ഒഴിവുകഴിവുള്ളവരുടെ നമസ്‌കാരം
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 നവംബർ 02, 1446 റ. ആഖിർ 30

ഒഴിവുകഴിവില്ലാത്തവർ നമസ്‌കരിക്കുന്ന രൂപത്തിൽ നമസ്‌കാരം നിർവഹിക്കുവാൻ സാധ്യമാകാത്ത രോഗികളും യാത്രക്കാരും ഭയപ്പാടുള്ളവരുമാണ് അഹ്‌ലുൽഅഅ്ദാർ അഥവാ ഒഴിവുകഴിവുകളുള്ളവർ. അല്ലാഹു അവർക്ക് ഇളവു നൽകിയിരിക്കുന്നു. അതിനാൽ അവർ അവർക്ക് സാധ്യമാകുന്നതിനനുസരിച്ചു നമസ്‌കരിക്കണം. അല്ലാഹു പറഞ്ഞു: “മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെമേൽ അവൻ ചുമത്തിയിട്ടില്ല’’ (ക്വുർആൻ 22: 78). “അല്ലാഹു ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ നിർബന്ധിക്കുകയില്ല’’ (ക്വുർആൻ 2:286). “അതിനാൽ നിങ്ങൾക്കു സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക’’ (ക്വുർആൻ 64:16).
അതിനാൽ, മശക്ക്വത്ത് (ഞെരുക്കം) കാണപ്പെടുന്നതിനനുസരിച്ച് തയ്‌സീറും (എളുപ്പമാക്കലും) കാണപ്പെടും.
രോഗിയുടെ നമസ്‌കാര രീതി
ശാരീരിക ആരോഗ്യത്തിനു അസുഖം ബാധിച്ചവനാണ് അൽമരീദ്വ് അഥവാ രോഗി. അസുഖം ശരീരമാസകലമായാലും ഭാഗികമായാലും ശരി. ഏതു രീതിയിലാണെങ്കിലും നിർബന്ധ നമസ്‌കാരം നിന്നുകൊണ്ട് നിർവഹിക്കൽ രോഗിക്ക് അനിവാര്യമാണ്. തന്റെ മുതുകു നേരെ നിവർത്തുവാൻ സാധിക്കാത്തവിധം മുതുകിൽ രോഗമുള്ളവൻ റുകൂഅ് ചെയ്യുന്നവന്റെ രൂപത്തിലെങ്കിലും നിന്നുകൊണ്ട് നമസ്‌കരിക്കണം. അല്ലെങ്കിൽ ചുമരിലോ തൂണിലോ ചാരിക്കൊണ്ടോ അല്ലെങ്കിൽ വടിയിൽ ഊന്നിക്കൊണ്ടോ നിന്നു നമസ്‌കരിക്കണം. തിരുനബിﷺ പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കാര്യം കൽപിച്ചാൽ നിങ്ങൾക്കു സാധ്യമായത്ര അതു നിങ്ങൾ എത്തിക്കുക.’’
രോഗിക്കു നിന്നു നമസ്‌കരിക്കുവാൻ സാധിച്ചില്ലെങ്കിൽ ഇരുന്ന് നമസ്‌കരിക്കണം. അതിനും സാധിച്ചില്ലയെങ്കിൽ കിടന്നുകൊണ്ട് നമസ്‌കരിക്കണം. നബി ﷺ ഇംറാൻ ഇബ്‌നു ഹുസ്വയ്‌നി(റ)നോടു പറഞ്ഞു: “താങ്കൾ നിന്നുകൊണ്ട് നമസ്‌കരിക്കുക. താങ്കൾക്ക് അതിനു സാധിച്ചില്ലയെങ്കിൽ അപ്പോൾ ഇരുന്നുകൊണ്ടു നമസ്‌കരിക്കുക. അതിനും താങ്കൾക്കു സാധിച്ചില്ലയെങ്കിൽ അപ്പോൾ കിടന്നുകൊണ്ടു നമസ്‌കരിക്കുക.’’
ഇതിനൊന്നിനും കഴിയാത്തവൻ തന്റെ അവസ്ഥക്കനുസരിച്ച് നമസ്‌കരിക്കട്ടെ. അല്ലാഹു പറഞ്ഞു: “അതിനാൽ നിങ്ങൾക്കു സാധ്യമായവിധം അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുക’’ (ക്വുർആൻ 67:16).
നിയ്യത്തോടെ നമസ്‌കാരം നിർവഹിക്കുവാൻ കഴിവുള്ളതിനാൽ ആംഗ്യഭാഷയിൽ അവൻ നമസ്‌കരിച്ചാലും ശരി; ബുദ്ധിക്കു സ്ഥിരതയുള്ള കാലത്തോളം രോഗിയായ ഒരു വ്യക്തിയെത്തൊട്ട് നമസ്‌കാരം ഒഴിവാകുകയില്ല.
ഇരുന്നു നമസ്‌കരിക്കുന്ന രോഗി റുകൂഇലും സുജൂദിലും തന്റെ തലകൊണ്ട് ആംഗ്യം കാണിക്കുകയും റുകൂഇനെക്കാൾ സുജൂദിൽ തല കൂടുതൽ താഴ്ത്തുകയും ചെയ്യണം. തലകൊണ്ട് ആംഗ്യം കാണിക്കുവാൻ അശക്തനായാൽ തന്റെ കണ്ണുകൊണ്ട് ആംഗ്യം കാണിക്കണം.
യാത്രക്കാരന്റെ നമസ്‌കാരം
നാലു റക്അത്തുള്ള നമസ്‌കാരങ്ങൾ ക്വസ്വ്‌റാക്കൽ
ക്വസ്വ്‌റാക്കുന്നതിന്റെ വിധി:
യാത്രക്കാരനു നാലു റക്അത്തുകളുള്ള നമസ്‌കാരങ്ങൾ ക്വസ്വ്‌റാക്കി (രണ്ടാക്കി ചുരുക്കി) നമസ്‌കരിക്കുന്നത് നിയമമാണെന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമില്ല. വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും ഇജ്മാഇലും അതിനു തെളിവുണ്ട്. വിശുദ്ധക്വുർആനിൽ അല്ലാഹു പറഞ്ഞു:
“നിങ്ങൾ ഭൂമിയിൽ യാത്രചെയ്യുകയാണെങ്കിൽ സത്യനിഷേധികൾ നിങ്ങൾക്ക് നാശം വരുത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്ന പക്ഷം നമസ്‌കാരം ചുരുക്കി നിർവഹിക്കുന്നതിൽ നിങ്ങൾക്കു കുറ്റമില്ല’’ (ക്വുർആൻ 3:101).
പേടിയുടെ അവസ്ഥയിലും മറ്റും യാത്രയിൽ ക്വസ്വ്‌റാക്കൽ അനുവദനീയമാണ്. ജനങ്ങൾ നിർഭയത്വത്തിലായിരിക്കെ ക്വസ്‌റാക്കി (ചുരുക്കി) നമസ്‌കരിക്കുന്നതിനെ കുറിച്ച് ചോദിക്കപെട്ടപ്പോൾ നബിﷺ പറഞ്ഞു: “അത് അല്ലാഹു നിങ്ങൾക്കരുളിയ ദാനമാണ്. അല്ലാഹുവിന്റെ ദാനത്തെ നിങ്ങൾ സ്വീകരിച്ചുകൊള്ളുക.’’
തിരുനബിﷺയും അവിടുത്തെ സ്വഹാബത്തും ക്വസ്വ്‌റാക്കൽ പതിവാക്കിയിരുന്നു. ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം: “ഞാൻ അല്ലാഹുവിന്റെ റസൂലുമായി യാത്രയിൽ സഹവസിച്ചിട്ടുണ്ട്. തിരുമേനിയെ മരണത്തിലൂടെ അല്ലാഹു പിടികൂടുന്നതുവരെ അവിടുന്ന് രണ്ടു റക്‌അത്തിനെക്കാൾ വർധിപ്പിച്ചിട്ടില്ല. ഞാൻ അബൂബക്‌റിനോട് അദ്ദേഹത്തിന്റെ യാത്രയിൽ സഹവസിച്ചിട്ടുണ്ട്. മരണത്തിലൂടെ അല്ലാഹു അദ്ദേഹത്തെ പിടികൂടുന്നതുവരെ അവിടുന്ന് രണ്ടു റക്‌അത്തിനെക്കാൾ വർധിപ്പിച്ചിട്ടില്ല...’’ ശേഷം ഉമറി(റ)നെയും ഉസ്മാനെ(റ)യും (അവരും മരണംവരെ രണ്ടു റക്‌അത്തിനെക്കാൾ വർധിപ്പിച്ചിട്ടില്ലെന്ന്) ഇബ്‌നുഉമർ(റ) അനുസ്മരിച്ചു.
തിരുനബിﷺ പറഞ്ഞതായി ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം: “നിശ്ചയം, അല്ലാഹു; അവന് എതിരു പ്രവർത്തിക്കുന്നത് വെറുക്കുന്നതുപോലെ അവനേകിയ ഇളവുകൾ നിർവഹിക്കുന്നത് ഇഷ്ടപ്പെടുന്നു.’’
ഇസ്‌ലാം ദീനിൽ അനിവാര്യമായും അറിയപ്പെട്ട കാര്യമാണ് ക്വസ്വ്‌റാക്കുക എന്നത്. മുസ്‌ലിം ഉമ്മത്ത് ഈ വിഷയത്തിൽ ഏകോപിച്ചിരിക്കുന്നു. അതിനാൽ ഈ സുന്നത്തു കാത്തുസൂക്ഷിക്കലും ഈ ഇളവ് സ്വീകരിക്കലുമാണ് അത് ഉപേക്ഷിക്കുന്നതിനെക്കാൾ ഏറ്റവും അർഹവും ഉത്തമവുമായത്. എന്നു മാത്രമല്ല, നബിയും സ്വഹാബത്തും ഈ സുന്നത്ത് നിത്യമായി ചെയ്യുന്നതിൽ കണിശത പുലർത്തിയതിനാലും ക്വസ്‌റാക്കൽ യാത്രയിൽ തിരുനബിയുടെ നിത്യചര്യയായതിനാലും ചില പണ്ഡിതന്മാർ യാത്രയിൽ പൂർത്തീകരിച്ചു നമസ്‌കരിക്കുന്നത് വെറുത്തിട്ടുണ്ട്.
ക്വസ്വ്‌ർ അനുവദനീയമാകുന്ന നമസ്‌കാരം
നാലു റക്അത്തുകളുള്ള നമസ്‌കാരങ്ങളാകുന്നു ക്വസ്വ്‌ർ അനുവദനീയമാകുന്ന നമസ്‌കാരങ്ങൾ. അവ ദ്വുഹ്ർ, അസ്വ‌്ർ, ഇശാഅ് എന്നിവയാകുന്നു. സ്വുബ്ഹിയും മഗ്‌രിബും ക്വസ്വ്‌ർ ആക്കപ്പെടുകയില്ലെന്നതിൽ ഇജ്മാഅ് (ഏകോപിച്ചുള്ള അഭിപ്രായം) ഉണ്ട്. തിരുനബിﷺയുടെയും ശേഷം സ്വഹാബത്തിന്റെയും പ്രവൃത്തിയും അതാണ് അറിയിക്കുന്നത്. ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: “അല്ലാഹു തിരുദൂതരുടെ നാവിലൂടെ നാട്ടിൽ താമസിക്കുമ്പോൾ നാലും യാത്രയിൽ രണ്ടും നിർബന്ധമാക്കിയിരിക്കുന്നു...’’ നാലു റക്അത്തുള്ള നമസ്‌കാരമാണ് ഉദ്ദേശ്യം എന്ന് ഇത് അറിയിക്കുന്നു.
യാത്രയുടെ ദൂരപരിധിയും ഇനവും
നമസ്‌കാരം ക്വസ്വ്‌റാക്കപ്പെടുവാനുള്ള യാത്രയുടെ ദൂരപരിധി ഏകദേശം പതിനാറ് ഫർസഖാകുന്നു. അതാകട്ടെ നാലു ബുർദാകുന്നു. മൈലിന്റെ കണക്കിൽ നാൽപത്തിയെട്ടു മൈൽ. അത് എൺപതു കിലോമീറ്ററിനോടടുത്താകുന്നു. ഒരു രാവും പകലുമുള്ള യാത്രക്ക് സഫർ എന്നാണ് തിരുനബിﷺ പേരു വെച്ചത്. ഇബ്‌നു അബ്ബാസും ഇബ്‌നുഉമറും നാലു ബുർദ് ദൈർഘ്യമുള്ള യാത്രയിൽ നമസ്‌കാരം ക്വസ്വ്‌റാക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു. പതിനാറ് ഫർസഖ് യാത്രാദൂരമാണ് അത്.
കച്ചവടത്തിനുള്ള യാത്ര, ഉല്ലാസയാത്ര പോലുള്ള അനുവദനീയ യാത്രയും ഹജ്ജിനും ജിഹാദിനുമുള്ള യാത്രപോലുള്ള നിർബന്ധ യാത്രയും സിയാറത്തിനുള്ള യാത്ര, രാണ്ടാമതു നിർവഹിക്കുന്ന ഹജ്ജിനുള്ള യാത്ര പോലുള്ള സുന്നത്തായ യാത്രയുമാണ് ക്വസ്വ്‌റാക്കപ്പെടുന്ന യാത്രയുടെ ഇനങ്ങൾ. അതിനാൽ കൂടുതൽ പണ്ഡിതന്മാരുടെ അഭിപ്രായ പ്രകാരം ഹറാമായ യാത്രയിൽ നമസ്‌കാരം ക്വസ്വ്‌റാക്കപ്പെടൽ അനുവദനീയമല്ല.
താമസം ഉദ്ദേശിച്ചവന് ക്വസ്വ്‌റാക്കാമോ?

വല്ലവനും യാത്ര ചെയ്ത് ഇക്വാമത്ത് (താമസം) ഉദ്ദേശിച്ചാൽ അവൻ ക്വസ്വ്‌റാക്കുന്ന വിഷയത്തിൽ വിശദീകരണം ആവശ്യമാണ്. അതിപ്രകാരമാണ്: ഒരാൾ (ഇത്ര ദിവസമെന്ന്) നിർണിതമല്ലാത്ത ഇക്വാമത്താണ് ഉദ്ദേശിക്കുന്നതെങ്കിൽ അവൻ ക്വസ്വ്‌റാക്കരുത്. ക്വസ്വ്‌റാക്കുന്നതിനെ അനുവദിക്കുന്ന കാരണം അവന്റെ വിഷയത്തിൽ ഇല്ലാതാവുന്നതിനാലാണത്. ഇതു പോലെയാണ് നാലു ദിവസത്തെക്കാൾ കൂടുതൽ താമസിക്കുവാൻ വിചാരിച്ചവനും; ഒരു ആവശ്യത്തിനു താമസിക്കുകയും നാലു ദിവസത്തിനു ശേഷമല്ലാതെ ആവശ്യം തീരുകയില്ലെന്നു ഉറപ്പിക്കുകയും ചെയ്തവൻ. കാരണം തിരുനബി മക്കയിൽ താമസിക്കുകയും അപ്പോൾ ഇരുപത്തിയൊന്ന് നമസ്‌കാരം ക്വസ്‌റാക്കിക്കൊണ്ട് നമസ്‌കരിക്കുകയും ചെയ്തു. ദുൽഹജ്ജ് നാലിന്റെ പ്രഭാതത്തിൽ തിരുമേനി വരികയും യൗമുത്തർവിയ്യ (ദുൽഹജ്ജ് എട്ട്) വരെ താമസിക്കുകയും ചെയ്തു. അവിടെ സ്വുബ്ഹി നമസ്‌കരിച്ച ശേഷം തിരുമേനി പുറപ്പെട്ടു. അതിനാൽ വല്ലവനും തിരു
നബി താമസിച്ചതുപോലെ നാലു ദിവസമോ അല്ലെങ്കിൽ അതിനെക്കാൾ കുറവോ നാളുകൾ താമസിച്ചാൽ അവൻ ക്വസ്വ്‌റാക്കട്ടെ. അതിനെക്കാൾ കൂടുതൽ താമസിച്ചാൽ അവൻ ക്വസ്വ്‌റാക്കാതെ പൂർത്തീകരിച്ചു നമസ്‌കരിക്കട്ടെ. ഇമാം അഹ്‌മദ് ഇതു രേഖപ്പെടു ത്തി. അനസ്(റ) പറഞ്ഞു:
“ഞങ്ങൾ മക്കയിൽ പത്തുനാൾ ക്വസ്വ്‌റാക്കിക്കൊണ്ട് താമസിച്ചു.’’ ഇതിന്റെ അർഥം നാം ഉണർത്തി യതാണ്. കാരണം ആ താമസം ദുൽഹജ്ജു പത്തിൽ മിനയിലേക്കും അറഫയിലേക്കും ശേഷമുള്ള സ്ഥലങ്ങളിലേക്കുമുള്ള പുറപ്പാടിനനുസരിച്ചാണ്. താമസിക്കുമെന്ന് നിയ്യത്തില്ലാതെ നാലു ദിവസത്തിൽ കൂടുതൽ വല്ല ആവശ്യത്തിനും തങ്ങുകയും ആവശ്യം എപ്പോൾ തീരുമെന്ന് അറിയാതിരിക്കുകയുമായാൽ അവന്ന് ക്വസ്വ്‌റാക്കാം. ഒരാൾ അന്യായമായി ബന്ധിക്കപ്പെട്ടു, അല്ലെങ്കിൽ മഴയാൽ തടയപ്പെട്ടു; എങ്കിലും ക്വസ്വ്‌റാക്കാം; അവൻ വർഷങ്ങൾ തങ്ങിയാലും ശരി. ഇബ്‌നുൽ മുൻദിർ പറഞ്ഞു: ‘താമസം തീരുമാ നിക്കാത്ത കാലമത്രയും യാത്രക്കാരന് ക്വസ്വ‌്റാക്കി നമസ്‌കരിക്കാം എന്നതിൽ പണ്ഡിതന്മാർ ഏകോ പിച്ചിട്ടുണ്ട്.’
യാത്രക്കാരൻ പൂർത്തീകരിച്ചു നമസ്‌കരിക്കൽ നിർബന്ധ മാകുന്ന അവസ്ഥകൾ
യാത്രയിൽ ക്വസ്വ്‌റാക്കൽ അനുവദനീയമെന്നതിൽനിന്ന് ഒഴിവാക്കപ്പെടുന്ന ചില അവസ്ഥകളുണ്ട് (പൂർത്തീകരിച്ചു നമസ്‌കരിക്കേണ്ട അവസ്ഥകൾ). അവ താഴെ വിവരിക്കുന്നു:
1. യാത്രക്കാരൻ നാട്ടിൽ താമസിക്കുന്നവനെ തുടർന്നു നമസ്‌കരിച്ചാൽ പൂർത്തീകരിച്ചു നമസ്‌കരിക്കൽ അവന് നിർബന്ധമാണ്. കാരണം, തിരുനബിﷺ പറഞ്ഞു: “ഇമാമിനെ പിന്തുടരുന്നതിനു വേണ്ടിയാണ് ഇമാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.’’ നാട്ടിൽ താമസിക്കുന്നവന്റെ പിന്നിൽ പൂർത്തിയാക്കി നമസ്‌കരിക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: “അത് അബുൽക്വാസിമിന്റെ (നബിയുടെ) സുന്നത്താകുന്നു.’’
2. യാത്രക്കാരനാണോ അതല്ല നാട്ടിൽ താമസിക്കുന്നവനാണോ എന്ന് സംശയിക്കപ്പെടുന്നവനെ തുടർന്നു നമസ്‌കരിച്ചാൽ: വിമാനത്താവളം പോലുള്ള സ്ഥലങ്ങളിൽ ഒരു ഇമാമിനു പിന്നിൽ നമസ്‌കാരത്തിൽ പ്രവേശിക്കുകയും പ്രസ്തുത ഇമാം യാത്രക്കാരനാണോ അതല്ല നാട്ടിൽ താമസിക്കുന്നവനാണോ എന്ന് അറിയാതിരിക്കുകയും ചെയ്താൽ പൂർത്തീകരിച്ചു നമസ്‌കരിക്കൽ അവന് നിർബന്ധമാണ്. കാരണം ക്വസ്വ്‌റാക്കുവാൻ നിയ്യത്ത് അനിവാര്യമാണ്. എന്നാൽ നിയ്യത്തിൽ ആശയക്കുഴപ്പമാണെങ്കിൽ അവൻ പൂർത്തീകരിച്ചു നമസ്‌കരിക്കണം.
3. നാട്ടിൽ താമസിക്കുമ്പോൾ ഉണ്ടായിരുന്ന നമസ്‌കാരം യാത്രയിൽ ഓർത്താൽ: നാട്ടിലായിരിക്കുമ്പോൾ വുദൂഅ് ഇല്ലാതെയാണ് ദ്വുഹ്ർ നമസ്‌കരിച്ചതെന്ന് യാത്രയിൽ ഓർമിച്ച, അല്ലെങ്കിൽ നാട്ടിലായിരിക്കുമ്പോൾ നഷ്ടപ്പെട്ട നമസ്‌കാരത്തെ യാത്രയിൽ ഓർമിച്ച യാത്രക്കാരനെപ്പോലെ. ഇവിടെ പൂർത്തീകരിച്ചു നമസ്‌കരിക്കൽ അവന്നു നിർബന്ധമാണ്. തിരുനബിﷺ പറഞ്ഞു: “വല്ലവനും നമസ്‌കാരത്തെ തൊട്ട് ഉറങ്ങുകയോ അല്ലെങ്കിൽ മറന്നുപോവുകയോ ചെയ്താൽ ഓർമവന്നാൽ അവനതു നമസ്‌കരിക്കട്ടെ.’’ അഥവാ അത് അതുപോലെ അവൻ നമസ്‌കരിക്കട്ടെ. കാരണം ഈ നമസ്‌കാരം അവനു പൂർണമായ നിലയ്ക്കാണ് നിർബന്ധമായത്. അതിനാൽ അതു പൂർണമായ നിലയ്ക്ക് ക്വദാഅ് വീട്ടലും നിർബന്ധമാണ്.
4. പൂർത്തിയാക്കി നിർവഹിക്കൽ നിർബന്ധമായ ഒരു നമസ്‌കാരത്തിൽ യാത്രക്കാരൻ പ്രവേശിക്കുകയും പ്രസ്തുത നമസ്‌കാരം ബാത്വിലായി ആ നമസ്‌കാരം മടക്കി നിർവഹിക്കുകയും ചെയ്യുമ്പോൾ: നാട്ടിൽ താമസിക്കുന്നവനു പിന്നിൽ ഒരു യാത്രക്കാരൻ നമസ്‌കരിക്കുന്നതുപോലെ; ഈ അവസ്ഥയിൽ പൂർത്തീക രിച്ചു നമസ്‌കരിക്കൽ യാത്രക്കാരനു നിർബന്ധമാണല്ലോ. ഈ നമസ്‌കാരം യാത്രക്കാരനു ബാത്വിലാവു കയും അവനതു മടക്കി നമസ്‌കരിക്കുകയും ചെയ്യുമ്പോൾ പൂർണമായി മടക്കിനിർവഹിക്കൽ നിർബന്ധ മാണ്. കാരണം അതു പൂർണമായിക്കൊണ്ട് നിർവഹിക്കൽ നിർബന്ധമായ നമസ്‌കാരത്തെ മടക്കി നിർവഹിക്കലാകുന്നു.
5. താൻ യാത്ര ചെയ്‌തെത്തിയ നാട്ടിൽ, യാത്ര ഒരു നിർണിത കാലത്തേക്കെന്നോ നിർണിത ജോലി ക്കെന്നോ ഉപാധിവെക്കാതെ നിരുപാധികം താമസിക്കുവാൻ യാത്രക്കാരൻ ഉദ്ദേശിച്ചാൽ: ഇപ്രകാരമാണ് യാത്ര ചെയ്‌തെത്തിയ നാടിനെ സ്വദേശമായി സ്വീകരിക്കുവാനുദ്ദേശിച്ചാൽ; നമസ്‌കാരം പൂർണമായി നിർവഹിക്കൽ അവനു നിർബന്ധമാണ്. കാരണം യാത്രയുടെ വിധി അവന്റെ വിഷയത്തിൽ നിലച്ചുപോയി. എന്നാൽ യാത്ര അവസാനിക്കുന്ന ഒരു നിർണിത കാലംകൊണ്ടോ, അല്ലെങ്കിൽ ചെയ്തുതീരുന്ന ജോലികൊണ്ടോ യാത്രക്ക് ഉപാധി വെച്ചാൽ അവൻ യാത്രക്കാരനാണ്. അവനു നമസ്‌കാരം ക്വസ്വ്‌റാക്കാം.
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

