മലമൂത്ര വിസർജന മര്യാദകൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 മെയ് 18, 1445 ദുൽഖഅദ് 10

ഭാഗം:06

ഇസ്തിൻജാഉം ഇസ്തിജ്മാറും

മലമൂത്രദ്വാരങ്ങളിലൂടെ പുറത്തുവന്നത് വെള്ളംകൊണ്ട് ശുചീകരിക്കലാണ് ഇസ്തിൻജാഅ്. കല്ലു പോലുള്ള ശുദ്ധവും അനുവദനീയവും വൃത്തിയാക്കാവുന്നതുമായ വസ്തുകൊണ്ട് തടവുന്നതിനാണ് ഇസ്തിജ്മാറ് എന്നു പറയുന്നത്. ഇവയിലൊന്ന് മറ്റേതിനു പകരം മതിയാകുന്നതാണ്. തിരുനബിﷺയിൽ നിന്ന് അപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്.

അനസി(റ)ൽനിന്നു നിവേദനം: “അല്ലാഹുവിന്റെ തിരുദൂതർ ഖലാഇൽ (മലമൂത്ര വിസർജനസ്ഥലം) പ്രവേശിക്കുമ്പോൾ ഞാനും എന്നെപ്പോലുള്ള ഒരു കുട്ടിയും വെള്ളപ്പാത്രവും ഒരു വടിയും വഹിച്ചു കൂടെപ്പോകുമായിരുന്നു. അനന്തരം തിരുമേനി ആ വെള്ളംകൊണ്ട് ശൗചം ചെയ്യും.’’

ആഇശ(റ)യിൽനിന്ന് നിവേദനം. തിരുനബിﷺ പറഞ്ഞു: “നിങ്ങളിലൊരാൾ വിസർജിക്കുവാൻ പോയാൽ അവൻ മൂന്നു കല്ലുകൾകൊണ്ട് ശൗചം ചെയ്യട്ടെ. ശൗചം ചെയ്യുവാൻ അവ മതിയാകുന്നതാണ്.’’

ഇസ്തിൻജാഉം ഇസ്തിജ്മാറും ഒന്നിച്ചു ചെയ്യലാണ് ശ്രേഷ്ഠകരം.

കല്ലുകൊണ്ടും അല്ലെങ്കിൽ അതിന്റെ സ്ഥാനത്തു നിൽക്കുന്ന കടലാസ്, മരക്കഷ്ണം പോലുള്ള ശുദ്ധവും അനുവദനീയവും വെടുപ്പാക്കുന്നതുമായ എല്ലാ വസ്തുക്കൾകൊണ്ടും ഇസ്തിജ്മാറ് സാധ്യമാകും. കാരണം തിരുനബി കല്ലുകൊണ്ട് ഇസ്തിജ്മാറ് നടത്തുമായിരുന്നു. അതിനാൽ വൃത്തിയാക്കുന്ന, അതിനു സമാനമായ വസ്തുക്കൾ അതിനോട് ചേർക്കപ്പെടും. ഇസ്തിജ്മാറിൽ മൂന്നിൽ കുറഞ്ഞ തടവൽ മതിയാവുകയില്ല. സൽമാനി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

“വലതുകൈകൊണ്ട് ശൗചം ചെയ്യുക, മൂന്ന് എണ്ണത്തെക്കാൾ കുറഞ്ഞ കല്ലുകൾകൊണ്ട് വൃത്തിയാ ക്കുക, ഉണങ്ങിയ കാഷ്ടംകൊണ്ടോ എല്ലുകൊണ്ടോ ശൗചം ചെയ്യുക എന്നീ കാര്യങ്ങൾ തിരുദൂതർﷺ ഞങ്ങളോട് വിരോധിച്ചിരുന്നു.’’

ക്വിബ്‌ലക്ക് അഭിമുഖമാകലും പിന്തിരിയലും

മലമൂത്ര വിസർജനവേളയിൽ മരുഭൂമിയിൽ മറയില്ലാതെ ക്വിബ്‌ലയെ അഭിമുഖീകരിക്കലും പിന്തിരിയലും അനുവദനീയമല്ല. അബൂ അയ്യൂബിൽഅൻസ്വാരി(റ)യുടെ ഹദീസിൽ ഇപ്രകാരമുണ്ട്. അല്ലാഹുവിന്റെ തിരുദൂതർ പറഞ്ഞു:

“നിങ്ങൾ കാഷ്ടിക്കുവാൻ പോയാൽ ക്വിബ്‌ലയെ അഭിമഖീകരിക്കുകയോ പിന്തിരിയുകയോ ചെയ്യരുത്. പ്രത്യുത, (മദീനഃയുടെ) കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞു കൊള്ളുക.’’ അബൂഅയ്യൂബിൽഅൻസ്വാരി(റ) പറഞ്ഞു: “ഞങ്ങൾ സിറിയയിൽ വന്നു. അപ്പോൾ കക്കൂസുകൾ ക്വിബ്‌ലക്ക് അഭിമുഖമായി നിർമിക്കപ്പെട്ടത് ഞങ്ങൾ കണ്ടു. അതിനാൽ ഞങ്ങൾ ക്വിബ്‌ലയെതൊട്ട് തെറ്റിയിരിക്കുകയും അല്ലാഹുവോട് പൊറുക്കലിനെ തേടുകയും ചെയ്യുമായിരുന്നു...’’

എന്നാൽ വിസർജനം നിർവഹിക്കപ്പെടുന്നത് ഒരു കെട്ടിടത്തിനുള്ളിലാണെങ്കിൽ, അല്ലെങ്കിൽ വിസർജനം നിർവഹിക്കുന്നവന്റെയും കഅ്ബയുടെയും ഇടയിൽ മറയായി വല്ലതുമുണ്ടെങ്കിൽ അതിൽ കുഴപ്പമൊന്നുമില്ല. ഇബ്‌നു ഉമറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

“അല്ലാഹുവിന്റെ തിരുദൂതർ ﷺ തന്റെ വീട്ടിൽ സിറിയയുടെ (ഭാഗത്തേക്കു) മുന്നിട്ട്, ക്വിബ്‌ലയു ടെ(ഭാഗത്തേക്കു) പിന്നിട്ട് മൂത്രിക്കുന്നത് അദ്ദേഹം കണ്ടു.’’

മർവാനുൽ അസ്വ്ഫറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരം കാണാം. അദ്ദേഹം പറഞ്ഞു: “ഇബ്‌നു ഉമർ(റ) തന്റെ ഒട്ടകത്തെ ക്വിബ്‌ലക്ക് അഭിമുഖമായി മുട്ടുകുത്തിച്ചു. ശേഷം അതിനുനേരെ ഇരുന്ന് അദ്ദേഹം മൂത്രമൊഴിച്ചു. ഞാൻ ചോദിച്ചു: ‘അബാ അബ്ദിർറഹ്‌മാൻ, ഇത് വിരോധിക്കപ്പെട്ടതല്ലേ?’ അദ്ദേഹം പറഞ്ഞു: ‘നിസ്സംശയം, ഒഴിഞ്ഞ സ്ഥലത്താണ് അത് വിരോധിക്കപ്പെട്ടത്. എന്നാൽ താങ്കളുടെയും ക്വിബ്‌ലയുടെയും ഇടയിൽ താങ്കളെ മറക്കുന്ന വല്ലതുമുണ്ടെങ്കിൽ യാതൊരു കുഴപ്പവുമില്ല.’ കെട്ടിടത്തിൽ വെച്ചാണ് മലമൂത്ര വിസർജനമെങ്കിലും ക്വിബ്‌ലയെ അഭിമുഖീകരിക്കലും പിന്തിരിയലും ഉപേക്ഷിക്കലാണ് എറ്റവും ഉത്തമം.

ഖലാഇൽ പ്രവേശിക്കുന്നവന് സുന്നത്തായ കാര്യങ്ങൾ

മലമൂത്ര വിസർജന സ്ഥലത്തേക്കു പ്രവേശിക്കുന്നവൻ ഇപ്രകാരം ചൊല്ലുന്നത് സുന്നത്താകുന്നു:

بِسْمِ اللَّه، اللَّهُمَّ إني أعوذُ بك مِنَ الخُبُثِ والخبائِثِ അതിൽനിന്നു വിരമിച്ച് പുറത്തു പോരുമ്പോൾ, غُفْرَانَكَ എന്നു ചൊല്ലലും പ്രവേശനസമയത്ത് ഇടതുകാൽ മുന്തിക്കലും പുറത്തുവരുമ്പോൾ വലതുകാൽ മുന്തിക്കലും വിസർജിക്കുവാനിരിക്കുമ്പോൾ ഭൂമിയോടടുക്കുന്നതുവരെ തന്റെ നഗ്നത വെളിപ്പെടുത്താതിരിക്കലും സുന്നത്താണ്.

തുറന്നസ്ഥലത്താണ് വിസർജനം നടത്തുന്നതെങ്കിൽ താൻ കാണപ്പെടാതിരിക്കുവോളം ദൂരെപ്പോകലും മറസ്വീകരിക്കലും സുന്നത്താകുന്നു. ഇപ്പറഞ്ഞ സുന്നത്തുകൾക്കുള്ള തെളിവുകൾ കാണാം: ജാബിറി(റ)ൽനിന്നു നിവേദനം: “ഞങ്ങൾ അല്ലാഹുവിന്റെ തിരുദൂതരോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. കാണപ്പെടാത്തവിധം ദൂരെ മറയുന്നതുവരെ തിരുനബി വിസർജനം നടത്തുമായിരുന്നില്ല.’’

അലിയ്യി(റ)ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “ഒരാൾ മലമൂത്ര വിസർജന സ്ഥലത്ത് പ്രവേശിച്ചാൽ ആദം സന്തതികളുടെ നഗ്നതകളുടെയും ജിന്നുകളുടെ ദൃഷ്ടികളുടെയും ഇടയിലുള്ള മറ അയാൾ ബിസ്മില്ലാഹ് ചൊല്ലലാണ്.’’

അനസി(റ)ൽനിന്ന് നിവേദനം: “തിരുനബിﷺ മലമൂത്രവിസർജന സ്ഥലത്ത് പ്രവേശിക്കുകയായാൽ,

‘بِسْمِ اللَّه، اللَّهُمَّ إني أعوذُ بك مِنَ الخُبُثِ والخبائِثِ ’ എന്ന് പ്രാർഥിക്കുമായിരുന്നു.’’

ആഇശ(റ)യിൽനിന്ന് നിവേദനം: “തിരുദൂതർﷺ വിസർജനസ്ഥലത്തുനിന്ന് പുറത്തു വന്നാൽ, غُفْرَانَكَ ’ എന്ന് പ്രാർഥിക്കാറുണ്ടായിരുന്നു.’’

ഇബ്‌നു ഉമറി(റ)ൽനിന്ന് നിവേദനം: “തിരുനബിﷺ മലമൂത്ര വിസർജനം ഉദ്ദേശിച്ചാൽ ഭൂമിയോട് അടുക്കുന്നതുവരെ തന്റെ വസ്ത്രം ഉയർത്തുമായിരുന്നില്ല.’’

വിസർജനം ഉദ്ദേശിക്കുന്നവന് ഹറാമായ കാര്യങ്ങൾ

കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രിക്കുന്നത് ഹറാമാകുന്നു.

ജാബിറി(റ)ൽനിന്ന് നിവേദനം: “കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രവിസർജനം നടത്തുന്നത് തിരുനബിﷺ വിരോധിച്ചിരിക്കുന്നു.’’

മൂത്രവിസർജന വേളയിൽ തന്റെ വലതു കൈകൊണ്ട് ലിംഗം പിടിക്കുകയോ അതുകൊണ്ട് ശൗചം ചെയ്യുകയോ ചെയ്യരുത്. തിരുനബിﷺ പറഞ്ഞു: “നിങ്ങളിലൊരാൾ മൂത്രിച്ചാൽ തന്റെ വലതുകൈകൊണ്ട് ഗുഹ്യാവയവം പിടിക്കരുത്. തന്റെ വലതുകൈകൊണ്ട് ശൗചം ചെയ്യുകയുമരുത്.’’

വഴിയിലും തണലിലും പൊതുവായുള്ള ഉദ്യാനങ്ങളിലും ഫലം കായ്ക്കുന്ന മരച്ചുവട്ടിലും ജലത്തടാകങ്ങളിലും മലമൂത്രവിസർജനം നിഷിദ്ധമാകുന്നു.

മുആദ് ഇബ്‌നുജബലി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. തിരുദൂതർﷺ പറഞ്ഞു: “ഉറവകളിലും വഴിയിലും (മനുഷ്യൻ വിശ്രമിക്കുന്ന) തണലിലും വിസർജിക്കുക എന്ന ശാപാർഹമായ മുന്നു കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക.’’

അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: ‘ശാപം കൊണ്ടുവരുന്ന രണ്ടാളുകളുടെ (പ്രവൃത്തി) നിങ്ങൾ സൂക്ഷിക്കുക.’ അവർ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ആരാണ് ശാപം കൊണ്ടുവരുന്ന രണ്ടാളുകൾ?’ റസൂൽﷺ പറഞ്ഞു: ‘ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിലും വിശ്രമിക്കുന്ന തണലിലും വിസർജിക്കുന്നവർ.’

ഉണങ്ങിയ കാഷ്ടംകൊണ്ടും എല്ലുകൊണ്ടും ആദരണീയമായ ഭക്ഷണംകൊണ്ടും വൃത്തിയാക്കൽ ഹറാമാകുന്നു.

ജാബിറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “എല്ലുകൊണ്ടോ ചാണകംകൊണ്ടോ വിസർജനം തുടച്ചു ശൗചം ചെയ്യപ്പെടുന്നത് തിരുനബി വിരോധിച്ചു.’’

വിസർജിക്കുന്നവന് വെറുക്കപ്പെട്ട പ്രവൃത്തികൾ

വിസർജനവേളയിൽ കാറ്റടിക്കുന്നേടത്തേക്ക് മറയൊന്നുമില്ലാതെ അഭിമുഖമായിരിക്കൽ വെറുക്കപ്പെട്ടതാകുന്നു; മൂത്രവിസർജനം അവനിലേക്ക് തിരിച്ചു തെറിക്കാതിരിക്കുവാനാണത്. സംസാരവും വെറുക്കപ്പെട്ടതാണ്. തിരുനബിﷺ മൂത്രവിസർജനം നടത്തവെ ഒരു വ്യക്തി നടന്നുപോവുകയും തിരുനബിയോട് സലാം പറയുകയും ചെയ്തു. അപ്പോൾ തിരുനബിﷺ സലാം മടക്കിയില്ല. മാളം പോലുള്ളതിൽ മൂത്രമൊഴിക്കലും വെറുക്കപ്പെട്ടതാണ്.

അല്ലാഹുവിനെ പരാമർശിക്കുന്ന വസ്തുകൊണ്ട് വിസർജന സ്ഥലത്തേക്കു പ്രവേശിക്കുന്നത് വെറുക്കപ്പെട്ടതാണ്; ആവശ്യം തേടുന്നുവെങ്കിലല്ലാതെ. തിരുചര്യ അപ്രകാരമാണ്: “തിരുനബിﷺ മലമൂത്രവിസർജനസ്ഥലത്ത് പ്രവേശിക്കുവാനുദ്ദേശിച്ചാൽ തന്റെ മോതിരം ഊരിവെക്കുമായിരുന്നു.’’

എന്നാൽ ആവശ്യവേളയിലും അനിവാര്യഘട്ടത്തിലും അതിൽ കുഴപ്പമില്ല; അല്ലാഹുവിന്റെ നാമമുള്ള കറൻസി നോട്ടുകൾകൊണ്ട് പ്രവേശിക്കുവാൻ ആവശ്യമായി വരുന്നതുപോലെ. കാരണം പുറത്തുവിട്ടേച്ചാൽ മോഷണത്തിനോ മറന്നുപോകുവാനോ സാധ്യതയുണ്ട്.

എന്നാൽ മുസ്വ‌്ഹഫുകൊണ്ട് ഖലാഇൽ പ്രവേശിക്കൽ ഹറാമാകുന്നു. കാരണം അത് അല്ലാഹുവിന്റെ വചനമാകുന്നു. അതാകട്ടെ വചനങ്ങളിലേറ്റവും ശ്രേഷ്ഠമായതുമാകുന്നു. അതുകൊണ്ട് വിസർജന സ്ഥലത്തേക്കു പ്രവേശിക്കലിൽ ഒരുതരം നിസ്സാരപ്പെടുത്തലാണുള്ളത്. എന്നാൽ അതുമായി പ്രവേശിക്കുന്നതിനെക്കാൾ വലിയ പ്രശ്‌നം പുറത്തുവെച്ചാലുണ്ടാകുമെങ്കിൽ അതുകൊണ്ട് പ്രവേശിക്കുന്നതിൽ കുഴപ്പമില്ല.


(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)