ഹജ്ജും ഉംറയും 2
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ഏപ്രിൽ 20, 1445 ശവ്വാൽ 11

ഹജ്ജിന്റെ റുക്‌നുകൾ
ഹജ്ജിന്റെ റുക്‌നുകൾ നാലാണ്:
1. ഇഹ്‌റാം: ഹജ്ജ് നിയ്യത്താക്കലും ഉദ്ദേശിക്കലുമാണത്. കാരണം ഹജ്ജ് ഇബാദത്താകുന്നു. അതിനാൽ മുസ്‌ലിംകളുടെ ഐകകണ്‌ഠ്യേനയുള്ള അഭിപ്രായപ്രകാരം നിയ്യത്തുകൊണ്ടല്ലാതെ അതു ശരിയാവു കയില്ല. തിരുനബിﷺയുടെ വചനമാണ് ഈ വിഷയത്തിൽ അടിസ്ഥാനം. അവിടുന്ന് പറഞ്ഞു: “നിശ്ചയം, കർമങ്ങൾ നിയ്യത്തുകൾ(ഉദ്ദേശ്യങ്ങൾ)കൊണ്ടു മാത്രമാണ്. ഓരോ മനുഷ്യനുമുള്ളത് അവൻ നിയ്യത്താക്കിയതു മാത്രമാണ്...’’
നിയ്യത്തിന്റെ സ്ഥാനം ഹൃദയമാകുന്നു. എന്നാൽ ഹജ്ജിൽ ഏറ്റവും ശ്രേഷ്ഠമായതു താൻ ചെയ്യുവാനുദ്ദേശിക്കുന്ന ഹജ്ജുകർമത്തെ നിർണയിച്ച് അത് ഉച്ചരിക്കലാണ്. കാരണം, തിരുനബിയുടെ ചര്യയിൽ അപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്.
2. അറഫയിൽ നിൽക്കൽ: ഇതു റുക്‌നാണെന്നതിൽ ഏകോപിച്ച അഭിപ്രായം (ഇജ്മാഅ്) ഉണ്ട്. അതിനുള്ള തെളിവ് നബിവചനമാണ്. അവിടുന്ന് പറഞ്ഞു: “ഹജ്ജ് അറഫയാകുന്നു.’’
അറഫയിൽ നിൽക്കുവാനുള്ള സമയം അറഫാദിനം സൂര്യൻ ആകാശമധ്യത്തിൽനിന്നു തെറ്റിയ തുമുതൽ ബലിപെരുന്നാൾ ദിവസം ഫജ്‌റിന്റെ ഉദയംവരെയാകുന്നു.
3. ത്വവാഫുസ്സിയാറ: ഈ ത്വവാഫിനു ത്വവാഫുൽ ഇഫാദയെന്നും പേരുപറയപ്പെടും. കാരണം, അത് അറഫയിൽനിന്നുള്ള പുറപ്പാടിനു ശേഷമാകുന്നു. ത്വവാഫുൽഫറദ് എന്നും ഈ ത്വവാഫിനു പേരുണ്ട്. ഈ ത്വവാഫും റുക്‌നാണെന്നതിൽ ഇജ്മാഅ് ഉണ്ട്. അല്ലാഹു പറഞ്ഞു: “പിന്നെ അവർ തങ്ങളുടെ അഴുക്ക് നീക്കികളയുകയും തങ്ങളുടെ നേർച്ചകൾ നിറവേറ്റുകയും പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ’’ (ക്വുർആൻ 22:29).
4. സ്വഫാമർവകൾക്കിടയിൽ സഅ്‌യ് നടത്തൽ: ഇതു റുക്‌നാകുന്നു. ആഇശ(റ)യിൽനിന്നുള്ള ഹദീസാണ് അതിനുള്ള തെളിവ്. അവർ പറഞ്ഞു: “സ്വഫാ മർവകൾക്കിടയിൽ സഅ്‌യ് ചെയ്തിട്ടില്ലാത്ത ഒരാളുടെ ഹജ്ജും ഉംറയും അല്ലാഹു പൂർത്തീകരിക്കുകയില്ല.’’ തിരുനബിﷺ പറഞ്ഞു: “നിങ്ങൾ സഅ്‌യു ചെയ്യുക. കാരണം അല്ലാഹു നിങ്ങൾക്കു സഅ്‌യ് നിർബന്ധമാക്കിയിരിക്കുന്നു.’’ ഈ റുക്‌നുകൾ കൊണ്ടല്ലാതെ ഹജ്ജ് ശരിയാവുകയില്ല. വല്ലവനും ഇവയിൽനിന്ന് വല്ലതും ഒഴിവാക്കിയാൽ അത് എത്തിക്കുന്നതുവരെ അവന്റെ ഹജ്ജ് പരിപൂർണമാകില്ല.
ഹജ്ജിന്റെ വാജിബുകൾ
1. ഇസ്‌ലാം പരിഗണിച്ച മീക്വാത്തിൽവെച്ച് ഇഹ്‌റാമിൽ പ്രവേശിക്കൽ.
2. അറഫയിൽ പകലിൽ എത്തിയവർ രാത്രിവരേക്കും അവിടെ നിൽക്കൽ: കാരണം തിരുനബിﷺ സൂര്യൻ അസ്തമിക്കുന്നതുവരെ അറഫയിൽ നിൽക്കുകയുണ്ടായി. നബിﷺയുടെ ഹജ്ജിന്റെ രീതി വിവരിക്കുമ്പോൾ അതിനെക്കുറിച്ച് വരുന്നുണ്ട്. നബിﷺ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ ഹജ്ജുകർമങ്ങൾ എന്നിൽനിന്നു സ്വീകരിക്കുക.’’
3. ബലിദിനരാവിൽ (ഒമ്പതിനു രാത്രി) അർധരാത്രിയാകുന്നതിനു മുമ്പ് മുസ്ദലിഫയിൽ എത്തുവാൻ സാധിച്ചാൽ അർധരാത്രിവരെ രാപാർക്കുക. തിരുനബിﷺ അപ്രകാരം ചെയ്തിട്ടുണ്ട്.
4. അയ്യാമുത്തശ്‌രീക്വിന്റെ രാവുകളിൽ മിനയിൽ രാപാർക്കുക.
5. ക്രമപ്രകാരം ജംറകളിൽ കല്ലെറിയുക.
6. മുടി വടിക്കുക, അല്ലെങ്കിൽ മുടി വെട്ടുക: അല്ലാഹു പറഞ്ഞു: “തല മുണ്ഡനം ചെയ്തവരും മുടി വെട്ടിയവരും ആയിക്കൊണ്ട്...’’(ക്വുർആൻ 48: 27) നബിﷺയുടെ പ്രവൃത്തിയും കൽപനയും ആ വിഷയത്തിലുണ്ട്.
7. ആർത്തവകാരിയും പ്രസവരക്തമുള്ളവരുമല്ലാത്തവർക്കു ത്വവാഫുൽവദാഅ്. ഇബ്‌നു അബ്ബാസി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ഹാജിമാരുടെ അവസാനത്തെ കർമം കഅ്ബയെ ത്വവാഫു ചെയ്യലാകണമെന്ന് അനുശാസിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഋതുമതികളായ സ്ത്രീകൾക്ക് ഇതിൽ ഇളവ് അനുവദിക്കപ്പെട്ടിരിക്കുന്നു.’’
വല്ലവനും ഈ വാജിബുകളിൽ വല്ലതും ബോധപൂർവമോ അല്ലെങ്കിൽ മറന്നുകൊണ്ടോ ഉപേക്ഷിച്ചാൽ ഒരു മൃഗബലി പ്രായച്ഛിത്തമായി നൽകി അതു പരിഹരിക്കുകയാണു വേണ്ടത്. അയാളുടെ ഹജ്ജ് സാധുവാകും. ഇബ്‌നുഅബ്ബാസ്(റ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്: “വല്ലവനും തന്റെ ഹജ്ജുകർമത്തിൽനിന്ന് വല്ലതും മറക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്താൽ അവൻ മൃഗബലിനടത്തി പ്രായച്ഛിത്തം ചെയ്യട്ടെ.’’
ഉപരിയിൽ പറഞ്ഞതല്ലാത്ത കർമങ്ങളെല്ലാം സുന്നത്താകുന്നു. ഈ സുന്നത്തുകളിൽ പ്രധാനപെട്ടവ:
1. ഇഹ്‌റാമിനുവേണ്ടി കുളിക്കുക, സുഗന്ധം പൂശുക, വെളുത്ത രണ്ടു വസ്ത്രങ്ങൾ ധരിക്കുക.
2. നഖം വെട്ടുക, ഗുഹ്യരോമവും കക്ഷരോമവും നീക്കുക, മീശവെട്ടുക.
3. മുഫ്‌രിദും ക്വാരിനും ത്വവാഫുൽക്വുദൂം നിർവഹിക്കുക.
4. ത്വവാഫുൽക്വുദൂമിലെ മൂന്നു ചുറ്റുകളിൽ റമലു നടത്തം (കാലുകൾ അടുപ്പിച്ചുവെച്ച് ധൃതിയിലുള്ള നടത്തം).
5. ത്വവാഫുൽക്വുദൂമിൽ ഇദ്ത്വിബാഅ്. മേൽമുണ്ടിന്റെ മധ്യഭാഗം വലത്തെ ചുമലിനു താഴെയും അതിന്റെ രണ്ടറ്റങ്ങൾ ഇടത്തെ ചുമലിനു മീതെയും ആക്കുന്നതിനാണ് ഇദ്ത്വിബാഅ് എന്നു പറയുന്നത്.
6. അറഫാരാവിൽ (ദുൽഹിജ്ജ എട്ടിന്) മിനയിൽ രാപാർക്കൽ.
7. ഇഹ്‌റാമിൽ പ്രവേശിച്ചതു മുതൽ ജംറത്തുൽ അക്വബയിൽ എറിയുന്നതുവരെ തൽബിയ്യത്തു ചൊല്ലൽ.
8. മുസ്ദലിഫയിൽ മഗ്‌രിബും ഇശായും ജംആക്കി നമസ്‌കരിക്കൽ.
9. ഫജ്‌റിന്റെ ഉദയം മുതൽ സൂര്യോദയം വരെ മുസ്ദലിഫയിൽ മശ്അറുൽഹറാമിന്നടുത്ത് നിൽക്കൽ. സൗകര്യപ്പെട്ടെങ്കിലാണ് മശ്അറുൽഹറാമിന്നടുത്ത് നിൽക്കേണ്ടത്. അതിനായില്ലെങ്കിൽ മുസ്ദലിഫ മുഴുവനും നിൽക്കുവാനുള്ള സ്ഥലമാണ്.
ഇഹ്‌റാമിലെ നിഷിദ്ധങ്ങൾ, ഫിദ്‌യകൾ, ഹദ്‌യുകൾ
ഇഹ്‌റാംകൊണ്ടു നിഷിദ്ധമായവ: ഇഹ്‌റാമിൽ പ്രവേശിച്ചവനു ചെയ്യുവാൻ മതപരമായി പാടില്ലാത്ത കാര്യങ്ങളാണിവ. അവ ഒമ്പതെണ്ണമാകുന്നു:
1. തുന്നിയ വസ്ത്രം ധരിക്കൽ: കുപ്പായം, സിർവാൽ(കാൽശരായി) തുടങ്ങിയ, ശരീരത്തിന്റെയോ ശരീരാവയവങ്ങളുടെയോ വലിപ്പത്തിൽ തുന്നപ്പെട്ടതാണ് ഉദ്ദേശ്യം. എന്നാൽ ഉടുതുണിയില്ലാത്തവനു സിർവാൽ ധരിക്കാവുന്നതാണ്. ഇതു പുരുഷന്മാർക്കു പ്രത്യേകം നിഷിദ്ധമായതാണ്. എന്നാൽ സ്ത്രീക്ക് നിക്വാബും കയ്യുറകളുമൊഴിച്ച് അവളുദ്ദേശിക്കുന്ന വസ്ത്രം ധരിക്കാം. അതിന്റെ വിവരണം വഴിയെ വരുന്നുണ്ട്.
2. ശരീരത്തിലും വസ്ത്രത്തിലും സുഗന്ധം ഉപയോഗിക്കൽ: ഇപ്രകാരമാണ് സുഗന്ധം മനഃപൂർവം വാസനിക്കലും. സസ്യലതാതികളിൽ സുഗന്ധമായതു മണക്കുന്നത് അനുവദനീയമാകുന്നു. സുഗന്ധമില്ലാത്ത സുറുമ ഉപയോഗിക്കാവുന്നതാണ്.

3. മുടിയോ നഖമോ നീക്കൽ: പുരുഷനായാലും സ്ത്രീയായാലും ശരി. സാവകാശത്തിൽ തലകഴുകുന്നത് അനുവദനീയമാകുന്നു. നഖം മുറിഞ്ഞുപോയാൽ അത് എടുത്തുകളയലും അനുവദനീയമാകുന്നു.
4. പുരുഷൻ തല മറയ്ക്കൽ: തലയോടു ചേർന്നു നിൽക്കുന്നവകൊണ്ടു മറക്കലാണ് നിഷിദ്ധം. ടെന്റ്, മരം പോലുള്ളതിൽ തണൽകൊള്ളാവുന്നതാണ്. ഇഹ്‌റാമിൽ പ്രവേശിച്ചവന് ആവശ്യമെങ്കിൽ കുടചൂടി തണൽകൊള്ളാവുന്നതാണ്. നിക്വാബ്, ബുർക്വ പോലെ മുഖത്തിന്റെ വലിപ്പത്തിൽ തയ്യാറാക്കപ്പെട്ട വസ്ത്രങ്ങൾകൊണ്ട് മുഖം മറയ്ക്കൽ സ്ത്രീകൾക്കു പാടില്ല. കയ്യുറകൾ ധരിക്കുവാനും അവൾക്കു പാടില്ല. സ്ത്രീകൾക്കിണങ്ങിയ വസ്ത്രങ്ങളിൽനിന്ന് വേണ്ടത് അവൾക്ക് അണിയാവുന്നതാണ്.
അറിവില്ലായ്മ നിമിത്തമോ മറന്നുകൊണ്ടോ നിർബന്ധിതനായോ വല്ലവനും സുഗന്ധമുപയോഗിക്കുകയോ തലമറക്കുകയോ തുന്നിയ വസ്ത്രം ധരിക്കുകയോ ചെയ്താൽ അവനു കുറ്റമോ പ്രായച്ഛിത്തമോ ഇല്ല. നബിﷺ പറഞ്ഞു: “മറന്നുകൊണ്ടോ അബദ്ധത്തിലോ നിർബന്ധിതരായിട്ടോ എന്റെ ഉമ്മത്ത് ചെ യ്യുന്ന കാര്യങ്ങളിൽ അല്ലാഹു വിട്ടുവീഴ്ച ചെയ്തിരിക്കുന്നു.’’
എന്നാൽ എപ്പോഴാണോ അറിവില്ലാത്തവൻ അറിയുകയും മറന്നവൻ ഓർക്കുകയും നിർബന്ധിതന്റെ നിർബന്ധാവസ്ഥ നീങ്ങുകയും ചെയ്യുന്നത് ഉടനടി നിഷിദ്ധമായത് തുടരുന്നത് അവസാനിപ്പിക്കൽ അവന്റെ ബാധ്യതയാണ്.
5. വിവാഹം ചെയ്യലും വിവാഹം ചെയ്തു കൊടുക്കലും.
6. ഗുഹ്യസ്ഥാനങ്ങളിൽ സംഭോഗം: ഹജ്ജിൽനിന്നുള്ള ഒന്നാം തഹല്ലുലി(വിരാമത്തി)നു ശേഷമാണ് സംയോഗമെങ്കിൽ അതു ഹജ്ജിനെ നഷ്ടപ്പെടുത്തും; അറഫയിൽ നിന്നതിനു ശേഷമാണ് അതെങ്കിലും ശരി.
7. സഹശയനം: ലൈംഗികവേഴ്ചയില്ലാതെയുള്ള ശൃംഗാരങ്ങൾ ഹജ്ജിനെ അസാധുവാക്കുകയില്ല. ഇപ്രകാരം ചുംബനവും സ്പർശനവും വികാരത്തോടെയുള്ള നോട്ടവും ഇഹ്‌റാമിൽ പാടില്ല.
8. കരയിലെ വേട്ടജന്തുക്കളെ കൊല്ലലും നായാട്ടും: ഹറമിൽവെച്ചും ഹറമിനു പുറത്തുവെച്ചും ഇഹ്‌റാമിൽ പ്രവേശിച്ചവനോടും അല്ലാത്തവനോടും കൊല്ലുവാൻ തിരുനബിﷺ കൽപിച്ച ഉപദ്രവജന്തുക്കളെ വധിക്കുന്നത് അനുവദനീയമാകുന്നു. കാക്ക, എലി, തേൾ, പരുന്ത്, പാമ്പ്, പേപ്പട്ടി എന്നിവയാകുന്നു അവ. ചൂണ്ടിക്കാണിച്ചോ മറ്റോ കരയിലെ വേട്ടജന്തുക്കളെ കൊല്ലുവാൻ സഹായിക്കുവാനോ താൻ കാരണം വേട്ടയാടിപ്പിടിച്ചത് തിന്നുവാനോ മുഹ്‌രിമിന് അനുവാദമില്ല.
9. ഇഹ്‌റാമിൽ പ്രവേശിച്ചവന്നും അല്ലാത്തവന്നും ഹറമിൽ വളരുന്ന ഉപദ്രവകരമല്ലാത്ത മരങ്ങളും സസ്യലതാതികളും മുറിക്കൽ അനുവദനീയമല്ല. വഴിയിലുള്ള ഉപദ്രവകരമായ കൊമ്പുകൾ മുറിക്കൽ അനുവദനീയമാകുന്നു. ഹറമിലെ വൃക്ഷങ്ങളിൽനിന്ന് ഇദ്ഖിറും(ഒരുതരം പുല്ല്) മനുഷ്യർ നട്ടുവളർത്തുന്നതും ഒഴിവാണെന്നതിൽ പണ്ഡിതന്മാരുടെ ഇജ്മാഉണ്ട്.
ഇഹ്‌റാമിൽ നിഷിദ്ധമായതു ചെയ്താലുള്ള ഫിദ്‌യ
മുടിനീക്കുക, നഖം മുറിക്കുക, തുന്നിയതു ധരിക്കുക, സുഗന്ധം ഉപയോഗിക്കുക, തലമറയ്ക്കുക, വികാരനോട്ടത്തിലൂടെയുള്ള ബീജസ്ഖലനം, ബീജസ്ഖലനമുണ്ടാകാത്തവിധമുള്ള സഹശയനം എന്നിവയ്ക്കുള്ള ഫിദ്‌യയായി താഴെ പറയുന്ന മൂന്നിനങ്ങളിൽ ഒന്നു തെരഞ്ഞെടുക്കാവുന്നതാണ്.
1. മൂന്നു ദിവസം വ്രതമനുഷ്ഠിക്കുക.
2. ആറ് അഗതികൾക്ക് അന്നം കൊടുക്കുക.
3. ഒരു ആടിനെ ബലിയറുക്കുക.
തലയിലെ ഈരും പേനും ശല്യമുണ്ടാക്കിയപ്പോൾ കഅ്ബ് ഇബ്‌നു ഉജറ(റ)യോട് തിരുനബിﷺ പറഞ്ഞു: “താങ്കൾ തലമുടി വടിക്കുക. മൂന്നുദിവസം നോമ്പെടുക്കുകയോ ആറ് അഗതികൾക്ക് അന്നം കൊടുക്കുകയോ ഒരു ആടിനെ അറുക്കുകയോ ചെയ്യുക.’’
മറ്റു ഏർപ്പാടുകൾ മുടിയെടുക്കുന്നതിനോട് ക്വിയാസ് (സാധർമ്യം) ചെയ്യപ്പെട്ടിരിക്കുന്നു. കാരണം അവ ഇഹ്‌റാംകൊണ്ടു നിഷിദ്ധമാക്കപ്പെട്ടവയാകുന്നു. അവ ഹജ്ജിനെ നഷ്ടപ്പെടുത്തുകയുമില്ല.
എന്നാൽ, വേട്ടജന്തുക്കളെ കൊന്നാൽ താൻ കൊന്നുകളഞ്ഞതിനു തുല്യമായ ഒരു കാലിയെ (ആട്, മാട്, ഒട്ടകം) ബലിയറുക്കുക. അല്ലെങ്കിൽ ആ കാലിക്ക് കൊന്നുകളഞ്ഞ സ്ഥലത്തുവെച്ച് വിലകെട്ടി പ്രസ്തുത വിലക്കു ഫിത്വ്ർ സകാത്തിനു മതിയാകുന്ന തരത്തിലുള്ള ഭക്ഷണം വാങ്ങി, ഗോതമ്പിൽനിന്ന് ഒരു മുദ്ദ് അല്ലെങ്കിൽ കാരക്ക, ബാർലി പോലുള്ളതിൽനിന്ന് അര സ്വാഅ് എന്ന അനുപാതത്തിൽ ഓരോ അഗതിക്കും അന്നം കൊടുക്കക. അതുമല്ലെങ്കിൽ ഓരോ അഗതിക്കും അന്നം കൊടുക്കുന്ന സ്ഥാനത്ത് ഓരോ ദിവസം നോമ്പനുഷ്ഠിക്കുക. വേട്ടമൃഗത്തെ കൊന്നവനു ഇവയിലൊന്ന് തെരഞ്ഞെടുക്കാവുന്ന താണ്. അല്ലാഹു പറഞ്ഞു: “നിങ്ങളിലൊരാൾ മനഃപൂർവം അതിനെ കൊല്ലുന്നപക്ഷം, അവൻ കൊന്നതിന് തുല്യമെന്ന് നിങ്ങളിൽ രണ്ടുപേർ തീർപ്പുകൽപിക്കുന്ന കാലിയെ (അഥവാ കാലികളെ) കഅ്ബത്തിങ്കൽ എത്തിച്ചേരേണ്ട ബലിമൃഗമായി നൽകേണ്ടതാണ്. അല്ലെങ്കിൽ പ്രായച്ഛിത്തമായി ഏതാനും അഗതികൾക്ക് ആഹാരം നൽകുകയോ, അല്ലെങ്കിൽ അതിന് തുല്യമായി നോമ്പെടുക്കുകയോ ചെയ്യേണ്ടതാണ്’’ (ക്വുർആൻ 5: 95).
ഇഹ്‌റാമിൽ പ്രവേശിച്ചവൻ ഹജ്ജിലെ ഒന്നാം വിരാമത്തിനു മുമ്പ് സംഭോഗത്തിലേർപ്പെട്ടാൽ അറിവില്ലായ്മ നിമിത്തമോ മറന്നുകൊണ്ടോ നിർബന്ധിതനായോ ആയിരുന്നാലും ശരി അത് ഹജ്ജിനെ നഷ്ടപ്പെടുത്തും. അതിൽ ഒരു ഒട്ടകത്തെ പ്രായച്ഛിത്തമായി നൽകൽ നിർബന്ധമാകുകയും ചെയ്യും. എന്നാൽ ഒന്നാം വിരാമത്തിനു ശേഷമാണ് ലൈംഗികബന്ധമെങ്കിൽ അത് ഹജ്ജിനെ നഷ്ടപ്പെടുത്തുകയില്ല. അതിൽ ഒരു ആടിനെ പ്രായച്ഛിത്തമായി നൽകൽ നിർബന്ധമാകുന്നു.
സഹശയനം, മുഷ്ടിമൈഥുനം, ചുംബനം, വികാരപൂർവമുള്ള സ്പർശനം, ആവർത്തിച്ചുള്ള നോട്ടം എന്നിവയാൽ ബീജം സ്ഖലിപ്പിക്കൽ ഹറാമാകുന്നു. എന്നാൽ അത് ഹജ്ജിനെ അസാധുവാക്കില്ല. ഒന്നാം വിരാമത്തിനു മുമ്പാണ് അതു സംഭവിച്ചതെങ്കിൽ ഒരു ബലിമൃഗത്തെ പ്രായച്ഛിത്തമായി നൽകൽ നിർബന്ധമാണ്. വിവാഹബന്ധത്തിൽ പ്രായച്ഛിത്തം നിർബന്ധമില്ല. എന്നാൽ വിവാഹം അസാധുവാകുന്നതാണ്.
മനുഷ്യർ നട്ടുവളർത്തിയതല്ലാത്ത, ഹറമിൽ മുളച്ചുവളർന്ന വൃക്ഷങ്ങൾ മുറിച്ചാൽ ചെറിയ മരങ്ങൾക്ക് ഒരു ആടും അതിനെക്കാൾ ഉയരമുള്ള മരങ്ങൾക്ക് ഒരു പശുവും ബാധ്യതയാകുന്നു. വലുപ്പച്ചെറുപ്പമളക്കേണ്ടത് നാട്ടുപതിവനുസരിച്ചാണ്. ചെടികളും ഇലയും വില നിശ്ചയിക്കപ്പെടുന്നവയാകയാൽ അവ മുറിച്ചാൽ വില നൽകലും ബാധ്യതയാണ്. നിഷിദ്ധമായതു ചെയ്തവൻ ബോധപൂർവം ചെയ്‌തെങ്കിലാണ് ഇതെല്ലാം. എന്നാൽ അറിവില്ലായ്മയാലോ മറന്നോ ചെയ്തുപോയതിൽ യാതൊന്നുമില്ല.
ഹദ്‌യും വിധികളും
അല്ലാഹുവിലേക്ക് അടുക്കുവാനെന്നോണം ആട്, മാട്, ഒട്ടകം എന്നീ കാലിവർഗങ്ങളിൽനിന്ന് ബലിയറുക്കുവാൻ വിശുദ്ധ മക്കയിലേക്ക് നയിക്കപ്പെടുന്നതാണ് ഹദ്‌യ്.
ഹദ്‌യിന്റെ ഇനങ്ങൾ
1.തമത്തുഅ്, ക്വിറാൻ എന്നീ ഹജ്ജുകർമങ്ങൾക്കുള്ള ഹദ്‌യ്: ഹറമിന്റെ പരിസരവാസികളെല്ലാത്തവർ ക്കെല്ലാം ഇതു നിർബന്ധമാണ്. ഇതു ബലിയാകുന്നു. ഹജ്ജിലെ പോരായ്മകളും വീഴ്ചകളും പരിഹരിക്കുവാനുള്ള പ്രായച്ഛിത്തമല്ല. അല്ലാഹു പറഞ്ഞു: “അപ്പോൾ ഒരാൾ ഉംറ നിർവഹിച്ചിട്ട് ഹജ്ജുവരെ സുഖമെടുക്കുന്നപക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലികഴിക്കേണ്ടതാണ്)’’ (ക്വുർആൻ 2: 196).
ബലിമൃഗത്തെയോ അതിന്റെ തുകയോ ലഭിക്കാതിരുന്നാൽ ഹജ്ജുവേളയിൽ മൂന്നു നോമ്പനുഷ്ഠിക്കണം. അവ അയ്യാമുത്തശ്‌രീക്വിൽ അനുഷ്ഠിക്കലും നാട്ടിൽ തിരിച്ചെത്തിയാൽ ഏഴു നോമ്പുകളനുഷ്ഠിക്കലും അനുവദനീയമാകുന്നു. അല്ലാഹു പറഞ്ഞു:
“ഇനി ആർക്കെങ്കിലും അത് കിട്ടാത്ത പക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും നിങ്ങൾ (നാട്ടിൽ) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും നോമ്പനുഷ്ഠിക്കേണ്ടതാണ്’’ (ക്വുർആൻ 2: 196).
തമത്തുഅ്, ക്വിറാൻ എന്നിവയിലുള്ള ഹദ്‌യിൽനിന്ന് ഭക്ഷിക്കൽ ഹാജിക്ക് സുന്നത്താണ്. അല്ലാഹു പറഞ്ഞു: “അവയിൽനിന്നെടുത്ത് നിങ്ങൾ ഭക്ഷിക്കുകയും (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങൾ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക’’ (ക്വുർആൻ 22: 36).
2. ഹദ്‌യു ജുബ്‌റാൻ: ഹജ്ജിന്റെ വാജിബുകളിൽ വല്ലതും ഉപേക്ഷിച്ചതിനോ ഇഹ്‌റാമിലെ നിഷിദ്ധങ്ങളിൽ വല്ലതും ചെയ്തതിനോ, ഉപരോധിക്കുവാനുള്ള കാരണമുണ്ടായതിനാൽ ഹജ്ജു ചെയ്യുന്നതിൽനിന്നു തടയപ്പെട്ടതിനാലോ നിർബന്ധമായും നൽകേണ്ട ഫിദ്‌യയാകുന്ന ബലിയാകുന്നു അത്. അല്ലാഹു പറഞ്ഞു: “നിങ്ങൾക്ക് (ഹജ്ജ് നിർവഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാൽ നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയർപ്പിക്കേണ്ടതാണ്)’’ (ക്വുർആൻ 2:196).
ഇബ്‌നുഅബ്ബാസ്(റ) ഇപ്രകാരം പറഞ്ഞു: “വല്ലവനും തന്റെ ഹജ്ജ് കർമത്തിൽനിന്നു വല്ലതും മറക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയോ ചെയ്താൽ അവൻ മൃഗബലിനടത്തി പ്രായച്ഛിത്തം നൽകട്ടെ.’’
ഈയിനം ബലിയിൽനിന്നു തീർഥാടകൻ ഭക്ഷിക്കൽ അനുവദനീയമല്ല. പ്രത്യുത അതു ഹറമിലെ അഗതികൾക്കു ധർമം ചെയ്യുകയാണു വേണ്ടത്.
3. ഹദ്‌യു തത്വവ്വുഅ്: തിരുനബി ﷺയുടെ ചര്യയെ അനുധാവനം ചെയ്തുകൊണ്ട് എല്ലാ ഹാജിമാർക്കും ഉംറക്കാർക്കും സുന്നത്തായുള്ള അറവാണത്. തിരുമേനിﷺ ഹജ്ജത്തുൽവദാഇൽ നൂറ് ഒട്ടകങ്ങളെ ബലിയായി സമർപ്പിക്കുകയുണ്ടായി. അതിൻനിന്നു ഭക്ഷിക്കൽ സുന്നത്താണ്. കാരണം, തിരുനബി ഓരോ ഒട്ടകത്തിൽനിന്നും മാംസക്കഷ്ണമെടുക്കുവാൻ കൽപിച്ചു. അതു പാചകം ചെയ്യപ്പെടുകയും അതിൽനിന്നു ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു.
ഇഹ്‌റാമിൽ പ്രവേശിക്കാത്തവനും പുണ്യമുദ്ദേശിച്ചുകൊണ്ട് ബലിയറുക്കുവാൻ ബലിമൃഗങ്ങളെ മക്കയിലേക്ക് അയക്കൽ അനുവദനീയമാകുന്നു. ഇഹ്‌റാമിൽ പ്രവേശിച്ചവനു പാടില്ലാത്ത കാര്യങ്ങൾ അവനു നിഷിദ്ധമാവുകയില്ല.
4. ഹദ്‌യുന്നദ്ർ: കഅ്ബത്തിങ്കൽ അല്ലാഹുവിലേക്കുള്ള ബലിയെന്നോണം ഹാജി നേർച്ചനേരുന്ന താണത്. ഈ നേർച്ച പൂർത്തീകരിക്കൽ നിർബന്ധമാകുന്നു. അല്ലാഹു പറഞ്ഞു: “പിന്നെ അവർ തങ്ങളുടെ അഴുക്കുനീക്കികളയുകയും തങ്ങളുടെ നേർച്ചകൾ നിറവേറ്റുകയും ചെയ്തുകൊള്ളട്ടെ’’ (ക്വുർആൻ 22: 3629). ഇതിൽനിന്ന് നേർച്ചയാക്കിയവൻ ഭക്ഷിക്കൽ അനുവദനീയമല്ല.
ബലിയറുക്കേണ്ട സമയം
ബലിപെരുന്നാൾ ദിനം പെരുന്നാൾ നമസ്‌കാരത്തോടെ തമത്തുഅ്, ക്വിറാൻ എന്നിവയിലുള്ള ഹദ്‌യ് അറുക്കേണ്ട സമയം തുടങ്ങുന്നു. അയ്യാമുത്തശ്‌രീക്വിന്റെ നാളുകളുടെ അവസാനംവരെ പ്രസ്തുത സമയം നീണ്ടുനിൽക്കുന്നു.
മുടി നീക്കുക, നഖം മുറിക്കുക, തുന്നിയതു ധരിക്കുക പോലെ ഇഹ്‌റാമിലെ നിഷിദ്ധങ്ങളിൽ വല്ലതും ചെയ്തതിനുള്ള പ്രായച്ഛിത്തബലി അതു പ്രവർത്തിച്ച സമയം മുതലാണ്. ഇപ്രകാരമാണ് ഹജ്ജിന്റെ വല്ല വാജിബും ഉപേക്ഷിച്ചതിനുള്ള ഫിദ്‌യയും. എന്നാൽ ഹജ്ജുചെയ്യുന്നതിൽനിന്നു തടയപ്പെട്ടതി നാലുള്ള ബലി നൽകേണ്ടത് ഉപരോധത്തിന്റെ കാരണം സംജാതമാകുമ്പോഴാണ്. ഒരു ആടാണ് പ്രസ്തുത ബലി. അല്ലെങ്കിൽ ഒരു പശുവിന്റെയോ ഒരു ഒട്ടകത്തിന്റെയോ ഏഴിലൊന്നു ഭാഗം. അല്ലാഹു പറഞ്ഞു: “നിങ്ങൾക്ക് (ഹജ്ജ് നിർവഹിക്കുന്നതിന്) തടസ്സം സൃഷ്ടിക്കപ്പെട്ടാൽ നിങ്ങൾക്ക് സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയർപ്പിക്കേണ്ടതാണ്)’’ (ക്വുർആൻ 2:196).
ബലിയറുക്കേണ്ട സ്ഥലം
തമത്തുഅ്, ക്വിറാൻ എന്നിവയിലുള്ള ഹദ്‌യ് മിനയിൽവെച്ച് അറുക്കൽ സുന്നത്താകുന്നു. ഹറമിന്റെ ഏത് ഭാഗത്തുവെച്ച് അറുത്താലും അതു മതിയാകുന്നതാണ്. ഹജ്ജിന്റെ വല്ല വാജിബും ഉപേക്ഷിച്ചതിനുള്ള ഫിദ്‌യയും ഇഹ്‌റാമിലെ നിഷിദ്ധങ്ങളിൽ വല്ലതും ചെയ്തതിനുള്ള ഫിദ്‌യയും ഹറമിൽവെച്ചാണ് അറുക്കപ്പെടേണ്ടത്; ഉപരോധത്തിന്റെ ഹദ്‌യ് ഒഴികെ. അത് ഉപരോധം നടന്ന സ്ഥലത്താണ് അറുക്കേണ്ടത്. എന്നാൽ നോമ്പ് എല്ലായിടത്തുവെച്ചും മതിയാകുന്നതാണ്. ഹജ്ജിന്റെ നാളുകളിൽ മൂന്നു ദിവസവും നാട്ടിലേക്കു മടങ്ങിയാൽ ഏഴു ദിവസവും നോമ്പെടുക്കലാണ് സുന്നത്ത്. അല്ലാഹു പറഞ്ഞു: “ഇനി നിങ്ങൾ നിർഭയാവസ്ഥയിലാണെങ്കിലോ, അപ്പോൾ ഒരാൾ ഉംറ നിർവഹിച്ചിട്ട് ഹജ്ജുവരെ സുഖമെടു ക്കുന്നപക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയിൽ ബലികഴിക്കേണ്ടതാണ്). ഇനി ആർക്കെങ്കിലും അതു കിട്ടാത്തപക്ഷം ഹജ്ജിനിടയിൽ മൂന്നു ദിവസവും, നിങ്ങൾ(നാട്ടിൽ) തിരിച്ചെത്തിയിട്ട് ഏഴു ദിവസവും ചേർത്ത് ആകെ പത്തു ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്’’ (ക്വുർആൻ 2:196).
ഹാജി സ്വന്തമായി അറുക്കൽ സുന്നത്താകുന്നു. അറുക്കുവാൻ മറ്റൊരാളെ പകരമേൽപിച്ചാൽ അതു കൊണ്ടു കുഴപ്പമില്ല. അറുക്കുമ്പോൾ, ‘അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവേ, ഇതു നിന്നിൽനിന്നാകുന്നു. നിനക്കുമാകുന്നു’ എന്നു ചൊല്ലൽ സുന്നത്താകുന്നു.
ഹദ്‌യിന്റെ നിബന്ധനകൾ
ഹദ്‌യിന്റെത് ഉദ്ഹിയ്യയുടെ അതേ ശർത്വുകളാകുന്നു:
1. അത് കാലികളിൽ(ആട്, മാട്, ഒട്ടകം) പെട്ടതായിരിക്കണം.
2. ബലിക്കു പര്യാപ്തമാകുന്നതിനു തടസ്സമാകുന്ന രോഗം, അന്ധത, മുടന്ത്, മെലിച്ചിൽ പോലുള്ള ന്യൂനതകളിൽനിന്ന് മുക്തമായിരിക്കണം.
3. നിയമമാക്കപ്പെട്ട വയസ്സ് അതിനു തികഞ്ഞിരിക്കണം. ഒട്ടകത്തിന് അഞ്ചു വയസ്സും പശുവിനു രണ്ടു വയസ്സും കോലാടിന് ആറു മാസവും ചെമ്മരിയാടിന് ഒരു വയസ്സുമാണ് പ്രായം.
(തുടരും)

