ക്വുര്‍ആന്‍ പാരായണത്തിന്റെയും നന്ദിയുടെയും സുജൂദ്

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

സുജൂദുത്തിലാവഃ; നിയമവും വിധിയും

സുജൂദുകള്‍ വന്ന ആയത്തുകള്‍ പാരായണം ചെയ്യുമ്പോഴും അവ കേള്‍ക്കുമ്പോഴും നിയമമാക്കപ്പെ ട്ടതാണ് സുജൂദുത്തിലാവഃ. ഇത് സുന്നത്താണ്; നിര്‍ബന്ധമല്ല എന്നതാണ് സ്വഹീഹായ അഭിപ്രായം. സെയ്ദ് ഇബ്‌നുസാബിത്(റ) നബിﷺക്ക് സൂറത്തുന്നജ്മ് ഓതിക്കൊടുക്കുകയുണ്ടായി. അപ്പോള്‍ തിരുമേനി സുജൂദ് ചെയ്തില്ല. ഈ ഹദീസ് സുജൂദുത്തിലാവഃ നിര്‍ബന്ധമല്ലെന്ന് അറിയിക്കുന്നു.

നമസ്‌കാരത്തിലായാലും നമസ്‌കാരത്തിനു പുറത്തായാലും ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെയും കേള്‍ക്കുന്നവന്റെയും മേല്‍ സുജൂദുത്തിലാവഃ നിയമമാക്കപ്പെടും. കാരണം സുജൂദുള്ള ആയത്തുകള്‍ പാരായണം ചെയ്യുമ്പോള്‍ തിരുനബിയും നബിയോടൊപ്പം സ്വഹാബിമാരും അപ്രകാരം ചെയ്തിരിന്നു. നമസ്‌കാരത്തില്‍ സുജൂദുത്തിലാവഃ നിയമമാണെന്നതിനു തെളിവ് അബൂറാഫിഇ(റ)ല്‍നിന്നുള്ള ഹദീസാകുന്നു. അദ്ദേഹം പറഞ്ഞു:

“ഞാന്‍ അബൂഹുറയ്‌റ(റ)യോടൊന്നിച്ചു ഇശാഅ് നമസ്‌കരിച്ചു. അപ്പോള്‍ അദ്ദേഹം സൂറത്തുല്‍ ഇന്‍ശിക്വാക്വ് പാരായണം ചെയ്യുകയും (ഓത്തിന്റെ) സുജൂദു ചെയ്യുകയും ചെയ്തു. ഞാന്‍ ചോദിച്ചു: ‘ഇത് എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘അബുല്‍ക്വാസിം, നബി ﷺയുടെ പിന്നില്‍ ഈ സൂറത്തില്‍ ഞാന്‍ സുജൂദു ചെയ്തിരുന്നു. തിരുമേനിയെ കണ്ടുമുട്ടുന്നതുവരെ ഞാന്‍ അത് (പരായണം ചെയ്തു) സുജൂദു ചെയ്തുകൊണ്ടിരിക്കും.’’

പാരായണം ചെയ്യുന്നവന്‍ സുജൂദു ചെയ്തിട്ടില്ലെങ്കില്‍ ശ്രോതാവ് സുജൂദ് ചെയ്യരുത്. കാരണം സുജൂദിന്റെ വിഷയത്തില്‍ ശ്രോതാവ് പാരായണം ചെയ്യുന്നവനെ തുടരേണ്ടതുണ്ട്. മേല്‍പറഞ്ഞ, സെയ്ദ് ഇബ്‌നു സാബിതില്‍നിന്നുള്ള ഹദീസിന്റെ തേട്ടവും അതാണ്. കാരണം സെയ്ദ്(റ) സുജൂദു ചെയ്തില്ല. അതിനാല്‍ തിരുനബിﷺയും സുജൂദു ചെയ്തില്ല.

സുജൂദുത്തിലാവഃയുടെ മഹത്ത്വം

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, തിരുനബിﷺ പറഞ്ഞു: “ആദമിന്റെ പുത്രന്‍ സുജൂദുള്ള ആയത്തു പാരായണം ചെയ്യുകയും സുജൂദു ചെയ്യുകയുമായാല്‍ കരഞ്ഞുകൊണ്ട് ശയ്‌ത്വാന്‍ അകന്നുനില്‍ക്കും. അവന്‍ പറയും: ‘നാശം! മനുഷ്യന്‍ സുജൂദുകൊണ്ട് കല്‍പിക്കപ്പെടുകയും അവന്‍ സുജൂദു ചെയ്യുകയും ചെയ്തു. അതിനാല്‍ അവന്നു സ്വര്‍ഗമുണ്ട്. ഞാന്‍ സുജൂദുകൊണ്ടു കല്‍പിക്കപ്പെട്ടു. അപ്പോള്‍ ഞാന്‍ വിസമ്മതിച്ചു. അതിനാല്‍ എനിക്കു നരകമാണ്.’’

സുജൂദുത്തിലാവഃയുടെ രൂപവും രീതിയും

ഒരു സുജൂദു ചെയ്യുക. സുജൂദിലേക്കു പോകുമ്പോള്‍ തക്ബീര്‍ ചൊല്ലുക. നമസ്‌കാരത്തിലെ സുജൂദില്‍ ചൊല്ലുന്നതുപോലെ سبحان رَبِّيَ الأَعلى (അത്യുന്നതനായ എന്റെ റബ്ബിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു) എന്നു ചൊല്ലുക. അപ്രകാരം سُبْحانَكَ اللَّهُمَّ ربَّنَا وَبحمْدِكَ اللَّهمَّ اغْفِرْ لِي (ഞങ്ങളുടെ റബ്ബായ അല്ലാഹുവേ, നിന്നെ സ്തുതിക്കുന്നതോടൊപ്പം നിന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അല്ലാഹുവേ, എന്റെ പാപം നീ പൊറുക്കണമേ) എന്നും ചൊല്ലാവുന്നതാണ്. سجد وجهي للذي خلقَه وصوره وشقَّ سمعه وبصره بحوله وقُوَّته (സൃഷ്ടിക്കുകയും കണ്ണും കാതും കീറുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും ശേഷിയും കൊണ്ടാണോ അവന് എന്റെ മുഖം സുജൂദ് ചെയ്തിരിക്കുന്നു) എന്നും ചൊല്ലാവുന്നതാണ്.

തിലാവത്തിന്റെ സുജൂദുള്ള സ്ഥലങ്ങള്‍

വിശുദ്ധ ക്വുര്‍ആനില്‍ പാരായണത്തിന്റെ സുജൂദുള്ള സ്ഥലങ്ങള്‍ പതിനഞ്ചാണ്. അവ ക്രമത്തില്‍ ഇപ്രകാരമാകുന്നു:

1. സൂറതുല്‍അഅ്‌റാഫ്: 206.
2. സൂറതുര്‍റഅ്ദ്: 15.
3. സൂറതുന്നഹ്‌ല്: 49.
4. സൂറതുല്‍ഇസ്‌റാഅ്: 107.
5. സൂറതുമര്‍യം: 58.
6. സൂറതുല്‍ഹജ്ജ്: 18.
7. സൂറതുല്‍ഹജ്ജ്: 77.
8. സൂറതുല്‍ഫുര്‍ക്വാന്‍: 60.
9. സൂറതുന്നംല്: 25.
10. സൂറതുസ്സജദ: 15.
11. സൂറതുസ്സ്വാദ്: 24.
11. സൂറതു ഫുസ്സ്വിലത്ത്: 37.
12. സൂറതുന്നജ്മ്: 62.
13. സൂറതുല്‍ഇന്‍ശിക്വാക്വ്: 21.
14. സൂറതുല്‍അലക്വ്: 19.

സുജൂദുശ്ശുക്‌റ്

ഒരു അനുഗ്രഹം ലഭിച്ചവനും അല്ലെങ്കില്‍ ഒരു ആപത്ത് ചെറുക്കപ്പെട്ടവനും അതുമല്ലെങ്കില്‍ തനിക്ക് സന്തോഷകരമായതുകൊണ്ട് സുവിശേഷമറിയിക്കപ്പെട്ടവനും തിരുനബിﷺയെ അനുധാവനം ചെയ്ത് അല്ലാഹുവിനു സുജൂദു ചെയ്യല്‍ സുന്നത്താണ്. ഈ സുജൂദ് ചെയ്യുവാന്‍ ക്വിബ്‌ലക്ക് മുന്നിടല്‍ നിബന്ധനയല്ല. എന്നാല്‍ അതില്‍ ക്വിബ്‌ലക്കു മുന്നിട്ടാല്‍ അത് ഏറ്റവും ഉത്തമമാണ്.

അല്ലാഹുവിന്റെ റസൂല്‍ﷺ ശുക്‌റിന്റെ സുജൂദ് ചെയ്യാറുണ്ടായിരുന്നു. അബൂബക്‌റ്(റ)വില്‍നിന്നു നിവേദനം: “തനിക്കു സന്തോഷകരമായ ഒരു കാര്യം തിരുനബിﷺക്ക് വന്നാല്‍ അല്ലെങ്കില്‍ അതുകൊണ്ടു തിരുമേനി സുവിശേഷമറിയിക്കപ്പെട്ടാല്‍ അനുഗ്രഹപൂര്‍ണനും അത്യുന്നതനുമായ അല്ലാഹുവിനു ശുക്‌റ് അര്‍പ്പിച്ചുകൊണ്ട് അവിടുന്ന് സുജൂദു ചെയ്തു വീഴുമായിരുന്നു.’’ ഇപ്രകാരം സ്വഹാബികളും ചെയ്യുമായിരുന്നു.

സുജൂദുത്തിലാവഃയുടെ വിധിതന്നെയാണ് ശുക്‌റിന്റെ സുജൂദിന്റെ വിധിയും. അതുപോലെയാണ് അതിന്റെ രൂപവും രീതിയും.

(ഒരു സംഘം പണ്ഡിതന്മാര്‍ രചിച്ച ‘അല്‍ഫിക്വ്ഹുല്‍ മുയസ്സര്‍ ഫീ ദൗഇല്‍ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തില്‍നിന്നുമെടുത്തത്)