സാന്ത്വന സൗഹൃദങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 ഒക്ടോബര്‍ 19 1441 സഫര്‍ 20

ഔദേ്യാഗികമായി കണക്കെഴുത്തുമായി ബന്ധപ്പെട്ട കാര്യത്തിന് വന്നപ്പോഴാണ് പരിചയപ്പെട്ടത്. പിന്നീടത് ആത്മാര്‍ഥ സൗഹൃദമായി വളരുകയായിരുന്നു. (കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ സീനിയര്‍ ആയ അദ്ദേഹത്തിന്റെ അന്നത്തെ തലയെടുപ്പുള്ള രൂപം ഇന്നും ഓര്‍മയിലുണ്ട്). ഈ ബന്ധം പിന്നീട് എപ്പോഴോ സൗഹൃദത്തിന് പുറത്തേക്ക് വളര്‍ന്നു. കുടുംബവിശേഷങ്ങളും യാത്രാനുഭവങ്ങളും സ്വകാര്യ സങ്കടങ്ങള്‍ പോലും  പങ്ക് വെക്കുന്നിടത്തെത്തി.

അതേപോലെ വ്യാപാര രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട്  മറ്റൊരാളുമായി തുടങ്ങിയ ബന്ധം പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഇരു കുടുംബങ്ങളിലേക്കും അതിന്ന് വളര്‍ന്നിരിക്കുന്നു.

സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ വെച്ചാണ് വേറൊരാളെ പരിചയപ്പെടുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്നവര്‍ക്ക് നിറംമങ്ങാത്ത, കീറാത്ത, പുതുമ പോകാത്ത ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യുന്ന ഒരു ദൗത്യമായിരുന്നു അദ്ദേഹം ഏറ്റെടുത്തിരുന്നത്. ഞങ്ങള്‍ നാട്ടുകാര്‍ അദ്ദേഹത്തിന് രണ്ടു വലിയ ലോറി നിറയെ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കി.  അന്ന് തുടങ്ങിയ ബന്ധം ഇന്നും മുറിഞ്ഞിട്ടില്ല.  അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ഒന്നായി ഞങ്ങളുടെ ഗ്രാമവും ഉള്‍പ്പെടുന്നതിലേക്ക് അത് വഴിതുറന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലടുത്തു. ഒരുമിച്ച് യാത്ര ചെയ്തു. മുമ്പ് പറഞ്ഞ കണക്കെഴുത്തുകാരനെയും വ്യാപാരിയെയും അദ്ദേഹവുമായി അടുപ്പിച്ചു. ഇപ്പോള്‍ ഈ മൂന്നുപേരും ഞാനും അടക്കമുള്ള കൂട്ടായ്മ സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ ചില്ലറ ഇടപെടലുകള്‍ നടത്തുന്നു. അഗതികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, പഠനോപകരണങ്ങള്‍ എന്നിവയുടെ വിതരണം; വീട് നിര്‍മാണം എന്നിവ ചെയ്തുവരുന്നു. ഒരു വീടിന്റെ പണി പൂര്‍ത്തിയാവുകയും അതില്‍ താമസം തുടങ്ങുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്ന വീട് നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ബാക്കിയുള്ള ചുമര്‍ തേപ്പിനും മറ്റു പണികള്‍ക്കും പണം സ്വരൂപിക്കാന്‍ തുടങ്ങി.

ഈ നാലംഗ കൂട്ടുകെട്ട് ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്, ദൂരെ താമസിച്ചിട്ടുണ്ട്, അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്, കുടുംബങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്, വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഇവരില്‍ ചിലരുടെ അനുഭവങ്ങള്‍ ഞാന്‍ എഴുതിയിട്ടുണ്ട്, ഓണ്‍ലൈന്‍ റേഡിയോയില്‍ അവര്‍ ജീവിത കഥ പങ്ക് വെച്ചിട്ടുണ്ട്. മനസ്സടുപ്പമുള്ള ഒരു ബന്ധമായി വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.

ചില ആകസ്മിക പരിചയങ്ങള്‍, ബന്ധങ്ങള്‍, കണ്ടുമുട്ടലുകള്‍, അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കും. അത് നല്‍കുന്ന ഉര്‍ജം വളെരെ വലുതാണ്.

ഭൂതകാലം അത് നമ്മെ ഓര്‍മിപ്പിക്കും, വര്‍ത്തമാന കാലത്ത് എന്ത് ചെയ്യാനാവും എന്ന് പഠിപ്പിക്കും. ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്‍കും. ജീവിതം തന്നെയത് മാറ്റി മറിച്ചേക്കും. അതിനാല്‍ നല്ല സൗഹൃദങ്ങളെ ആരും അവഗണിക്കരുത്.