യാത്രകള്‍ സമ്മാനിക്കുന്ന സംതൃപ്തി

ഇബ്‌നു അലി എടത്തനാട്ടുകര

2019 നവംബര്‍ 09 1441 റബിഉല്‍ അവ്വല്‍ 12

അടുത്തടുത്ത മാസങ്ങളില്‍ രണ്ട് സഹ ഓഫീസര്‍മാര്‍ റിട്ടയര്‍ ചെയ്യുകയാണ്. അതില്‍ ഒരാള്‍ പകല്‍ ഓഫീസ് പണിക്ക് ശേഷം ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോയി രാത്രി വൈകും വരെ ജോലി ചെയ്യുന്ന, കൃഷിയില്‍ തല്‍പരനായ ആത്മാര്‍ഥ ജീവനക്കാരന്‍. മറ്റൊരാള്‍ ഓഫീസ് സമയം കഴിഞ്ഞ് വീണ്ടും ജോലി ചെയ്യുന്ന ജനകീയന്‍.

ഇവര്‍ക്കൊരു വേറിട്ട യാത്രയയപ്പ് കൊടുക്കണം. ഓഫീസുമായി സദാ ബന്ധപ്പെടുന്ന, യാത്രാ കമ്പക്കാരായ അടുത്ത സുഹൃത്തുക്കളുമായി ആലോചിച്ചു. ചെറിയൊരു യാത്ര, പുറത്തുനിന്ന് ഭക്ഷണം... തീരുമാനമായി. ഓഫീസര്‍മാര്‍ സന്ദര്‍ശിക്കാത്ത സ്ഥലത്തേക്ക് ആണെങ്കില്‍ നന്നാവും.

അവരോട് ഇക്കാര്യം ആലോചിച്ചപ്പോള്‍ അവര്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലമേതെന്ന് കേട്ട ഞാന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഇരുവരും താമസിക്കുന്ന ജില്ലയിലെ, തൊട്ടടുത്ത അതിര്‍ത്തി സംസ്ഥാനത്തിലെ കുന്നും മലയും ചുരവും പൂന്തോട്ടവും ബോട്ടിംഗും ഉള്ള, ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സന്ദര്‍ശകര്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഇരുവരും ഇതുവരെ പോയിട്ടില്ല പോലും! പ്രായം 56 ആയി!

പിന്നെ വൈകാതെ, ഒരു ദിവസം ഞങ്ങള്‍ മൂന്നുപേര്‍ ലീവ് എടുത്തു. ഒപ്പം മൂന്ന് കൂട്ടുകാരും കൂടി.അതിലൊരാളുടെ കാറില്‍ യാത്ര തിരിച്ചു. കുറെ സംസാരിച്ചു; വഴിയില്‍ വാഹനം നിര്‍ത്തി ചായ കുടിച്ചു. രസകരമായ കാഴ്ചകള്‍ കണ്ടു. ഗാര്‍ഡനില്‍ ഏറെ നേരം ഇരുന്നു. എടുത്തു. വലിയ ഹോട്ടലില്‍ നിന്ന് ഭക്ഷണവും കഴിച്ച് മടങ്ങി. ഇങ്ങനെയൊക്കെ യാത്ര ചെയ്യാമെന്നതും അത് ഇത്രത്തോളം രസകരമാണെന്നതും ആദ്യ അനുഭവമെന്ന് അവര്‍ അത്ഭുതം കൂറി. കുടുംബമൊത്ത് യാത്ര തുടരും എന്ന് പ്രഖ്യാപിച്ചാണ്, അവിസ്മരണീയ അനുഭവം സമ്മാനിച്ചതിന് നന്ദി പറഞ്ഞ് അവര്‍ അന്ന് പിരിഞ്ഞത്.

യാത്ര നല്‍കുന്ന അനുഭൂതി അനിര്‍വചനീയമാണ്. ഒന്നു പുറത്തിറങ്ങൂ; ഒറ്റക്ക്, അല്ലെങ്കില്‍ ഇണകളെയും കുട്ടികളെയും കൂട്ടി. അതുമല്ലെങ്കില്‍ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍...

ബസ്സില്‍, തീവണ്ടിയില്‍, അല്ലെങ്കില്‍ സ്വന്തം വാഹനത്തില്‍, ഇതൊന്നുമല്ലെങ്കില്‍  എല്ലാവരും ചേര്‍ന്ന് ഒരു വാഹനം വിളിച്ച് അങ്ങനെ...

എങ്ങോട്ട് എന്നതാണ് അടുത്ത ചോദ്യം. സമയത്തിനും കാശിനുമനുസരിച്ച് സ്ഥലം തീരുമാനിക്കാം. ഏതെങ്കിലും പാര്‍ക്ക്, ഗാര്‍ഡന്‍, അല്ലെങ്കില്‍ തണുപ്പും ഉയരവും കൂടിയ ടൂറിസ്റ്റ് കേന്ദ്രം... അതൊന്നുമല്ലെങ്കില്‍ തിരക്കില്‍നിന്നൊഴിഞ്ഞ് നല്‍ക്കുന്ന മലമുകളിലെ ആള്‍താമസമുള്ള കേന്ദ്രത്തിലേക്ക്.

കാറ്റ് കൊണ്ട് ഇരിക്കുക. വഴിയോരക്കാഴ്ചകള്‍ കാണുക. ജീവിത വ്യവഹാരത്തില്‍ ഏര്‍പ്പെട്ട ആളുകളെ വീക്ഷിക്കുക. ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം എത്തുക എന്നതല്ല പ്രധാനം. പലപ്പോഴും ആസ്വാദ്യകരമായി തോന്നാറുള്ളത് വഴിനീളെയുള്ള അനുഭവങ്ങളും കണ്ണിനു കുളിര്‍മയേകുന്ന വഴിയോരക്കാഴ്ചകളുമാണ്.  

പറ്റുമെങ്കില്‍ ഇടക്ക് വാഹനത്തില്‍നിന്ന് പുറത്തിറങ്ങുക. തട്ട് കടയില്‍ നിന്ന് ചുടുചായയോ മറ്റോ  കുടിക്കുക. ചെറു പലഹാരം കഴിക്കുക. പ്രാദേശികമായി കിട്ടുന്ന പഴങ്ങള്‍, വേറിട്ട വിഭവങ്ങള്‍ ഉണ്ടെങ്കില്‍ രുചി നോക്കുക. നയന മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍, ക്യാമറ ഉണ്ടെങ്കില്‍ അതില്‍ പകര്‍ത്താം; പിന്നീട് ഓര്‍മിക്കാനായി.

ലക്ഷ്യസ്ഥാനത്തെത്തിയാല്‍ വിശ്രമത്തിനായി ഇരിക്കാം. കുട്ടികള്‍ കളിക്കുന്നത് കണ്ടിരിക്കാം. അല്ലാഹുവിന്റെ പ്രകൃതി സൃഷ്ടിപ്പിലെ അപാരതകള്‍ കണ്‍നിറയെ ആസ്വദിക്കുക, അതിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുക. അസ്തമയം കാണാന്‍ ശ്രമിക്കുക. സൂര്യന്‍ മാനത്ത് വരയ്ക്കുകയും പിന്നെ മാറ്റിവരയ്ക്കുകയും ചെയ്യുന്ന വര്‍ണ വിസ്മയങ്ങള്‍ കണ്ടുകൊണ്ടിരിക്കുക. കാളവണ്ടി, കുതിരവണ്ടി, സൈക്കിള്‍ റിക്ഷ എന്നിങ്ങനെയുള്ളവയില്‍ യാത്ര തരപ്പെടുമോ എന്ന് നോക്കുക. ബോട്ടിങ്, കുതിര സവാരി സംവിധാനം ഉണ്ടെങ്കില്‍ അതുമാവാം. വെള്ളച്ചാട്ടം ദൂരെനിന്ന് കണ്ടാസ്വദിക്കാം. സാഹസത്തിന് മുതിരരുത്.

താല്‍പര്യമുള്ള ആഹാരം, കരകൗശല വസ്തുക്കള്‍, പൂക്കള്‍, പുസ്തകങ്ങള്‍ വാങ്ങുക, പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കുക. സമയവും കീശയും അനുവദിക്കുമെങ്കില്‍ ഒരു രാത്രി അവിടെ താമസിക്കാം. സ്ഥലം സുരക്ഷിതമെങ്കില്‍ മാത്രം കുടുംബത്തോടൊപ്പം രാത്രി താമസിക്കാം.

ഒന്ന് വിശ്രമിച്ച്, വസ്ത്രം മാറി രാത്രി പുറത്തിറങ്ങി നടക്കുക. മഞ്ഞില്‍, കുളിരില്‍, മഴയില്‍ ലയിച്ചങ്ങനെ...

കാലത്ത് നേരത്തെ എഴുന്നേറ്റു പുറത്തിറങ്ങുക. പുറംലോകം കാണുക. വഴിയോര കടയില്‍ നിന്നൊരു ചുടുചായ കുടിക്കുക. വേറിട്ടൊരു സന്തോഷം ആസ്വദിക്കുക.

എല്ലാവരെയും എന്ന പോലെ നമ്മളെയും പലതരം പ്രശ്‌നങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്നുണ്ട്. വീട്ടില്‍, കുടുംബത്തില്‍, ജോലിസ്ഥലത്ത്, അല്ലെങ്കില്‍ ചില വ്യക്തികളുമായി ബന്ധപ്പെട്ട്, ചില സംഘങ്ങളുമായി ബന്ധപ്പെട്ട്... പ്രശ്‌നങ്ങളും പ്രയാസങ്ങളും ഒഴിഞ്ഞ നേരം കിട്ടിയെന്നുവരില്ല. എന്നാല്‍ ഇത്തരമൊരു യാത്രയില്‍, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഓര്‍ക്കാതെ മണിക്കൂറുകള്‍, അല്ലെങ്കില്‍ എതാനും ദിവസങ്ങള്‍ മനസ്സിണക്കമുള്ളവരോടൊപ്പം ഇഷ്ടപ്പെട്ട സമയത്ത് ഇഷ്ട ഭക്ഷണം കഴിച്ച് വിശ്രമിച്ചു സന്തോഷത്തോടെ കഴിച്ചുകൂട്ടുക. നിര്‍ബന്ധ ബാധ്യതയായ നമസ്‌കാരം ഒരു ഘട്ടത്തിലും ഒഴിവാക്കാന്‍ പാടില്ലെന്നത് പ്രത്യേകം ഓര്‍മിപ്പിക്കേണ്ടതില്ലല്ലോ.

ആഴ്ചകള്‍, മാസങ്ങള്‍ മുന്നോട്ട് പോകാനുള്ള കുറെയേറെ ഊര്‍ജം നിങ്ങള്‍ക്ക് അറിയാതെ വീണുകിട്ടും. എന്നാല്‍ ഒരു യാത്ര പോകാമല്ലേ, എങ്ങോട്ടെങ്കിലും...?