രണ്ടു നമസ്‌കാരങ്ങൾ ജംആക്കൽ
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 നവംബർ 09, 1446 ജു. ഊലാ 07

മതവിധി
നമസ്‌കാരം ക്വസ്‌റാക്കപ്പെടുന്ന യാത്രയിൽ ദ്വുഹ്‌റും അസ്വ്‌റും തമ്മിൽ അവയിൽ ഒന്നിന്റെ സമയത്തും മഗ്‌രിബും ഇശായും തമ്മിൽ അവയിൽ ഒന്നിന്റെ സമയത്തും ജംആക്കൽ (ഒരുമിച്ചു നമസ്‌കരിക്കൽ) അനുവദനീയമാകുന്നു. മുആദി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
“നബിﷺ തബൂക് യുദ്ധത്തിൽ സൂര്യൻ മധ്യത്തിൽനിന്ന് തെറ്റുന്നതിനു മുമ്പാണ് യാത്രയാകുന്നതെങ്കിൽ ദ്വുഹ്‌റിനെ പിന്തിപ്പിക്കുകയും അസ്വ്‌റിലേക്കതിനെ ചേർക്കുകയും അവ ഒന്നിച്ചുനമസ്‌കരിക്കുകയും ചെയ്യുമായിരുന്നു. സൂര്യൻ മധ്യത്തിൽനിന്ന് തെറ്റിയതിനു ശേഷമാണ് യാത്രയാകുന്നതെങ്കിൽ ദ്വുഹ്‌റും അസ്വ്‌റും ഒന്നിച്ചു നമസ്‌കരിക്കുകയും ശേഷം യാത്ര ചെയ്യുകയും ചെയ്യുമായിരുന്നു. മഗ്‌രിബിന്റെയും ഇശാഇന്റെയും വിഷയത്തിൽ ഇതുപോലെ നബിﷺ ചെയ്യുമായിരുന്നു.’’
ജം ആക്കാവുന്നത് ആർക്ക്?
യാത്ര ചെയ്തുകൊണ്ടിരിക്കുന്നവനായാലും ഒരിടത്ത് ചെന്നിറങ്ങിയവനായാലും ഒരുപോലെയാണ്. കാരണം ഇത് യാത്രയുടെ ഇളവുകളിൽ ഒരു ഇളവാണ്. യാത്രയുടെ മറ്റു ഇളവുകൾപോലെ സഞ്ചാരമുണ്ടാ കണം എന്നത് ഇതിൽ പരിഗണിച്ചിട്ടില്ല. എന്നാൽ ഇറങ്ങിപ്പാർത്തവന് ഏറ്റവും ഉത്തമമായത് ജം ആക്കാതിരിക്കുകയെന്നതാണ്. കാരണം ഹജ്ജുവേളയിൽ നബിﷺ മിനയിൽ താമസിക്കുന്നവനായിരിക്കെ ജംആക്കിയിട്ടില്ല.
നാട്ടിൽ താമസിക്കുന്ന രോഗിക്ക് ജം ആക്കുന്നത് ഒഴിവാക്കിയാൽ ബുദ്ധിമുട്ടാകുമെങ്കിൽ ജം ആക്കൽ അനുവദിക്കപ്പെടും. ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: “ഭയമോ മഴയോ കൂടാതെ തന്നെ അല്ലാഹുവിന്റെ റസൂൽ മദീനയിൽ വെച്ച് ള്വുഹ്‌റിനും അസ്വ്‌റിനും മഗ്‌രിബിനും ഇശാഇനും ഇടയിൽ ജംആക്കി.’’ മറ്റൊരു നിവേദനത്തിൽ ‘ഭയമോ യാത്രയോ കൂടാതെ തന്നെ’ എന്നാണുള്ളത്.
ഇനി ശേഷിക്കുന്നത് രോഗമെന്ന ഒഴിവുകഴിവു മാത്രമാണ്. തിരുനബിﷺ ഇസ്തിഹാദത്തുള്ള (രക്തസ്രാവം) സ്ത്രീയോടു രണ്ടു നമസ്‌കാരങ്ങൾക്കിടയിൽ ജംആക്കുവാൻ കൽപിച്ചിട്ടുണ്ട്. ഇസ്തിഹാദത്ത് ഒരുതരം രോഗമാണ്. മുമ്പുദ്ധരിച്ച ഹദീസിൽ ഇബ്‌നു അബ്ബാസ്(റ) ചോദിക്കപ്പെട്ടതായി ഇപ്രകാരമുണ്ട്: ‘എന്തിനാണ് അത് ചെയ്തത്?’ അദ്ദേഹം പറഞ്ഞു: ‘തന്റെ ഉമ്മത്തികൾക്ക് പ്രയാസം ഉണ്ടാക്കാതിരി ക്കുവാൻ വേണ്ടി.’ അതിനാൽ എപ്പോഴാണോ ജംആക്കൽ ഉപേക്ഷിക്കുന്നതിനാൽ ഒരു മനുഷ്യനു പ്രയാസവും ക്ലേശവുമുണ്ടാകുന്നത് അപ്പോൾ അയാൾക്കു ജംആക്കൽ അനുവദനീയമാണ്; അയാൾ രോഗിയായാലും രോഗമല്ലാത്ത ഒഴിവുകഴിവുള്ളവനായാലും നാട്ടിൽ താമസിക്കുന്നവനായാലും യാത്രക്കാരനായാലും.
ജംആക്കി നമസ്‌കരിക്കുന്നതിനെ അനുവദനീയമാക്കുന്ന രോഗവും യാത്രയുമല്ലാത്ത ഒഴിവുകഴിവു കളിൽ പെട്ടതാണ് താഴെ പറയുന്നവ:
വസ്ത്രം നനയ്ക്കുകയും ക്ലേശമേൽപിക്കുകയും ചെയ്യും വിധമുള്ള കനത്ത മഴ.
ജനങ്ങൾക്കു നടത്തത്തിനു പ്രയാസം സൃഷ്ടിക്കുന്ന നനഞ്ഞ മണ്ണും ചളിയും.
പതിവിനപ്പുറമുള്ള ശക്തമായ ശൈത്യക്കാറ്റ്.
ഇതുപോലെ ജംആക്കൽ ഉപേക്ഷിച്ചാൽ ഒരു ദാസന് പ്രയാസമേൽപിക്കുന്ന ഇതര ഒഴിവുകഴിവുകൾ.
ജം ആക്കുന്നതിന്റെ പരിധി
യാത്രക്കാരനും അവന്റെ വിധിയിലുള്ളവനും ദ്വുഹ്‌റും അസ്വ്‌റും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംആക്കലാണ് മതപരമായി അതിനുള്ള പരിധി. ഇപ്രകാരമാണ് മഴകാരണത്താലും മഴയുടെ വിധിയിലുള്ള ഇതര കാരണങ്ങളാലും ജംആക്കലും. അതിനാൽ ദ്വുഹ്‌റും അസ്വ്‌റും തമ്മിലും മഗ്‌രിബും ഇശാഉം തമ്മിലും ജംആക്കൽ അനുവദനീയമാകുന്നു. മുകളിൽ പരാമർശിച്ച, ഇബ്‌നുഅബ്ബാസി(റ)ൽ നിന്നുള്ള ഹദീസിന്റെ തേട്ടം അതാണ്. അബൂബക്ർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും അപ്രകാരം ചെയ്തിട്ടുണ്ട്. മഗ്‌രിബും ഇശാഉം തമ്മിൽ ജംആക്കുവാനുള്ള കാരണം (ജംആക്കിയില്ലെങ്കിൽ) ബുദ്ധിമുട്ടുണ്ട് എന്നുള്ളതാണ്; അതു ദ്വുഹ്‌റിന്റെയും അസ്വ്‌റിന്റെയും വിഷയത്തിലുമുണ്ടല്ലോ.
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വ സ്സുന്ന’ എന്ന ഗ്രന്ഥത്തിൽ നിന്നുമെടുത്തത്)
(തുടരും)

