നമസ്‌കാരത്തിന്റെ വാജിബുകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

നമസ്‌കാരത്തിന്റെ വാജിബുകൾ എട്ടാകുന്നു. അവ ബോധപൂർവം ഉപേക്ഷിച്ചാൽ നമസ്‌കാരം ബാത്വിലാകും (നിഷ്ഫലമാകും). മറന്നുകൊണ്ടോ അറിവില്ലായ്മകൊണ്ടോ അവ നിർവഹിച്ചില്ലെങ്കിൽ നമസ്‌കാരം സാധുവാകും. വാജിബുകൾ മറന്നാൽ അതിനു സഹ്‌വിന്റെ (മറവിയുടെ) സുജൂദ് നിർബന്ധമാകും.

വാജിബുകളും റുക്‌നുകളും തമ്മിലുള്ള വ്യത്യാസം: വല്ലവനും റുകുനുകൾ മറന്നാൽ അവ കൊണ്ടെത്തിച്ചാലല്ലാതെ അവന്റെ നമസ്‌കാരം സ്വഹീഹാവുകയില്ല. എന്നാൽ വല്ലവനും വാജിബുകൾ മറന്നാൽ അതിനു പകരം സഹ്‌വിന്റെ സുജൂദ് മതിയാകും. അതിനാൽ റുക്‌നുകൾ വാജിബുകളെക്കാൾ ശക്തിമത്തായവയാകുന്നു. വാജിബുകളുടെ വിവരണം താഴെ വരും വിധമാണ്:

1. തക്ബീറതുൽഇഹ്‌റാം ഒഴിച്ചുള്ള മറ്റു തക്ബീറുകൾ: ‘തക്ബീറാതുൽ ഇൻതിക്വാൽ’ എന്ന് അവയ്ക്കു പേരു പറയപ്പെടുന്നു. ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു:

“എല്ലാ ഉയർച്ചയിലും കുനിയലിലും നിറുത്തത്തിലും ഇരുത്തത്തിലും നബിﷺ തക്ബീർ ചൊല്ലുന്നതു ഞാൻ കണ്ടു.’’ നബിﷺ വഫാത്താകുവോളം അതു നിത്യമാക്കി. നബിﷺ പറഞ്ഞിട്ടുണ്ട്: “ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.’’

2. റുകൂഇൽനിന്ന് ഉയരുമ്പോൾ ഇമാമും മുൻഫരിദും (ഒറ്റക്കു നമസ്‌കരിക്കുന്നവനും) ‘സമിഅല്ലാഹു ലിമൻഹമിദ’ (سَمِعَ اللهًُ لِمَنْ حَمِدَه) എന്നു പറയൽ: അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസാണ് അതിനു തെളിവ്:

“അല്ലാഹുവിന്റെ റസൂൽﷺ നമസ്‌കാരം ഉദ്ദേശിച്ചാൽ നിൽക്കുന്ന വേളയിൽ തക്ബീർ ചൊല്ലുമാ യിരുന്നു. പിന്നീട് റുകൂഇൽ പോകുമ്പോഴും തക്ബീർ ചൊല്ലുമായിരുന്നു. ശേഷം റകൂഇൽനിന്ന് മുതുകിനെ ഉയർത്തുന്ന വേളയിൽ നബിﷺ പറയും: ‘സമിഅല്ലാഹു ലിമൻ ഹമിദ.’ പിന്നീട് നിന്നുകൊണ്ട് അവിടുന്ന് പറയും: ‘റബ്ബനാ വലകൽ ഹംദ്’(رَبَّنَا وَلَكَ الحَمدُ)

3. മഅ്മൂമ് ‘റബ്ബനാ വലകൽ ഹംദ്’ എന്നു മാത്രം പറയൽ: എന്നാൽ ഇമാമും മുൻഫരിദും (ഒറ്റക്കു നമസ്‌കരിക്കുന്നവനും) ‘സമിഅല്ലാഹു ലിമൻ ഹമിദ’ എന്നും ‘റബ്ബനാ വലകൽഹംദ്’ എന്നും പറയൽ സുന്നത്താകുന്നു; മുൻചൊന്ന അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ വന്നതുപോലെ. അബൂമൂസൽഅശ്അരി(റ)യിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

“ഇമാം സമിഅല്ലാഹു ലിമൻ ഹമിദ’ എന്നു പറഞ്ഞാൽ അപ്പോ ൾ നിങ്ങൾ ‘റബ്ബനാ ലകൽഹംദ്’ എന്നു പറയുക.’’

4. റുകൂഇൽ ഒരു തവണ ‘സുബ്ഹാന റബ്ബിയൽഅദ്വീം’ (سبُحانَ ربِّي العظيمِ) എന്നു പറയൽ.

5. സജൂദിൽ ഒരു തവണ ‘സുബ്ഹാന റബ്ബിയൽ അഅ്‌ലാ’ (سبحان ربي الأعلى) എന്നു പറയൽ.

ഹുദയ്ഫ(റ) പറയുന്നു: “നബി(റ) റുകൂഇൽ ‘സുബ്ഹാന റബ്ബിയൽ അദ്വീം’ എന്നും തന്റെ സുജൂദിൽ ‘സുബ്ഹാന റബ്ബിയൽ അഅ്‌ലാ’ എന്നും പറയുമായിരുന്നു.’’ സുജൂദിലും റുകൂഇലും തസ്ബീഹ് മൂന്നു തവണയായി വർധിപ്പിക്കൽ സുന്നത്താകുന്നു.

6. രണ്ടു സുജൂദുകൾക്കിടയിൽ ‘റബ്ബിഗ്ഫിർലീ, റബ്ബിഗ്ഫിർലീ’ (رَبِّ اغْفِرْ لِيَّ) എന്നു പറയൽ: ഹുദയ്ഫ(റ) യിൽനിന്നുള്ള നിവേദനത്തിൽ ഇപ്രകാരമുണ്ട്: “നബിﷺ രണ്ടു സുജൂദുകൾക്കിടയിൽ ‘റബ്ബിഗ്ഫിർലീ, റബ്ബിഗ്ഫിർലീ’ എന്നു പ്രാർഥിക്കുമായിരുന്നു.’’

7. ഒന്നാമത്തെ തശഹ്ഹുദ്: ഇമാം മറന്നുകൊണ്ട് എഴുന്നേറ്റാൽ മഅ്മൂമിനു ഈ തശഹ്ഹുദ് നിർബന്ധമില്ല; ഇമാമിനെ തുടരൽ നിർബന്ധമായതിനാലാണ് അത്. കാരണം നബിﷺ ഒന്നാമത്തെ തശഹ്ഹുദ് മറന്നപ്പോൾ അതിലേക്കു മടങ്ങിയിട്ടില്ല; സഹ്‌വിന്റെ സുജൂദുകൊണ്ടു പരിഹരിക്കുകയാണു ചെയ്തത്.

ഒന്നാമത്തെ തശഹ്ഹുദ്:

التَّحِيَّاتُ لِلَّهِ وَالصَّلَوَاتُ وَالطَّيِّبَاتُ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ السَّلَامُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ

“എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനാണ്. നല്ലതും വിശിഷ്ടമായതും (അവനാണ്). നബിയേ, അങ്ങേക്ക് അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും അവന്റെ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങൾക്കും സദ്‌വൃത്തരായ ദാസന്മാർക്കും സമാധാനമുണ്ടാവട്ടെ. അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാ രുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.’’

8. ഒന്നാമത്തെ തശഹ്ഹുദിനുവേണ്ടിയുള്ള ഇരുത്തം: ഇബ്‌നുമസ്ഊദി(റ)ൽനിന്നു നിവേദനം: “നിങ്ങൾ ഓരോ രണ്ടു റക്അത്തിലും ഇരുന്നാൽ നിങ്ങൾ ചൊല്ലുക: ‘അത്തഹിയ്യാത്തു ലില്ലാഹി...’’

രിഫാഅ ഇബ്‌നു റാഫിഇ(റ)ൽനിന്ന് നിവേദനം: “നമസ്‌കാരത്തിന്റെ മധ്യത്തിൽ നീ ഇരുന്നാൽ അടങ്ങിപ്പാർക്കുക. ഇടതു കാൽത്തുടയിൽ ഇഫ്തിറാശിന്റെ ഇരുത്തമിരിക്കുകയും ശേഷം തശഹ്ഹുദ് ചൊല്ലുകയും ചെയ്യുക.’’

(റുകൂഅ്, സുജൂദ്, ഇഅ്തിദാൽ, സുജൂദുകൾക്കിടയിലെ ഇരുത്തം, തശഹ്ഹുദ് എന്നിവയിലെല്ലാം സ്ഥിരപ്പെട്ടുവന്ന വ്യത്യസ്തമായ ദിക്‌റുകളും ദുആകളുമുള്ളതിനാൽ അവയിൽ ഏതെങ്കിലുമൊന്ന് ചൊല്ലിയാൽ മതിയാകുന്നതാണ്-എഡിറ്റർ)

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)