നമസ്‌കാരത്തിൽ കറാഹത്താകുന്ന കാര്യങ്ങൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

താഴെ വരുന്ന കാര്യങ്ങൾ നമസ്‌കാരത്തിൽ മക്‌റൂഹ് (വെറുക്കപ്പെട്ടത്) ആകുന്നു:
1. ആദ്യത്തെ രണ്ടു റക്അത്തുകളിൽ സൂറതുൽഫാതിഹയിൽ പരിമിതപ്പെടൽ: നമസ്‌കാരത്തിൽ തിരുനബിയുടെ ചര്യക്ക് എതിരാകുന്നതിനാലാണത്.
2. സൂറതുൽഫാതിഹ ആവർത്തിച്ചോതൽ: കാരണം അതും നബിചര്യക്ക് എതിരാണ്. എന്നാൽ ഒരു ആവശ്യത്തിനുവേണ്ടി ആവർത്തിച്ചാൽ കുഴപ്പമില്ല; ഫാതിഹ ഓതിയപ്പോൾ ഖുശൂഉം(ഭക്തിയും) ഹൃദയസാന്നിധ്യവും നഷ്ടപ്പെട്ടതിനാൽ അവർത്തിക്കുന്നതുപോലെ. പക്ഷേ, ഈ ആവർത്തനം അവനെ വസ്‌വാസിലേക്ക് നയിക്കരുതെന്ന് ഉപാധിയുണ്ട്.
3. നമസ്‌കാരത്തിൽ അനാവശ്യമായി നേരിയനിലയ്ക്കുള്ള തിരിഞ്ഞുനോട്ടം പോലും വെറുക്കപ്പെട്ടതാണ്. നമസ്‌കാരത്തിൽ തിരിഞ്ഞുനോക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ തിരുനബിﷺ പറഞ്ഞു: “ഒരു ദാസന്റെ നമസ്‌കാരത്തിൽനിന്ന് പിശാച് മോഷ്ടിച്ചെടുക്കുന്നതാകുന്നു അത്.’’
എന്നാൽ തിരിഞ്ഞുനോട്ടം ആവശ്യത്തിനാണെങ്കിൽ അതിൽ കുഴപ്പമൊന്നുമില്ല; തന്റെ കുഞ്ഞ് നഷ്ടപ്പെടുമോ എന്നു ഭയന്നതിനാൽ അതിനെ നിരീക്ഷിച്ചുകൊണ്ട് നമസ്‌കാരത്തിൽ തിരിഞ്ഞുനോക്കുന്ന സ്ത്രീയെ പോലെ. ഇത് നേരിയ തിരിഞ്ഞുനോട്ടത്തിന്റെ വിഷയത്തിലാണ്. എന്നാൽ മുഴുവനായും തിരിയുന്നവന്റെയും ക്വിബ്‌ലക്ക് പിന്നിടുന്നവന്റെയും നമസ്‌കാരം ബാത്വിലാകും; അവന്റെ തിരിയൽ കഠിനമായ പേടിപോലുള്ള ഒഴിവുകഴിവുകൾ കൂടാതെയാണെങ്കിൽ.
4. നമസ്‌കാരത്തിൽ ഇരുകണ്ണുകൾ ചിമ്മൽ: കാരണം അത് അഗ്‌നിയെ ആരാധിക്കുന്നവേളയിൽ മജൂസികളുടെ പ്രവൃത്തിയോട് സാദൃശ്യപ്പെടലാകുന്നു. ജൂതരുടെ പ്രവൃത്തികളോട് സാദൃശ്യപ്പെടലാ ണെന്നും പറയപ്പെട്ടിട്ടുണ്ട്. നാമാകട്ടെ അവിശ്വാസികളോട് സാദൃശ്യപ്പെടുന്നത് വിരോധിക്കപ്പെട്ടിട്ടുണ്ട്.
5. സുജൂദിൽ മുഴംകൈകൾ നിലത്തു കിടത്തിയിടൽ: തിരുനബിﷺ പറഞ്ഞു: “നിങ്ങൾ സുജൂദിൽ കൃത്യത കൈകൊള്ളുക. നിങ്ങളിലൊരാൾ തന്റെ മുഴംകൈകളെ നായ കിടത്തിയിടുന്നതുപോലെ കിടത്തിയിടരുത്.’’ അതിനാൽ മുഴംകൈകൾ ഭൂമിയെവിട്ടുയർത്തൽ നമസ്‌കരിക്കുന്നവന് അനിവാര്യമാണ്. അവൻ മൃഗങ്ങളോട് സാദൃശ്യപ്പെടരുത്.
6. നമസ്‌കാരത്തിൽ കൂടുതലായുള്ള വൃഥാവേലകൾ: നമസ്‌കാരത്തിൽ ആവശ്യമായ ഖുശൂഇനെ നഷ്ടപ്പെടുത്തും വിധം മനസ്സ് വ്യാപൃതമാകുമെന്നതിനാലാണ് അത്.
7. അത്തഖസ്സ്വുർ: നമസ്‌കാരത്തിൽ ഒരാൾ തന്റെ ഊരയിൽ കൈ വെക്കലാകുന്നു അത്. അബൂഹു റയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ഒരു വ്യക്തി തന്റെ ഊരയിൽ കൈവെച്ചവനായി നമസ്‌കരിക്കുന്നത് തിരുനബി ﷺ വിരോധിച്ചിരിക്കുന്നു.’’
8. സദ്‌ലും വായ പൊത്തലും: അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “അല്ലാഹു വിന്റെ റസൂൽﷺ നമസ്‌കാരത്തിൽ സദ്‌ലും ഒരു വ്യക്തി തന്റെ വായ പൊത്തുന്നതും വിരോധി ച്ചിരിക്കുന്നു.’’ നമസ്‌കരിക്കുന്നവൻ തന്റെ വസ്ത്രത്തിന്റെ രണ്ടറ്റങ്ങൾ ചുമലുകളിൽ മടക്കിവെക്കാത ചുമലിലൂടെ വിരിച്ചിടലാണ് സദ്ൽ. ഭൂമിയിൽ മുട്ടുവോളം വസ്ത്രം അഴിച്ചിടലാണ് എന്നും പറയപ്പെട്ടിട്ടുണ്ട്. അപ്പോൾ വസ്ത്രം വലിച്ചിഴക്കുക എന്ന ആശയത്തിലാണ് സദ്ൽ.
9. മുവാഫക്വത്തുൽഇമാം (ഇമാമിനോട് ഒപ്പംചെയ്യൽ): ഇതു കറാഹത്താകുവാൻ കാരണം മഅ്മൂം ഇമാമിനെ പിന്തുടരണം എന്ന നിയമത്തിനു എതിരാവുന്നതിനാലും ഇമാമിനെ മുൻകടക്കുക എന്ന ഹറാം സംഭവിക്കാത്തതിനാലുമാണ്. തിരുനബിﷺ പറഞ്ഞു: “ഇമാം തലയുയർത്തുന്നതിനുമുമ്പ് നിങ്ങളിലൊരാൾ തന്റെ തലയുയർത്തിയാൽ അല്ലാഹു അവന്റെ തല കഴുതയുടെ തലയാക്കുന്നത് അല്ലെങ്കിൽ അല്ലാഹു അവന്റെ രൂപം കഴുതയുടെരൂപമാക്കുന്നത് അവൻ ഭയക്കുന്നില്ലേ!’’
10. വിരലുകൾ കോർക്കൽ: വുദ്വൂഅ് ചെയ്തു നമസ്‌കാരമുദ്ദേശിച്ച് പള്ളിയിലെത്തുന്നവൻ അപ്രകാരം ചെയ്യുന്നത് തിരുനബിﷺ വിരോധിച്ചിട്ടുണ്ട്. അതിനാൽ നമസ്‌കാരത്തിൽ അത് തീർത്തും കറാഹത്താകുന്നു. നമസ്‌കാരശേഷം വിരലുകൾ അന്യോന്യം കോർക്കുന്നതിൽ യാതൊരു കറാഹത്തുമില്ല; അതു പള്ളിയിലാണെങ്കിലും ശരി. ദുൽയദയ്ൻ എന്ന സ്വഹാബിയുമായി ബന്ധപ്പെട്ട സംഭവത്തിൽ തിരുനബിﷺ അപ്രകാരം ചെയ്തതായി വന്നിട്ടുണ്ട്.
11. മുടിയും വസ്ത്രവും കഫ്ഫു ചെയ്യൽ: ഇബ്‌നു അബ്ബാസി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യുവാനും തന്റെ വസ്ത്രവും തന്റെ മുടിയും കഫ്ഫു ചെയ്യാതിരിക്കുവാനും നബിﷺ കൽപിക്കപെട്ടു.’’ ഇവിടെ ‘കഫ്ഫ്’ എന്നാൽ ‘ജംഅ് ചെയ്യുക’ എന്ന ആശയമാണ്. അഥവാ മുടിയും വസ്ത്രവും ചേർത്തുപിടിക്കരുത് എന്നർഥം. കഫ്ഫ് എന്നത് തടഞ്ഞിടുകയെന്ന അർഥത്തിലുമാകാം. സുജൂദിന്റെ അവസരത്തിൽ മുടിയും വസ്ത്രവും തൂങ്ങിക്കിടക്കുന്നതു തടഞ്ഞിടരുത് എന്നാണ് അപ്പോൾ ഹദീസിന്റെ തേട്ടം. ഇവയെല്ലാം നമസ്‌കാരത്തിന്റെ ഭക്തിയെ നിരാകരിക്കുന്ന വൃഥാവേലയിൽ പെട്ടതാണ്.
12. ഭക്ഷണം സന്നിഹിതമായിരിക്കെയും മലമൂത്ര വിസർജനത്തിനു മുട്ടുന്നവനായിരിക്കെയുമുള്ള നമസ്‌കാരം. തിരുനബിﷺ പറഞ്ഞു: “ഭക്ഷണ സാന്നിധ്യത്തിലും മലമൂത്ര വിസർജനത്തിനു മുട്ടുന്നവനായിരിക്കെയും യാതൊരു നമസ്‌കാരവുമില്ല.’’
ഭക്ഷണം തന്റെ മുന്നിൽ ഹാജറുള്ളതാവുകയും അതു കഴിക്കുവാൻ കഴിവുള്ളതോടൊപ്പം അതിൽ അവന്നു ആഗ്രഹവും കൊതിയുമുണ്ടാവുക എന്നത് ഭക്ഷണം സന്നിഹിതമായിരിക്കെ നമസ്‌കാരം വെറുക്കപ്പെടുമെന്നതിനു ശർത്വാണ്. എന്നാൽ ഭക്ഷണം ഹാജറാണ്; പക്ഷേ, നമസ്‌കരിക്കുന്ന വൻ നോമ്പുകാരനാണ്, അല്ലെങ്കിൽ ഭക്ഷണത്തിനു ആഗ്രഹമില്ലാത്തവിധം അവൻ വയറു നിറഞ്ഞവനാണ,് അതുമല്ലെങ്കിൽ ഭക്ഷണത്തിന്റെ കഠിനമായ ചൂടു കാരണത്താൽ കഴിക്കുവാനാകുന്നില്ല; ഈ അവസ്ഥകളിലെല്ലാം ഭക്ഷണ സാന്നിധ്യത്തിൽ നമസ്‌കാരം അയാൾക്കു കറാഹത്താവുകയില്ല.
എന്നാൽ മലമൂത്രവിസർജനത്തിന്റെ വിഷയത്തിൽ, നമസ്‌കരിക്കുന്നവൻ മലവിസർജനത്തിന് ആവശ്യക്കാരനായാലും മൂത്രവിസർജനത്തിന് ആവശ്യക്കാരനായാലും നമസ്‌കാരത്തിന്റെ ഖുശൂഇനെ ഹനിക്കുംവിധം അവന്റെ ഹൃദയം വ്യാപൃതമാകുന്നതിനാലും അവന്റെ ചിന്ത ശിഥിലമാകുന്നതിനാലും അവൻ നമസ്‌കരിക്കുന്നത് വിരോധിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോൾ മലവും മൂത്രവും പിടിച്ചുവെക്കുന്നതിനാലും അവയുടെ മുട്ടു കാരണത്താലും അയാൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും വരും.
13. ആകാശത്തിലേക്കു ദൃഷ്ടി ഉയർത്തൽ: തിരുനബിﷺ പറഞ്ഞു: “നമസ്‌കാരത്തിൽ തങ്ങളുടെ ദൃഷ്ടി ആകാശത്തിലേക്ക് ഉയർത്തുന്ന ആളുകൾ (അതിൽനിന്ന്) വിരമിക്കട്ടെ; അതല്ലായെങ്കിൽ അവരുടെ ദൃഷ്ടികൾ തട്ടിയെടുക്കപ്പെടും.’’
നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ വിധി
വല്ലവനും നമസ്‌കാരം നിർബന്ധമാണെന്നതിനെ നിഷേധിച്ചുകൊണ്ട് നമസ്‌കാരം ഉപേക്ഷിച്ചാൽ അവൻ കാഫിറും മുർതദ്ദു(മതപരിത്ത്യാഗിയു)മാകുന്നു. കാരണം അവൻ അല്ലാഹുവെയും തിരുദൂതനെയും മുസ്‌ലിംകളുടെ ഏകോപിച്ചുള്ള തീരുമാനത്തെയുമാണ് (ഇജ്മാഇനെയുമാണ്) കളവാക്കുന്നത്.
എന്നാൽ, നിസ്സംഗതയാലും അലസതയാലുമാണ് നമസ്‌കാരത്തെ വല്ലവനും നിത്യമായും തീർത്തും ഉപേക്ഷിക്കുന്നതെങ്കിൽ, അവൻ കാഫിറാണ് എന്നതാണ് സ്വഹീഹായ അഭിപ്രായം. മുശ്‌രിക്കുകളെ കുറിച്ച് അല്ലാഹു പറഞ്ഞു: ‘എന്നാൽ അവർ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്തുനൽകുകയും ചെയ്യുന്നപക്ഷം അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാകുന്നു’ (ക്വുർആൻ 9:11).
നമസ്‌കാരം യഥാവിധം നിലനിർത്തുക എന്ന ശർത്വ് അവർ സാക്ഷാത്കരിച്ചില്ലെങ്കിൽ അവർ ഒരിക്കലും മുസ്‌ലിംകളല്ലെന്നും മതത്തിൽ നമ്മുടെ സഹോദരങ്ങളല്ലെന്നും ഇത് അറിയിക്കുന്നു. തിരുനബിﷺ പറഞ്ഞു: “നമ്മുടെയും അവരുടെയും (അവിശ്വാസികളുടെയും) ഇടയിലുള്ള വ്യത്യാസം നമസ്‌കാരമാകുന്നു. അതിനാൽ വല്ലവനും നമസ്‌കാരം ഉപേക്ഷിച്ചാൽ അവൻ കാഫിറായി.’’
“നിശ്ചയം, ഒരു വ്യക്തിയുടെയും കുഫ്‌റിന്നും ശിർക്കിന്നുമിടയിൽ വേർതിരിവായുള്ളത് നമസ്‌കാരം ഉപേക്ഷിക്കലാകുന്നു.’’
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ നിന്നുമെടുത്തത്)

