സംഘടിത നമസ്‌കാരം
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

പള്ളികളിൽ ജമാഅത്തായുള്ള (സംഘടിതമായുള്ള) നമസ്‌കാരം ഇസ്‌ലാമികചിഹ്നങ്ങളിൽ മഹനീയമാകുന്നു. അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങൾ പള്ളിയിൽവച്ച് നിർവഹിക്കൽ അതിമഹത്തായ പുണ്യകർമമാണെന്നതിൽ മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു. നിർണിത സമയങ്ങളിൽ സമ്മേളിക്കുകയെന്നത് ഈ സമുദായത്തിന് അല്ലാഹു നിയമമാക്കിയിരിക്കുന്നു. അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ, ജുമുഅ നമസ്‌കാരം, പെരുന്നാൾ നമസ്‌കാരം, ഗ്രഹണ നമസ്‌കാരം എന്നിവ അതിൽപെട്ടതാണ്. സമ്മേളനങ്ങളിൽ ഏറ്റവും മഹത്തരമായതും അതിപ്രധാനമായതും അറഫയിൽ സമ്മേളിക്കലാണ്. വിശ്വാസങ്ങളിലും ആരാധനകളിലും മതചിഹ്നങ്ങളിലും ഇസ്‌ലാമിക സമൂഹത്തിന്റെ ഐക്യത്തിലേക്കാണ് അത് വിരൽചൂണ്ടുന്നത്. മുസ്‌ലിംകളുടെ നന്മകൾക്കുവേണ്ടി കൂടിയാണ് ഇസ്‌ലാമിൽ ഇത്തരം മഹത്തായ സമ്മേളനങ്ങൾ നിയമമാക്കിയത്. മുസ്‌ലിംകൾ വ്യത്യസ്ത കക്ഷികളും ഗോത്രങ്ങളുമായിരിക്കെത്തന്നെ അവർക്കിടയിൽ പരസ്പരബന്ധം ചാർത്തുക, അന്യോന്യം അവസ്ഥകൾ അന്വേഷിക്കുക പോലുള്ള, സമുദായത്തിനു ബാധകമാകുന്ന നന്മകളെല്ലാം അതിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞു:
“ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു’’ (ക്വുർആൻ 49:13).
സംഘടിതനമസ്‌കാരത്തിന്റെ മഹത്ത്വം
സംഘടിതമായുള്ള നമസ്‌കാരത്തിനു തിരുനബിﷺ പ്രോത്സാഹനമേകുകയും അതിന്റെ ശ്രേഷ്ഠതയും മഹത്തായ പ്രതിഫലവും വ്യക്തമാക്കുകയും ചെയ്തു. നബിﷺ പറഞ്ഞു: “ജമാഅത്തായുള്ള നമസ്‌കാരം ഒറ്റക്കു നമസ്‌കരിക്കുന്നതിനെക്കാൾ ഇരുപത്തി ഏഴു ദറജ ശ്രേഷ്ഠമാണ്.’’
മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: “ഒരു വ്യക്തി അയാളുടെ വീട്ടിലും അങ്ങാടിയിലും നമസ്‌കരിക്കുന്നതിനെക്കാൾ ജമാഅത്തായുള്ള അയാളുടെ നമസ്‌കാരം ഇരുപത്തിയഞ്ചിരട്ടിയായി വർധിപ്പിക്കപ്പെടും. അയാൾ വുദൂഅ് ചെയ്യുകയും അത് നന്നാക്കുകയും ശേഷം നമസ്‌കാത്തിനായി അയാൾ പള്ളിയിലേക്കു പുറപ്പെടുകയും ചെയ്തു; നമസ്‌കാരമല്ലാതെ മറ്റൊരുദ്ദേശ്യവും അയാൾക്കില്ല. അയാൾക്ക് ഒരു പദവി ഉയർത്തപ്പെടാതെയും അയാളിൽനിന്ന് ഒരു തെറ്റ് മായ്ക്കപ്പെടാതെയും അയാൾ ഒരു കാലടിയും വെക്കുന്നില്ല. അയാൾ നമസ്‌കരിച്ചാൽ അയാളുടെ മുസ്വല്ലയിൽ അയാൾ കഴിയുന്ന സമയമത്രയും മലക്കുകൾ അയാൾക്കു കാരുണ്യത്തിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കും...’’
ജമാഅത്തുനമസ്‌കാരത്തിന്റെ വിധി
നിർബന്ധമായ അഞ്ചുനേരത്തെ നമസ്‌കാരങ്ങൾ ജമാഅത്തായി നിർവഹിക്കൽ വാജിബ് (നിർബന്ധം) ആകുന്നു. അവ ജമാഅത്തായി നമസ്‌കരിക്കൽ വാജിബാണെന്നത് ക്വുർആനും സുന്നത്തും വിളിച്ചറിയിക്കുന്നു. വിശുദ്ധക്വുർആനിൽ അല്ലാഹു പറഞ്ഞു:
“(നബിയേ,) നീ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും, അവർക്ക് നേതൃത്വം നൽകിക്കൊണ്ടു നമസ്‌കാരം നിർവഹിക്കുകയുമാണെങ്കിൽ അവരിൽ ഒരു വിഭാഗം നിന്റെ കൂടെ നിൽക്കട്ടെ’’ (ക്വുർആൻ 4:102).
ഈ കൽപന നിർബന്ധത്തിനാകുന്നു. (യുദ്ധസന്ദർഭം പോലുള്ള) ഭയമുള്ള വേളയിൽ പോലും ജമാഅത്തായിട്ടാണ് നമസ്‌കരിക്കേണ്ടതെങ്കിൽ നിർഭയത്വമുള്ളപ്പോൾ ജമാഅത്തായി നമസ്‌കാരം നിർവഹിക്കൽ തീർത്തും ന്യായമാണ്. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂൽ പറഞ്ഞു: “കപടവിശ്വാസികൾക്ക് ഏറ്റവും ഭാരിച്ച നമസ്‌കാരം ഇശാഅ് നമസ്‌കാരവും ഫജ്ർ നമസ്‌കാരവുമാണ്. അവ രണ്ടിലുമുള്ളത് (പ്രതിഫലം) അവർ അറിഞ്ഞിരുന്നുവെങ്കിൽ ഇഴഞ്ഞുകൊണ്ടെങ്കി ലും അവർ അതിലേക്ക് വന്നെത്തുമായിരുന്നു.
നിശ്ചയം, ഇക്വാമത്ത് വിളിക്കപ്പെട്ടു നമസ്‌കരിക്കുവാനും ജനങ്ങൾക്ക് ഇമാമുനിന്ന് നമസ്‌കരിക്കുവാൻ ഒരാളോടു കൽപിക്കുവാനും വിറകുകെട്ടുകളുള്ള ആളുകളെ എന്റെ കൂടെകൂട്ടി നമസ്‌കാരത്തിനു ഹാജറാകാത്ത ആളുകളിലേക്കു പോകുവാനും അവരെ ഉൾപ്പെടുത്തി അവരുടെ വീടുകൾ തീകൊണ്ട് കരിക്കുവാനും ഞാൻ വിചാരിച്ചു.’’ ഈ ഹദീസു പ്രകാരം നമസ്‌കാരം ജമാഅത്തായി നിർവഹിക്കൽ നിർബന്ധമാണെന്ന് അറിയിക്കുന്ന വിഷയങ്ങൾ:
ഒന്ന്: ജമാഅത്തിൽനിന്നു പിന്തുന്നവരെ നിഫാക്വു(കാപട്യം)കൊണ്ട് നബിﷺ വിശേഷിപ്പിച്ചു. സുന്നത്തിൽനിന്ന് പിന്തുന്നവൻ മുനാഫിക്വായി ഗണിക്കപ്പെടുകയില്ല. അതിനാൽതന്നെ ഒരു വാജിബിൽനിന്നാണ് അവർ പിന്തിയതെന്ന് ഇത് അറിയിക്കുന്നു.
രണ്ട്: ജമാഅത്തിൽനിന്ന് അവർ പിന്തിയതിൽ തിരുനബിﷺ അവരെ ശിക്ഷിക്കുവാൻ ഭാവിച്ചു. ഒരു വാജിബ് ഒഴിവാക്കിയാൽ മാത്രമാണ് ശിക്ഷയുണ്ടാവുക. അല്ലാഹുവല്ലാതെ തീകൊണ്ട് ശിക്ഷിക്കുകയില്ലെന്നതു മാത്രമാണ് പ്രസ്തുത ശിക്ഷ നടപ്പിലാക്കുതിനു തിരുനബിക്കു തടസ്സമായത്. വീടുകളിലുള്ള ജമാഅത്തു നമസ്‌കാരം നിർബന്ധമില്ലാത്ത സ്ത്രീകളും കുട്ടികളുമാണ് അതിൽനിന്ന് തിരുമേനിയെ തടഞ്ഞത് എന്നും പറയപ്പെട്ടിട്ടുണ്ട്.
കാഴ്ചയില്ലാത്ത ഒരു വ്യക്തി; അയാളെ കൂട്ടിക്കൊണ്ടുവരാൻ ആളുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ വീട്ടിൽ നമസ്‌കരിക്കുവാൻ തിരുനബിയോട് അനുവാദം ചോദിച്ചു. അപ്പോൾ അദ്ദേഹത്തിനു തിരുമേനി ഇളവുനൽകി. അദ്ദേഹം തിരിച്ചുപോയപ്പോൾ നബിﷺ അദ്ദേഹത്തെ വിളിച്ചുകൊണ്ടു ചോദിച്ചു: “നമസ്‌കാരത്തിനുള്ള ബാങ്കുവിളി താങ്കൾ കേൾക്കുന്നുണ്ടോ?’’ അദ്ദേഹം പറഞ്ഞു: “അതെ.’’ തിരുമേനിﷺ പറഞ്ഞു: “എങ്കിൽ താങ്കൾ ഉത്തരമേകണം (നമസ്‌കാരത്തിന്റെ ജമാഅത്തിൽ പങ്കെടുക്കണം).’’
നബിﷺ പറഞ്ഞു: “വല്ലവനും ബാങ്കുവിളി കേൾക്കുകയും എന്നിട്ട് അതിന് ഉത്തരമേകുകയും ചെയ്തില്ലെങ്കിൽ (ജമാഅത്തു നമസ്‌കാരത്തിൽ പങ്കെടുത്തില്ലെങ്കിൽ) അയാൾക്ക് നമസ്‌കാരമില്ല; ഒഴിവുകഴിവ് ഉണ്ടായാലല്ലാതെ.’’ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: “കാപട്യം അറിയപ്പെട്ട മുനാഫിക്വ് അല്ലാതെ ജമാഅത്തു നമസ്‌കാരത്തിൽനിന്ന് പിന്തുന്നതായി ഞങ്ങൾ കണ്ടിരുന്നില്ല.’’
നമസ്‌കാരം ജമാഅത്തായി നിർവഹിക്കൽ പുരുഷന്മാർക്ക് വാജിബാകുന്നു. സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും വാജിബല്ല. മറയും സുരക്ഷിതത്വവും കുഴപ്പങ്ങളിൽനിന്നുള്ള നിർഭയത്വവും ഉണ്ടായാൽ സ്ത്രീകൾക്കു പള്ളിയിൽ ജമാഅത്തിന് ഹാജരാവുന്നതിൽ യാതൊരു തടസ്സവുമില്ല. ഭാര്യ പള്ളിയിലേക്ക് അനുവാദം ചോദിച്ചാൽ അവളെ തടയുവാൻ ഭർത്താവിനു പാടുള്ളതല്ല.
ജമാഅത്തായി നമസ്‌കരിക്കൽ ആർക്കാണോ നിർബന്ധം അവർ പള്ളിയിൽ നമസ്‌കരിക്കണം എന്നതാണ് സ്വഹീഹായ അഭിപ്രായം. വല്ലവനും യാതൊരു ഒഴിവുകഴിവുമില്ലാതെ ജമാഅത്ത് ഉപേക്ഷിക്കുകയും ഒറ്റക്ക് നമസ്‌കരിക്കുകയും ചെയ്താൽ അവന്റെ നമസ്‌കാരം സ്വഹീഹാകും. എന്നാൽ വാജിബ് ഉപേക്ഷിച്ചതിൽ (ജമാഅത്ത് ഉപേക്ഷിച്ചതിൽ) അവൻ കുറ്റക്കാരനാകും.
നമസ്‌കാരം ജമാഅത്തിനൊപ്പം വീണ്ടും നിർവഹിക്കൽ
നമസ്‌കരിച്ച ഒരു വ്യക്തി പള്ളിയിൽ പ്രവേശിച്ചാൽ താൻ ആദ്യം നിർവഹിച്ചതു ജമാഅത്തിനോടൊപ്പം വീണ്ടും നമസ്‌കരിക്കൽ അയാൾക്കു നിർബന്ധമില്ല. അയാൾക്ക് അത് സുന്നത്തു മാത്രമാണ്. ആദ്യം നിർവഹിച്ചത് ഫർദും രണ്ടാമത്തെത് സുന്നത്തുമായിരിക്കും. അബൂദർറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “നമസ്‌കാരം അതിന്റെ സമയത്തെത്തൊട്ട് പിന്തിപ്പിക്കുകയോ അല്ലെങ്കിൽ നമസ്‌കാരത്തെ പിന്തിപ്പിച്ച് അതിന്റെ ചൈതന്യം കെടുത്തുകയോ ചെയ്യുന്ന ഉമറാക്കൾ താങ്കളുടെ മേലാധികാരികളായി ഉണ്ടായിരിക്കെ താങ്കളുടെ നിലപാട് എന്തായിരിക്കും?’’ ഞാൻ ചോദിച്ചു: “അവിടുന്ന് എന്താണ് എന്നോടു കൽപിക്കുന്നത്?’’ തിരുമേനി പറഞ്ഞു: “താങ്കൾ നമസ്‌കാരം അതിന്റെ സമയത്ത് നിർവഹിക്കുക. അതിൽപിന്നെ അവരോടൊപ്പം (ഉമറാക്കളോടൊപ്പം) നമസ്‌കാരം ലഭിച്ചാൽ അപ്പോഴും നമസ്‌കരിക്കുക. അപ്പോൾ താങ്കൾക്ക് അതു സുന്നത്താണ്.’’
പള്ളിയിൽ ജമാഅത്തുനമസ്‌കാരത്തിൽനിന്ന് മാറിനിന്ന രണ്ടുപേരോട് തിരുനബിﷺ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ നാട്ടിൽ നമസ്‌കരിക്കുകയും ശേഷം ജമാഅത്തുനമസ്‌കാരമുള്ള പള്ളിയിൽ വരികയുമായാൽ നിങ്ങൾ അവരോടൊപ്പം നമസ്‌കരിക്കുക. അപ്പോൾ അതു നിങ്ങൾക്ക് സുന്നത്താണ്.’’
ജമാഅത്ത് സംഘടിതമാകുവാനുള്ള ആൾബലം
ജമാഅത്തിന്റെ ഏറ്റവും കുറഞ്ഞ എണ്ണം രണ്ടുപേരാകുന്നു എന്നതിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. മാലിക് ഇബ്‌നുൽഹുവയ്‌രസി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “നമസ്‌കാര സമയമായാൽ നിങ്ങൾ ബാങ്കുവിളിക്കുകയും ശേഷം ഇക്വാമത്ത് വിളിക്കുകയും ചെയ്യുക. രണ്ടുപേരിൽ മുതിർന്നവൻ നിങ്ങളിൽ ഇമാമു നിൽക്കട്ടെ.’’ (തുടരും)
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

