സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത്

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 മാർച്ച് 09, 1445 ശഅ്ബാൻ 28

വിധിയും തെളിവുകളും:

സ്വർണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമാകുന്നു: “സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക’’ (ക്വുർആൻ 9: 34).

ഒരു നിർബന്ധകർമം ഉപേക്ഷിച്ചാലല്ലാതെ ഇത്തരമൊരു ശിക്ഷകൊണ്ട് മുന്നറിയിപ്പു നൽകപ്പെടുകയില്ല. തിരുനബിﷺ പറഞ്ഞു: “സ്വർണത്തിന്റെയും വെള്ളിയുടെയും സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമകളിൽ ഒരാളുമില്ല; അന്ത്യനാളായാൽ തീയിൽനിന്നുള്ള കട്ടകൾ അയാൾക്കായി എടുക്കപ്പെടാതെ, ശേഷം നരകത്തീയിൽ അവ ചൂടാക്കപ്പെടും. അതിൽപിന്നെ അവന്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലും അവകൊണ്ട് ചൂടുവെക്കപ്പെടുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം അത് വീണ്ടും ചൂടാക്കി അവനിലേക്ക് മടക്കപ്പെടും. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്. അങ്ങിനെ അടിയാറുകൾക്കിടയിൽ വിധിതീർപ്പ് നടക്കും.’’

ഇരുന്നൂറു ദിർഹമിൽ അഞ്ചു ദിർഹം സകാത്തു നൽകണമെന്നതിലും സ്വർണം ഇരുപതു മിസ്‌ക്വാൽ ഉണ്ടായാൽ (അതിന്റെ വില ഇരുന്നൂറു ദിർഹമാകുന്നു) അതിലും സകാത്തു നിർബന്ധമാകുമെന്നതിലും പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകോപിച്ചുള്ള അഭിപ്രായം) ഉണ്ട്.

സകാത്തിന്റെ തോത്

സ്വർണത്തിലും വെള്ളിയിലും സകാത്തിന്റെ തോത് പത്തിലൊന്നിന്റെ നാലിലൊന്ന് (രണ്ടര ശതമാനം) ആകുന്നു. അഥവാ, സ്വർണത്തിന്റെ ഓരോ ഇരുപതു ദീനാറിനും അര ദീനാറുവീതം. ഇരുപതിൽ അധികമുണ്ടായാൽ, അധികമുള്ളത് കുറച്ചായാലും കൂടുതലായാലും അതിന്റെ കണക്കനുസരിച്ചു സകാത്തു നൽകണം.

വെള്ളിയുടെ ഓരോ ഇരുന്നൂറു ദിർഹമിനും അഞ്ചു ദിർഹമാകുന്നു സകാത്ത്. ഇരുന്നൂറിൽ അധികമുണ്ടായാൽ അതിന്റെ കണക്കനുസരിച്ചു നൽകണം. സ്വദക്വഃയുടെ വിഷയത്തിൽ നബിﷺ പറഞ്ഞു: “വെള്ളിയിൽ ഓരോ ഇരുന്നൂറു ദിർഹമിനും പത്തിലൊന്നിന്റെ നാലിലൊന്നാകുന്നു (അഞ്ചു ദിർഹം).’’ മറ്റൊരു ഹദീസിൽ: “നിന്റെ പക്കൽ സ്വർണത്തിന്റെ ഇരുപതു ദീനാർ ഉണ്ടാകുന്നതുവരെ നിനക്ക് യാതൊരു സകാത്തുമില്ല. നിനക്ക് ഇരുപതു ദീനാർ ഉണ്ടാവുകയും അതിൽ വർഷം തികയുകയും ചെയ്താൽ അപ്പോൾ അതിൽ അര മിസ്‌ക്വാൽ (രണ്ടര ശതമാനം) ആകുന്നു സകാത്ത്.’’ തിരുനബി സ്വീകരിച്ചിരുന്നതായി ഇപ്രകാരം വന്നിട്ടുണ്ട്: “നബിﷺ എല്ലാ ഇരുപതു മിസ്‌ക്വാലിൽനിന്നും അര മിസ്‌ക്വാൽ വസൂലാക്കുമായിരുന്നു’’ എന്നും സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്.

സകാത്തിന്റെ ശർത്വുകൾ

സ്വർണത്തിലും വെള്ളിയിലും സകാത്തു നിർബന്ധമാകുവാൻ താഴെ വരുന്ന നിബന്ധനകളുണ്ട്:

1. നിസ്വാബ് എത്തൽ. ഇരുപത് മിസ്‌ക്വാലാണ് സ്വർണത്തിനു നിസ്വാബ്. അലിയ്യിൽ(റ) നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “സ്വർണത്തിൽ നിന്റെ പക്കൽ ഇരുപതു ദീനാർ ഉണ്ടാകുന്നതുവരെ നിനക്കു യാതൊരു സകാത്തുമില്ല. നിനക്ക് ഇരുപതു ദീനാറുണ്ടാവുകയും അതിൽ വർഷം തികയുകയും ചെയ്താൽ അപ്പോൾ അതിൽ അര മിസക്വാൽ (രണ്ടര ശതമാനം) ആകുന്നു സകാത്ത്.’’ ഇരുപതു ദീനാർ എൺപത്തിയഞ്ചു ഗ്രാമിനു തുല്യമാകുന്നു.

വെള്ളിയുടെ നിസ്വാബ് ഇരുന്നൂറു വെള്ളിനാണയങ്ങളാണ്. നബിﷺ പറഞ്ഞു: “അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തില്ല.’’ ഒരു ഊക്വിയ നാൽപതു ദിർഹമാകുന്നു. അപ്പോൾ അഞ്ചു ഊക്വിയ ഇരുനൂറു ദിർഹമിനു തുല്യമാകുന്നു. തിരുനബിﷺ പറഞ്ഞു: “വെള്ളിയിൽ പത്തിലൊന്നിന്റെ നാലിലൊന്നാകുന്നു (രണ്ടര ശതമാനം) സകാത്ത്. നൂറ്റിത്തൊണ്ണൂറ് ദിർഹമു മാത്രമാണുള്ളതെങ്കിൽ അതിൽ യാതൊന്നും സകാത്തായി ഇല്ല; അതിന്റെ ഉടമ നൽകുവാനുദ്ദേശിച്ചാലല്ലാതെ.’’ വെള്ളിയുടെ നിസ്വാബ് അഞ്ചു ഊക്വിയയാണെന്നതിലും സ്വർണത്തിന്റെ നിസ്വാബ് ഇരുപത് മിസ്‌ക്വാലാണെന്നതിലും പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.

2. സകാത്തു നിർബന്ധമാകുന്നവരുടെ വിഷയത്തിൽ മുമ്പ് പരാമർശിച്ച പൊതുവിലുള്ള മറ്റു ശർത്ത്വുകൾ: ഇസ്‌ലാം, സ്വാതന്ത്ര്യം, സമ്പൂർണ ഉടമസ്ഥത, വർഷം തികയൽ.

സ്വർണവും വെള്ളിയും ഒന്നിനോടൊന്നു ചേർക്കൽ

നിസ്വാബു പൂർത്തിയാക്കുവാൻ സ്വർണവും വെള്ളിയും തമ്മിൽ ഒന്നിലേക്കു ചേർക്കപ്പെടുകയില്ലയെന്നതാണ് പ്രബലമായ അഭിപ്രായം. കാരണം ഒട്ടകം, മാട്, ബാർളി, ചോളം എന്നിവ പോലെ അവ രണ്ടും വ്യത്യസ്ത വർഗങ്ങളാണ്; അവയാലുള്ള ഉദ്ദേശ്യം ഒന്നാണെങ്കിലും ശരി. ഒട്ടകത്തിലും മാടിലും തൻമിയത്തും (വളർച്ച) ബാർലിയിലും ചോളത്തിലും ഭക്ഷണവുമാണ് അത്. തിരുനബിﷺ പറഞ്ഞു: “വെള്ളിയിൽ അഞ്ചു ഊക്വിയക്കു താഴെയുള്ളതിനും സകാത്തില്ല.’’

നിസ്വാബ് തികക്കുവാൻ സ്വർണവും വെള്ളിയും ഒന്നൊന്നിലേക്കു ചേർക്കണമെന്നത് അഞ്ചു ഊക്വിയക്കു താഴെയുള്ള വെള്ളിക്കും സകാത്തു നൽകൽ നിർബന്ധമാണെന്നതിനെ അനിവാര്യമാക്കും; അവന്റെയടുക്കൽ നിസ്വാബ് തികക്കുന്ന സ്വർണമുണ്ടെങ്കിൽ. ഹദീസാകട്ടെ അഞ്ചു ഊക്വിയ തികക്കുന്ന സ്വർണം അവന്റെ പക്കലുണ്ടെങ്കിലെന്നത് ഉൾകൊള്ളുന്നുമില്ല. അതിനാൽ ഒരാളുടെ അടുക്കൽ പത്തു ദീനാറും നൂറു ദിർഹമുമുണ്ടായാൽ അയാൾക്ക് സകാത്തില്ല. കാരണം സ്വർണത്തിനു തനിച്ചാണ് സകാത്തു നൽകപ്പെടേണ്ടത്. ഇതുപോലെ തന്നെയാണ് വെള്ളിക്കും.

ആഭരണത്തിന്റെ സകാത്ത്

സൂക്ഷിച്ചുവെക്കുവാനും വാടകക്കു നൽകുവാനും ഒരുക്കപ്പെട്ട ആഭരണങ്ങൾക്കും നിഷിദ്ധമായ ആഭരണങ്ങൾക്കും സകാത്തു നിർബന്ധമാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.

പുരുഷൻ തനിക്കുവേണ്ടി സ്വീകരിക്കുന്ന സ്വർണമോതിരവും മൃഗങ്ങളുടെ രൂപത്തിൽ നിർമിച്ചും അല്ലെങ്കിൽ മൃഗങ്ങളുടെ രൂപംവെച്ചും സ്ത്രീ തനിക്കു സ്വീകരിക്കുന്ന ആഭരണവും നിഷിദ്ധമായ ആഭരണങ്ങൾക്ക് ഉദാഹരണമാണ്. എന്നാൽ അനുവദനീയമായ ഉപയോഗത്തിനും വായ്പക്കും ഒരുക്കപ്പെട്ട ആഭരണത്തിൽ സകാത്തു നിർബന്ധമാണെന്നതാണ് പണ്ഡിതന്മാരുടെ രണ്ട് അഭിപ്രായങ്ങളിൽ ശരിയായത്; താഴെ വരുന്ന കാരണങ്ങളാലാണ് അത്:

1. സ്വർണത്തിലും വെള്ളിയിലും സകാത്തു നിർബന്ധമാണെന്ന വിഷയത്തിൽ വന്ന പ്രമാണ വചനങ്ങളുടെ പൊതുതാൽപര്യം. അതിൽ ആഭരണവും അതല്ലാത്തതും ഉൾപ്പെടും.

2. അംറ് ഇബ്‌നു ശുഐബ്(റ) തന്റെ പ്രപിതാവിൽനിന്നു നിവേദനം ചെയ്തതായി സുനനുകളിൽ ഇപ്രകാരമുണ്ട്: “ഒരു സ്ത്രീ തിരുദൂതരുടെ അടുക്കൽവന്നു. അവരോടൊപ്പം അവരുടെ മകളുമുണ്ടായി രുന്നു. മകളുടെ കൈയിൽ കട്ടിയുള്ള രണ്ടു സ്വർണവളകളുണ്ടായിരുന്നു. അപ്പോൾ തിരുമേനി ﷺ ചോദിച്ചു: ‘നിങ്ങൾ ഇതിന്റെ സകാത്തു നൽകാറുണ്ടോ?’

അവർ പറഞ്ഞു: ‘ഇല്ല.’ തിരുമേനിﷺ പറഞ്ഞു: ‘ഇവ കാരണത്താൽ തീയിനാലുള്ള രണ്ടു വളകൾ അല്ലാഹു നിങ്ങളെ ധരിപ്പിക്കുന്നത് നിങ്ങൾക്ക് ഇഷ്ടകരമാണോ?’ ഉടൻ അവർ ആ രണ്ടു വളകൾ ഊരി നബിﷺയിലേക്ക് ഇട്ടുകൊടുത്തു.’’ ഈ ഹദീസ് ഈ വിഷയത്തിൽ വ്യക്തമായ പ്രമാണമാണ്. ഇതിന് ഉപോൽബലകമായ വേറേയും ഹദീസുകൾ സ്വഹീഹുൽ ബുഖാരിയിലും മറ്റുമുണ്ട്.

3. ആഭരണത്തിനു സകാത്തു നിർബന്ധമാണെന്ന അഭിപ്രായമാണ് സൂക്ഷ്മതക്ക് ഉചിതവും ഉത്തര വാദിത്തം വീടുവാൻ കരണീയവുമായത്. നബിﷺ പറഞ്ഞു: “നിനക്കു സംശയം ജനിപ്പിക്കുന്നത് വിട്ടു സംശയമുണ്ടാക്കാത്തത് നീ സ്വീകരിക്കുക.’’

(അവസാനിച്ചില്ല).

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)