മതവിധിയും തെളിവുകളും
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 നവംബർ 30, 1446 ജു. ഊലാ 28

(ജുമുഅ നമസ്‌കാരം 2)
ജുമുഅയുടെ സുന്നത്തുനമസ്‌കാരം
ജുമുഅ നമസ്‌കാരത്തിനു മുമ്പ് സുന്നത്തു നമസ്‌കാരമില്ല. എന്നാൽ ജുമുഅക്കു സമയമാകുന്നതിനു മുമ്പ് വല്ലവനും മുത്വ്‌ലക്വായ നാഫിലത്ത് (നിരുപാധികമായ സുന്നത്ത്) നമസ്‌കരിച്ചാൽ അതിൽ കുഴപ്പമില്ല; ഈ വിഷയത്തിൽ തിരുനബിﷺ താൽപര്യം ജനിപ്പിച്ചതിനാൽ. സൽമാനി(റ)ൽനിന്നുള്ള ഹദീസിൽ വന്നതുപോലെ. തിരുനബിﷺ പറഞ്ഞു: “വല്ലവനും വെള്ളിയാഴ്ച കുളിക്കുകയും... (പള്ളിയിൽ) പോവുകയും രണ്ടാളുകൾക്കിടയിൽ വേർപ്പെടുത്തി ഇടമുണ്ടാക്കാതെ തനിക്കു വിധിച്ചത് അയാൾ നമസ്‌കരിക്കുകയും ചെയ്താൽ...’’
സ്വഹാബികൾ നമസ്‌കരിച്ചിരുന്നതിനാലും നാഫിലത്തു നമസ്‌കാരങ്ങൾക്കു മഹത്ത്വമുള്ളതിനാലുമാണ് അതിൽ കുഴപ്പമില്ലെന്നു പറഞ്ഞത്. അത് ഉപേക്ഷിച്ചാൽ എതിർക്കപ്പെടാവതല്ല. കാരണം റാതിബത്തായ സുന്നത്ത് ജുമുഅക്കു ശേഷമാകുന്നു. രണ്ടോ നാലോ ആറോ റക്അത്തുകൾ നമസ്‌കരിച്ചുകൊണ്ടാകുന്നു അത്. തിരുനബിﷺയുടെ കൽപനയും പ്രവൃത്തിയും ഈ വിഷയത്തിലുണ്ട്.
“അല്ലാഹുവിന്റെ റസൂൽ ﷺ ജുമുഅക്കുശേഷം രണ്ടു റക്അത്ത് നമസ്‌കരിക്കുമായിരുന്നു.’’ തിരുമേനി പറഞ്ഞു: “നിങ്ങളിലൊരാൾ ജുമുഅ നമസ്‌കരിച്ചാൽ അതിനുശേഷം അയാൾ നാലു റക്അത്തുകൾ നമസ്‌കരിക്കട്ടെ.’’ മറ്റൊരു നിവേദനം: “നിങ്ങളിൽ വല്ലവനും ജുമുഅക്കു ശേഷം നമസ്‌കരിക്കുന്നവനാണെങ്കിൽ അവൻ നാലു റക്അത്തുകൾ നമസ്‌കരിക്കട്ടെ.’’
എന്നാൽ ആറു റക്അത്തുകളെ കുറിച്ച് ഇബ്‌നു ഉമറി(റ)ൽനിന്നുള്ള ഹദീസിലാണ് വന്നിട്ടുള്ളത്. അദ്ദേഹം മക്കയിലാവുകയും ജുമുഅ നമസ്‌കരിക്കുകയും ചെയ്താൽ മുന്നോട്ടുനിന്ന് രണ്ടു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. പിന്നെയും മുന്നോട്ടുനിന്ന് നാലു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. അദ്ദേഹം മദീനയിലായാൽ ജുമുഅ നമസ്‌കരിക്കുകയും ശേഷം തന്റെ വീട്ടിലേക്കു മടങ്ങി രണ്ടു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. പള്ളിയിൽ അദ്ദേഹം നമസ്‌കരിക്കില്ല. അതിനാൽ അദ്ദേഹം ചോദിക്കപ്പെടുകയും അല്ലാഹുവിന്റെ തിരുദൂതർ ഇപ്രകാരം ചെയ്യുമായിരുന്നുവെന്ന് പ്രതികരിക്കുകയുമുണ്ടായി.
ജുമുഅക്കു ശേഷമുള്ള സുന്നത്തു നമസ്‌കാരം ചുരുങ്ങിയത് രണ്ടു റക്അത്തുകളാണെന്നും കൂടിയത് ആറു റക്അത്തുകളാണെന്നും ഇതിൽനിന്ന് വ്യക്തമായി. ജുമുഅക്കുശേഷമുള്ള ഈ സുന്നത്ത് പള്ളിയിലാണ് നമസ്‌കരിക്കുന്നതെങ്കിൽ നാലു റക്അത്തും വീട്ടിലാണെങ്കിൽ രണ്ടുറക്അത്തുമാണ് നമസ്‌കരിക്കേണ്ടതെന്ന് ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആകയാൽ പ്രസ്തുത നമസ്‌കാരം വ്യത്യസ്ത അവസ്ഥകളിലായിരിക്കും.
ജുമുഅ നമസ്‌കാരത്തിന്റെ രൂപം

ജുമുഅ നമസ്‌കാരം രണ്ടു റക്അത്തുകളാകുന്നു. അവയിൽ പാരായണം കൊണ്ട് ശബ്ദമുയർത്തണം. കാരണം തിരുനബിﷺ അപ്രകാരം ചെയ്യുമായിരുന്നു. തിരുനബിയുടെ പ്രവൃത്തി അവിടുത്തെ സുന്നത്താകുന്നു. അതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ ഫാതിഹക്കുശേഷം സൂറത്തുൽ ജുമുഅയും രണ്ടാമത്തെ റക്അത്തിൽ സൂറത്തുൽ മുനാഫിക്വീനും, അല്ലെങ്കിൽ ഒന്നാമത്തെ റക്അത്തിൽ സൂറത്തുൽ അഅ്‌ലയും രണ്ടാമത്തേതിൽ സൂറത്തുൽഗാശിയയും ഓതൽ സുന്നത്താകുന്നു. കാരണം തിരുനബിﷺ അപ്രകാരം പാരായണം ചെയ്തിട്ടുണ്ട്.
ജുമുഅയുടെ സുന്നത്തുകൾ
1. മഹത്തായ പ്രതിഫലം നേടുന്നതിനായി ജുമുഅക്കു നേരത്തെ പുറപ്പെടൽ സുന്നത്താകുന്നു. അബൂ ഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ അല്ലാഹുവിന്റെ തിരുദൂതർﷺ പറഞ്ഞതായി ഇപ്രകാരമുണ്ട്: “വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കും പ്രകാരം കുളിക്കുകയും ശേഷം ആദ്യസമയത്തു തന്നെ ജുമുഅക്കു പോവുകയുമായാൽ അവൻ ഒരു ഒട്ടകത്തെ ബലി നൽകിയതുപോലെയാണ്. രണ്ടാമത്തെ സമയം ജുമുഅക്കു പോയാൽ അവൻ ഒരു പശുവിനെ ബലിനൽകിയതു പോലെയാണ്. മൂന്നാമത്തെ സമയം പോയാൽ അവൻ ഒരു കൊമ്പുള്ള മുട്ടനാടിനെ ബലിനൽകിയതു പോലെയാണ്. നാലാമത്തെ സമയം പോയാൽ അവൻ ഒരു കോഴിയെ ബലി നൽകിയതുപോലെയാണ്. അഞ്ചാമത്തെ സമയം പോയാൽ അവൻ ഒരു കോഴിമുട്ട സമർപ്പിച്ചതുപോലെയാണ്. ഖുത്വുബ നിർവഹിക്കുവാൻ വേണ്ടി ഇമാം പുറപ്പെട്ടാൽ ഉൽബോധനം കേൾക്കുന്നവരായി മലക്കുകൾ ഹാജരാകും.’’
തിരുനബിﷺ വീണ്ടും പറഞ്ഞു: “വല്ലവനും വെള്ളിയാഴ്ച ദിനം കുളിക്കുകയും കഴുകുകയും നേരത്തെ പുറപ്പെടുകയും (ഇമാമിനോട്) അടുക്കുകയും ശ്രദ്ധിച്ചു കേൾക്കുകയും മൗനം ദീക്ഷിക്കുകയും ചെയ്താൽ അവൻ വെക്കുന്നതായ ഓരോ കാലടിക്കും ഒരു വർഷത്തെ നോമ്പിന്റെയും നമസ്‌കാരത്തിന്റെയും പ്രതിഫലമുണ്ടായിരിക്കും.’’
2. വെള്ളിയാഴ്ച കുളിക്കുന്നത് സുന്നത്താകുന്നു. മുമ്പ് ഉണർത്തിയ, അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “വല്ലവനും വെള്ളിയാഴ്ച ദിവസം ജനാബത്തു കുളിക്കുന്നതുപ്രകാരം കുളിക്കുകയും...’’ വെള്ളിയാഴ്ച കുളിക്കുവാൻ അമിതതാൽപര്യം കാണിക്കൽ അനിവാര്യമാകുന്നു; വിശിഷ്യാ നീരസമുളവാക്കുന്ന വാസനയുള്ളവർ.
3. സുഗന്ധമുപയോഗിക്കലും വൃത്തിയാക്കലും നഖങ്ങൾ വെട്ടലും തുടങ്ങി ശരീരത്തിൽനിന്ന് അനിവാര്യമായും നീക്കിക്കളയേണ്ടവ നീക്കലും സുന്നത്താണ്.
കുളിച്ചു ശുദ്ധിവരുത്തുന്നതിനെക്കാൾ കൂടുതലായുള്ള ഒരു കാര്യമാണ് തനള്ള്വുഫ് (വൃത്തിയാക്കൽ). രോമങ്ങൾ നീക്കുക, നഖം വെട്ടുക പോലുള്ള, ഇസ്‌ലാം കൽപിച്ച ചര്യകളിലൂടെ നീരസമുളവാക്കുന്ന വാസനയും അതിന്റെ കാരണങ്ങളും ഇല്ലാതാക്കലാണ് തനള്ള്വുഫ്. അതിനാൽ ഗുഹ്യരോമവും കക്ഷ രോമവും നീക്കലും നഖംവെട്ടലും മീശ ചെറുതാക്കലും സുഗന്ധമുപയോഗിക്കലും വെള്ളിയാഴ്ച കുളിയോടൊപ്പം സുന്നത്താക്കപ്പെടും. സൽമാനി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
“ഒരു വ്യക്തിയും വെള്ളിയാഴ്ച കുളിക്കുകയും സാധ്യമാകുന്നത്ര ശുദ്ധിവരുത്തുകയും എണ്ണപുരട്ടുകയും തന്റെ വീട്ടിലെ സുഗന്ധമുപയോഗിക്കുകയും ചെയ്യുന്നില്ല...’’ ഇബ്‌നുഹജർ പറഞ്ഞു: ‘ഹദീസിൽ ‘മിൻത്വുഹ്‌രിൻ’ എന്നു വന്നതിലെ ഉദ്ദേശ്യം നന്നായി വൃത്തിയാക്കുകയെന്നാണ്. ഗുസ്‌ലിലേക്ക് (കുളി) അതിനെ ചേർത്തു പറഞ്ഞിരിക്കുന്നു എന്നതിൽനിന്നും നന്നായി വെടിപ്പാവുക എന്ന ആശയം സ്വീകരിക്ക പ്പെടും. മീശയും നഖവും ഗുഹ്യരോമങ്ങളുമെടുത്ത് വെടിപ്പാക്കുകയെന്നതാണ് അതിനാൽ ഉദ്ദേശിക്കപ്പെടു ന്നത്.
4. വസ്ത്രങ്ങളിൽ ഏറ്റവും മുന്തിയതു ധരിക്കൽ സുന്നത്താക്കപ്പെടും. അബ്ദുല്ലാഹ് ഇബ്‌നു ഉമർ(റ) പറഞ്ഞു: “നിശ്ചയം ഉമർ ഇബ്‌നുൽഖത്ത്വാബ്(റ) പള്ളി വാതിലിൽ ഒരു പട്ടുവസ്ത്രം കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, നിങ്ങൾ ഇതു വാങ്ങിയിരുന്നുവെങ്കിൽ വെള്ളിയാഴ്ചയും നിവേദകസംഘങ്ങൾ വരുമ്പോൾ അവർക്കുവേണ്ടിയും ധരിക്കാമായിരുന്നു.’ വെള്ളിയാഴ്ച ഏറ്റവും നല്ല വസ്ത്രം ധരിക്കുവാൻ ഇമാം ബുഖാരി ഇതുകൊണ്ട് തെളിവുപിടിച്ചു. അദ്ദേഹം പറഞ്ഞു: ‘താൻ കണ്ടെത്തുന്നതിൽ ഏറ്റവും നല്ലത് ധരിക്കണമെന്നറിയിക്കുന്ന അധ്യായം.’ ഇബ്‌നുഹജർ പറഞ്ഞു: ‘ജുമുഅക്കായി ചമഞ്ഞൊരുങ്ങലാണ് അടിസ്ഥാനമെന്നത് ഉമറി(റ)നു അംഗീകരിച്ചുകൊടുത്തതിലാണ് ഈ ഹദീസു കൊണ്ടു നല്ലവസ്ത്രം ധരിക്കുവാൻ തെളിവുപിടിച്ചത്. തിരുനബിﷺ പറഞ്ഞു: “തന്റെ ജോലിക്കുള്ള വസ്ത്രങ്ങളല്ലാത്ത രണ്ടു വസ്ത്രങ്ങൾ വെള്ളിയാഴ്ചക്കുവേണ്ടി വാങ്ങുവാൻ നിങ്ങളിലൊരാൾക്ക് എന്തു ണ്ട് തടസ്സം?’’
5. വെള്ളിയാഴ്ച രാവിലും പകലിലും തിരുനബിയുടെമേൽ സ്വലാത്തു ചൊല്ലുന്നതു വർധിപ്പിക്കുന്നതു സുന്നത്താക്കപ്പെടും. തിരുനബിﷺ പറഞ്ഞു: “വെള്ളിയാഴ്ച ദിനം നിങ്ങൾ എന്റെമേൽ സ്വലാത്തിനെ വർധിപ്പിക്കുക.’’
6. വെള്ളിയാഴ്ചദിവസം സ്വുബ്ഹി നമസ്‌കാരത്തിൽ സൂറത്തുസ്സജദയും സൂറത്തുൽഇൻസാനും പാരായണം ചെയ്യുന്നത് സുന്നത്താക്കപ്പെടും. കാരണം തിരുനബിﷺ അതു പതിവാക്കിയിരുന്നു. വെള്ളിയാഴ്ച പകലിൽ സൂറത്തുൽ കഹ്ഫു പാരായണം ചെയ്യലും സുന്നത്താണ്. തിരുനബിﷺ പറഞ്ഞു: “ആരെങ്കിലും വെള്ളിയാഴ്ച സൂറത്തുൽകഹ്ഫ് പാരായണം ചെയ്താൽ അവന്റെ കാൽപാദത്തിനടിയിൽനിന്ന് ഒരു പ്രകാശം ആകാശ സീമയിലേക്കു വെട്ടം പരത്തുകയും അത് അവനു അന്ത്യനാൾവരേക്കും പ്രകാശമാവുകയും ചെയ്യും. രണ്ടു ജുമുഅകൾക്കിടയിലുള്ള അവന്റെ (ചെറുപാപങ്ങൾ) അവനു പൊറുക്കപ്പെടുകയും ചെയ്യും.’’
7. വെള്ളിയാഴ്ച പള്ളിയിൽ പ്രവേശിക്കുന്നവൻ രണ്ടു റക്അത്തുകൾ നമസ്‌കരിക്കുന്നതുവരെ ഇരിക്കരുത്. അതു സുന്നത്താണ്. കാരണം തിരുനബിﷺ അതിന് കൽപിക്കുമായിരുന്നു. ഇമാം ഖുത്വുബ പറയുകയാണെങ്കിൽ അവ ചുരുക്കിയാണ് നമസ്‌കരിക്കേണ്ടത്.
8. ദുആ വർധിപ്പിക്കലും ദുആ ചെയ്താൽ ഉത്തരം നൽകപ്പെടുന്ന സമയം തെരക്കലും സുന്നത്താക്കപ്പെടും. തിരുനബി പറഞ്ഞു:
“നിശ്ചയം വെള്ളിയാഴ്ച ഒരു സമയമുണ്ട്; നമസ്‌കരിച്ചു നിൽക്കുന്നവനായ ഒരു മുസ്‌ലിം അല്ലാഹുവോട് വല്ലതും തേടുന്നത് ആ സമയത്തോടു യോജിച്ചുവന്നാൽ അല്ലാഹു അവന്ന് അതു നൽകുകതന്നെ ചെയ്യും.’’

