മയ്യിത്ത് സംസ്‌കരണ നിയമങ്ങൾ - 2

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

ജനാസ നമസ്‌കാരം; വിധിയും തെളിവും

ജനാസ നമസ്‌കാരം ഫർദു കിഫയാണ്. അഥവാ, ചിലർ നമസ്‌കരിച്ചാൽ മറ്റുള്ളവർ കുറ്റവിമുക്തരായി. കടബാധ്യതയുണ്ടായിരിക്കെ മരണപ്പെട്ട വ്യക്തിയുടെ വിഷയത്തിലുള്ള തിരുമൊഴിയാണ് അതിന്റെ തെളിവ്. തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ കൂട്ടുകാരന്റെ (ജനാസ) നിങ്ങൾ നമസ്‌കരിക്കുക.’’

നജ്ജാശി മരണപ്പെട്ട ദിവസം തിരുമേനി പറഞ്ഞു: “നിങ്ങളുടെ ഒരു സഹോദരൻ മരണപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ എഴുന്നേറ്റു അദ്ദേഹത്തിനു നമസ്‌കരിക്കുക.’’

ശർത്വുകൾ, റുക്‌നുകൾ, സുന്നത്തുകൾ

1. ജനാസ നമസ്‌കാരത്തിന്റെ ശർത്വുകൾ: നിയ്യത്ത്, തക്‌ലീഫ്, ക്വിബ്‌ലക്കു മുന്നിടൽ, നഗ്നത മറക്കൽ, നജസ് ഒഴിവാക്കൽ. ഈ ശ്വർത്ത്വുകൾ പറയുവാൻ കാരണം; ജനാസ നമസ്‌കാരം നമസ്‌കാരങ്ങളിലൊന്നാണ്. മയ്യിത്ത് നാട്ടിലുണ്ടെങ്കിൽ നമസ്‌കരിക്കുന്നവന്റെ മുന്നിൽ അതു ഹാജറാക്കലും നമസ്‌കരിക്കുന്നവനും നമസ്‌കരിക്കപ്പെടുന്നവനും മുസ്‌ലിമായിരിക്കലും രണ്ടുപേർക്കും ശുദ്ധിയുണ്ടാകലും ജനാസ നമസ്‌കാരത്തിന്റെ ശർത്വുകളിൽ പെട്ടതാണ്. ശുദ്ധിവരുത്തുവാൻ വെള്ളമുപയോഗിക്കുന്നതിന് ഒഴിവുകഴിവുണ്ടെങ്കിൽ തയമ്മും ചെയ്താണെങ്കിലും ശുദ്ധി വരുത്തണം.

2. റുക്‌നുകൾ: നിർബന്ധമായ ജനാസ നമസ്‌കാരത്തിൽ കഴിവുള്ളവൻ നിൽക്കൽ; കാരണം നിർബന്ധ നമസ്‌കാരങ്ങളെ പോലെത്തന്നെ നിൽക്കൽ നിർബന്ധമായ നമസ്‌കാരമാകുന്നു അത്.

നാലു തക്ബീറുകൾ: തിരുനബിﷺ നജ്ജാശിക്കു ജനാസ നമസ്‌കരിച്ചപ്പോൾ നാലു തക്ബീറുകൾ ചൊല്ലുകയുണ്ടായി.

സൂറത്തുൽ ഫാതിഹ ഓതൽ: ഹദീസിന്റെ പൊതുതേട്ടം അറിയിക്കുന്നത് അതാണ്. തിരുനബിﷺ പറഞ്ഞു: ‘സൂറത്തുൽ ഫാതിഹ ഓതാത്തവനു നമസ്‌കാരമില്ല.’

നബിയുടെമേൽ സ്വലാത്തു ചൊല്ലലും മയ്യിത്തിനുവേണ്ടി ദുആ ഇരക്കലും: നബിﷺ പറഞ്ഞു: ‘നിങ്ങൾ മയ്യിത്തിനു നമസ്‌കരിച്ചാൽ അതിനുവേണ്ടിയുള്ള ദുആ ആത്മാർഥമാക്കുക.’

സലാം വീട്ടുക: ഹദീാിന്റെ പൊതുതേട്ടം അറിയിക്കുന്നത് അതാണ്. തിരുനബിﷺ പറഞ്ഞു: ‘നമസ്‌കാരത്തിന്റെ തഹ്‌ലീൽ സലാം വീട്ടലാകുന്നു.’

റുക്‌നുകൾ ക്രമപ്രകാരം ചെയ്യൽ: അതിനാൽ നമസ്‌കരിക്കുന്നവൻ ഒരു റുക്‌നിനെയും മറ്റൊരു റുക്‌നിനെക്കാൾ മുന്തിപ്പിക്കരുത്.

3.സുന്നത്തുകൾ: ഓരോ തക്ബീറിനോടുകൂടിയും ഇരുകൈകളുമുയർത്തൽ, ക്വുർആൻ പാരായണത്തിനുമുമ്പ് അഊദു ചൊല്ലൽ (ഇസ്തിആദത്ത്), സ്വന്തത്തിനും മുസ്‌ലിംകൾക്കും വേണ്ടി പ്രാർഥിക്കൽ, ക്വുർആൻ പാരായണം പതുക്കെയാക്കൽ എന്നിവ ജനാസ നമസ്‌കാരത്തിന്റെ സുന്ന ത്തുകളിൽ പെട്ടതാണ്.

നമസ്‌കാരത്തിന്റെ സമയം, മഹത്ത്വം, രൂപം

1. ജനാസ നമസ്‌കാരത്തിന്റെ സമയം: മയ്യിത്ത് സ്ഥലത്തുണ്ടെങ്കിൽ അതിനെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ഒരുക്കുകയും ചെയ്തതിനു ശേഷം നമസ്‌കാര സമയം തുടങ്ങും. മയ്യിത്ത് സ്ഥലത്തില്ലെങ്കിൽ മരണവാർത്ത എത്തിയതു മുതലാണ് നമസ്‌കാര സമയം തുടങ്ങുക.

2. ജനാസ നമസ്‌കാരത്തിന്റെ മഹത്ത്വം: തിരുനബിﷺപറഞ്ഞു: ‘ആരെങ്കിലും ജനാസ സംസ്‌കരണത്തിൽ അതിനു നമസ്‌കരിക്കുന്നതുവരെ സന്നിഹിതനായാൽ അയാൾക്കൊരു ക്വീറാത്ത്വുണ്ട്. ആരെങ്കിലും അതു മറമാടപ്പെടുന്നതുവരെ അതിൽ ഹാജറായാൽ അയാൾക്കു രണ്ടു ക്വീറാത്ത്വുകളുണ്ട്. ചോദിക്കപ്പെട്ടു: ‘എന്താണ് രണ്ടു ക്വീറാത്ത്വുകൾ?’ തിരുമേനിﷺ പറഞ്ഞു: ‘വലിയ രണ്ടു പർവതങ്ങൾക്കു സമാനമായ (പ്രതിഫലം).’

3. ജനാസ നമസ്‌കാത്തിന്റെ രീതി: ഇമാമും ഒറ്റക്കു നമസ്‌കരിക്കുന്നവനും, പുരുഷന്റെ മയ്യിത്താണെങ്കിൽ മയ്യിത്തിന്റെ തലഭാഗത്തും സ്ത്രീയുടെതാണെങ്കിൽ മധ്യഭാഗത്തും നിൽക്കണം. അനസി(റ)ൽനിന്നു നിവേദനം ചെയ്യപ്പെടുന്ന ഹദീസിൽ തിരുമേനിﷺയുടെ നമസ്‌കാരം ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്. ശേഷം തക്ബീറത്തുൽ ഇഹ്‌റാം നിർവഹിച്ച് ശബ്ദം പതുക്കെയാക്കി അഊദുവും ബിസ്മിയും ഫാതിഹയുമോതുക; രാത്രിയിലാണ് നമസ്‌കരിക്കുന്നതെങ്കിലും ശരി. ശേഷം തക്ബീർ ചൊല്ലി തശ‌ഹ്ഹുദിൽ നബിയുടെമേൽ സ്വലാത്ത് ചൊല്ലുന്നതുപോലെ സ്വലാത്തുചൊല്ലുക. പിന്നെയും തക്ബീർ ചൊല്ലി മയ്യിത്തിനുവേണ്ടി തിരുനബിയിൽനിന്നുവന്ന ദുആഉകൾ നിർവഹിക്കുക. അവയിൽ ചിലത്:

اللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا وَشَاهِدِنَا وَغَائِبِنَا، اللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى الْإِيمَانِ، وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى الْإِسْلَامِ

“അല്ലാഹുവേ, ഞങ്ങളിൽ ജീവിച്ചിരിക്കുന്നവനും മരിച്ചവനും ഹാജറുള്ളവനും ഹാജറില്ലാത്തവനും ചെറിയവനും വലിയവനും ആണിനും പെണ്ണിനും നീ പൊറുത്തുകൊടുക്കേണമേ. അല്ലാഹുവേ, ഞങ്ങളിൽ ആരെയാണോ നീ ജീവിപ്പിക്കുന്നത് അവനെ ഇസ്‌ലാമിക ആദർശത്തിൽ നീ ജീവിപ്പിക്കേണമേ. ഞങ്ങളിൽ ആരെയാണോ നീ മരിപ്പിക്കുന്നത് അവനെ ഈമാനോടുകൂടി നീ മരിപ്പിക്കേണമേ.’’

اللَّهمَّ اغفرْ لَهُ وارحمهُ ، وعافِهِ واعفُ عنهُ ، وأكْرِم نُزَلَهُ ، ووسِّع مُدَخلَهُ ، واغسلْهُ بالماءِ والثَّلجِ والبَردِ ، ونقِّهِ منَ الخطايا كما يُنَقَّی الثَّوبَ الأبيضَ منَ الدَّنسِ ، وأبدِلهُ دارًا خَيرًا مِن دارِهِ ، وأهلًا خَيرًا مِن أهلِهِ ، وزَوجًا خَيرًا مِن زَوجِهِ ، وأدخِلهُ الجنَّةَ وأَعِذْهُ مِن عذابِ القبرِ وَمِنْ عَذَابِ النِّار‌

“അല്ലാഹുവേ, ഈ മയ്യിത്തിനോടു നീ പൊറുക്കുകയും കരുണകാണിക്കുകയും ഇദ്ദേഹത്തിനു സൗഖ്യമേകുകയും മാപ്പേകുകയും ചെയ്യേണമേ. ഇദ്ദേഹത്തിനുള്ള ആതിഥ്യത്തെ ആദരണീയമാക്കുകയും പ്രവേശനസ്ഥലം വിശാലമാക്കുകയും വെള്ളംകൊണ്ടും മഞ്ഞുകൊണ്ടും ആലിപ്പഴംകൊണ്ടും ഇദ്ദേഹത്തെ നീ കുളിപ്പിക്കുകയും വെള്ളവസ്ത്രം മാലിന്യത്തിൽനിന്നു ശുദ്ധീകരിക്കപ്പെടുന്നതുപോലെ പാപങ്ങളിൽനിന്നും തെറ്റുകളിൽനിന്നും ഇദ്ദേഹത്തെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ ഭവനത്തെക്കാൾ ഉത്തമമായ ഭവനവും കുടുംബത്തെക്കാൾ ഉത്തമമായ കുടുംബവും ഇണയെക്കാൾ ഉത്തമമായ ഇണയും നീ ഇദ്ദേഹത്തിനു പകരമായി നൽകേണമേ. ഇദ്ദേഹത്തെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ. ക്വബ്ർശിക്ഷയിൽനിന്നും നരകശിക്ഷയിനിന്നും നീ ഇദ്ദേഹത്തിനു രക്ഷയേ കേണമേ.’’

ശേഷം തക്ബീർ ചൊല്ലുകയും അൽപനേരം നിൽക്കുകയും ചെയ്യുക. താഴെ വരുന്നതുപോലുള്ള സൗകര്യപ്രദമായ ഒരു ദുആ ചെയ്യുകയാണെങ്കിൽ അതു നല്ലതാണ്:

الََّّلهُمَّ لَا تُحَرِّمْنَا أجْرَهُ وَلَا تَفْتِنَّا بَعْدَهُ

“അല്ലാഹുവേ, ഇദ്ദേഹത്തിന്റെ പ്രതിഫലം നീ ഞങ്ങൾക്കു തടയരുതേ. ഇയാളുടെ ശേഷം നീ ഞങ്ങളെ കുഴപ്പത്തിലാക്കരുതേ.’’ തുടർന്നു തന്റെ വലതുഭാഗത്തേക്ക് ഒരു സലാം വീട്ടുക. രണ്ടു (ഭാഗത്തേക്കും) സലാം വീട്ടിയാൽ അതിൽ യാതൊരു കുഴപ്പവുമില്ല.

ജനാസ നമസ്‌കാരത്തിൽ ചിലത് വല്ലവനും നഷ്ടപ്പെട്ടാൽ അവൻ ഇമാമിന്റെ കൂടെ പ്രവേശിക്കുകയും ഇമാം സലാം വീട്ടിയാൽ തനിക്കു നഷ്ടപ്പെട്ടത് അതേ രീതിയിൽ അവൻ നമസ്‌കരിച്ചുവീട്ടുകയും ചെയ്യട്ടെ. മയ്യിത്തു മറമാടപ്പെടുന്നതിനുമുമ്പ് ഒരാൾക്കു നമസ്‌കാരം നഷ്ടപ്പെട്ടാൽ അയാൾക്കു ക്വബ്‌റിനരികിൽ നമസ്‌കരിക്കാവുന്നതാണ്. പള്ളി അടിച്ചുവാരി വൃത്തിയാക്കിയിരുന്ന സ്ത്രീയുടെ സംഭവത്തിൽ തിരുനബി അപ്രകാരം നമസ്‌കരിച്ചിട്ടുണ്ട്. നാട്ടിൽനിന്ന് അപ്രത്യക്ഷനായ വ്യക്തിയുടെ മരണവാർത്തയറിഞ്ഞത് ഒരു മാസത്തിനുള്ളിലാണെങ്കിലും അതി

നെക്കാൾ കൂടുതലാണെങ്കിലും അറിഞ്ഞ വേളയിൽ നമസ്‌കരിക്കപ്പെടണം. ഗർഭത്തിൽ നാലോ അതിനെക്കാൾ കൂടുതലോ മാസം തികഞ്ഞാൽ ചാപിള്ളക്ക് നമസ്‌കാരം നിർവഹിക്കപ്പെടണം. നാലു മാസത്തിൽ കുറവാണെങ്കിൽ നമസ്‌കരിക്കേണ്ടതില്ല.

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ നിന്നുമെടുത്തത്)