നമസ്‌കാരത്തിന്റെ നിബന്ധനകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ജൂലായ് 27, 1446 മുഹർറം 21

1. നിർബന്ധ നമസ്‌കാരങ്ങൾ

നിർബന്ധ നമസ്‌കാരങ്ങൾ അഞ്ചാകുന്നു. ഫജ്ർ (സ്വുബ്ഹി), ദ്വുഹ്ർ, അസ്വ‌്‌ർ, മഗ്‌രിബ്, ഇശാഅ് എന്നിവയാണ് അവ. നിർബന്ധ നമസ്‌കാരങ്ങൾ ഇവയാകുന്നു എന്നതിൽ ഏകാഭിപ്രായമുണ്ട്. ത്വൽഹത്ത് ഇബ്‌നുഉബയ്ദില്ല(റ)യിൽനിന്നുള്ള ഹദീസ് ഈ വിഷയം അറിയിക്കുന്നു:

“ഒരു അഅ്‌റാബി പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, നമസ്‌കാരത്തിൽ അല്ലാഹു എനിക്കു നിർബന്ധമാക്കിയത് ഏതാണ്?’ അപ്പോൾ അവിടുന്ന് പറഞ്ഞു: ‘രാവിലും പകലിലുമായി അഞ്ചു നമസ്‌കാരങ്ങളാണ്...’’

ഗ്രാമീണനായ വ്യക്തിയുടെ സംഭവം വിവരിക്കുന്ന അനസ്(റ)ൽ നിന്നുള്ള ഹദീസും ഇക്കാര്യം അറിയിക്കുന്നു. അദ്ദേഹം തിരുമേനിﷺയോടു ചോദിച്ചു: “രാവിലും പകലിലുമായി അഞ്ചു നമസ്‌കാരങ്ങൾ ഞങ്ങളുടെമേൽ നിർബന്ധമാണെന്ന് താങ്കളുടെ ദൂതൻ പറയുന്നു.’’ തിരുനബിﷺ പറഞ്ഞു: “ദൂതൻ സത്യമാണു പറഞ്ഞത്...’’

2. നമസ്‌കാരം നിർബന്ധമാകുന്നവർ

പ്രായപൂർത്തിയായ, ബുദ്ധിയുള്ള, ആർത്തവകാരിയും പ്രസവരക്തമുള്ളവളുമല്ലാത്ത എല്ലാ മുസ്‌ലിമിനും നമസ്‌കാരം നിർബന്ധമാണ്. കുട്ടികൾക്ക് ഏഴു വയസ്സ് പ്രായമെത്തിയാൽ അവരോട് നമസ്‌കരിക്കാൻ കൽപിക്കുകയും പത്തു വയസ്സ് പ്രായമെത്തിയവൻ നമസ്‌കാരം ഉപേക്ഷിച്ചാൽ അവരെ അടിക്കേണ്ടതുമാണ്.

“മൂന്നു വിഭാഗങ്ങളിൽനിന്നു തൂലിക ഉയർത്തപ്പെട്ടിരിക്കുന്നു; (വിധിവിലക്കുകളിൽനിന്ന് അവർ ഒഴിവാക്കപെട്ടിരിക്കുന്നു).... കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതുവരെ.’’

3. നമസ്‌കാരത്തിന്റെ നിബന്ധനകൾ

നമസ്‌കാരത്തിന്റെ ശർത്ത്വുകൾ (നിബന്ധികൾ) ഒമ്പതാകുന്നു:

1. ഇസ്‌ലാം: കാഫിറിന്റെ കർമങ്ങൾ നിഷ്ഫലമാണെന്നതിനാൽ നമസ്‌കാരം അവനിൽനിന്ന് സ്വീകരിക്കപ്പെയുകയില്ല.

2. ബുദ്ധി: ഭ്രാന്തനു വിധിവിലക്കുകളില്ലാത്തതിനാൽ അവന്റെ നമസ്‌കാരം സ്വഹീഹാവുകയില്ല.

3. പ്രായപൂർത്തിയാവുക: പ്രായപൂർത്തിയാകുന്നതുവരെ കുട്ടിക്കു നമസ്‌കാരം നിർബന്ധമില്ല.

തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ നിങ്ങളവരോടു നമസ്‌കാരംകൊണ്ടു കൽപിക്കുക. പത്തു വയസ്സായിട്ടും (നമസ്‌കരിക്കാത്തവരെ) അതിന്റെ പേരിൽ നിങ്ങൾ അടിക്കുക. കിടപ്പറകളിൽ അവരെ നിങ്ങൾ വേർപ്പെടുത്തുകയും ചെയ്യുക.’’

4. വലിയ അശുദ്ധിയിൽനിന്നും ചെറിയ അശുദ്ധിയിൽനിന്നും ശുദ്ധിയാകൽ: ഇബ്‌നുഉമറി(റ) ൽനിന്നുള്ള ഹദീസിൽ നബി)സ്വ) പറഞ്ഞു: “ശുദ്ധിവരുത്താതെ യാതൊരു നമസ്‌കാരവും അല്ലാഹു സ്വീകരിക്കുകയില്ല.’’

5. സമയബന്ധിതമായ നമസ്‌കാരത്തിനു സമയമാകൽ: അല്ലാഹു പറഞ്ഞു: “തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു’’ (ക്വുർആൻ 4:103).

ജിബ്‌രീൽ നബിﷺക്ക് അഞ്ചു നമസ്‌കാരങ്ങളിൽ ഇമാമുനിന്ന സംഭവം വിവരിക്കുന്ന ഹദീസിൽ (സമയത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇമാമത്തുനിന്ന ശേഷം) ജിബ്‌രീൽ ഇങ്ങനെ പറഞ്ഞതായി കാണാം: “ഈ രണ്ടു സമയങ്ങൾക്കിടയിലാകുന്നു സമയം.’’

അതിനാൽ നമസ്‌കാരം അതിന്റെ സമയമാകുന്നതിനു മുമ്പ് സ്വഹീഹാവുകയില്ല. ഒഴിവുകഴിവുണ്ടെങ്കിലല്ലാതെ സമയം കഴിഞ്ഞതിനുശേഷവും സ്വഹീഹാവുകയില്ല.

6. തൊലിയെ തെളിയിച്ചു കാണിക്കാത്തവിധമുള്ള വല്ലതുകൊണ്ടും നഗ്നത (ഔറത്ത്) മറക്കൽ. അല്ലാഹു പറഞ്ഞു:

“ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (എല്ലാ ആരാധനാവേളകളിലും) നിങ്ങൾക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക’’ (ക്വുർആൻ 7:31).

പ്രായപൂർത്തിയായ പുരുഷന്റെ ഔറത്ത് കാൽമുട്ടിനും പൊക്കിളിനുമിടയിലുള്ളതാകുന്നു. തിരുനബിﷺ ജാബിറി(റ)നോടു പറഞ്ഞു:

“താങ്കളുടെ മേൽ ഒരു വസ്ത്രമുണ്ടായിരിക്കെ താങ്കൾ നമസ്‌കരിച്ചാൽ, അതു വിശാലമാണെങ്കിൽ അതുകൊണ്ടു ചുറ്റുക. അത് ഇടുങ്ങിയതാണെങ്കിൽ താങ്കൾ അത് തുണിയാക്കിയുടുക്കുക.’’

ഏറ്റവും അനുയോജ്യവും ഉത്തമവുമായത് പുരുഷൻ അവന്റെ ചുമലിൽ വല്ല വസ്ത്രവും ധരിക്കലാണ്. കാരണം ഒരാൾ ഒരു വസ്ത്രത്തിലായി അതിൽനിന്ന് അവന്റെ ചുമലിൽ യാതൊന്നുമില്ലാതെ നമസ്‌കരിക്കുന്നത് തിരുനബി വിരോധിച്ചിട്ടുണ്ട്.

സ്ത്രീ മുഴുവനും ഔറത്താകുന്നു; അവളുടെ മുഖവും ഇരു കൈപടങ്ങളുമൊഴിച്ച്. എന്നാൽ അവൾ അന്യപുരുഷന്മാരുടെ മുന്നിൽ നമസ്‌കരിക്കുകയായാൽ അവൾ ശരീരം മുഴുവനും മറക്കേണ്ടതുണ്ട്. തിരുനബിﷺ പറഞ്ഞു: “സ്ത്രീ ഔറത്താകുന്നു.’’

തിരുനബിﷺ പറഞ്ഞു: “ഖിമാർ (മുഖമക്കന, മൂടുവസ്ത്രം) ധരിച്ചുകൊണ്ടല്ലാതെ പ്രയപൂർത്തിയായ സ്ത്രീയുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല.’’

7. നമസ്‌കരിക്കുന്നവന്റെ ശരീരം, വസ്ത്രം, നമസ്‌കരിക്കുന്ന സ്ഥലം എന്നിവയിൽനിന്ന് നജസ് ഒഴിവാക്കുക. അല്ലാഹു പറഞ്ഞു:

“നിന്റെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും ചെയ്യുക’’ (ക്വുർആൻ 7:31).

നബിﷺ പറഞ്ഞു: “നിങ്ങൾ മൂത്രവിസർജനത്തിൽനിന്ന് ശുദ്ധിയാവുക. കാരണം ക്വബ്ർ ശിക്ഷ പൊതുവെ മൂത്രവിസർജനം കാരണത്താലാകുന്നു.’’

വസ്ത്രത്തിൽ പുരളുന്ന ആർത്തവരക്തത്തിന്റെ വിഷയത്തിൽ നബിﷺ അസ്മാഇ(റ)നോടു പറഞ്ഞു: “അത് നഖംകൊണ്ടു ചുരണ്ടുകയും വെള്ളമുപയോഗിച്ച് ഉരക്കുകയും അതിൽ വെള്ളം കുടയുകയും ശേഷം ആ വസ്ത്രത്തിൽ നമസ്‌കരിക്കുകയും ചെയ്യുക.’’

ഗ്രാമീണൻ പള്ളിയിൽ മൂത്രവിസർജനം നടത്തിയ വേളയിൽ നബിﷺ തന്റെ അനുചരന്മാരോടു പറഞ്ഞു: “അയാളുടെ മൂത്രവിസർജനത്തിൽ നിങ്ങൾ ഒരു തൊട്ടി വെള്ളം ഒഴിക്കുക.’’

8. കഴിവുള്ളതോടൊപ്പം ക്വിബ്‌ലയിലേക്കു മുന്നിടുക: അല്ലാഹു പറഞ്ഞു: “ഇനിമേൽ നീ നിന്റെ മുഖം മസ്ജിദുൽഹറാമിന്റെ നേർക്ക് തിരിക്കുക’’ (ക്വുർആൻ 2:144).

നബിﷺ പറഞ്ഞു: “താങ്കൾ നമസ്‌കാരത്തിന് ഉദ്ദേശിച്ചാൽ സമ്പൂർണമായി വുദൂഅ് ചെയ്യുക. ശേഷം ക്വിബ്‌ലയിലേക്കു മുന്നിടുകയും ചെയ്യുക.’’

9. നിയ്യത്ത്: യാതൊരു അവസ്ഥയിലും നിയ്യത്തിൽ ഉപേക്ഷ വരുത്താവതല്ല. ഉമറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “നിശ്ചയം, കർമങ്ങൾ നിയ്യത്തുകൾകൊണ്ടു മാത്രമാണ്.’’

നിയ്യത്തിന്റെ സ്ഥാനം ഹൃദയമാകുന്നു. ഒരു കാര്യത്തിനായി ഉറച്ച തീരുമാനമെടുക്കുക എന്നതാണ് അതിന്റെ യാഥാർഥ്യം. നിയ്യത്ത് ഉച്ചരിക്കൽ ശറആക്കപ്പെട്ടിട്ടില്ല. കാരണം, നബിﷺ നിയ്യത്ത് ഉച്ചരിച്ചിട്ടില്ല. നബിയുടെ അനുചരന്മാരിൽ ഒരാളും അപ്രകാരം ചെയ്തതായി വന്നിട്ടുമില്ല.

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)