നമസ്‌കാരവും ബാങ്കുവിളിയും
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ജൂലായ് 06, 1445 ദുൽഹിജ്ജ 29

സ്വലാത്തിന്റെ നിർവചനം
‘സ്വലാത്ത്’ എന്ന പദത്തിന് ഭാഷയിൽ ‘പ്രാർഥന’ എന്നാണ് അർഥം. മതത്തിന്റെ സാങ്കേതിക ഭാഷയിൽ, തക്ബീറതുൽ ഇഹ്‌റാംകൊണ്ടു തുടങ്ങി സലാംകൊണ്ട് അവസാനിക്കുന്ന പ്രത്യേകമായ ചില വാക്കുകളും കർമങ്ങളുമുള്ള ആരാധനയാണ് സ്വലാത്ത് (നമസ്‌കാരം).
നമസ്‌കാരത്തിന്റെ മഹത്ത്വം
രണ്ടു സാക്ഷ്യവചനങ്ങൾക്കുശേഷം ഇസ്‌ലാമിക സൗധത്തിന്റെ ഏറ്റവും പ്രബലമായ സ്തംഭമാണ് നമസ്‌കാരം. അത് ഇസ്‌ലാമിന്റെ നെടുംതൂണാണ്. മിഅ്‌റാജിന്റെ രാവിൽ ഏഴ് ആകാശങ്ങൾക്കു മീതെ വെച്ച് തിരുനബിﷺയുടെമേൽ അല്ലാഹു നമസ്‌കാരം നിർബന്ധമാക്കി. ഒരു മുസ്‌ലിമിന്റെ ജീവിതത്തിൽ നമസ്‌കാരത്തിനുള്ള പ്രാധാന്യമാണ് ഇത് അറിയിക്കുന്നത്. തിരുനബിക്ക് പ്രയാസകരമായ ഒരു പ്രശ്‌നമുണ്ടായാൽ നമസ്‌കാരത്തിലേക്ക് അഭയപ്പെടുമായിരുന്നു. നമസ്‌കാരത്തിന്റെ മഹത്ത്വമറിയിക്കുന്ന വിഷയത്തിലും അതിനു പ്രേരണയേകുന്ന വിഷയത്തിലും ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്. അവയിൽ ചിലത് ഇപ്രകാരമാണ്. തിരുനബിﷺ പറഞ്ഞു:
“അഞ്ചു നമസ്‌കാരങ്ങളും ഒരു ജുമുഅ മുതൽ അടുത്ത ജുമുഅവരെയുള്ളതും ഒരു റമദാൻ മുതൽ അടുത്ത റമദാൻവരെയുള്ളതും അവയ്ക്കിടയിലുള്ള (ചെറുപാപങ്ങൾ) പോക്കുന്നവയാണ്; വൻപാപങ്ങൾ വർജിക്കുന്ന കാലമത്രയും.’’
നബിﷺ ചോദിച്ചു: “നിങ്ങളിലൊരാളുടെ വാതിലിനരികിൽ ഒരു നദിയുണ്ടാവുകയും അതിൽനിന്ന് അയാൾ എല്ലാ ദിനങ്ങളിലും അഞ്ചുതവണ കുളിക്കുകയുമായാൽ അവനിൽ വല്ല മാലിന്യവും ശേഷിക്കുമോ? നിങ്ങൾ എന്ത് പറയുന്നു?’’ അവർ പറഞ്ഞു: “അവനിൽ യാതൊരു മാലിന്യവും ശേഷിക്കില്ല.’’ തിരുമേനിﷺ പറഞ്ഞു: “അതാകുന്നു അഞ്ചു നമസ്‌കാരങ്ങളുടെയും അവസ്ഥ; അതിലൂടെ അല്ലാഹു തെറ്റുകളെ മായ്ക്കുന്നു.’’
മതവിധി
നമസ്‌കാരം നിർബന്ധമാണെന്നത് വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും അനിവാര്യതയെന്നോണം ദീനിന്റെ പേരിൽ വിശ്രുതമായ ഇജ്മാഇലും അറിയപ്പെട്ടതാണ്. അല്ലാഹു പറഞ്ഞു: “നിങ്ങൾ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക’’ (ക്വുർആൻ 2:43).
“വിശ്വാസികളായ എന്റെ ദാസന്മാരോടു നീ പറയുക; അവർ നമസ്‌കാരം മുറപോലെ നിർവഹിക്കുകയും നാം അവർക്കു നൽകിയ ധനത്തിൽനിന്ന്, യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവർ (നല്ല വഴിയിൽ) ചെലവഴിക്കുകയും ചെയ്തുകൊള്ളട്ടെ’’ (ക്വുർആൻ 14:31).
മിഅ്‌റാജിന്റെ സംഭവം വിവരിക്കുന്ന ഹദീസിൽ ഇപ്രകാരമുണ്ട്: “നമസ്‌കാരങ്ങൾ (കർമത്തിൽ) അഞ്ചെണ്ണമാകുന്നു. (പ്രതിഫലത്തിൽ) അവ അമ്പതെണ്ണവുമാകുന്നു.’’
ഇസ്‌ലാം കാര്യങ്ങളെ കുറിച്ച് ചോദിച്ച വ്യക്തിയോട് തിരുനബിﷺ പറഞ്ഞു: ‘ഒരു പകലിലും രാവിലുമായി അഞ്ചു നമസ്‌കാരങ്ങൾ.’ അയാൾ ചോദിച്ചു: ‘അവയല്ലാത്ത (നമസ്‌കാരങ്ങൾ) എന്റെമേൽ നിർബന്ധമായുണ്ടോ?’ തിരുമേനി പറഞ്ഞു: ‘ഇല്ല; എന്നാൽ താങ്കൾ സുന്നത്തു നമസ്‌കരിക്കുക.’
പ്രായപൂർത്തിയെത്തിയ, ബുദ്ധിയുള്ള മുസ്‌ലിമിനു നമസ്‌കാരം നിർബന്ധമാണ്. കുട്ടികൾ, ഭ്രാന്തൻ എന്നിവർക്കും നമസ്‌കാരം നിർബന്ധമില്ല.
തിരുനബിﷺ പറഞ്ഞു: “മൂന്നു വിഭാഗങ്ങളിൽനിന്നു തൂലിക ഉയർത്തപ്പെട്ടിരിക്കുന്നു; (വിധിവിലക്കുകളിൽനിന്ന് അവർ ഒഴിവാക്കപ്പെട്ടിരിക്കുന്നു) ഉറങ്ങിയവൻ ഉണരുന്നതുവരെ, ഭ്രാന്തന്; അവന്റെ രോഗം ഭേദമാകുന്നതുവരെ. കുട്ടിക്ക് പ്രായപൂർത്തി എത്തുന്നതുവരെ.’’
എന്നാൽ, ഏഴു വയസ്സ് പൂർത്തിയായ മക്കൾ നമസ്‌കാരംകൊണ്ട് കൽപിക്കപ്പെടുകയും പത്തുവയസ്സായ മക്കൾ നമസ്‌കാരം ഉപേക്ഷിച്ചാൽ അവർ അടിക്കപ്പെടുകയും വേണം. നമസ്‌കാരത്തെ നിഷേധിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നവൻ കാഫിറാവുകയും ഇസ്‌ലാം ദീനിൽനിന്ന് മുർതദ്ദായി (മതപരിത്യാഗി യായി) പോവുകയും ചെയ്യും. തിരുനബിﷺ പറഞ്ഞു:
“നമുക്കും അവശ്വാസികൾക്കും ഇടയിലെ വ്യത്യാസം നമസ്‌കാരമാകുന്നു. വല്ലവനും അത് ഉപേക്ഷിച്ചാൽ അവൻ കാഫിറായി.’’
അദാനും ഇക്വാമത്തും
നിർവചനവും മതവിധിയും
1. അദാനിന്റെയും ഇക്വാമത്തിന്റെയും നിർവചനം:

വിളംബരം ചെയ്യുകയെന്നാണ് അദാനിന്റെ ഭാഷാർഥം. അല്ലാഹു പറഞ്ഞു: “അല്ലാഹുവിന്റെയും റസൂലിന്റെയും ഭാഗത്തുനിന്ന് ഇതാ അറിയിക്കുകയും (അദാനുൻ മിനല്ലാഹി) ചെയ്യുന്നു’’ (ക്വുർആൻ 9: 3).
പ്രത്യേകമായുള്ള ദിക്‌റുകൊണ്ട് നമസ്‌കാര സമയമായിരിക്കുന്നു എന്ന് അറിയിക്കലാണ് മതപരമായി ‘അദാൻ’ (ബാങ്കുവിളി) അർഥമാക്കുന്നത്.
ഭാഷാപരമായി ‘ഇക്വാമത്ത്’ എന്നത് ‘അക്വാമ’ എന്ന ക്രിയയുടെ ക്രിയാധാതുവാണ്. ‘ഇരുന്നവനെ എഴുന്നേൽപിക്കുക’ എന്നതാണ് അതിന്റെ സാരാർഥം. മതപരമായ പ്രത്യേകം ചില ദിക്‌റുകൾകൊണ്ട് നമസ്‌കാരത്തിലേക്ക് എഴുന്നേൽക്കുവാനുള്ള അറിയിപ്പാണ് ദീനീവീക്ഷണത്തിൽ ഇക്വാമത്ത്.
അദാനികന്റെയും ഇക്വാമത്തിന്റെയും മതവിധി
പുരുഷന്മാർക്ക് അഞ്ചുനേരത്തെ നിർബന്ധ നമസ്‌കാരങ്ങൾക്കായി ബാങ്കും ഇക്വാമത്തും നിയമമാക്കപ്പെട്ടിരിക്കുന്നു. ഇതര നമസ്‌കാരങ്ങൾക്ക് ഈ നിയമമില്ല. അവ രണ്ടും ഫർദുകിഫായയിൽ പെട്ടതാകുന്നു. അഥവാ പര്യാപ്തമായവർ അവ നിർവഹിച്ചാൽ മറ്റുള്ളവരിൽനിന്ന് കുറ്റം ഒഴിവായി. കാരണം അവ രണ്ടും ഇസ്‌ലാമിന്റെ ബാഹ്യമായ ചിഹ്നങ്ങളാകുന്നു. അതിനാൽതന്നെ അവ പാഴാക്കൽ അനുവദനീയമാവുകയില്ല.
സ്വീകാര്യമാകുവാനുള്ള നിബന്ധനകൾ
1. ഇസ്‌ലാം: കാഫിറിൽനിന്ന് ബാങ്കുവിളിയും ഇക്വാമത്തും സ്വഹീഹാവുകയില്ല.
2. ബുദ്ധി: ഭ്രാന്തനിൽനിന്നും ലഹരി ബാധിച്ചവനിൽനിന്നും വകതിരിവില്ലാത്തവനിൽനിന്നും മറ്റു ഇബാദത്തുകൾ സ്വഹീഹാവാത്തതുപോലെ ഇവയും സ്വഹീഹാവുകയില്ല.
3. പുരുഷനാവുക: സ്ത്രീകളിൽനിന്ന് ഇവ സ്വഹീഹാവുകയില്ല. സ്ത്രീയുടെ ശബ്ദംകൊണ്ട് ഫിത്‌നയുണ്ടാകുമെന്നതിനാലാണത്. ആൺവർഗമാണൈന്ന് അറിയാത്തതിനാൽ നപുംസകത്തിന്റെ ബാങ്കും ഇക്വാമത്തും സ്വഹീഹാവുകയില്ല. സ്ത്രീകൾക്ക് ഇക്വാമത്തു മാത്രം സുന്നത്താക്കപ്പെടും.
4. ബാങ്കുവിളി നമസ്‌കാരത്തിന്റെ സമയത്തായിരിക്കണം: സമയമാകുന്നതിനുമുമ്പ് ബാങ്കുവിളി സ്വഹീഹാവുകയില്ല. എന്നാൽ ഫജ്‌റിന്റെയും ജുമുഅയുടെയും ബാങ്കുവിളി സമയമാകുന്നതിനുമുമ്പ് അനുവദനീയമാകുന്നു. ഇക്വാമത്ത് നമസ്‌കാരത്തിലേക്ക് നിൽക്കാൻ ഉദ്ദേശിക്കുമ്പോഴും ആകണം.
5. ബാങ്കുവിളിയും ഇക്വാമത്തും സുന്നത്തിൽ വന്നതുപോലെ ക്രമപ്രകാരവും തുടർച്ചയോടു കൂടിയുമാകണം. (ഇതിന്റെ വിവരണം ബാങ്കിന്റെയും ഇക്വാമത്തിന്റെയും രീതി വിവരിക്കുമ്പോൾ വരുന്നുണ്ട്).
6. ബാങ്കും ഇക്വാമത്തും അറബി ഭാഷയിലും സുന്നത്തിൽവന്ന പദപ്രയോഗങ്ങളിലുമായിരിക്കണം.
മുഅദ്ദിനിലുണ്ടാകേണ്ട സുന്നത്തായ വിശേഷണങ്ങൾ
1. മുഅദ്ദിൻ (ബാങ്കുവിളിക്കുന്നവൻ) ദീനീനിഷ്ഠയുള്ളവനും വിശ്വസ്തനുമായിരിക്കണം. നമസ്‌കാരത്തിന്റെയും നോമ്പിന്റെയും വിഷയത്തിൽ അവലംബിക്കപ്പെടുവാൻ വിശ്വസിച്ചേൽപിക്കപ്പെട്ടവനാണ് മുഅദ്ദിൻ. ദീനീനിഷ്ഠയുള്ളവനും വിശ്വസ്തനുമല്ലെങ്കിൽ ബാങ്കുവിളിയിലൂടെ അയാൾ ആളുകളെ പറ്റിക്കുമെന്നതിനാൽ അയാളിൽ വിശ്വാസ്യതയുണ്ടാവില്ല.
2. മുഅദ്ദിൻ പ്രായപൂർത്തിയെത്തിയവനും ബുദ്ധിയുള്ളവനുമായിരിക്കണം. എന്നാൽ വകതിരിവുള്ള കുട്ടിയുടെ ബാങ്കുവിളിയും സ്വഹീഹാകും.
3. സമയമായെന്നന്വേഷിച്ച് ആദ്യസമയത്തുതന്നെ ബാങ്കുവിളിക്കുവാൻ സമയത്തെക്കുറിച്ച് അറിവുള്ളവനായിരിക്കണം മുഅദ്ദിൻ. കാരണം അറിവില്ലാത്തവനാണെങ്കിൽ അബദ്ധം പ്രവർത്തിക്കുകയോ തെറ്റുപിണയുകയോ ചെയ്‌തേക്കും.
4. ജനങ്ങളെ കേൾപ്പിക്കുവാൻ ശക്തമായ ശബ്ദമുള്ളവനായിരിക്കൽ.
5. ചെറിയ അശുദ്ധിയിൽനിന്നും വലിയ അശുദ്ധിയിൽനിന്നും ശുദ്ധിവരുത്തിയവനായിരിക്കൽ.
6. ക്വിബ്‌ലക്ക് അഭിമുഖമായി നിന്നുകൊണ്ടു ബാങ്കുവിളിക്കൽ.
7. തന്റെ രണ്ടു കൈവിരലുകളെ ഇരുചെവികളിലായി വെക്കുകയും ‘ഹയ്യ അലസ്സ്വലാത്’ എന്നു പറയുമ്പോൾ വലതുഭാഗത്തേക്കും ‘ഹയ്യഅലൽഫലാഹ്’ എന്നു പറയുമ്പോൾ ഇടതുഭാഗത്തേക്കും മുഖം തിരിക്കുകയും ചെയ്യൽ.
8. ബാങ്കുവിളി സാവകാശത്തിലും ഇക്വാമത്ത് വേഗത്തിലും നിർവഹിക്കൽ.
ബാങ്കിന്റെയും ഇക്വാമത്തിന്റെയും രീതി
ബാങ്കുവിളിക്കും ഇക്വാമത്തിനും തിരുസുന്നത്തിൽ പല രീതികൾ വന്നിട്ടുണ്ട്. അവയിലൊന്ന് അബൂമഹ്ദൂറ(റ)യുടെ ഹദീസിൽ വന്നതാണ്. നബിﷺ അദ്ദേഹത്തെ ബാങ്കുവിളി പഠിപ്പിച്ചുകൊണ്ടു പറഞ്ഞു: താങ്കൾ പറയുക:
اللهُ أكبرُ اللهُ أكبر، اللهُ أكبرُ اللهُ أكبر، أشهدُ أن لا إله إلا الله، أشهدُ أن لا إله إلا الله، أشهدُ أنَّ محمَّداً رسولُ الله، أشهدُ أنَّ محمَّداً رسولُ الله، حيَّ على الصلاة، حيَّ على الصلاة، حيَّ على الفلاح، حيَّ على الفلاح، اللهُ أكبرُ اللهُ أكبر، لا إله إلا الله
ഇക്വാമത്തിന്റെ രീതി ഇപ്രകാരമാണ്:
الله أكبر الله أكبر، أشهد أن لا إله إلا الله، أشهد أن محمدًا رسول الله، حي على الصلاة، حي على الفلاح، قد قامت الصلاة، قد قامت الصلاة، الله أكبر الله أكبر، لا إله إلا الله
ഈ രീതി അനസി(റ)ന്റെ ഹദീസിലാണ് വന്നിട്ടുള്ളത്. അദ്ദേഹം പറഞ്ഞു: “ബാങ്ക് ഇരട്ടിപ്പിക്കുവാനും ഇക്വാമത്ത് ഒറ്റയാക്കുവാനും ബിലാൽ കൽപിക്കപ്പെട്ടു. എന്നാൽ ഇക്വാമത്തിൽ ക്വദ്ക്വാമത്തിസ്സ്വലാതു എന്നത് ഇരട്ടിപ്പിക്കണം.’’
അപ്പോൾ ബാങ്കുവിളിയുടെ വചനങ്ങൾ ഇരട്ടയും ഇക്വാമത്തിന്റേത് ഒറ്റയുമായിരിക്കും. എന്നാൽ ക്വദ് ക്വാമത്തിസ്സ്വലാതു എന്നത് ഇക്വാമത്തിൽ രണ്ടു തവണയാണ്; അനസി(റ)ൽനിന്നുള്ള ഹദീസിൽ വന്നതുപോലെ.
ഇതാണ് ബാങ്കുവിളിയുടെയും ഇക്വാമത്തിന്റേയും സുന്നത്തായ രീതി. വഫാത്താകുന്നതുവരെ തിരുനബിയോടൊപ്പം നാട്ടിൽ താമസിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും ബിലാൽ(റ) ഈ രീതിയിലാണ് ബാങ്കുവിളി നിർവഹിച്ചിരുന്നത്.
സ്വുബ്ഹിന്റെ ബാങ്കുവിളിയിൽ حيَّ على الفلاح എന്നതിനുശേഷം الصلاةُ خيرٌ من النَّومِ എന്ന് രണ്ടുതവണ പറയൽ സുന്നത്താണ്. അബൂമഹ്ദൂറ(റ)യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ അദ്ദേഹത്തോടു പറഞ്ഞു: “സ്വുബ്ഹി നമസ്‌കാരമാണെങ്കിൽ താങ്കൾ, الصلاةُ خيرٌ من النَّومِ എന്നു വിളിക്കണം.’’
ബാങ്കുവിളി കേൾക്കുമ്പോൾ
മുഅദ്ദിൻ പറയുന്നതുപോലെ പറയൽ ബാങ്കുവിളി കേൾക്കുന്നവന് സുന്നത്താണ്. അബൂസഈദി(റ)ൽ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: “ബാങ്കുവിളികേട്ടാൽ മുഅദ്ദിൻ പറയുന്നതുപോലെ നിങ്ങളും പറയുക...’’ എന്നാൽ ബാങ്കുവിളി കേൾക്കുന്നവൻ മുഅദ്ദിൻ
حيَّ على الصلاة എന്നും حيَّ على الفلاح എന്നും പറയുമ്പോൾ ഉടനെ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ എന്നു പറയണമെന്നാണ് മത വിധി. ഉമർ ഇബ്‌നുൽഖത്ത്വാബി(റ)ൽനിന്ന് ഈ വിഷയത്തിൽ ഹദീസ് വന്നിട്ടുണ്ട്.
സ്വുബ്ഹിന്റെ ബാങ്കുവിളിയിൽ മുഅദ്ദിൻ الصلاةُ خيرٌ من النَّوم എന്നു പറഞ്ഞാൽ കേൾക്കുന്നവനും അതുപോലെ പറയുകയാണ് വേണ്ടത്. ഇക്വാമത്തിന്റെ അവസരത്തിൽ അതു പറയൽ സുന്നത്തല്ല. ഇതിനുശേഷം നബിയുടെമേൽ സ്വലാത്തുചൊല്ലുകയും. തുടർന്ന് താഴെ കൊടുക്കുന്ന പ്രാർഥന നിർവഹിക്കുകയും ചെയ്യുക:
اللهم رب هذه الدعوة التامة، والصلاة القائمة، آت محمدًا الوسيلة والفضيلة، وابعثه مقامًا محمودًا الذي وعدته
“ഈ സമ്പൂർണ വിളിയുടെയും ക്വാഇമത്തായ സ്വലാത്തിന്റെയും രക്ഷിതാവായ അല്ലാഹുവേ, മുഹമ്മദിന് നീ അൽവസീലയും അൽഫദീലയും നൽകേണമേ. നീ അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത സ്തുതിക്കപ്പെട്ട മക്വാമിൽ അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപിക്കേണമേ.’’
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

