സകാത്ത്; എന്ത്, എന്തിന്?

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ഫെബ്രുവരി 24, 1445 ശഅ്ബാൻ 14

ഭാഷയിൽ ‘സകാത്തി’ന്റെ അർഥം ‘വളർച്ച,’ ‘വർധനവ്’ എന്നൊക്കെയാണ്. കൃഷി വളർന്നാൽ സകാ അസ്സർഉ (കൃഷി വളർന്നു) എന്നു പറയപ്പെടും. മതത്തിന്റെ സാങ്കേതികഭാഷയിൽ, ഒരു നിർണിത നിസ്വാബ് (തോത്) എത്തിയ സമ്പത്തിൽ പ്രത്യേകമായ നിബന്ധനകളോടുകൂടി പ്രത്യേക വിഭാഗത്തിനുള്ള അവകാശത്തെ കുറിക്കുന്ന പ്രയോഗമാകുന്നു സകാത്ത്. അതു ഒരു ദാസനു ശുദ്ധിയും അവന്റെ ആത്മാവിനു സംസ്‌കരണവുമാകുന്നു. അല്ലാഹു പറഞ്ഞു: “അവരെ (വിശ്വാസികളെ) ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളിൽനിന്ന് നീ വാങ്ങുക’’ (ക്വുർആൻ 9: 103).

മുസ്‌ലിം സമൂഹത്തിലെ വ്യക്തികൾക്കിടയിൽ പരസ്പര സംരക്ഷണവും സ്‌നേഹവും ഐക്യവും പ്രചരിപ്പിക്കുവാനുള്ള കാരണങ്ങളിലൊന്നാകുന്നു സകാത്ത്.

സകാത്തിന്റെ വിധിയും തെളിവും

ഇസ്‌ലാമിലെ നിർബന്ധകാര്യങ്ങളിൽ ഒന്നും അതിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നുമാകുന്നു സകാത്ത്. നമസ്‌കാരം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട സ്തംഭം അതത്രേ. അല്ലാഹു പറഞ്ഞു: “നമസ്‌കാരം മുറ പോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുവിൻ’’ (ക്വുർആൻ 2: 143).

“അവരെ(വിശ്വാസികളെ) ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളിൽനിന്ന് നീ വാങ്ങുക’’ (ക്വുർആൻ 9: 103).

തിരുനബിﷺ പറഞ്ഞു: “അഞ്ചു സ്തംഭങ്ങളിലായി ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുൻ റസൂലുല്ലാഹ് എന്ന ശഹാദത്ത്, നമസ്‌കാരം യഥാവിധം നിലനിർത്തൽ, സകാത്തു നൽകിവീട്ടൽ, കഅ്ബത്തിങ്കൽ (ചെന്ന്) ഹജ്ജുചെയ്യൽ, റമാദാനിലെ നോമ്പ്.’’

മുആദ് ഇബ്‌നു ജബലി(റ)നെ യമനിലേക്ക് അയച്ചപ്പോൾ അദ്ദേഹത്തിനുള്ള വസ്വിയ്യത്തിൽ നബിﷺ പറഞ്ഞു: “അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ലെന്നും ഞാൻ അല്ലാഹുവിന്റെ റസൂലാണെ ന്നും സാക്ഷ്യം വഹിക്കുവാൻ താങ്കൾ അവരെ ക്ഷണിക്കണം. അതിന് അവർ താങ്കളെ അനുസരിച്ചാൽ എല്ലാദിവസവും രാവും പകലുമായി അഞ്ചു നമസ്‌കാരങ്ങൾ അല്ലാഹു അവരുടെമേൽ നിർബന്ധമാക്കിയിരിക്കുന്നുവെന്ന് താങ്കൾ അവരെ അറിയിക്കണം. അതിനും അവർ താങ്കളെ അനുസരിച്ചാൽ അവരുടെ സമ്പത്തുകളിൽ അല്ലാഹു അവർക്കു സകാത്ത് നിർബന്ധമാക്കിയിരിക്കുന്നുവെന്ന് അറിയിക്കുക. സകാത്ത് അവരിലെ ധനികന്മാരിൽനിന്നു വസൂലാക്കപ്പെടുകയും അവരിലെ സാധുക്കളിലേക്കു തിരിച്ചുനൽകപ്പെടുകയും ചെയ്യണം.’’

എല്ലാ നാടുകളിലുമുള്ള മുസ്‌ലിംകൾ സകാത്ത് നിർബന്ധമാണെന്നതിൽ ഏകോപിച്ചിരിക്കുന്നു. സകാത്തു നൽകൽ നിർബന്ധമാണെന്ന വിധി ക്വുർആൻകൊണ്ടും സുന്നത്തുകൊണ്ടും ഇജ്മാഉകൊണ്ടും സ്ഥിരപ്പെട്ടിരിക്കുന്നു എന്ന് വ്യക്തം.

സകാത്തിനെ നിഷേധിച്ചവന്റെ വിധി

ഒരാൾ സകാത്തിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തം അതു നിർബന്ധമാണെന്നതിനെ നിരാകരിച്ചാൽ അതു നിർബന്ധമാണെന്നത് അവന് അറിയിച്ചുകൊടുക്കണം. പുതുതായി ഇസ്‌ലാം ആശ്ലേഷി ച്ചവനും പട്ടണങ്ങളിൽനിന്നു വിദൂരമായ മരുഭൂപ്രദേശങ്ങളിൽ വളർന്നവനും സകാത്തിന്റെ വിഷയത്തിൽ അജ്ഞനായിരിക്കും. അവന്റെമേൽ സത്യനിഷേധം (കുഫ്ർ) വിധിക്കപ്പെടരുത്; കാരണം അവൻ ഒഴിവുകഴിവുള്ളവനാണ്.

സകാത്തിനെ നിഷേധിക്കുന്നവൻ മുസ്‌ലിം നാടുകളിലും പണ്ഡിതന്മാർക്കിടയിലും വളർന്ന മുസ്‌ലിമാണെങ്കിൽ അവൻ മുർതദ്ദാകുന്നു (മതഭ്രഷ്ടനാകുന്നു). അവനിൽ രിദ്ദത്തിന്റെ (മതപരിത്യാഗത്തിന്റെ) വിധിനടപ്പിലാകും. കാരണം, സകാത്തു നിർബന്ധമാണെന്നതിന്റെ തെളിവുകൾ ക്വുർആനിലും സുന്നത്തിലും മുസ്‌ലിം സമുദായത്തിന്റെ ഇജ്മാഇലും സുവ്യക്തമാണ്. മുസ്‌ലിം നാടുകളിലും പണ്ഡിതന്മാർക്കിടയിലും വളർന്ന ഒരാൾക്ക് ഇതൊരിക്കലും ഗോപ്യമാകില്ല. അതിനാൽ അവൻ സകാത്ത് നിർബന്ധമാണെന്നതിനെ നിഷേധിച്ചാൽ അത് അവൻ ക്വുർആനും സുന്നത്തും കളവാക്കുന്നതിനാലും അവയിൽ അവിശ്വസിക്കുന്നതിനാലും മാത്രമാണ്.

പിശുക്കിനാൽ സകാത്തു നൽകാത്തവന്റെ വിധി

സകാത്ത് നിർബന്ധമാണെന്ന് വിശ്വാസമുള്ളതോടൊപ്പം വല്ലവനും സകാത്ത് നൽകാതിരുന്നാൽ അവൻ കുറ്റക്കാരനാകും; അത് അവനെ ഇസ്‌ലാമിൽനിന്ന് പുറത്താക്കുകയില്ല. കാരണം, സകാത്ത് ഇസ്‌ലാമിലെ ഒരു കർമപരമായ കാര്യമാണ്. അതുപേക്ഷിക്കുന്നതുകൊണ്ട് മാത്രം ഉപേക്ഷവരുത്തുന്നവൻ കാഫിറാവുകയില്ല. കാരണം, സകാത്തു നൽകാത്തവന്റെ വിഷയത്തിൽ നബിﷺ പറഞ്ഞു: “ശേഷം അവൻ തന്റെ വഴികാണും; ഒന്നുകിൽ സ്വർഗത്തിലേക്ക്, അല്ലെങ്കിൽ നരകത്തിലേക്ക്.’’

അവൻ കാഫിറായിട്ടുണ്ടെങ്കിൽ സ്വർഗത്തിലേക്ക് അവനു മാർഗമുണ്ടാകുമായിരുന്നില്ല. തഅ്‌സീറായ ഒരു ശിക്ഷ അയാൾക്കു നൽകുന്നതോടൊപ്പം അയാളിൽനിന്നു ബലമായി സകാത്ത് പിടിച്ചുവാങ്ങണം. അതു പിടിച്ചുവാങ്ങാതിരിക്കുവാൻ അയാൾ യുദ്ധം ചെയ്താൽ അയാൾ അല്ലാഹുവിന്റെ കൽപനക്കു കീഴ്‌പെട്ടു സകാത്തു നൽകുന്നതുവരെ അയാളോടു യുദ്ധം ചെയ്യണം. അല്ലാഹു പറഞ്ഞു: “ഇനി അവർ (ബഹുദൈവ വിശ്വാസികൾ) പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും ചെയ്യുന്നപക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കിക്കൊടുക്കുക’’ (ക്വുർആൻ 9: 5).

അബൂബക്ർ(റ) പറഞ്ഞു: “അല്ലാഹുവാണേ, അവർ അല്ലാഹുവിന്റെ തിരുദൂതനു നൽകാറുണ്ടായിരുന്ന ഒരു പെണ്ണാടിൻകുട്ടിയെ നൽകുവാൻ വിസമ്മതിച്ചാൽ അതിന്റെ പേരിൽ ഞാൻ അവരോടു യുദ്ധം ചെയ്യുകതന്നെ ചെയ്യും.’’ (പെണ്ണാടിൻകുട്ടിക്ക് ‘അനാക്വ്’ എന്നാണുള്ളത്. മഅസ്സിന്റെ (കോലാടിന്റെ) കുട്ടികളിൽ ഒരു വയസ്സു തികയാത്ത പെണ്ണിനാണ് അതു പറയപ്പെടുക).

അബൂബക്‌റി(റ)നൊപ്പം അതേ അഭിപ്രായത്തിലായിരുന്നു മൂന്നു ഖലീഫമാരും മറ്റെല്ലാ സ്വഹാബികളും. അതോടെ ഈ നിലപാട് സകാത്തു നൽകുവാൻ വിസമ്മതിക്കുന്നവരോടു യുദ്ധം ചെയ്യണമെന്നതിൽ അവരുടെ ഇജ്മാഅ് (ഏകോപിച്ചുള്ള തീരുമാനം) ആയി. പിശുക്കിനാൽ സകാത്ത് നൽകുവാൻ വിസമ്മതിക്കുന്നവർ ഈ പ്രമാണവചനങ്ങളുടെ വിധിക്കുകീഴിൽ ഉൾപ്പെടുന്നു.

സകാത്ത് നിർബന്ധമാകുന്ന സമ്പത്തുകൾ

സമ്പത്തിൽ അഞ്ചു വകുപ്പുകളിൽ സകാത്തു നിർബന്ധമാകും:

1) കന്നുകാലികൾ: ഒട്ടകം, മാട്, ആട് എന്നിവയാണവ. നബിﷺ പറഞ്ഞു: “...ഒട്ടകം, ആട്, മാട് എന്നിവയുടെ സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമകളിൽ ഒരാളുമില്ല (അന്ത്യനാളിൽ വരാതെ), അന്ത്യനാളായാൽ അവ നല്ലവണ്ണം തടിച്ചുകൊഴുത്ത നിലയിൽ വരികയും അവനെ അവയുടെ കൊമ്പുകൾകൊണ്ട് കുത്തുകയും കുളമ്പുകൾകൊണ്ട് ചവിട്ടുകയും ചെയ്യും. അവയിൽ ഒടുക്കത്തേത് അവന്റെ മേൽ നടന്നുപോയാൽ ഒന്നാമത്തേതിനെ അവനിലേക്കു മടക്കപ്പെടുന്നതാണ്. അടിയാറുകൾക്കിടയിൽ വിധിതീർപ്പ് നടക്കുന്നതുവരെ അപ്രകാരമായിരിക്കും.’’

2) നാണ്യങ്ങൾ: സ്വർണവും വെള്ളിയുമാണവ; അതുപോലെ അവ രണ്ടിന്റെയും സ്ഥാനത്തു നിൽ ക്കുന്ന, ഇന്നു കൈമാറ്റം ചെയ്യപ്പെടുന്ന കറൻസികളും.

അല്ലാഹു പറഞ്ഞു: “സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 9:34).

നബിﷺ പറഞ്ഞു: “സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമകളിൽ ഒരാളുമില്ല; അന്ത്യനാളായാൽ തീയിൽനിന്നുള്ള കട്ടകൾ അയാൾക്കായി എടുക്കപ്പെടാതെ. ശേഷം നരകത്തീയിൽ അവ ചൂടാക്കപ്പെടും. അതിൽപിന്നെ അവന്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലും അവകൊണ്ട് ചൂടുവെക്കപ്പെടുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം അത് വീണ്ടും ചൂടാക്കി അവനിലേക്ക് മടക്കപ്പെടും. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്.’’

3) ധാന്യങ്ങളും ഫലങ്ങളും: സൂക്ഷിച്ചു വെക്കപ്പെടുകയും ഭക്ഷ്യമായുപയോഗിക്കപ്പെടുകയും ചെയ്യുന്ന ഗോതമ്പ്, ബാർലി, അവയല്ലാത്ത മറ്റു ധാന്യങ്ങൾ, ഇവയാണ് ധാന്യങ്ങൾ (ഹുബൂബ്). കാരക്കയും ഉണക്കമുന്തിരിയുമാണ് ഫലങ്ങൾ (സിമാർ). അല്ലാഹു പറഞ്ഞു: “ഭൂമിയിൽനിന്ന് നിങ്ങൾക്ക് നാം ഉൽപാദിപ്പിച്ചുതന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).

“അതിന്റെ വിളവെടുപ്പുദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്തുവീട്ടുകയും ചെയ്യുക’’ (ക്വുർആൻ 6:141).

നബിﷺ പറഞ്ഞു: “മഴവെള്ളമോ നദിയിലെ വെള്ളമോ ഉപജീവിച്ചുണ്ടായ കൃഷിയുൽപന്നങ്ങൾക്കും നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തും മറ്റുമുണ്ടാകുന്ന കൃഷിയുൽപന്നങ്ങൾക്കും പത്തിലൊന്നാകുന്നു(പത്തു ശതമാനം) സകാത്ത്. തേവി നനച്ചുണ്ടാക്കിയ കൃഷിയുൽപന്നങ്ങൾക്ക് പത്തിലൊന്നിന്റെ പകുതിയും (അഞ്ചു ശതമാനവും).’’

4) ഖനിജങ്ങളും നിധിയും: ഖനിജം (മആദിൻ) എന്നാൽ സ്വർണം, വെള്ളി, ചെമ്പ്, തുടങ്ങിയ വിലയു ള്ളതും ആരും കൊണ്ടുവെക്കാത്ത നിലയ്ക്കു ഭൂമിയിൽ പടക്കപ്പെട്ടതും അതിൽനിന്നു പുറത്തെടുക്കപ്പെടു ന്നതുമാണ്. നിധി (രികാസ്) എന്നാൽ അനിസ്‌ലാമിക കാലഘട്ടങ്ങളിൽ കുഴിച്ചുമൂടപ്പെട്ടത് ഭൂമിയിൽ നിന്നു കണ്ടെടുക്കപ്പെടുന്നതാണ്. ഇവയിൽ സകാത്തു നിർബന്ധമാണെന്നതിന്റെ തെളിവ് ഒരു വിശുദ്ധ വചനത്തിന്റെ പൊതുതാൽപര്യമാണ്. അല്ലാഹു പറഞ്ഞു: “നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും, ഭൂമിയിൽനിന്ന് നിങ്ങൾക്കു നാം ഉൽപാദിപ്പിച്ചുതന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).

ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ക്വുർത്വുബി പറഞ്ഞു: “അഥവാ സസ്യലതാതികകൾ, ഖനിജങ്ങൾ, നിധി എന്നിവയാണ്.’’ നബിﷺ പറഞ്ഞു: “രികാസിൽ അഞ്ചിലൊന്ന് (ഇരുപതു ശതമാനം) സകാത്തു കൊടുക്കണം.’’ ഖനിജ വസ്തുക്കളിൽ സകാത്ത് നിർബന്ധമാണെന്നതിൽ മുസ്‌ലിം സമുദായം ഏകോപിച്ചിരിക്കുന്നു.

5. കച്ചവടച്ചരക്കുകൾ: ലാഭം നേടുവാനായി വിൽക്കുവാനും വാങ്ങുവാനും ഒരുക്കപ്പെട്ടതെല്ലാമാണ് ഉറൂദുത്തിജാറഃ (കച്ചവടച്ചരക്കുകൾ). അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ലവസ്തുക്കളിൽനിന്നു നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267). ഈ ആയത്തുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് കച്ചവടച്ചരക്കിന്റെ സകാത്താണെന്ന് പണ്ഡിതന്മാരിൽ പലരും ഉണർത്തിയിട്ടുണ്ട്.

(തുടരും)