവനല്ല. അവനു ബോധോദയമുണ്ടാകുന്നതുവരെ അവനിൽനിന്ന് വിധിവിലക്കുകളുടെ തൂലിക ഉയർത്തപ്പെടുകുകയും ചെയ്തിരിക്കുന്നു. അലിയ്യി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “മൂന്നു വിഭാഗങ്ങളിൽനിന്നു തൂലിക ഉയർത്തപ്പെട്ടിരിക്കുന്നു. (വിധിവിലക്കുകളിൽനിന്ന് അവർ ഒഴിവാക്കപ്പെട്ടിരിക്കുന്നു) ഉറങ്ങിയവൻ ഉണരുന്നതുവരെ, കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതുവരെ, ഭ്രാന്തനു ബോധോദയമുണ്ടാകുന്നതുവരെ.’’
3. പ്രായപൂർത്തിയാവുക: കുട്ടിക്ക് ഹജ്ജ് നിർബന്ധമാവുകയില്ല. കാരണം, അവൻ വിധിവിലക്കുകൾ ബാധകമായവരിൽപെട്ടവനല്ല. പ്രായപൂർത്തിയെത്തുന്നതുവരെ അവന് വിധിവിലക്കുകൾ ബാധകമല്ല. മുമ്പ് ഉദ്ധരിച്ച ഹദീസിൽ ‘കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതുവരെ വിധിവിലക്കുകളിൽനിന്ന് അവൻ ഒഴിവാക്കപ്പെട്ടിരിക്കുന്നു’ എന്നു പറഞ്ഞത് നാം കണ്ടു. എന്നാൽ അവൻ ഹജ്ജു ചെയ്താൽ അവന്റെ ഹജ്ജ് ശരിയാകും. കുട്ടിക്കു വകതിരിവ് എത്തിയിട്ടില്ലെങ്കിൽ അവന്റെ രക്ഷിതാവ് അവനുവേണ്ടി നിയ്യത്തു ചെയ്യണം. ഇസ്‌ലാമിൽ ബാധകമായ ഹജ്ജായി അവന് അതു മതിയാവുകയില്ല. അതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ല.
ഇബ്‌നു അബ്ബാസി(റ)ൽനിന്നു നിവേദനം: “ഒരു സ്ത്രീ കുഞ്ഞിനെ ഉയർത്തിക്കാണിച്ചുകൊണ്ട് ചോദിച്ചു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഈ കുഞ്ഞിന് ഹജ്ജ് ചെയ്യാമോ?’ തിരുനബിﷺ പറഞ്ഞു: ‘അതെ. നിനക്ക് അതിന്റെ കൂലിയുമുണ്ട്.’
നബിﷺ പറഞ്ഞു: “ഏതൊ രു കുട്ടിയാണോ ഹജ്ജു ചെയ്യുകയും ശേഷം അവനു പ്രായപൂർത്തി യാവുകയും ചെയ്യുന്നത്, അവന്റെമേൽ മറ്റൊരു ഹജ്ജുകൂടി ബാധ്യതയാണ്. ഏതൊരു അടിമയാണോ ഹജ്ജു ചെയ്യുകയും ശേഷം മോചിപ്പിക്കപ്പെടുകയും ചെയ്യുന്നത്, അവന്റെമേൽ മറ്റൊരു ഹജ്ജുകൂടി ബാധ്യതയാണ്.’’
4. സ്വാതന്ത്ര്യം: അടിമക്ക് ഹജ്ജ് നിർബന്ധമാവുകയില്ല. കാരണം അവൻ യാതൊന്നും ഉടമപ്പെടുത്താത്തവനാണ്. എന്നാൽ അവൻ തന്റെ യജമാനന്റെ അനുവാദപ്രകാരമാണ് ഹജ്ജു ചെയ്യുന്നതെങ്കിൽ അതു ശരിയാകും. അടിമയായിരിക്കെ ഒരാൾ ഹജ്ജു ചെയ്യുകയും ശേഷം മോചിതനാവുകയും ഹജ്ജു നിർവഹിക്കുവാനുള്ള മാർഗം അവൻ കണ്ടെത്തുകയും ചെയ്താൽ അവന്റെമേൽ ഇസ്‌ലാമിൽ വാജിബായ ഹജ്ജു ബാധ്യതയാണ്. അടിമയായിരിക്കെ ചെയ്ത ഹജ്ജ് അവനു മതിയാവുകയില്ല. മുൻചൊന്ന ഹദീസിൽ നിന്ന് അവന്റെമേൽ മറ്റൊരു ഹജ്ജു കൂടി ബാധ്യതയാണ് എന്നു നാം മനസ്സിലാക്കി.
5. ഇസ്തിത്വാഅത്ത്(കഴിവ്): അല്ലാഹു പറഞ്ഞു: “ആ മന്ദിരത്തിൽ എത്തിച്ചേരുവാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു’’ (ക്വുർആൻ 3:97). അതിനാൽ തനിക്കും താൻ ആശ്രയം നൽകേണ്ടവർക്കും മതിയായ അന്നവും തന്നെ മക്കയിലേക്ക് എത്തിക്കുകയും മക്കയിൽനിന്നു തിരിച്ചെത്തിക്കുകയും ചെയ്യുന്ന വാഹനം ഉടമപ്പെടുത്താത്തതിനാൽ സാമ്പത്തികമായി ശേഷിയില്ലാത്തവനും, വാഹന സഞ്ചാരത്തിനും യാത്രാക്ലേശം താങ്ങാനും സാധ്യമാകാത്തവിധം രോഗിയോ വാർധക്യമായവനോ ആയതിനാൽ ശാരീരിക ശേഷിയില്ലാത്തവനും കഴിവുണ്ടാകുന്നതുവരെ ഹജ്ജ് നിർബന്ധമാവുകയില്ല. അല്ലെങ്കിൽ ഒരാൾ; തനിക്കോ തന്റെ സമ്പത്തിനോ ഭയക്കുന്നതായ വഴിക്കൊള്ളക്കാരോ പകർച്ച വ്യാധികളോ മറ്റോ തന്റെ യാത്രാ വഴിയിൽ ഉള്ളതിനാൽ അതു നിർഭയത്വമുള്ളതല്ലാത്തതിനാലും സാധ്യമാകുന്നതുവരെ ഹജ്ജ് നിർബന്ധമാവുകയില്ല. അല്ലാഹു പറഞ്ഞു: “അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ (വുസ്അ്) പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല’’ (ക്വുർആൻ 2: 286). ഇവിടെ അല്ലാഹു പറഞ്ഞ ‘വുസ്ഇ’ൽ പെട്ടതാകുന്നു ഇസ്തിത്വാഅത്ത്.
ഹജ്ജു യാത്രയിൽ തന്നെ അനുഗമിക്കുന്ന മഹ്‌റം (വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവൻ) ഉണ്ടാകൽ സ്തീയുടെ ഹജ്ജിന്റെ ഇസ്തിത്വാഅത്തിൽ പെട്ടതാകുന്നു. കാരണം ഹജ്ജിനാകട്ടെ, അല്ലാത്തതിനാകട്ടെ മഹ്‌റമില്ലാതെ സ്ത്രീക്കു യാത്ര അനുവദനീയമല്ല. തിരുനബിﷺ പറഞ്ഞു: “പിതാവോ മകനോ ഭർത്താവോ സഹോദരനോ മഹ്‌റമായ ഒരു വ്യക്തിയോ കൂടെയില്ലാതെ മൂന്നോ അതിൽ കൂടുതലോ നാളുകളെടുക്കുന്ന ഒരു യാത്ര ചെയ്യൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന യാതൊരു സ്ത്രീക്കും അനുവദനീയമാവുകയില്ല.’’ ഒരു വ്യക്തിയോടുള്ള തിരുനബിയുടെ പ്രതികരണവും ഇതിനു തെളിവാണ്. അയാൾ പറഞ്ഞു: ‘നിശ്ചയം, എന്റെ ഭാര്യ ഹജ്ജിനു പുറപ്പെട്ടിരിക്കുന്നു. ഞാനാകട്ടെ ഒരു യുദ്ധത്തിനു പേരു ചേർക്കപെട്ടിരിക്കുന്നു.’ തിരുമേനിﷺ പറഞ്ഞു: ‘നീ പോയി അവളുടെ കൂടെ ഹജ്ജു ചെയ്യുക.’ സ്ത്രീ മഹ്‌റമില്ലാതെ ഹജ്ജു ചെയ്താൽ അവളുടെ ഹജ്ജ് സാധുവാകുന്നതാണ്. മഹ്‌റമില്ലാതെ യാത്ര ചെയ്തതിനാൽ അവൾ കുറ്റക്കാരിയുമാണ്.
ഉംറ; മതവിധിയും തെളിവുകളും
കഴിവുള്ളവന് ആയുസ്സിൽ ഒരുതവണ ഉംറ ചെയ്യൽ നിർബന്ധമാകുന്നു. അല്ലാഹു പറഞ്ഞു: “നിങ്ങൾ അല്ലാഹുവിനു വേണ്ടി ഹജ്ജും ഉംറയും പൂർണമായി നിർവഹിക്കുക’’ (ക്വുർആൻ 2:196).
സ്ത്രീകൾക്കു ജിഹാദ് നിർബന്ധമുണ്ടോ എന്ന് ആഇശ(റ) ചോദിച്ചപ്പോൾ തിരുനബിﷺ അവരോടു പറഞ്ഞു: “അതെ, അവരുടെമേൽ ജിഹാദു നിർബന്ധമാണ്. അതിൽ സായുധപ്പോരാട്ടമില്ല. ഹജ്ജും ഉംറഃയുമാണത്.’’
തന്റെ പിതാവിനു ഹജ്ജിനും ഉംറക്കും യാത്രക്കും സാധിക്കുകയില്ലെന്നു നബിﷺയോടു അബൂറസീൻ(റ) പറഞ്ഞപ്പോൾ അദ്ദേഹത്തോടു തിരുമേനി പറഞ്ഞു: “താങ്കളുടെ പിതാവിനുവേണ്ടി താങ്കൾ ഹജ്ജും ഉംറഃയും ചെയ്യുക.’’
ഉംറയുടെ റുക്‌നുകൾ മുന്നെണ്ണമാകുന്നു: ഇഹ്‌റാം, ത്വവാഫ്, സഅ്‌യ്.
ഹജ്ജിന്റെയും ഉംറയുടെയും മീക്വാത്തുകൾ
‘മീക്വാത്ത്’ എന്നതിന് ‘അതിർത്തി’ എന്നാണ് ഭാഷാർഥം. മതത്തിൽ ‘മീക്വാത്ത്’ ഇബാദത്തിനുള്ള സ്ഥലവും കാലവുമാണ്. അതിനാൽ മീക്വാത്തുകളെ സമാനിയ്യ (സമയസംബന്ധമായ മീക്വാത്ത്), മകാനിയ്യ (സ്ഥലസംബന്ധമായ മീക്വാത്ത്) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
ഹജ്ജിന്റെയും ഉംറയുടെയും മീക്വാത്തുസമാനിയ്യ: വർഷത്തിൽ എല്ലാ സമയത്തും ഉംറ നിർവഹിക്കൽ അനുവദനീയമാകുന്നു.
ഹജ്ജിനു സുപരിചിതമായ മാസങ്ങളുണ്ട്. ഹജ്ജു കർമങ്ങളിൽ യാതൊന്നും ആ മാസങ്ങളിലല്ലാതെ ശരിയാവുകയില്ല. അല്ലാഹു പറഞ്ഞു: ‘ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു’ (ക്വുർആൻ 2:197). ശവ്വാലും ദുൽക്വഅദയും ദുൽഹിജ്ജയുമാകുന്നു ഈ മാസങ്ങൾ.
ഹജ്ജിന്റെയും ഉംറയുടെയും മീക്വാത്തു മകാനിയ്യ: ഹജ്ജു ചെയ്യുന്നവനും ഉംറ നിർവഹിക്കുന്നവനും ഇഹ്‌റാമിൽ പ്രവേശിച്ചുകൊണ്ടെല്ലാതെ വിട്ടുകടക്കൽ അനുവദനീയമല്ലാത്ത അതിർത്തികളാകുന്നു അവ. ഇബ്‌നു അബ്ബാസി(റ)ൽനിന്നുള്ള ഹദീസിൽ തിരുദൂതർﷺ അത് വ്യക്തമാക്കുന്നുണ്ട്: “മദീനഃക്കാർക്ക് ദുൽഹുലയ്ഫയും സിറിയക്കാർക്കു ജുഹ്ഫയും നജ്ദുകാർക്ക് ക്വർനുൽമനാസിലും യമനുകാർക്കു യലംലമും (ഇഹ്‌റാമിൽ പ്രവേശിക്കുവാൻ) തിരുദൂതർ നിശ്ചയിച്ചുകൊടുത്തു. ഹജ്ജും ഉംറയും ഉദ്ദേശിക്കുന്ന അവിടുത്തുകാർക്കും ആ വഴിക്കു വരുന്ന അവരല്ലാത്തവർക്കും അവയാകുന്നു (ഇഹ്‌റാമിൽ പ്രവേശിക്കുവാനുള്ള മീക്വാത്തുകൾ). മീക്വാത്തുകൾക്ക് ഉള്ളിലുള്ളവൻ (ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്) അവൻ ഹജ്ജിനും ഉംറക്കും പുറപ്പെടുന്ന സ്ഥലത്തുവെച്ചാണ്. അപ്പോൾ മക്കക്കാർ ഇഹ്‌റാമിൽ പ്രവേശിക്കേണ്ടതു മക്കയിൽ വെച്ചുതന്നെ.’’
വല്ലവനും ഇഹ്‌റാമിൽ പ്രവേശിക്കാതെ ഈ മീക്വാത്തുകൾ വിട്ടുകടന്നാൽ സാധ്യമെങ്കിൽ മടങ്ങൽ അവനു നിർബന്ധമാണ്. മടങ്ങുവാൻ സാധ്യമായില്ലെങ്കിൽ പ്രായച്ഛിത്തം അവനു നിർബന്ധമാണ്. പ്രായച്ഛിത്തം ഒരു ആടാകുന്നു. അതിനെ മക്കയിൽ അറുത്ത് ഹറമിലെ സാധുക്കൾക്ക് വീതിച്ചുനൽകണം.
എന്നാൽ, മീക്വാത്തുകൾക്ക് അകത്ത് താമസസ്ഥലങ്ങളുള്ളവർ അവരുടെ സ്ഥലങ്ങളിൽ വെച്ചാണ് ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്. മുകളിൽ ഉദ്ധരിച്ച ഹദീസിൽ ‘മീക്വാത്തുകൾക്കിപ്പുറമുള്ളവൻ (ഇഹ്‌റാമിൽ പ്രവേശിക്കേണ്ടത്) അവൻ ഹജ്ജിനും ഉംറക്കും പുറപ്പെടുന്ന സ്ഥത്തുവെച്ചാണ്’ എന്നു പറഞ്ഞത് നാം കണ്ടു.
(തുടരും)
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽമുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്).

