കച്ചവടച്ചരക്കുകളുടെയും ഉൽപന്നങ്ങളുടെയും സകാത്ത്

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 മാർച്ച് 16, 1445 റമദാൻ 06

“നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും ഭൂമിയിൽനിന്ന് നിങ്ങൾക്കു നാം ഉൽപാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).

കച്ചവടച്ചരക്കിന്റെ സകാത്ത്

അർദ്വ്, അറദ്വ് എന്നീ പദങ്ങളുടെ ബഹുവചനമാണ് (ചരക്കുകൾ എന്നർഥമുള്ള) ഉറൂദ്വ്. ഏത് വർഗത്തിൽ പെട്ടതാണെങ്കിലും ഒരു മുസ്‌ലിം കച്ചവടം ചെയ്യുവാൻ ഒരുക്കിയതാണത്. സകാത്തു നൽകേണ്ട സ്വത്തിനെക്കാൾ വിപുലവും അവയെയെല്ലാം ഉൾക്കൊള്ളുന്നതുമാണ് ഉറൂദ്വ്. അതിനെ പ്രദർശിപ്പിക്കുകയും അതു നീങ്ങുകയും ചെയ്യുന്നതിനാൽ അതിനു സ്ഥായീഭാവമില്ലാത്തതിനാലാണ് ഈ പേരു വെക്കപ്പെട്ടത്. കാരണം കച്ചവടക്കാരൻ ഈ ചരക്കിനെ ഉദ്ദേശിക്കുന്നില്ല. പ്രത്യുത നാണയങ്ങളായി അതിന്റെ ലാഭമാണ് ഉദ്ദേശിക്കുന്നത്.

കച്ചവടച്ചരക്കിൽ സകാത്തു നിർബന്ധമാണ്. താഴെ വരുന്ന വിശുദ്ധ വചനങ്ങളുടെ പൊതു താൽപര്യമാണ് അത് അറിയിക്കുന്നത്. അല്ലാഹു പറഞ്ഞു: “അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും’’ (ക്വുർആൻ 51:19).

“സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നു നിങ്ങൾ ചെലവഴിക്കു വിൻ’’ (ക്വുർആൻ 2:267).

നബിﷺ മുആദ് ഇബ്‌നുജബലി(റ)നോടു പറഞ്ഞു: “...അവരുടെ സമ്പത്തുകളിൽ അല്ലാഹു അവർക്കു സകാത്ത് നിർബന്ധമാക്കിയിരിക്കുന്നുവെന്ന് അറിയിക്കുക. സകാത്ത് അവരിലെ ധനികന്മാരിൽനിന്നു വാങ്ങി അവരിലെ സാധുക്കളിലേക്കു തിരിച്ചുവിടണം.’’

കച്ചവടച്ചരക്കുകൾ സമ്പത്താണെന്നതിൽ യാതൊരു സംശയവുമില്ല. കച്ചവടച്ചരക്കിൽ സകാത്തു നിർബന്ധമാകുവാനുള്ള ശർത്ത്വുകൾ (നിബന്ധനകൾ):

1. വാങ്ങുക, സമ്മാനം സ്വീകരിക്കുകപോലെ തന്റെ പ്രവൃത്തിയിലൂടെ അതിനെ ഉടമപ്പെടുത്തുക.

2. കച്ചവടം നിയ്യത്താക്കി അത് ഉടമപ്പെടുത്തുക.

3. അതിന്റെ തുകക്ക് നിസ്വാബ് എത്തുക. തുടക്കത്തിൽ സൂചിപ്പിച്ച, സകാത്തിന്റെ അഞ്ചു ശർത്ത്വുകൾ ഇതിലേക്കു ചേർക്കുന്നതോടൊപ്പമാണിത്.

കച്ചവടച്ചരക്കുകൾക്ക് വർഷം തികഞ്ഞാൽ സ്വർണം അല്ലെങ്കിൽ വെള്ളി എന്നീ നാണയങ്ങളിലൊന്നു കൊണ്ട് അവയെ വിലക്കെട്ടുകയും പ്രസ്തുത വില നിസ്വാബ് എത്തിയതാവുകയും ചെയ്താൽ അതിൽ പത്തിലൊന്നിന്റെ നാലിലൊന്ന് (രണ്ടര ശതമാനം) സകാത്ത് നിർബന്ധമായി.

ചരക്കുകൾ വാങ്ങിയപ്പോഴുള്ള വിലനിർണയം പരിഗണനീയമല്ല. കാരണം, സാധനങ്ങളുടെ വില കൂടിയും കുറഞ്ഞും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. വർഷം തികയുമ്പോഴുള്ള വില മാത്രമാണ് സകാത്ത് കൊടുക്കുവാൻ പരിഗണിക്കുക.

ഉൽപന്നങ്ങളുടെ സകാത്ത്

നിർബന്ധമാകുന്ന സമയവും അതിന്റെ തെളിവും:

ഭൂമിയിലെ ഉൽപന്നങ്ങൾക്കു സകാത്ത് നിർബന്ധമാണെന്നതിനു വിശുദ്ധ വചനമാണ് അടിസ്ഥാനം. അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും, ഭൂമിയിൽനിന്ന് നിങ്ങൾക്കു നാം ഉൽപാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).

പാലുറക്കുകയും മൂക്കുകയും ചെയ്താൽ ധാന്യങ്ങൾക്കു സകാത്തു നിർബന്ധമായി. ഭക്ഷ്യയോഗ്യമാം വിധം നല്ലനിലയിൽ ഫലങ്ങളായിത്തീരുന്നതിലൂടെ നിലനിൽപ്പ് വെളിപ്പെട്ടാൽ ഫലങ്ങളിലും സകാത്ത് നിർബന്ധമായി. വർഷം തികയൽ അതിൽ ശർത്വാക്കപ്പെടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:

“അതിന്റെ വിളവെടുപ്പുദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്തുവീട്ടുകയും ചെയ്യുക’’ (ക്വുർആൻ 6:141).

ഗോതമ്പ്, ബാർലി, കമ്പം, നെല്ല്, കാരക്ക, ഉണക്കമുന്തിരി പോലുള്ള ഫലങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മുദ്ദഖറും (സൂക്ഷിച്ചു വെക്കപ്പെടുന്നത്) മകീലും (അളക്കപ്പെടുന്നത്) ആയതിലെല്ലാം സകാത്ത് നിർബന്ധമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും സകാത്തു നിർബന്ധമാവുകയില്ല. അവ ധാന്യങ്ങളും ഫലങ്ങളും മകീലും മുദ്ദഖറുമല്ലാത്ത കാലത്തോളം അവയിൽ സകാത്തില്ല.

കാർഷിക വിളകളിൽ സകാത്തിന്റെ ശർത്വുകൾ

ധാന്യങ്ങളിലും ഫലങ്ങളിലും സകാത്തു നിർബന്ധമാകുവാൻ രണ്ടു നിബന്ധനകളുണ്ട്:

1. നിസ്വാബ് എത്തൽ. അഞ്ചു വസ്‌ക്വാകുന്നു അത്. നബിﷺ പറഞ്ഞു: “അഞ്ചു വസ്‌ക്വിനു താഴെയുള്ള കാർഷികോൽപന്നങ്ങൾക്കു സകാത്തില്ല.’’

ഒരു ‘വസ്‌ക്വ്’ ഒരു ഒട്ടകം വഹിക്കുന്ന ഭാരമാകുന്നു. നബിﷺ ഉപയോഗിച്ചിരുന്ന സ്വാഉകൊണ്ട് അറുപതു സ്വാആകുന്നു അത്. അഞ്ചു വസ്‌ക്വ് മുന്നൂറു സ്വാഅ് ആകുന്നു. അപ്പോൾ ഒരു സ്വാഇന്റെ തൂക്കം രണ്ടു കിലോ നാനൂറു ഗ്രാം എന്ന പരിഗണനയിൽ മുന്തിയതരം ഗോതമ്പിന്റെ നിസ്വാബിനുള്ള തൂക്കം ഏകദേശം അറുന്നൂറ്റി പന്ത്രണ്ട് കിലോ ആകുന്നു.

2. സകാത്ത് നിർബന്ധമാകുന്ന സമയത്ത് നിസ്വാബിനെ അയാൾ ഉടമപ്പെടുത്തിയിരിക്കണം.

നിർബന്ധമായി നൽകേണ്ട വിഹിതം:

നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തോ നദിയിലെ വെള്ളം ഉപജീവിച്ചോ ചെലവുകൂടാതെ വെള്ളം ലഭിച്ചുണ്ടായ ധാന്യങ്ങളിലും കായ്കനികളിലും പത്തിലൊന്നും ബക്കറ്റുകളോ ആധുനിക യന്ത്രങ്ങളോ മൃഗങ്ങളെയുപയോഗിച്ചു തേവിയോ മറ്റോ ചെലവോടുകൂടി വെള്ളം നനച്ചുണ്ടാക്കിയതിൽ ഇരുപതിലൊന്നുമാണ് നിർബന്ധമായ സകാത്ത്. തിരുനബിﷺ പറഞ്ഞു:

“മഴവെള്ളമോ നദികളിലെയും അരുവികളിലെയും വെള്ളമോ ഉപജീവിച്ചുണ്ടായ കൃഷിയുൽപന്ന ങ്ങൾക്കും നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തുണ്ടാകുന്ന കൃഷിയുൽപന്നങ്ങൾക്കും പത്തിലൊ ന്നാകുന്നു(പത്തുശതമാനം) സകാത്ത്. തേവി നനച്ചുണ്ടാക്കിയ കൃഷിയുൽപന്നങ്ങൾക്ക് പത്തിലൊന്നിന്റെ പകുതിയും (അഞ്ചു ശതമാനവും)’’

തേനിന്റെ സകാത്ത്

പണ്ഡിതന്മാരിൽ ഭൂരിപക്ഷവും തേനിൽ സകാത്തില്ല എന്ന അഭിപ്രായക്കാരാണ്. അതാണ് പ്രബലമായ അഭിപ്രായവും. കാരണം, വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും തേനിൽ സകാത്തു നിർബന്ധമാണെന്നറിയിക്കുന്ന വ്യക്തവും സ്വഹീഹുമായ യാതൊരു തെളിവും വന്നിട്ടില്ല. സകാത്ത് നിർബന്ധമാണെ ന്നറിയിക്കുന്ന തെളിവു സ്ഥിരപ്പെടുന്നതുവരെ തേൻ സകാത്തിൽനിന്ന് ഒഴിവാണ് എന്നതാണ് അടിസ്ഥാനം. ഇമാം ശാഫിഈ പറഞ്ഞു: “തേനിൽ പത്തിലൊന്ന് സകാത്തുണ്ട് എന്നറിയിക്കുന്ന ഹദീസ് ദുർബ ലമാണ്. അതിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല എന്നറിയിക്കുന്ന ഹദീസും ദുർബലമാണ്.’’ എന്നാൽ ഉമർ ഇബ്‌നു അബ്ദിൽഅസീസിൽനിന്ന് ഇപ്രകാരം വന്നിട്ടുണ്ട്: “എന്റെ അഭിപ്രായം അതിൽനിന്ന് സകാത്ത് സ്വീകരിക്കപ്പെടരുത് എന്നാണ്. കാരണം, സകാത്ത് സ്വീകരിക്കപ്പെടുന്ന വസ്തുക്കളുടെ വിഷയത്തിൽ സുന്നത്തുകളും അസറുകളും സ്ഥിരപ്പെട്ടിട്ടുണ്ട്. തേനിന്റെ വിഷയത്തിൽ സുന്നത്തു സ്ഥിരപ്പെട്ടിട്ടില്ല. അപ്പോൾ അത് സകാത്തിൽനിന്ന് ഒഴിവാക്കപെട്ടതുപോലെയാണ്.’’ ഇമാം ഇബ്‌നുൽമുൻദിർ പറഞ്ഞു: “തേനിൽ സകാത്ത് നിർബന്ധമെന്നറിയിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല.’’

രികാസിലുള്ള സകാത്ത്

ജാഹിലിയ്യത്തിൽ(ഇസ്‌ലാമിനു മുമ്പുള്ള കാലങ്ങളിൽ) കുഴിച്ചുമൂടപ്പെട്ടതും (നിധി) കുഫ്‌റിന്റെ ചിഹ്നമു ള്ളതുമായ സ്വർണം, വെള്ളി, തുടങ്ങിയ വസ്തുക്കൾ കാണപ്പെടുന്നതാണ് രികാസ്. അതു പണം കൊടുത്തു നേടിയെടുക്കുന്നതോ ചെലവോ കൂടുതൽ അധ്വാനമോ ആവശ്യമായതല്ല. പണം ആവശ്യപ്പെടുന്നതോ കൂടുതൽ അധ്വാനം ആവശ്യമായതോ രികാസല്ല. രികാസ് കൂടുതലായാലും കുറ വായാലും അതിൽ അഞ്ചിലൊന്ന്(ഇരുപത് ശതമാനം) സകാത്ത് നിർബന്ധമാണ്. വർഷം തികയലും നിസ്വാബ് എത്തലും അതിൽ ശർത്ത്വാക്കപ്പെടുകയില്ല. തിരുവചനത്തിന്റെ പൊതുതാൽപര്യമറിയിക്കുന്നത് അതാണ്. തിരുനബിﷺ പറഞ്ഞു:

“രികാസിൽ അഞ്ചിലൊന്നാകുന്നു സകാത്ത്.’’ അത് മുസ്‌ലിംകളുടെ പൊതുനന്മകളിൽ വിനിയോഗിക്കപ്പെടേണ്ട ‘ഫയ്അ്’ സ്വത്താകുന്നു. അത് ഒരു നിർണിത സ്വത്തായിരിക്കണമെന്ന് നിബന്ധനയില്ല. സ്വർണമോ വെള്ളിയോ മറ്റേതെങ്കിലും വസ്തുക്കളോ ആയാലും അതിന്റെ അഞ്ചിലൊന്നു സകാത്തു നൽകുകയാണുവേണ്ടത്.

അവിശ്വാസികളുടെ പേരുകൾ എഴുതുക, അവരുടെ രൂപങ്ങൾ കൊത്തുക തുടങ്ങിയുള്ള കുഫ്‌റിന്റെ അടയാളങ്ങൾകൊണ്ട് അതു ജാഹിലിയ്യത്തിലെ നിധികളിൽ പെട്ടതാണെന്നു അറിയപ്പെടും.

‘മഅ്ദിൻ’ (ഖനി) എന്നാൽ ഭൂവർഗത്തിൽപെടാത്തതും(മണ്ണ്, മണൽ, പാറപോലെ) സസ്യലതാതിക ളല്ലാത്തതുമായ ഭൂമിയിൽനിന്ന് പിറവിയെടുക്കുന്നതെല്ലാമാണ്. അതു പെട്രോൾ, ടാർ പോലെ ഒഴുകുന്നതാ കട്ടെ, അല്ലെങ്കിൽ ഇരുമ്പ്, ചെമ്പ്, സ്വർണം, വെള്ളി, മെർക്കുറി എന്നിവപോലെ ഘര രൂപത്തിലുള്ളതാ കട്ടെ. മുമ്പ് ഉണർത്തിയതുപോലെ അവയിൽ സകാത്തു നിർബന്ധമാണെന്നതിൽ പണ്ഡിതന്മാരുടെ ഏകാഭിപ്രായമുണ്ട്. ഭൂഉൽപന്നങ്ങൾക്ക് സകാത്തു നിർബന്ധമാണെന്ന വിഷയത്തിൽ വന്ന പ്രമാണവചന ങ്ങളുടെ പൊതുതാൽപര്യമറിയിക്കുന്നത് അതാണ്.

അല്ലാഹു പറഞ്ഞു: “നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും ഭൂമിയിൽനിന്ന് നിങ്ങൾ ക്കു നാം ഉൽപാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).