സംഘടിത നമസ്‌കാരം - 2
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

ജമാഅത്തു ലഭിക്കുവാൻ
“നമസ്‌കാരത്തിൽനിന്ന് ഒരു റക്അത്തു ലഭിച്ചാൽ ജമാഅത്തു ലഭിക്കുന്നതാണ്. സംശയമില്ലാത്ത വിധം ഒരാൾക്ക് റുകൂഅ് ലഭിച്ചാൽ അവന്നു റക്അത്തു ലഭിച്ചു. അവൻ സമാധാനപ്പെടുകയും നമസ്‌കാരം തുടർത്തുകയും ചെയ്യട്ടെ.’’
അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ഞങ്ങൾ സുജൂദിലായിരിക്കെ നിങ്ങൾ നമസ്‌കാരത്തിലേക്കു വന്നാൽ ഉടൻ നിങ്ങൾ സുജൂദ് ചെയ്യുക. നിങ്ങൾ അത് ഒരു റക്അത്തായി എണ്ണരുത്. വല്ലവനും ഒരു റക്അത്തു ലഭിച്ചാൽ അവനു നമസ്‌കാരം ലഭിച്ചു.’’
ജമാഅത്ത് ഉപേക്ഷിക്കുന്നതിന് ഒഴിവുകഴിവുള്ളവർ
ഒരു മുസ്‌ലിമിനു താഴെ കൊടുക്കുന്ന അവസ്ഥകളിൽ ജമാഅത്ത് ഉപേക്ഷിക്കുവാൻ ഇളവുണ്ട്:
1. ജമാഅത്തിനു പള്ളിയിലേക്കു പോയാൽ നന്നായി പ്രയാസപ്പെടേണ്ടിവരുന്ന രോഗി. അല്ലാഹു പറഞ്ഞു: “അന്ധന്റെ മേൽ കുറ്റമില്ല. മുടന്തന്റെ മേലും കുറ്റമില്ല. രോഗിയുടെ മേലും കുറ്റമില്ല...’’ (ക്വുർആൻ 48: 17)
തിരുനബിﷺ രോഗിയായപ്പോൾ പള്ളിയിൽ നമസ്‌കരിക്കുന്നതിൽനിന്ന് പിന്തുകയുണ്ടായി. തിരുമേനി പറഞ്ഞു: “ജനങ്ങൾക്ക് (ഇമാമായി) നമസ്‌കരി ക്കുവാൻ അബൂബക്‌റിനോടു കൽപിക്കൂ.’’
അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: “തീർച്ചയായും കാപട്യം അറിയപ്പെട്ട മുനാഫിക്വോ അല്ലെങ്കിൽ രോഗിയോ അല്ലാതെ ജമാഅത്തു നമസ്‌കാരത്തിൽനിന്ന് പിന്തുമായിരുന്നില്ല എന്നതായിരുന്നു ഞങ്ങളുടെ അഭിപ്രായം.’’ ഇതുപോലെയാണ് രോഗം വരുമെന്നു ഭയക്കുന്നവനും; കാരണം അവനും രോഗിയുടെ ആശയത്തിലാണ്.
2. മൂത്രവിസർജനത്തിനോ മലവിസർജ്ജനത്തിനോ മുട്ടുള്ളവനും ഭക്ഷണത്തിന് ആവശ്യക്കാരനായിരിക്കെ, അതിനു സമീപത്ത് ഉള്ളവനും. ആഇശ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ഭക്ഷണം ഹാജറായിരിക്കെയും മലമൂത്ര വിസർജനത്തിനു മുട്ടുള്ളവനായിരിക്കെയും നമസ്‌കാരമില്ല.’’
3. ഒരാൾ തനിക്കു നഷ്ടപ്പെട്ടത് (ലഭിക്കുവാൻ) കാത്തിരിക്കുന്നു. അല്ലെങ്കിൽ തന്റെ സമ്പത്തോ ഭക്ഷണമോ നഷ്ടപ്പെടുമെന്ന് ഭയക്കുന്നു. അതുമല്ലെങ്കിൽ തന്നിൽ ഒരു ഉപദ്രവത്തെ ഭയക്കുന്നു.
ഇബ്‌നുഅബ്ബാസി(റ)ൽനിന്ന് ഇപ്രകാരം നിവേദനമുണ്ട്: “വല്ലവനും മുഅദ്ദിൻ ബാങ്കുവിളിക്കുന്നതു കേൾക്കുകയും അതിനെ തുടർന്നു (പള്ളിയിൽപോകാതെ അവൻ നമസ്‌കരിക്കുകയും) അതിന് ഒരു ഒഴിവുകഴിവ് അവനു തടസ്സമാവാതിരിക്കുകയുമായാൽ അവൻ നമസ്‌കരിച്ച നമസ്‌കാരം അവനിൽനിന്ന് സ്വീകരിക്കപ്പെടുകയില്ല.’’ അവർ ചോദിച്ചു: “എന്താണ് ഒഴിവുകഴിവ്?’’ തിരുമേനിﷺ പറഞ്ഞു: “ഭയം അല്ലെങ്കിൽ രോഗം.’’ സ്വന്തത്തിലും സമ്പത്തിലും കുടുംബത്തിലും മക്കളിലും ഭയമുള്ളവരെല്ലാം ഇതുപോലെയാണ്. അവനു ജമാഅത്ത് ഉപേക്ഷിക്കുവാൻ ഒഴിവുകഴിവുണ്ട്; കാരണം ഭയം ഒഴിവുകഴിവാണ്.
4. മഴ, ചെളി, ഐസ്, മഞ്ഞുകട്ട എന്നിവ കാരണത്താലുള്ള ഉപദ്രവമുണ്ടാകൽ അല്ലെങ്കിൽ ഇരുട്ടുള്ള രാത്രിയിൽ ശക്തമായ ശീതക്കാറ്റുണ്ടാവൽ.
ഇബ്‌നുഉമറി(റ)ൽ നിന്നു നിവേദനം: “മഴയുള്ള തണുത്ത രാത്രിയായാൽ തിരുമേനി മുഅദ്ദിനിനോട് (ബാങ്കുവിളി ക്കുശേഷം) ഇപ്രകാരം പറയുവാൻ കൽപിക്കും: “നിങ്ങൾ താമസസ്ഥലത്ത് നമസ്‌കരിക്കുക.’’
5. ഇമാം നമസ്‌കാരം ദീർഘിപ്പിക്കുന്നതിൽ പ്രയാസമുണ്ടാകൽ. കാരണം ഒരു വ്യക്തി മുആദിനോ ടൊപ്പം നമസ്‌കരിച്ചു. മുആദ് നമസ്‌കാരം ദീർഘിപ്പിച്ചപ്പോൾ അയാൾ മാറിനിന്ന് തനിച്ചു നമസ്‌കരിച്ചു. വിവരം തിരുനബിയെ ഉണർത്തിയപ്പോൾ തിരുമേനി അയാളെ എതിർക്കുകയുണ്ടായില്ല.
6. യാത്രയിൽ കൂട്ടുകാർ നഷ്ടപ്പെടുമെന്നു ഭയക്കൽ. ജമാഅത്ത് കാത്തിരിക്കുകയോ അല്ലെങ്കിൽ അതിൽ പ്രവേശിക്കുകയോ ചെയ്താൽ തന്റെ കൂട്ടുകാർ നഷ്ടപ്പെടുമെന്നോ അപ്രത്യക്ഷനാകുമെന്നോ ഉള്ള ഭയത്താൽ മനസ്സ് വ്യാപൃതമാകുന്നതിനാലാണ് അത്.
7. താൻ ഹാജറില്ലാതിരിക്കെ തന്റെ ബന്ധു മരണപ്പെടുമെന്നു ഭയക്കൽ. ബന്ധു മരണാസന്നനാവുകയും കലിമത്തുശ്ശഹാദ ചൊല്ലിക്കൊടുക്കുവാനും മറ്റും താൻ അടുത്തുണ്ടാകുവാൻ ഇഷ്ടപ്പെടുന്നതുപോലെ. അതു കാരണത്താൽ ജമാഅത്ത് ഉപേക്ഷിക്കുവാൻ ഒഴിവുകഴിവുണ്ട്.
8. കടം വാങ്ങിയവനു കടം വീട്ടുവാൻ കഴിവില്ലാതിരിക്കെ കടക്കാരൻ വിടാതെ കൂടിയാൽ. കടക്കാരൻ കടം തിരിച്ചു ചോദിക്കുന്നതിനാലും വിടാതെ ഒപ്പം കൂടുന്നതിനാലും ഉപദ്രവമേൽക്കു മെന്നതിനാൽ കടം വാങ്ങിയവനു ജമാഅത്ത് ഉപേക്ഷിക്കാവുന്നതാണ്.
ഒരു പള്ളിയിൽ ജമാഅത്ത് ആവർത്തിക്കൽ
റാതിബായ ഇമാമിനോടൊപ്പം (നമസ്‌കാര നേതൃത്വത്തിനു നിയമിതനായ ഇമാം) പള്ളിയിലെ ജമാഅത്തിൽ സംബന്ധിക്കുന്നതിൽനിന്ന് ചിലർ പിന്തുകയും അവർക്ക് നമസ്‌കാരം നഷ്ടപ്പെടുകയുമായാൽ അതേ പള്ളിയിൽ രണ്ടാമത് ജമാഅത്തായി അവർ നമസ്‌കരി ക്കൽ സ്വഹീഹാകും. ഈ തിരുമൊഴി അറിയിക്കുന്ന പൊതുതാൽപര്യം അതാണ്:
“ഒരു വ്യക്തി മറ്റൊരു വ്യക്തിയോടൊന്നിച്ചു നമസ്‌കരിക്കലാണ് അയാൾ തനിച്ചു നമസ്‌കരിക്കുന്നതിനെക്കൾ ഉത്തമമായത്...’’
ജമാഅത്തായുള്ള നമസ്‌കാരം അവസാനിച്ചശേഷം പള്ളിയിലേക്കു വന്ന വ്യക്തിക്കുവേണ്ടി തിരുനബിﷺ പറഞ്ഞു: “ആരാണ് ഇയാൾക്കു പുണ്യം ചെയ്തു നമസ്‌കരിക്കുക?’’ ആളുകളിൽ ഒരു വ്യക്തി എഴുന്നേൽക്കുകയും അയാളോടൊപ്പം നമസ്‌കരിക്കുകയും ചെയ്തു.
അങ്ങാടിയിലുള്ള പള്ളി, വഴിയിലുള്ള പള്ളി പോലുള്ളതിലും ഇതുപോലെയാണ്. അവയിൽ ജമാഅത്ത് വീണ്ടും സംഘടിപ്പിക്കപ്പെടുന്നതിൽ കുഴപ്പമില്ല; വിശിഷ്യാ നിയമിതനായ ഇമാമ് ഇല്ലാതിരിക്കുകയും അങ്ങാടിയിലുള്ള വരും വഴി നടത്തക്കാരും കയറിയിറങ്ങിക്കൊ ണ്ടിരിക്കുകയും ചെയ്യുന്ന പള്ളിയാണെങ്കിൽ.
എന്നാൽ നിത്യവും തുടർച്ചയുമായി രണ്ടോ അതിൽ കൂടുതലോ ജമാഅത്തു നിർവഹിക്കപ്പെടുന്ന പള്ളിയാവുകയും ജനങ്ങൾ അതൊരു സമ്പ്രദായമാക്കുകയുമായാൽ ഒന്നിലധികം ജമാഅത്ത് അനുവദ നീയമല്ല. തിരുനബിയുടെയും സ്വഹാബത്തിന്റെയും കാലത്ത് അപ്രകാരം അറിയപ്പെടാത്തതിനാലും മുസ്‌ലിം ഐക്യം ശിഥിലമാകുമെന്നതിനാലും നിയമിതനായ ഇമാമിനോടൊപ്പം മാതൃകാ ജമാഅത്തിൽ സംബന്ധിക്കുന്നതിനെ തൊട്ട് അലസതയിലേക്കും അവധാനതയിലേക്കുമുള്ള ക്ഷണമാണത് എന്നതിനാലുമാണ് അത് അനുവദനീയമല്ലാതാകുന്നത്. ചിലപ്പോൾ നമസ്‌കാരം അതിന്റെ ആദ്യ സമയത്തെ തൊട്ട് പിന്തിപ്പിക്കുവാൻ അതു പ്രചോദനവുമാവുകയും ചെയ്‌തേക്കും.
ഇക്വാമത്ത് വിളിക്കപ്പെട്ടാൽ
മുഅദ്ദിൻ ഫർദ് നമസ്‌കാരത്തിന് ഇക്വാമത്തു വിളിച്ചാൽ സുന്നത്തു നമസ്‌കാരം തുടങ്ങൽ ഒരാൾക്കും അനുവദനീയമല്ല. കാരണം ഒരു സംഘം നിർവഹിക്കുന്ന നിർബന്ധനമസ്‌കാരത്തെ തൊട്ട് ഒറ്റക്കു നിർവഹിക്കുന്ന സുന്നത്തു നമസ്‌കാരത്താൽ അയാൾ വ്യാപൃതനാകുന്നു. തിരുനബിﷺ പറഞ്ഞു: “നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടാൽ (ഇക്വാമത്തു വിളിക്കപ്പെട്ട ആ) നിർബന്ധ നമസ്‌കാരരമല്ലാതെ യാതൊരു നമസ്‌കാരവുമില്ല.’’
സ്വുബ്ഹി നമസ്‌കാരത്തിനു മുഅദ്ദിൻ ഇക്വാമത്തു വിളിക്കവെ നമസ്‌കരിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയെ അല്ലാഹുവിന്റെ റസൂൽﷺ കണ്ടു. അപ്പോൾ തിരുമേനി അദ്ദേഹത്തോട് പറഞ്ഞു: “നീ സ്വുബ്ഹി നാലു റക്അത്ത് നമസ്‌കരിക്കുകയോ?’’
എന്നാൽ സുന്നത്തു നമസ്‌കരിക്കുന്നവൻ തന്റെ നമസ്‌കാരം തുടങ്ങിയതിൽ പിന്നെയാണ് മുഅദ്ദിൻ ഇക്വാമത്തുവിളി തുടങ്ങിയതെങ്കിൽ തക്ബീറത്തുൽ ഇഹ്‌റാമിന്റെ മഹത്ത്വം ലഭിക്കുവാനും ഫർദ് നമസ്‌കാരത്തിൽ പെട്ടെന്നു പ്രവേശിക്കുവാനും അയാൾ അതു ലഘൂകരിച്ച് പൂർത്തിയാക്കട്ടെ.
അയാൾ ഒന്നാമത്തെ റക്അത്തിലാണെങ്കിൽ നമസ്‌കാരം മുറിക്കലും രണ്ടാമത്തെ റക്അത്തിലാണെങ്കിൽ ലഘുവായി അതു പൂർത്തയാക്കി ജമാഅത്തിനോടു ചേരലുമാണ് അയാൾക്ക് ഏറ്റവും ശ്രേഷ്ഠമായത്.
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

