നമസ്‌കാരത്തിലെ ഇമാമത്ത്
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

(ഭാഗം 02)
മഅ്മൂമിനുവേണ്ടി ഇമാം ഏൽക്കുന്നത്
ഉറക്കെ ഓതുന്ന നമസ്‌കാരങ്ങളിൽ മഅ്മൂമിന്റെ ക്വുർആൻ പാരായണം ഇമാം വഹിക്കുന്നതാണ് (മഅ്മൂമിനു ഇമാമിന്റെ ക്വിറാഅത്ത് മതിയാകുന്നതാണ്.) തിരുനബിﷺ പറഞ്ഞതായി ഇബ്‌നുമസ്ഊദി (റ)ൽനിന്നു നിവേദനം:
“ഇമാമ് ക്വുർആനോതിയാൽ ഉടൻ നിങ്ങൾ മൗനം ദീക്ഷിക്കുക.’’
“വല്ലവന്നും ഇമാമുണ്ടെങ്കിൽ ഇമാമിന്റെ ക്വിറാഅത്ത് അവനുള്ള ക്വിറാഅത്താണ്.’’
എന്നാൽ പതുക്കെയോതുന്ന നമസ്‌കാരങ്ങളിൽ മഅ്മൂമിന്റെ ഫാതിഹ ഇമാം വഹിക്കുകയില്ല.
ഇമാമിനെ മുൻകടക്കൽ
തന്റെ ഇമാമിനെ മുൻകടക്കൽ മഅ്മൂമിനു അനുവദനീയമല്ല. തന്റെ ഇമാമിനു മുമ്പായി വല്ലവനും തക്ബീറതുൽ ഇഹ്‌റാമിൽ പ്രവേശിച്ചാൽ അവന്റെ നമസ്‌കാരം സാധുവാകുകയില്ല. കാരണം തന്റെ ഇമാമിനുശേഷം തക്ബീറതുൽ ഇഹ്‌റാമിൽ പ്രവേശിക്കുകയെന്നത് അത് സാധുവാകുന്നതിന്റെ ശർത്ത്വാകുന്നു. അതാകട്ടെ അവനു നഷ്ടപ്പെട്ടിരിക്കുന്നു.
നമസ്‌കാരത്തിന്റെ കർമങ്ങൾ തന്റെ ഇമാം നിർവഹിച്ചശേഷം തുടങ്ങൽ മഅ്മൂമിനു നിർബന്ധമാണ്. തിരുനബിﷺ പറഞ്ഞു:
“നിശ്ചയം, ഇമാം നിശ്ചയിക്കപ്പെട്ടത് അദ്ദേഹം പിന്തുടരപ്പെടുന്നതിനു വേണ്ടിയാണ്. ഇമാം തക്ബീർ ചൊല്ലിയാൽ ഉടൻ നിങ്ങളും തക്ബീർ ചൊല്ലുക. റുകൂഅ് ചെയ്താൽ ഉടൻ നിങ്ങളും റുകൂഉ ചെയ്യുക. ഇമാം സമിഅല്ലാഹു ലിമൻഹമിദ എന്നു ചൊല്ലിയാൽ നിങ്ങൾ ഉടൻ റബ്ബനാ വലകൽഹംദ് ചൊല്ലുക. ഇമാം സുജൂദു ചെയ്താൽ ഉടൻ നിങ്ങൾ സുജൂദ് ചെയ്യുക.’’
തക്ബീറതുൽ ഇഹ്‌റാമിലും സലാം വീട്ടലിലും മഅ്മൂമ് ഇമാമിനോട് ഒപ്പത്തിനൊപ്പം ചെയ്താൽ അതു കറാഹത്താകുന്നു(വെറുക്കപ്പെടുന്നതാകുന്നു). കാരണം അതു സുന്നത്തിനെതിരാകുന്നു. അവന്റെ നമസ്‌കാരം ബാത്വിലാവുകയില്ല. കാരണം അവൻ റുക്‌നിൽ ഇമാമിനോട് ഒരുമിച്ചിരിക്കുന്നു. അവൻ ഇമാമിനെ മുൻ കടന്നാൽ അതു ഹറാമുമാകുന്നു. തിരുനബിﷺ പറഞ്ഞു:
“നിങ്ങൾ എന്നെ റുകൂഇലും സുജൂദിലും നിറുത്തത്തിലും മുൻകടക്കരുത്.’’ ഈ വിരോധം ഹറാമാക്കലാണ് തേടുന്നത്. അബൂഹുറയ്‌റ(റ)യിൽനിന്നു നിവേദനം:
“ഇമാമിനു മുമ്പ് തന്റെ തലയുയർത്തുന്നവൻ, അല്ലാഹു അവന്റെ തലയെ കഴുതയുടെ തലയാക്കി മാറ്റുന്നത് ഭയക്കുന്നില്ലേ?’’
ജമാഅത്തു നമസ്‌കാരം; ഏതാനും വിധികൾ
ഇമാമത്തും ജമാഅത്തുമായി ബന്ധപ്പെട്ട, മുമ്പ് പരാമർശിക്കാത്ത ഏതാനും വിധികൾ:
1. നമസ്‌കാരത്തിൽ പ്രായപൂർത്തിയും വിവേകവുമുള്ളവർ ഇമാമിനോട് അടുത്തു നിൽക്കൽ സുന്നത്താണ്. മഹത്ത്വവും ബുദ്ധിയും വിവേകവും അവധാനതയുമുള്ളവർ ഇമാമിനു പിന്നിലും അടുത്തുമായി നിൽക്കുവാൻ മുന്തിക്കപ്പെടണം. തിരുനബിﷺ പറഞ്ഞു:
“നിങ്ങളിൽ പ്രായപൂർത്തിയും ബുദ്ധിയുമുള്ളവർ എന്നോടു അടുത്തു നിൽക്കട്ടെ. പിന്നീട് അവരെ തുടർന്നവർ. പിന്നീട് അവരെ തുടർന്നവർ.’’
ഇമാമിൽനിന്ന് കർമങ്ങൾ സ്വീകരിക്കുക, ആവശ്യമായാൽ ഇമാമിനു പാരായണത്തിൽ ഉണർത്തിക്കൊടുക്കുക, (വുദൂഅ് നഷ്ടമാകുകപോലുള്ള) വല്ലതും നമസ്‌കാരത്തിൽ ഇമാമിനു പിണഞ്ഞാൽ) താനുദ്ദേശിക്കുന്നവരെ അവരിൽ നിന്ന് പകരം ഇമാമായി നിർത്തുക എന്നിവയാണ് ഇതിലുള്ള ഹിക്മത്ത്.
2. ഒന്നാമത്തെ സ്വഫ്ഫ് ലഭിക്കുവാൻ അമിത താൽപര്യം കാണിക്കുക: ഒന്നാമത്തെ സ്വഫ്ഫിലേക്കു മുൻകടക്കലും അതു ലഭിക്കുവാൻ അമിത താൽപര്യം കാണിക്കലും പിന്തുന്നതിനെതൊട്ട് മുൻകരുതൽ സ്വീകരിക്കലും മഅ്മൂമുകൾക്ക് സുന്നത്താണ്. തിരുനബിﷺ പറഞ്ഞു:
“നിങ്ങൾ മുന്നിട്ടുവരികയും എന്നെ തുടരുകയും ചെയ്യുക. നിങ്ങളുടെ ശേഷം വരുന്നവർ നിങ്ങളെ തുടരട്ടെ. ഒരു വിഭാഗം, അല്ലാഹു അവരെ പിന്തിപ്പിക്കുന്നതുവരെ (നമസ്‌കാരത്തിലേക്കു വരുന്നതിൽനിന്ന്) പിന്തിക്കൊണ്ടിരിക്കും.’’
“ബാങ്കുവിളിയിലും ഒന്നാമത്തെ സ്വഫ്ഫിൽ ഇടം കാണുന്നതിലുമുള്ള പുണ്യം ജനങ്ങൾ അറിയുകയും പിന്നീട് ആ പുണ്യം ലഭിക്കുവാൻ നറുക്കെടുക്കുകയല്ലാതെ തരമില്ലെന്നും അവർ മനസ്സിലാക്കി; എങ്കിൽ അവർ നറുക്കെടുത്ത് (ആ പുണ്യം നേടുമായിരുന്നു).’’
എന്നാൽ സ്ത്രീകൾ പിൻസ്വഫ്ഫുകളിലാവൽ സുന്നത്താണ്. നബിﷺ പറഞ്ഞു: “പുരുഷന്മാരുടെ സ്വഫ്ഫുകളിൽ ഏറ്റവും ഉത്തമമായത് അതിൽ ഒന്നാമത്തെതും ഏറ്റവും മോശമായത് അതിൽ അവസാനത്തെതുമാണ്. സ്ത്രീകളുടെ സ്വഫ്ഫുകളിൽ ഏറ്റവും ഉത്തമമായത് അതിൽ അവസാനത്തെതും ഏറ്റവും മോശമായത് അതിൽ ആദ്യത്തെതുമാണ്.’’
3. സ്വഫ്ഫുകൾ ശരിപ്പെടുത്തലും അന്യോന്യം അടുത്തു നിൽക്കലും വിടവുകൾ നികത്തലും മുൻസ്വഫ്ഫുകൾ പൂർത്തീകരിക്കലും: നമസ്‌കാരത്തിൽ പ്രവേശിക്കുന്നതിനുമുമ്പായി സ്വഫ്ഫുകൾ ശരിപ്പെടുത്തുവാനും വിടവുകൾ നികത്തുവാനും കൽപിക്കൽ ഇമാമിനു സുന്നത്താണ്. തിരുനബി ﷺയുടെ വാക്കും പ്രവൃത്തിയും അതിനു തെളിവാണ്. തിരുമേനി ﷺ പറഞ്ഞു:
“നിങ്ങൾ നിങ്ങളുടെ സ്വഫ്ഫുകൾ ശരിപ്പെടുത്തുക. കാരണം സ്വഫ്ഫുകൾ ശരിയാക്കൽ നമസ്‌കാരത്തിന്റെ പൂർണതയിൽ പെട്ടതാണ്.’’
അനസി(റ)ൽനിന്നു നിവേദനം: “നമസ്‌കാരത്തിന് ഇക്വാമത്തു വിളിക്കപ്പെട്ടു. അപ്പോൾ തിരുനബിﷺ ഞങ്ങളിലേക്കു മുഖം തിരിച്ചു നിന്നുകൊണ്ടു പറഞ്ഞു: ‘നിങ്ങൾ നിങ്ങളുടെ സ്വഫ്ഫുകൾ ശരിയാക്കുകയും പരസ്പരം അടുത്തുനിൽക്കുകയുംചെയ്യുക. കാരണം ഞാൻ നിങ്ങളെ പിന്നിൽ കാണുന്നു.’’
അനസ്(റ) പറയുന്നു: “ഞങ്ങളിലൊരാൾ തന്റെ ചുമൽ സഹചാരിയുടെ ചുമലിനോടും കാൽപാദം കാൽപാദത്തിനോടും മുട്ടിച്ചു നിൽക്കുമായിരുന്നു.’’
ഒന്നാമത്തെ സ്വഫ്ഫും പിന്നെ അതിനെത്തുടർന്നുള്ള സ്വഫ്ഫും പൂർത്തീകരിക്കൽ സുന്നത്താണ്. കുറവുണ്ടായാൽ അതു സ്വഫ്ഫുകളിൽ അവസാനത്തേതിലാകട്ടെ. തിരുനബിﷺ പറഞ്ഞു:
‘മലക്കുകൾ തങ്ങളുടെ റബ്ബിനരികിൽ അണിനിൽക്കുന്നതുപോലെ നിങ്ങൾ അണിനിൽക്കുന്നില്ലേ?’ ഞങ്ങൾ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, മലക്കുകൾ തങ്ങളുടെ റബ്ബിനരികിൽ എങ്ങനെയാണ് അണിനിൽക്കുന്നത്?’ തിരുമേനിﷺ പറഞ്ഞു: ‘ആദ്യമുള്ള സ്വഫ്ഫുകളെ അവർ പൂർത്തീകരിക്കുകയും സ്വഫ്ഫിൽ അന്യോന്യം അടുത്തു നിൽക്കുകയും ചെയ്യും.’
4. സ്വഫ്ഫിനു പിന്നിൽ മുൻഫരിദിന്റെ നമസ്‌കാരം: സ്വഫ്ഫിനു പിന്നിൽ ഒരു വ്യക്തിയുടെ ഒറ്റക്കുള്ള നമസ്‌കാരം സ്വഹീഹാവുകയില്ല. തിരുനബിﷺ പറഞ്ഞു: ‘സ്വഫ്ഫിനു പിന്നിൽ തനിച്ചു നമസ്‌കരിക്കു ന്നവന് നമസ്‌കാരമില്ല.’
“ഒരു വ്യക്തി സ്വഫ്ഫിനു പിന്നിൽ ഒറ്റക്കു നമസ്‌കരിക്കുന്നത് അല്ലാഹുവിന്റെ റസൂൽﷺ കണ്ടു. അപ്പോൾ തിരുനബി അയാളോടു നമസ്‌കാരം മടക്കി നിർവഹിക്കുവാൻ കൽപിച്ചു.’’
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ നിന്നുമെടുത്തത്)

