നമസ്‌കാരത്തിന്റെ റുക്‌നുകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ആഗസ്റ്റ് 03, 1446 മുഹർറം 28

ഏതൊന്നിനാലാണോ ഇബാദത്തുകൾ (ആരാധനകൾ) രൂപീകൃതമാകുന്നത് അവയാണ് റുക്‌നുകൾ. അവയില്ലാതെ ഇബാദത്ത് ശരിയാവുകയില്ല. ശർത്വ് ഇബാദത്തിനെ മുൻകടക്കുകയും ഇബാദത്തിനോടൊപ്പം തുടർന്നുകൊണ്ടിരിക്കുകയും ചെയ്യും; എന്നാൽ ഇബാദത്ത് ഉൾകൊള്ളുന്നതായ വാക്കുകളും പ്രവൃത്തികളുമാകുന്നു റുക്‌നുകൾ എന്നതാണ് റുക്‌നുകളും ശർത്വുകളും തമ്മിലുള്ള വ്യത്യാസം.

നമസ്‌കാരത്തിന്റെ റുക്‌നുകൾ പതിനാലാകുന്നു. ബോധപൂർവമായും മറവിയാലും അജ്ഞതയാലും ഉപേക്ഷവരുത്തപ്പെടുവാൻ പാടില്ലാത്തവയാണ് റുക്‌നുകൾ. അവയുടെ വിവരണം താഴെ വരും വിധമാണ്:

1. കഴിവുള്ളവൻ നിർബന്ധ (ഫർദ്) നമസ്‌കാരത്തിൽ നേരെ നിവർന്നു നിൽക്കൽ:

അല്ലാഹു പറഞ്ഞു: “അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടുകൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർഥിക്കുന്നത്’’ (ക്വുർആൻ 2: 238).

ഇംറാൻ ഇബ്‌നു ഹുസ്വയ്‌നി(റ)നോടു തിരുനബിﷺ പറഞ്ഞു: “താങ്കൾ നിന്നുകൊണ്ടു നമസ്‌കരിക്കുക. താങ്കൾക്ക് അതിനു സാധിച്ചിട്ടില്ലെയെങ്കിൽ ഇരുന്നുകൊണ്ടും അതിനു സാധിച്ചിട്ടില്ലെങ്കിൽ കിടന്നുകൊണ്ടും താങ്കൾ നമസ്‌കരിക്കുക.’’

രോഗം, പേടി പോലുള്ള ഒഴിവുകഴിവുകളുണ്ടായാൽ നിർബന്ധനമസ്‌കാരങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുവാൻ ഒരാൾക്ക് ഇളവുണ്ട്. അയാൾക്കു തന്റെ അവസ്ഥക്ക് അനുസൃതമായി ഇരുന്നോ അല്ലെങ്കിൽ കിടന്നോ നമസ്‌കരിക്കാവുന്നതാണ്. എന്നാൽ സുന്നത്തു നമസ്‌കാരങ്ങളിൽ നിൽക്കുകയെന്നത് സുന്നത്താകുന്നു; റുക്ൻ അല്ല. എന്നാൽ അവയിൽ നിൽക്കുന്നവന്റെ നമസ്‌കാരമാണ് ഇരിക്കുന്നവന്റെ നമസ്‌കാരത്തെക്കാൾ ഉത്തമം. നബിﷺ പറഞ്ഞു: “ഇരിക്കുന്നവന്റെ നമസ്‌കാരം നിൽക്കുന്നവന്റെ നമസ്‌കാരത്തിനു പകുതിയാകുന്നു.’’

2. നമസ്‌കാരത്തിന്റെ ആരംഭത്തിലുള്ള തക്ബീറതുൽ ഇഹ്‌റാം: ‘അല്ലാഹു അക്ബർ’ എന്ന വചനമാണത്. നമസ്‌കരിക്കുന്നവന് അതല്ലാത്ത മറ്റൊരു പ്രയോഗവും മതിയാവുകയില്ല. നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു: “താങ്കൾ നമസ്‌കരിക്കുവാൻ നിന്നാൽ തക്ബീർ ചൊല്ലുക.’’

“നമസ്‌കാരത്തിന്റെ തഹ്‌രീം (മറ്റു കാര്യങ്ങൾ പാടില്ലാതാക്കുന്നത്) തക്ബീറതുൽ ഇഹ്‌റാമും നമസ്‌കാരത്തിന്റെ തഹ്‌ലീൽ (ഇതരകാര്യങ്ങൾ അനുവദിക്കുന്നത്) തസ്‌ലീമും (സലാം വീട്ടലും) ആകുന്നു.’’

3. എല്ലാ റക്അത്തുകളിലും ക്രമപ്രകാരം സൂറതുൽ ഫാതിഹ പാരായണം ചെയ്യൽ: നബിﷺ പറഞ്ഞു: “സൂറതുൽ ഫാതിഹ പാരായണം ചെയ്തിട്ടില്ലാത്തവർക്ക് നമസ്‌കാരമില്ല.’’

ഇമാമിനെ റുകൂഇൽ തുടർന്ന, അല്ലെങ്കിൽ ഫാതിഹ ഓതുവാൻ അവസരം ലഭിക്കാത്തത്ര സമയം നിറുത്തത്തിൽ ഇമാമിനെ തുടർന്ന മസ്ബൂക്വ് (വൈകിവരുന്നവൻ) ഇതിൽനിന്ന് ഒഴിവാക്കപ്പെടും. ഉറക്കെ പാരായണം ചെയ്യപ്പെടുന്ന നമസ്‌കാരങ്ങളിലും മഅ്മൂമ് ഫാതിഹ ഓതുന്നതിൽനിന്ന് ഒഴിവാക്കപ്പെടും. എന്നാൽ ഇമാമിന്റെ മൗനവേളകളിൽ മഅ്മൂമ് ഓതുകയാണെങ്കിൽ അതാണ് സൂക്ഷ്മതക്ക് ഏറ്റവും നല്ലത്.

4. ഓരോ റക്അത്തുകളിലും റുകൂഅ് ചെയ്യൽ: “സത്യവിശ്വാസികളേ, നിങ്ങൾ റുകൂഉം സുജൂദും ചെയ്യുക’’ (ക്വുർആൻ 22: 77).

നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു: “പിന്നീട് റുകൂഅ് ചെയ്യുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ റുകൂഅ് ചെയ്യുക.’’

5, 6. റുകൂഇൽനിന്ന് തലയുയർത്തലും നേരെ നിവർന്നുനിൽക്കലും: നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു: “റുകൂഅ് ചെയ്യുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ റുകൂഉം ചെയ്യുക. ശേഷം നേരെ നിവർന്നുനിൽക്കുവോളം താങ്കൾ റുകൂഇൽനിന്ന് ഉയരുക.’’

7. സുജൂദ്: അല്ലാഹു പറഞ്ഞു: “(വിശ്വാസികളേ,) നിങ്ങൾ സുജൂദും ചെയ്യുക’’ (ക്വുർആൻ 22:77).

നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു: “സുജൂദു ചെയ്യുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ സുജൂദുചെയ്യുക...’’

ഇബ്‌നു അബ്ബാസി(റ)ൽനിന്നുള്ള ഹദീസിൽ പരാമർശിക്കപ്പെട്ടതുപോലെ, ഏഴു അവയവങ്ങളിലായി ഓരോ റക്അത്തിലും രണ്ടു തവണയാണ് സുജൂദ്. പ്രസ്തുത ഹദീസിൽ ഇപ്രകാരമുണ്ട്: “ഏഴു അസ്ഥികളിൽ (അവയവങ്ങളിൽ) സുജൂദുചെയ്യുവാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു; മൂക്കിലേക്കു ചൂണ്ടിക്കൊണ്ടു (നബിﷺ പറഞ്ഞു) നെറ്റി, രണ്ടു കൈകൾ, കാൽമുട്ടുകൾ, കാൽപാദങ്ങളുടെ വിരലറ്റങ്ങൾ.’’

8.9. സുജൂദിൽനിന്ന് തലയുയർത്തലും രണ്ട് സുജൂദുകൾക്കിടയിൽ ഇരിക്കലും: നേരാംവണ്ണം നിർവഹിക്കാതെ നമസ്‌കരിച്ച വ്യക്തിയോടു തിരുനബിﷺ പറഞ്ഞു: “ഇരിക്കുന്നവനായി അടങ്ങിപ്പാർക്കുവോളം താങ്കൾ (സുജൂദിൽനിന്നു) തലയുയർത്തുകയും ചെയ്യുക...’’

10. ഓരോ റുക്‌നിലും ത്വുമഅ്‌നീനത്ത്: അടങ്ങിപ്പാർക്കലാണ് ‘ത്വുമഅ്‌നീനത്ത്.’ ഒാരോ റുക്‌നിലും നിർബന്ധമായും ചൊല്ലേണ്ട ദിക്‌റിന്റെ തോതനുസരിച്ചാണ് അടക്കവും ഒതുക്കവും വേണ്ടത്. കാരണം നമസ്‌കാരത്തിലെ ത്വുമഅ്‌നീനത്തിൽ ഉപേക്ഷവരുത്തി നമസ്‌കരിച്ച വ്യക്തിയോട് ഓരോ റുക്‌നിലും അതുകൊണ്ട് തിരുനബി കൽപിക്കുകയും അത് ഉപേക്ഷിച്ചതിനാൽ നമസ്‌കാരം മടക്കി നിർവഹിക്കുവാൻ അയാളോട് കൽപിക്കുകയും ചെയ്തു.

11. അവസാനത്തെ തശഹ്ഹുദ്: ഇബ്‌നുമസ്ഊദി(റ)ൽനിന്നുള്ള വചനമാണ് അതിനുള്ള തെളിവ്. അദ്ദേഹം പറഞ്ഞു: “തശഹ്ഹുദ് ഞങ്ങളുടെമേൽ ഫർദാക്കപ്പെടുന്നതിനുമുമ്പ് ഞങ്ങൾ പറയുമായിരുന്നു: ‘അസ്സലാമു അലല്ലാഹി മിൻ ഇബാദിഹി’ (ദാസന്മാരിൽനിന്ന് അല്ലാഹുവിന്റെ മേൽ സലാം). അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘നിങ്ങൾ അസ്സലാമു അലല്ലാഹ് എന്നു പറയരുത്. എന്നാൽ നിങ്ങൾ അത്തഹിയ്യാത്തു ലില്ലാഹ്... എന്നു ചൊല്ലുക.’ നിർബന്ധമാക്കപ്പെടുന്നതിനു മുമ്പ് എന്ന ഇബ്‌നുമസ്ഊദി(റ)ന്റെ വാക്കാണ് തശഹ്ഹുദ് ഫർദാണ് എന്നറിയിക്കുന്നത്.

12. അവസാനത്തെ തശഹ്ഹുദിനു വേണ്ടിയുള്ള ഇരുത്തം: കാരണം, തിരുനബി തശഹ്ഹുദിനുവേണ്ടി ഇരിക്കുകയും അതു നിത്യമാക്കുകയും ചെയ്തു. നബി ﷺ പറഞ്ഞു: “ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.’’

13. സലാം വീട്ടൽ: തിരുനബിﷺ പറഞ്ഞു: “നമസ്‌കാരത്തിന്റെ തഹ്‌ലീൽ (ഇതര കാര്യങ്ങൾ അനുവദിക്കുന്നത്) തസ്‌ലീമും (സലാം വീട്ടലും) ആകുന്നു.’ വലതുഭാഗത്തേക്കും ഇടതുഭാഗത്തേക്കും സലാം പറയണം.

14. മുകളിൽ വിവരിച്ച പ്രകാരം റുക്‌നുകളെ ക്രമപ്രകാരമാക്കൽ: കാരണം നബിﷺ ക്രമപ്രകാരമാണ് നമസ്‌കാരം നിർവഹിച്ചത്. നബിﷺ പറഞ്ഞു: “ഞാൻ നമസ്‌കരിക്കുന്നതു നിങ്ങൾ കണ്ടതുപോലെ നിങ്ങൾ നമസ്‌കരിക്കുക.’’

നേരാംവണ്ണം അടക്കവും ഒതുക്കവുമില്ലാതെ നമസ്‌കരിച്ച വ്യക്തിയെ ക്രമപ്രകാരം എന്ന ആശയമറിയിക്കുന്ന ‘സുമ്മ’ എന്ന വാക്കുപയോഗിച്ചാണ് നബിﷺ നമസ്‌കാരം പഠിപ്പിച്ചത്.

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)