ജുമുഅ നമസ്‌കാരം

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 നവംബർ 16, 1446 ജു. ഊലാ 14

മതവിധിയും തെളിവുകളും

പുരുഷന്മാർക്ക് ‘ഫർദു ഐൻ’ (വ്യക്തിപരമായി നിർബന്ധം) ആകുന്നു ജമുഅ. അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക...’’ (ക്വുർആൻ 65:9).

തിരുനബിﷺ പറഞ്ഞു: “പ്രായപൂർത്തിയായ ഓരോരുത്തനും ജുമുഅക്കു പോകൽ നിർബന്ധമാണ്’’ നബിﷺ പറഞ്ഞു: “ജുമുഅകൾ ഉപേക്ഷിക്കുന്നതിൽനിന്ന് ആളുകൾ വിരമിച്ചുകൊള്ളട്ടെ. അതില്ലെ ങ്കിൽ അല്ലാഹു അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കുകയും പിന്നീട് അവർ അശ്രദ്ധരാവുകയും ചെയ്യുന്ന താണ്.’’

ഇമാം നവവി(റഹി) പറഞ്ഞു: “ഇതിൽ ജുമുഅ ‘ഫർദു ഐൻ’ (വ്യക്തിപരമായി നിർബന്ധം) ആകുന്നു എന്നുണ്ട്. തുടർന്നു പരാമർശിക്കുന്ന ഹദീസിലും ജുമുഅ നിർബന്ധമെന്നുണ്ട്; അത് ഇപ്രകാരമാണ്: ‘ജുമുഅ ഓരോ മുസ്‌ലിമിനും നിർബന്ധ ബാധ്യതയാണ്.’’

ജുമുഅ ആർക്കാണ് നിർബന്ധമാവുക?

സ്വതന്ത്രനായ, പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള, ജുമുഅക്കെത്തുവാൻ കഴിവുള്ള, നാട്ടിൽ താമസി ക്കുന്ന ഓരോ മുസ്‌ലിം പുരുഷനും ജുമുഅ നിർബന്ധമാകുന്നു. അടിമ, സ്ത്രീ, കുട്ടി, ഭ്രാന്തൻ, രോഗി, യാത്രക്കാരൻ എന്നിവരുടെ മേൽ ജുമുഅ നിർബന്ധമില്ല.

തിരുനബിﷺ പറഞ്ഞു: “ജുമുഅ ജമാഅത്തായി (സംഘടിതമായി) നിർവഹിക്കൽ ഓരോ മുസ്‌ലിമിനും നിർബന്ധ ബാധ്യതയാണ്, നാലുവിഭാഗത്തിനൊഴിച്ച്; അടിമ, സ്ത്രീ, കുട്ടി, രോഗി എന്നിവരാണ വർ.’’

എന്നാൽ യാത്രക്കാരനു ജുമുഅ നിർബന്ധമില്ല. കാരണം തിരുനബിﷺ തന്റെ യാത്രകളിൽ ജുമുഅ നമസ്‌കരിക്കുമായിരുന്നില്ല. തന്റെ ഹജ്ജിൽ അറഫയുടെ ദിനം വെള്ളിയാഴ്ചയോട് ഒത്തുവന്നു. എന്നിട്ടും തിരുനബി ﷺ വെള്ളിയാഴ്ച ദ്വുഹ്‌റു നമസ്‌കരിക്കുകയും അസ്വ‌്‌ർ അതിന്റെകൂടെ ജംആക്കുകയുമാണ് ചെയ്തത്. എന്നാൽ ജുമുഅ നിർവഹിക്കപ്പെടുന്ന ഒരു നാട്ടിൽ ചെന്നിറങ്ങുന്ന ഒരു യാത്രക്കാരന് ഏറ്റവും ശ്രേഷ്ഠമായത് മുസ്‌ലിംകളോടൊപ്പം ജുമുഅ നമസ്‌രിക്കലാണ്. അടിമ, സ്ത്രീ, കുട്ടി, രോഗി, യാത്രക്കാരൻ എന്നിവർ ജുമുഅയിൽ സംബന്ധിച്ചാൽ അത് അവരിൽനിന്ന് സാധുവാകും. ദ്വുഹ്ർ നമസ്‌കാരത്തെ തൊട്ട് അവർക്കതു മതിയാകുന്നതുമാണ്.

ജുമുഅയുടെ സമയം

ജുമുഅയുടെ സമയം ദ്വുഹ്‌റിന്റെ സമയമാകുന്നു; സൂര്യൻ ആകാശമധ്യത്തിൽനിന്നു തെറ്റിയതു മുതൽ ഒരു വസ്തുവിന്റ നിഴൽ അതിന്റെ നീളത്തോളമാകുന്നതുവരെ. അനസി(റ)ൽനിന്നു നിവേദനം: “സൂര്യൻ ആകാശമധ്യത്തിൽനിന്നു തെറ്റുന്ന വേളയിൽ നബിﷺ ജുമുഅ നമസ്‌കരിക്കുമായിരുന്നു.’’ ഇതാണ് സ്വഹാബത്തിൽനിന്ന് അവരുടെ പ്രവൃത്തിയായി നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്. ആയതിനാൽ ജുമുഅയിൽനിന്ന് അതിന്റെ സമയം തീരുന്നതിനു മുമ്പ് വല്ലവനും ഒരു റക്അത്തു ലഭിച്ചാൽ അവനു ജുമുഅ ലഭിച്ചിരിക്കുന്നു. ഒരു റക്അത്ത് ജുമുഅയിൽനിന്നു ലഭിച്ചിട്ടില്ലെങ്കിൽ അവൻ ദ്വുഹ്ർ നമസ്‌കരിക്കട്ടെ. തിരുനബിﷺ പറഞ്ഞു: “വല്ലവന്നും നമസ്‌കാരത്തിൽനിന്ന് ഒരു റക്അത്ത് ലഭിച്ചാൽ അവന് ആ നമസ്‌കാരം ലഭിച്ചിരിക്കുന്നു.’’

ജുമുഅ ഖുത്വുബ

ജുമുഅയുടെ റുക്‌നുകളിൽ ഒരു റുക്‌നാണ് ഖുത്വുബ. അതില്ലാതെ ജുമുഅ സ്വഹീഹാവുകയില്ല. തിരുന ബിﷺ അതു നിത്യമാക്കുകയും ഒരിക്കലും ഒഴിവാക്കാതിരിക്കുകയും ചെയ്തതിനാലാണത്. രണ്ടു ഖുത്വുബകളാണ്. ജുമുഅ നമസ്‌കാരം സാധുവാകുവാൻ ഖുത്വുബകൾ ജുമുഅ നമസ്‌കാരത്തെ മുൻ കടക്കണമെന്നത് നിബന്ധനയാകുന്നു.

ഖുത്വുബയുടെ സുന്നത്തുകൾ

മുസ്‌ലിംകൾക്ക് ഇഹപര നന്മകളുണ്ടാകുന്ന വിഷയങ്ങളിൽ അവർക്കുവേണ്ടി ദുആചെയ്യൽ സുന്നത്താണ്. അതോടൊപ്പം മുസ്‌ലിം ഭരണാധികാരികൾക്കു നന്മക്കും തൗഫീക്വിനും വേണ്ടി ദുആ ചെയ്യണം. കാരണം നബിﷺ വെള്ളിയാഴ്ച ദിവസം ഖുത്വുബ നിർവഹിച്ചാൽ ദുആ ചെയ്യുകയും വിരൽ ചൂണ്ടുകയും ജനങ്ങൾ ആമീൻ നിർവഹിക്കുകയും ചെയ്തിരുന്നു. ഖുത്വുബകളും നമസ്‌കാരവും ഒരു വ്യക്തി ഏറ്റെടുക്കലും കഴിവിനനുസരിച്ച് ഖുത്വുബയിൽ ശബ്ദമുയർത്തലും നിന്നുകൊണ്ടു ഖുത്വുബ നിർവഹി ക്കലും സുന്നത്താണ്. അല്ലാഹു പറഞ്ഞു: “അവർ നിന്ന നിൽപിൽ താങ്കളെ വിട്ടേക്കുകയും ചെയ്യുന്നതാണ്’’ (ക്വുർആൻ 65: 11).

ജാബിർ ഇബ്‌നു സമുറ(റ) പറയുന്നു: “നിശ്ചയം, അല്ലാഹുവിന്റെ തിരുദൂതർ നിന്നുകൊണ്ട് ഖുത്വുബ പറയുകയും പിന്നീട് ഇരിക്കുകയും ചെയ്യുമായിരുന്നു. ശേഷം എഴുന്നേൽക്കുകയും നിന്നുകൊണ്ടു ഖുത്വുബ നിർവഹിക്കുകയും ചെയ്യുമായിരുന്നു. അതിനാൽ, വല്ലവനും താങ്കളോട് തിരുമേനി ഇരുന്നുകൊണ്ട് ഖുത്വുബ നിർവഹിച്ചിരുന്നു എന്നു പറഞ്ഞാൽ അവൻ കളവു പറഞ്ഞിരിക്കുന്നു.’’

ഒരു മിമ്പറിലോ അല്ലെങ്കിൽ ഒരു ഉയർന്ന സ്ഥലത്തോ വെച്ചു നിർവഹിക്കലും സുന്നത്താണ്. കാരണം തിരുമേനിﷺ തന്റെ മിമ്പറിൽ വെച്ചായിരുന്നു ഖുത്വുബ നിർവഹിച്ചിരുന്നത്. അത് ഉയരമുള്ളതായിരുന്നു. അതാകുന്നു അറിയിപ്പും ഉപദേശവും കൂടുതൽ ഹൃദയസ്പൃക്കാക്കുന്നത്.

രണ്ടു ഖുത്വുബകൾക്കിടയിൽ കുറച്ചുസമയം ഇരിക്കലും സുന്നത്താകുന്നു. ഇബ്‌നു ഉമർ(റ) പറയുന്നു: “തിരുനബിﷺ നിന്നുകൊണ്ട് രണ്ടു ഖുത്വുബകൾ നിർവഹിക്കുമായിരുന്നു. ഇരുത്തംകൊണ്ട് അവയ്ക്കിടയിൽ വെർപ്പെടുത്തുകയും ചെയ്യുമായിരുന്നു.’’

രണ്ടു ഖുത്വുബകളും ചുരുക്കലും രണ്ടാമത്തെത് ആദ്യത്തേതിനെക്കാൾ ചുരുക്കലും സുന്നത്താകുന്നു. നബിﷺ പറഞ്ഞതായി അമ്മാറി(റ)ൽനിന്നു നിവേദനം: “നിശ്ചയം, ഒരു വ്യക്തിയുടെ നമസ്‌കാരത്തിന്റെ ദൈർഘ്യവും ഖുത്വുബ ചുരുക്കി അവതരിപ്പിക്കലും അയാളുടെ വിജ്ഞാനത്തിന്റെ ലക്ഷണമാണ്. അതിനാൽ നിങ്ങൾ നമസ്‌കാരം ദീർഘിപ്പിക്കുക; ഖുത്വുബ ചുരുക്കുക.’’

ഖത്വീബ് മഅ്മൂമുകളെ അഭിമുഖീകരിച്ചാൽ അവരോടു സലാം പറയൽ സുന്നത്താണ്. ജാബിർ (റ) പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതർ മിമ്പറിൽ കയറിയാൽ സലാം പറയുമായിരുന്നു.’’

മുഅദ്ദിൻ ബാങ്കുവിളിയിൽനിന്നു വിരമിക്കുന്നതുവരെ ഖത്വീബ് മിമ്പറിൽ ഇരിക്കൽ സുന്നത്താണ്. ഇബ്‌നുഉമർ(റ) പറഞ്ഞു: “നബിﷺ മിമ്പറിൽ കയറിയാൽ മുഅദ്ദിൻ ബാങ്കുവിളിയിൽനിന്നു വിരമിക്കുന്നതുവരെ ഇരിക്കുമായിരുന്നു. ശേഷം തിരുമേനി എഴുന്നേൽക്കുകയും ഖുത്വുബ പറയുകയും ചെയ്യും.’’

ജുമുഅയിൽ ഹറാമാകുന്ന കാര്യങ്ങൾ

ഇമാം ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ സംസാരം ഹറാമാകുന്നു. തിരുനബിﷺ പറഞ്ഞു: “വെള്ളിയാഴ്ച ഇമാം ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ വല്ലവനും സംസാരിച്ചാൽ അവൻ ഗ്രന്ഥത്താളുകൾ ചുമക്കുന്ന കഴുതയെ പോലെയാണ്.’’

നബിﷺ പറഞ്ഞു: “ഇമാം ഖുത്വുബ നടത്തിക്കൊണ്ടിരിക്കെ വല്ലവനും തന്റെ കൂട്ടുകാരനോട് നീ മിണ്ടാതിരിക്കൂ എന്നു പറഞ്ഞാൽ അവൻ ലഗ്‌വാക്കി, അഥവാ തള്ളപ്പെടേണ്ടതും നിരർഥകവുമായ സംസാരം നടത്തി.’’

ഖുത്വുബക്കിടയിൽ ജനങ്ങളുടെ ചുമലുകൾ കവച്ചുവെച്ച് നടക്കുന്നത് തെറ്റാകുന്നു. ചുമലുകൾ കവച്ചുവെച്ചു നടക്കുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ തിരുമേനിﷺ പറഞ്ഞു: “ഇരിക്കൂ. തീർച്ചയായും താങ്കൾ ദ്രോഹം ചെയ്തിരിക്കുന്നു...’’ അപ്പോൾ, ആ പ്രവൃത്തിയിൽ നമസ്‌കരിക്കുന്നവർക്ക് ദ്രോഹവും ഖുത്വുബ കേൾക്കുന്നതിൽനിന്ന് അവരുടെ ശ്രദ്ധതെറ്റിക്കലുമാണുള്ളത്.

എന്നാൽ ഇമാമിനു തന്റെ സ്ഥലത്തേക്ക് എത്തുവാൻ ആളുകളുടെ ചുമലുകളെ കവച്ചുവെച്ച് നടന്നാലല്ലാതെ സാധിക്കുകയില്ലെങ്കിൽ അതിൽ ഇമാമിനു യാതൊരു കുഴപ്പവുമില്ല. ഖുത്വുബക്കിടയിൽ രണ്ടാളുകൾക്കിടയിൽ വേർപ്പെടുത്തി വിടവുണ്ടാക്കുന്നത് വെറുക്കപ്പെട്ടതാണ്. തിരുനബിﷺ പറഞ്ഞു: “വല്ല വനും വെള്ളിയാഴ്ച കുളിക്കുകയും...(പള്ളിയിൽ) പോവുകയും രണ്ടാളുകൾക്കിടയിൽ വേർപ്പെടുത്തി ഇടമുണ്ടാക്കാതെ തനിക്കു വിധിച്ചത് അയാൾ നമസ്‌കരിക്കുകയും... ചെയ്താൽ അതിനും അടുത്ത ജുമുഅക്കുമിടയിലുള്ള (ചെറുപാപങ്ങൾ) അയാൾക്കു പൊറുക്കപ്പെടും.’’

ജുമുഅ ലഭിക്കുവാൻ

ഇമാമിനോടൊപ്പം ഒരു റക്അത്തു ലഭിക്കൽകൊണ്ട് ജുമുഅ ലഭിക്കും. തിരുനബിﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യിൽനിന്നു നിവേദനം: “വല്ലവന്നും ജുമുഅയിൽനിന്ന് ഒരു റക്അത്തു ലഭിച്ചാൽ അവനു (ജുമുഅ) നമസ്‌കാരം ലഭിച്ചു.’’ റക്അത്തിനെക്കാൾ കുറവാണ് ഇമാമിനോടൊപ്പം ലഭിച്ചതെങ്കിൽ അവൻ ദ്വുഹ്‌റു നമസ്‌കരിക്കട്ടെ. (തുടരും)

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ നിന്നുമെടുത്തത്)