വനിതകൾ അറിയാൻ
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ജൂൺ 29, 1445 ദുൽഹിജ്ജ 22

ഹയ്ദ് (ആർത്തവരക്തം), നിഫാസ് (പ്രസവരക്തം) എന്നിവ സ്ത്രീകളിലുണ്ടാകുന്ന ജൈവിക പ്രതിഭാസമാണ്. ‘ഹയ്ദ്’ എന്നതിന് ഭാഷാപരമായി ‘പ്രവാഹം’ എന്നാണർഥം. പ്രസവകാരണത്താലല്ലാതെ അരോഗാവസ്ഥയിൽ നിർണിത സമയങ്ങളിലായി സ്ത്രീയുടെ ഗർഭപാത്രത്തിനുള്ളിൽനിന്നു പുറപ്പെടുന്ന നൈസർഗികരക്തമാണ് മതത്തിന്റെ സാങ്കേതിക ഭാഷ്യത്തിൽ ഹയ്ദ്. പ്രസവവേളയിൽ സ്ത്രീയിൽനിന്നു പുറപ്പെടുന്ന രക്തമാണ് നിഫാസ്.
പ്രായപരിധി
പൊതുവിൽ ഒമ്പത് വയസ്സാകുന്നതിനു മുമ്പ് ആർത്തവമില്ല. അതിനു മുമ്പ് ഉണ്ടാകുന്നത് വളരെ അത്യപൂർവമാണ്. ആഇശ(റ)യിൽനിന്ന് നിവേദനം. അവർ പറഞ്ഞു: “പെൺകുട്ടിക്ക് ഒമ്പതു വയസ്സ് പ്രായമെത്തിയാൽ അവൾ സ്ത്രീയായി.’’
ശരിയായ അഭിപ്രായപ്രകാരം അമ്പതു വയസ്സിനുശേഷം മിക്കവാറും ആർത്തവമുണ്ടാവുകയില്ല. ആഇശ(റ)യിൽനിന്നു നിവേദനം: “ഒരു സ്ത്രീക്ക് അമ്പതു വയസ്സായാൽ ആർത്തവ പരിധിക്ക് അവൾ പുറത്തായി.’’
കുറഞ്ഞ കാലയളവും കൂടിയ കാലയളവും
ആർത്തവം ഉണ്ടാകുന്ന ദിവസങ്ങളുടെ കുറഞ്ഞ കാലയളവിനും കൂടിയ കാലയളവിനും പരിധിയില്ല എന്നതാണ് ശരിയായ അഭിപ്രായം. നാട്ടുനടപ്പിലേക്കും പതിവു സമ്പ്രദായങ്ങളിലേക്കുമാണ് അതിൽ മടങ്ങേണ്ടത്. ആർത്തവത്തിന്റെ സാധാരണ കണക്ക് ആറ് അല്ലെങ്കിൽ ഏഴ് ദിവസങ്ങളാകുന്നു. ഹംന ബിൻത് ജഹ്ശി(റ)ൽനിന്നുള്ള ഹദീസിൽ തിരുനബിﷺ അവരോട് പറഞ്ഞതായി ഇപ്രകാരമുണ്ട്:
“നിങ്ങൾ ആറോ അല്ലെങ്കിൽ ഏഴോ ദിവസങ്ങൾ ആർത്തവമായി കണക്കാക്കുക. പിന്നീട് നിങ്ങൾ കുളിക്കുകയും ഇരുപത്തിനാലോ ഇരുപത്തിമൂന്നോ ദിവസങ്ങൾ നമസ്‌കരിക്കുകയും ചെയ്യുക; ആർത്തവത്തിനും ശുദ്ധിക്കുമുള്ള സമയപരിധിയിൽ ആർത്തവമുണ്ടാവുകയും ശുദ്ധിയാവുകയും ചെയ്യുന്ന സ്ത്രീകൾ ചെയ്യുന്നത് പോലെ.’’

നിഷിദ്ധമാകുന്ന കാര്യങ്ങൾ
ആർത്തവരക്തവും പ്രസവരക്തവും കാരണത്താൽ ഏതാനും കാര്യങ്ങൾ നിഷിദ്ധമാകും:
1. സംഭോഗം: അല്ലാഹു പറഞ്ഞു: “അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽനിന്ന് അകന്നു നിൽക്കേണ്ടതാണ്. അവർ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കുവാൻ പാടില്ല’’ (ക്വുർആൻ 2:222).
തിരുനബിﷺ പറഞ്ഞു: “നിങ്ങൾക്ക് സംഭോഗമൊഴിച്ച് മറ്റെന്തും ചെയ്യാം.’’
2. ത്വലാക്വ്: അല്ലാഹു പറഞ്ഞു: “നിങ്ങൾ അവരുടെ ഇദ്ദ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുക’’ (ക്വുർആൻ 65:1) ഇബ്‌നുഉമർ(റ) തന്റെ ഭാര്യയെ അവരുടെ ആർത്തവകാലത്ത് ത്വലാക്വു ചൊല്ലിയപ്പോൾ ഉമറി(റ)നോട് മകന്റെ വിഷയത്തിൽ തിരുനബിﷺ പറഞ്ഞു: “ഭാര്യയെ തിരിച്ചുവിളിക്കുവാൻ മകനോട് കൽിക്കുക.’’
3. നമസ്‌കാരം: ഫാത്വിമ ബിൻത് അബീഹുബയ്ശി(റ)നോട് തിരുനബിﷺ പറഞ്ഞു: “ആർത്തവമായാൽ നിങ്ങൾ നമസ്‌കാരം ഉപേക്ഷിക്കുക.’’
4. നോമ്പ്: തിരുനബിﷺ പറഞ്ഞു:’’നിങ്ങളിലൊരുവൾക്ക് ആർത്തവമുണ്ടാകുമ്പോൾ അവൾ നോമ്പനുഷ്ഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നില്ലല്ലോ.’’ അവർ പ്രതികരിച്ചു: “അതെ.’’
5. ത്വവാഫ്: ആഇശ(റ)ക്ക് ആർത്തവമായപ്പോൾ തിരുനബിﷺ അവരോടു പറഞ്ഞു: “ഹാജി ചെയ്യുന്ന കർമങ്ങളെല്ലാം നിങ്ങളും ചെയ്യേണ്ടതാണ്; പക്ഷേ, ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്.’’
6. ക്വുർആൻ പാരായണം: സ്വഹാബികളിലെയും താബിഉകളിലെയും അവരുടെ ശേഷക്കാരിലെയും ധാരാളം പണ്ഡിതന്മാരുടെ അഭിപ്രായമാണിത്. എന്നാൽ, മറക്കാതിരിക്കുവാൻ മനഃപാഠമാക്കിയത് ഓതിനോക്കുക, മദ്‌റസകളിൽ കുട്ടികളെ പഠിപ്പിക്കുക, നിത്യമാക്കുന്ന വിർദുകൾ പാരായണം ചെയ്യുക തുടങ്ങിയുള്ള ആവശ്യങ്ങളുണ്ടായാൽ അവൾക്ക് പാരായണം അനുവദനീയമാണ്. പണ്ഡിതന്മാരിൽ ചിലർ അഭിപ്രായപ്പെട്ടതുപോലെ, ആവശ്യമില്ലെങ്കിൽ അവൾ ക്വുർആൻ പാരായണം ചെയ്യരുത്.
7. മുസ്വ‌്‌ഹഫ് സ്പർശിക്കുക: അല്ലാഹു പറഞ്ഞു: “പരിശുദ്ധി നൽകപ്പെട്ടവരല്ലാതെ അത് സ്പർശിക്കുകയില്ല’’ (ക്വുർആൻ 56:79).
8. പള്ളിയിൽ പ്രവേശിക്കലും താമസിക്കലും: തിരുനബി ﷺ പറഞ്ഞു: “വലിയ അശുദ്ധിക്കാർക്കും ആർത്തവകാരിക്കും പള്ളിയിൽ പ്രവേശനം ഞാൻ അനുവദിക്കുകയില്ല.’’
ആഇശ(റ) അവരുടെ അറയിലായിരിക്കെ തിരുമേനിﷺ തന്റെ തല അവർക്കു കുനിച്ചുകാണിക്കുകയും ആർത്തവകാരിയായിരിക്കെത്തന്നെ അവർ തിരുമേനിയുടെ മുടി ചീകുകയും ചെയ്തിരുന്നു. തിരുമേനി പള്ളിയിൽ ഇഅ്തികാഫിൽ കഴിയുന്ന നാളുകളിലായിരുന്നു ഇത്. പള്ളി വൃത്തികേടാകുമെന്നു ഭയന്നാൽ പള്ളിയിലൂടെ വഴിനടക്കലും അവൾക്ക് ഹറാമാണ്. എന്നാൽ വൃത്തികേടാവില്ലെന്ന് ഉറപ്പുണ്ടായാൽ വഴിനടക്കുന്നത് നിഷിദ്ധമല്ല.
ആർത്തവം അനിവാര്യമാക്കുന്ന കാര്യങ്ങൾ
1. കുളി നിർബന്ധമാക്കും. തിരുനബിﷺ പറഞ്ഞു: “നിങ്ങൾക്ക് ആർത്തവമുണ്ടാകാറുള്ള നാളുകൾ നിങ്ങൾ നമസ്‌കാരം ഉപേക്ഷിക്കുക. ശേഷം നിങ്ങൾ കുളിക്കുകയും നമസ്‌കരിക്കുകയും ചെയ്യുക.’’
2. പ്രായപൂർത്തി: തിരുനബിﷺ പറഞ്ഞു: “മുഖമക്കന അണിഞ്ഞുകൊണ്ട് നമസ്‌കരിച്ചാലല്ലാതെ ആർത്തവകാരിയായ (പ്രായപൂർത്തിയായ) ഒരു സ്ത്രീയുടെയും നമസ്‌കാരം അല്ലാഹു സ്വീകരിക്കു കയില്ല.’’ ആർത്തവമുണ്ടാകുന്നതോടുകൂടി അവൾക്ക് മറ തിരുനബിﷺ നിർബന്ധമാക്കി. പ്രായപൂത്തിയാകുമ്പോൾ മാത്രം കരസ്ഥമാവുന്ന തക്‌ലീഫ് (വിധിവിലക്കുകൾ ബാധകമാകൽ) ആർത്തമുണ്ടാകുന്നതോടുകൂടി ബാധകമാകുന്നുവെന്ന് ഈ തിരുമൊഴി അറിയിക്കുന്നു.
3. ആർത്തവമനുസരിച്ച് ഇദ്ദയാചരിക്കൽ: ആർത്തവമുണ്ടാകുന്ന വിവാഹമോചിതയുടെയും അവരെപോലുള്ളവരുടെയും ഇദ്ദ (ദീക്ഷാകാലം) അവസാനിക്കുന്നത് ആർത്തവംകൊണ്ടാണ്. അല്ലാഹു പറഞ്ഞു: “വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു മാസമുറകൾ (കഴിയുംവരെ) കാത്തിരിക്കേണ്ടതാണ്’’ (ക്വുർആൻ 2:228).
4. ആർത്തവത്തിനനുസരിച്ച് ഇദ്ദയാചരിച്ചാൽ ഗർഭമുക്തയാണെന്നു വിധിക്കൽ ആർത്തവം കൊണ്ടാണ്.
(ആർത്തവകാരിയോ പ്രസവരക്തമുള്ള സ്ത്രീയോ സൂര്യാസ്തമയത്തിനു മുമ്പ് ശുദ്ധിയായാൽ ആ ദിവസത്തെ ദ്വുഹ്‌റും അസ്വ്‌റും നമസ്‌കരിക്കൽ അവൾക്കു നിർബന്ധമാണ്. ഫജ്ർ ഉദിക്കുന്നതിനു മുമ്പാണ് അവൾ ശുദ്ധിയായതെങ്കിൽ ആ രാവിലെ മഗ്‌രിബും ഇശാഉും നമസ്‌കരിക്കൽ അവൾക്കു നിർബന്ധമാണ്. കാരണം ഒഴിവുകഴിവിന്റെ അവസ്ഥയിൽ രണ്ടാമത്തെ നമസ്‌കാരത്തിന്റെ സമയം ഒന്നാമത്തെ നമസ്‌കാരത്തിന്റെ സമയംകൂടിയാണ്. പണ്ഡിതന്മാരിൽ ഭൂരിപക്ഷത്തിന്റേയും നിലപാട് ഇതത്രെ).
നിഫാസിന്റെ കുറഞ്ഞ സമയവും കൂടിയ സമയവും
നിഫാസിന്റെ കുറഞ്ഞ സമയത്തിന് പരിധിയില്ല. കാരണം അതിലൊരു സമയപരിധി പ്രമാണമായി വന്നിട്ടില്ല. അതിനാൽ രക്തം കാണുന്നതിനെയാണ് അതിൽ അവലംബിക്കേണ്ടത്. അതാകട്ടെ കുറച്ചും കൂടതലും കാണപ്പെട്ടിട്ടുണ്ട്. നിഫാസിന്റെ കൂടിയ പരിധി നൽപതു ദിവസമാകുന്നു. തുർമുദി (റഹി) പറഞ്ഞു: “പ്രസവരക്തമുള്ള സ്ത്രീകൾ നാൽപതു ദിവസം നമസ്‌കാരം ഉപേക്ഷിക്കണം. എന്നാൽ അതിനു മുമ്പ് അവർ ശുദ്ധികാണുകയായാൽ കുളിച്ച് നമസ്‌കരിക്കേണ്ടതാണ്. ഈ വിഷയത്തിൽ സ്വഹാബികളും അവരുടെ ശേഷക്കാരായ പണ്ഡിതന്മാരും ഏകോപിച്ചിരിക്കുന്നു. ഉമ്മുസലമഃയിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്: ‘തിരുനബിയുടെ കാലത്ത് പ്രസവരക്തമുള്ള സ്ത്രീകൾ നാൽപതുദിവസം (ആരാധനാകർമങ്ങളിൽനിന്ന്) ഒഴിഞ്ഞിരിക്കുമായിരുന്നു.’’
ഇസ്തിഹാദ രക്തം
ആദിൽ എന്നു പേരുള്ള രക്തധമനിയിൽനിന്ന് അസമയത്തുള്ള രക്തസ്രാവമാകുന്നു ഇസ്തിഹാദ. വിധികളിലും വിശേഷണത്തിലും ആർത്തവരക്തത്തോട് ഇസ്തിഹാദത്തിന്റെ രക്തം വ്യത്യസ്തത പുലർത്തുന്നു. ആർത്തവനാളുകളിലായാലും അല്ലെങ്കിലും ശരി ഗർഭപാത്രത്തിലെ ഒരു ധമനിയിൽ നിന്ന് പുറപ്പെടുന്ന രക്തസ്രാവമാകുന്നു അത്. ആർത്തവത്തിന്റെ നാളുകളിലൊഴികെ അത് നമസ്‌കാരത്തെയും നോമ്പിനെയും ലൈംഗികവേഴ്ചയെയും തടയുന്നില്ല. അതിനുള്ള തെളിവ് ഫാത്വിമ ബിൻത് അബീഹുബയ്ശി(റ)ന്റെ ഹദീസാകുന്നു:
‘അല്ലാഹുവിന്റെ തിരുദൂതരേ, ശുദ്ധിയുണ്ടാകാതെ സദാ രക്തസ്രാവമുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. അതിനാൽ ഞാൻ നമസ്‌കാരം ഉപേക്ഷിക്കേണമോ’ തിരുമേനിﷺ പ്രതികരിച്ചു: ‘അത് ഒരു ധമനിയിൽനിന്നുള്ള സ്രാവം മാത്രമാണ്. അതിനാൽ നിങ്ങളുടെ ആർത്തവസമയമായാൽ മാത്രം നമസ്‌കാരം ഉപേക്ഷിക്കുക. അതു പിന്നിട്ടാൽ രക്തം കഴുകിക്കളഞ്ഞ് നമസ്‌കരിക്കുക.’’
അപ്പോൾ, ആർത്തവത്തിന്റെ പരിഗണനീയമായ അവസാനസമയത്ത് കുളിക്കൽ അവൾക്കു നിർബന്ധമാണ്. ഇസ്തിഹാദത്തിന്റെ അവസരത്തിൽ ഗുഹ്യാവയവം കഴുകി രക്തം തടയുന്ന രീതിയിൽ സ്രവിക്കുന്നേടത്ത് പരുത്തിയോ മറ്റോ വെച്ച് രക്തം നിലത്തുവീഴാതെ കെട്ടി ഭദ്രമാക്കുക. ഇന്ന് ഇതിനു പകരമായി ഹെൽത്തി പാഡുകൾ മതിയാകുന്നതാണ്. ശേഷം ഓരോ നമസ്‌കാര സമയമാകുമ്പോഴും വുദൂഅ് ചെയ്യുക.
രക്തസ്രാവമുള്ളവൾ ആർത്തവം തിരിച്ചറിയൽ
രക്തസ്രാവമുള്ളവൾക്ക് മൂന്നു അവസ്ഥകളുണ്ട്:
1. അറിയപ്പെട്ട ഒരു പതിവ് അവൾക്കുണ്ടാവുക. ഇസ്തിഹാദത്തിന് മുമ്പുതന്നെ ഹയ്ദിന്റെ സമയപരിധി അറിയപ്പെടൽകൊണ്ടാണത്. ഈ സ്ത്രീ അവളുടെ പതിവനുസരിച്ച് നമസ്‌കാരവും നോമ്പും ഉപേക്ഷിച്ച് ഒഴിഞ്ഞിരിക്കണം. ആർത്തവകാരിയായിട്ടാണ് അവൾ ഗണിക്കപ്പെടുക. അവളുടെ പതിവ് അവസാനിച്ചാൽ കുളിക്കുകയും നമസ്‌കരിക്കുകയും സ്രവിക്കപ്പെടുന്ന രക്തം ഇസ്തിഹാദത്തായി പരിഗണിക്കുകയും ചെയ്യണം. ഉമ്മുഹബീബ(റ)യോട് തിരുനബിﷺ പറഞ്ഞു: “സാധാരണഗതിയിൽ ആർത്തവം (ആരാധനകളിൽനിന്ന്) നിങ്ങളെ തടഞ്ഞിരുന്ന അത്രയും സമയത്തേക്ക് കാത്തിരിക്കുകയും പിന്നീട് കുളിച്ച് നമസ്‌കരിക്കുകയും ചെയ്യുക.’’
2. അറിയപ്പെട്ട ഒരു പതിവ് അവൾക്കില്ലാതിരിക്കുക. എന്നാൽ അവളുടെ രക്തത്തിന് പ്രത്യേകതയുണ്ട്. കറുത്തതും കടുത്തതും ദുർഗന്ധമുള്ളതുമെന്ന പ്രത്യേകത ആർത്തവ രക്തത്തിനുണ്ട്. ശേഷിക്കുന്നതാകട്ടെ ചുവന്ന്, വാസനയില്ലാതെ ഇസ്തിഹാദത്തിന്റെ പ്രത്യേകതയാണ് വഹിക്കുന്നത്. ഈ അവസ്ഥയിൽ വ്യതിരിക്തതക്കനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. ഫാതിമ ബിൻത് അബീഹുബയ്ശി(റ)നോട് തിരുനബിﷺ പറഞ്ഞു: “ആർത്തവരക്തമാണെങ്കിൽ അത് ഇരുണ്ടതും തിരിച്ചറിയപ്പെടുന്നതുമായിരിക്കും. അപ്പോൾ നമസ്‌കാരം നിർത്തുക. മറ്റേതാണെങ്കിൽ വുദൂഅ് ചെയ്ത് നമസ്‌കരിക്കുക. അത് ധമനിയിൽനിന്നുള്ള ഒരു സ്രാവം മാത്രമാണ്.’’
3. ഒരു പതിവുസമയവും ആർത്തവരക്തത്തെ അതല്ലാത്തതിൽനിന്ന് വേർതിരിക്കുന്ന ലക്ഷണവും ഇല്ലാത്തവളാവുക. ഇത്തരക്കാരി സാധാരണയായി ആർത്തവമുണ്ടാകാറുള്ള ആറ് അല്ലെങ്കിൽ ഏഴ് ദിവസങ്ങൾ കാത്തിരിക്കണം. കാരണം ഇതാണ് സ്ത്രീകൾക്ക് ആർത്തവമുണ്ടാകാറുള്ള സാധാരണമായ സമയപരിധി. ഈ നാളുകൾക്കുശേഷം കാണപ്പെടുന്ന രക്തം ഇസ്തിഹാദത്തിന്റെ രക്തമാണ്. അത് കഴുകി വൃത്തിയായശേഷം നമസ്‌കരിക്കുകയും നോമ്പെടുക്കുകയുമാണ് വേണ്ടത്.
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

