നമസ്‌കാരത്തിന്റെ സുന്നത്തുകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

നമസ്‌കാരത്തിന്റെ സുന്നത്തുകൾ രണ്ടുവിധമുണ്ട്; കർമപരമായ സുന്നത്തുകളും വാചികമായ സു ന്നത്തുകളും.

കർമപരമായ സുന്നത്തുകൾ

തക്ബീറതുൽ ഇഹ്‌റാം ചൊല്ലുന്നതോടുകൂടിയും റുകൂഇലേക്കു പോകുമ്പോഴും റുകൂഇൽനിന്ന് ഉയരുമ്പോഴും കൈകൾ ഉയർത്തുകയും ഉടൻ അവ താഴ്ത്തുകയും ചെയ്യുക പോലുള്ളതെല്ലാം പ്രവൃത്തികളായുള്ള സുന്നത്തുകളാകുന്നു.

മാലിക് ഇബ്‌നുൽഹുവയ്‌രിസ്(റ) നമസ്‌കരിക്കുവാനുദ്ദേശിച്ചാൽ തക്ബീർ ചൊല്ലുകയും തന്റെ ഇരുകരങ്ങൾ ഉയർത്തുകയും ചെയ്യുമായിരുന്നു. റുകൂഅ് ചെയ്യുവാനുദ്ദേശിച്ചാൽ തന്റെ ഇരുകരങ്ങൾ ഉയർത്തുകയും റുകൂഇൽനിന്ന് തന്റെ തലയുയർത്തിയാൽ തന്റെ കരങ്ങൾ ഉയർത്തുകയും ചെയ്യുമായിരുന്നു. അല്ലാഹുവിന്റെ റസൂൽﷺ ഇങ്ങനെ ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നിൽക്കുന്ന വേളയിൽ വലതുകൈ ഇടതുകൈയിൻന്മേലായി നെഞ്ചിന്മേൽ വെക്കലും, സുജൂദിന്റെ സ്ഥാനത്തേക്കു നോക്കലും, നിൽക്കുമ്പോൾ ഇരുകാൽപാദങ്ങൾ വേർപെടുത്തിവെക്കലും റുകൂഇൽ കൈവിരലുകൾ വിടർത്തിക്കൊണ്ട് കാൽമുട്ടുകൾ പിടിക്കലും റുകൂഇൽ മുതുക് നീട്ടിനിവർത്തലും തല മുതുകിനു നേരെയാക്കലും പ്രവൃത്തികളായുള്ള സുന്നത്തുകളിൽ പെട്ടതാണ്.

വാചികമായ സുന്നത്തുകൾ

ദുആഉൽഇസ്തിഫ്താഹ് (പ്രാരംഭ പ്രാർഥന), ബിസ്മി ചൊല്ലൽ, അഊദു ചൊല്ലൽ, ആമീൻ പറയൽ, റുകൂഇലെയും സുജൂദിലെയും തസ്ബീഹുകൾ ഒന്നിലധികമാക്കൽ, തശഹ്ഹുദിനു ശേഷം സലാം വീട്ടുന്നതിനു മുമ്പ് ദുആചെയ്യൽ പോലുള്ളവയാകുന്നു അവ.

നമസ്‌കാരം ബാത്വിലാകുന്ന കാര്യങ്ങൾ

ചില കാര്യങ്ങൾ നമസ്‌കാരത്തെ അസാധുവാക്കും. താഴെ വരുന്നവയായി നമുക്കവ സംഗ്രഹിക്കാം:

1. ത്വഹാറത്തിനെ (ശുദ്ധിയെ) ബാത്വിലാക്കുന്ന (അസാധുവാക്കുന്ന) കാര്യങ്ങളെല്ലാം നമസ്‌കാരത്തെയും ബാത്വിലാക്കും. കാരണം ശുദ്ധി നമസ്‌കാരം ശരിയാകുവാനുള്ള നിബന്ധനയാണ്. അതിനാൽ ത്വഹാറത്ത് അസാധുവായാൽ നമസ്‌കാരവും അസാധുവായി.

2. ശബ്ദിച്ചുകൊണ്ടുള്ള ചിരി: അത് നമസ്‌കാരത്തെ ബാത്വിലാക്കുമെന്നതിൽ ഏകാഭിപ്രായമുണ്ട്. കാരണം അത് സംസാരത്തെ പോലെയാകുന്നു. എന്നുമാത്രമല്ല, അതിൽ നമസ്‌കാരത്തിന്റെ ലക്ഷ്യത്തെ നിരാകരിക്കുന്ന കളിയും നിസ്സംഗതയുമുള്ളതിനാൽ അത് അതിനെക്കാൾ ഗൗരവമുള്ളതാകുന്നു. എന്നാൽ പുഞ്ചിരി നമസ്‌കാരത്തെ ബാത്വിലാക്കുകയില്ല; ഇബ്നുൽമുൻദിറും മറ്റും ഈ ഇജ്മാഅ് ഉദ്ധരിച്ചിരിക്കുന്നു.

3. നമസ്‌കാരത്തിന്റെ മസ്വ്‌ലഹത്തിനല്ലാതെയുള്ള മനഃപൂർവമായ സംസാരം. സെയ്ദ് ഇബ്‌നു അർക്വ(റ)മിൽനിന്ന് നിവേദനം: “ഞങ്ങൾ നമസ്‌കാരത്തിൽ സംസാരിക്കുമായിരുന്നു. നമസ്‌കാരത്തിൽ ഒരാൾ തന്റെ അരികിലുള്ള സഹോദരനോട് സംസാരിക്കുമായിരുന്നു. അങ്ങനെ, ‘അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടുകൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർഥിക്കുന്നത്’ (ക്വുർആൻ 2: 238) എന്ന ആയത്ത് അവതരിച്ചു. അപ്പോൾ ഞങ്ങൾ മൗനം ദീക്ഷിക്കുവാൻ കൽപിക്കപ്പെടുകയും സംസാരിക്കുന്നത് വി രോധിക്കപ്പെടുകയുമുണ്ടായി.’’

അറിവില്ലായ്മയാലോ മറന്നുകൊണ്ടോ സംസാരിച്ചതിനാൽ നമസ്‌കാരം ബാത്വിലാവുകയില്ല.

4. നമസ്‌കരിക്കുന്നവന്റെ മുന്നിലൂടെ അവന്റെ സുജൂദിന്റെ സ്ഥാനത്തിനുള്ളിലായി പ്രായപൂർത്തിയായ സ്ത്രീ കടന്നുപോവുക.

5. ബോധപൂർവം നഗ്‌നത വെളിപ്പെടുത്തൽ: നഗ്‌നത മറക്കൽ ശർത്വാണെന്ന് മുമ്പ് ഉണർത്തിയല്ലോ.

6. ക്വിബ്‌ലക്ക് പിന്നിടൽ: കാരണം ക്വിബ്‌ലക്കു മുന്നിടൽ നമസ്‌കാരം സ്വഹീഹാകുവാനുള്ള നിബന്ധനയാകുന്നു.

7. നമസ്‌കരിക്കുന്നവനോട് നജസുചേരൽ: നജസുണ്ടെന്ന് അറിയുകയും ഓർക്കുകയും ചെയ്തിരിക്കെ അവൻ ഉടനടി അതു നീക്കിയില്ലെങ്കിൽ നമസ്‌കാരം ബാത്വിലാകും.

8. നമസ്‌കാരത്തിന്റെ റുക്‌നുകളിൽ വല്ലതും, അല്ലെങ്കിൽ നമസ്‌കാരത്തിന്റെ ശർത്ത്വുകളിൽ വല്ലതും യാതൊരു ഒഴിവുകഴിവുമില്ലാതെ ബോധപൂർവം ഉപേക്ഷിക്കൽ.

9. നമസ്‌കാരത്തിന്റെ വകുപ്പിൽ പെട്ടതല്ലാത്ത പ്രവൃത്തികൾ യാതൊരു അനിവാര്യതയുമില്ലാതെ ചെയ്യൽ; ബോധപൂർവം തിന്നുകയും കുടിക്കുകയും ചെയ്യുന്നതുപോലെ.

10. ഒഴിവുകഴിവുകളൊന്നുമില്ലാതെ ചാരിനിൽക്കൽ: കാരണം നിൽക്കൽ നമസ്‌കാരം സ്വഹീഹാകുവാനുള്ള ശർത്വാകുന്നു.

11. കർമപരമായ ഒരു റുക്‌നിനെ ബോധപൂർവം വർധിപ്പിക്കൽ; റുകൂഉം സുജൂദും വർധിപ്പിക്കുന്നതുപോലെ. കാരണം അതു നമസ്‌കാരത്തിന്റെ രൂപത്തിൽതന്നെ ഭംഗം വരുത്തും. അതിനാൽ നമസ്‌കാരം ബാത്വിലാകുമെന്നതിൽ പണ്ഡിതന്മാരുടെ ഏകാഭിപ്രായമുണ്ട്.

12. റുക്‌നുകളിൽ ചിലതിനെ ചിലതിനെക്കാൾ ബോധപൂർവം മുന്തിപ്പിക്കൽ: കാരണം, മുമ്പ് വിവരിച്ചതു പോലെ റുക്‌നുകൾ യഥാക്രമം ചെയ്യൽ റുക്‌നാണ്.

13. നമസ്‌കാരം പൂർത്തിയാക്കുന്നതിനു മുമ്പ് ബോധപൂർവം സലാം വീട്ടൽ.

14. ഫാതിഹയുടെ പാരായണത്തിൽ ബോധപൂർവം ആശയം തെറ്റിക്കുക. കാരണം ഫാതിഹ ഓതൽ റുക്‌നാണ്.

15. നിയ്യത്തു മുറിക്കണമോ വേണ്ടയോ എന്നു സന്ദേഹിച്ചുകൊണ്ടും മുറിക്കുവാൻ തീരുമാനിച്ചുകൊണ്ടും നിയ്യത്തു മുറിക്കൽ: കാരണം നിയ്യത്തിലെ തുടർച്ച ശർത്വാകുന്നു.

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)