വിരമിക്കാത്ത വിരാമം

ഇബ്‌നു അലി എടത്തനാട്ടുകര

2019 ആഗസ്ത് 03 1440 ദുൽഹിജ്ജ 02

പെന്‍ഷന്‍ പറ്റിയ ഒരു മേലുദേ്യാഗസ്ഥന്‍ കാണാന്‍ വന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നിച്ച് ജോലി ചെയ്തിരുന്നതാണ്. കണ്ടാല്‍ പണ്ടത്തേതിനെക്കാള്‍ ഊര്‍ജസ്വലന്‍! രാവിലെ പറമ്പില്‍ കൊത്തിക്കിളച്ച് ഇത്തിരി പച്ചക്കറി കൃഷിയൊക്കെ ചെയ്യുന്ന ആളാണെന്ന് നേരത്തെ അറിയാം. എന്നാല്‍ അതിലുപരി ഇഷ്ടപ്പെട്ട മറ്റൊരു മേഖലയില്‍ വ്യാപൃതനായതാണ് ഇപ്പോഴത്തെ ഉത്സാഹത്തിനു മുഖ്യ കാരണം.

അടുത്തൂണ്‍ പറ്റുന്നത്തിന് മുമ്പേ അദ്ദേഹം നിയമ പഠനം തുടങ്ങിയിരുന്നു. പെന്‍ഷന്‍ ആയ ഉടനെ ബാക്കി പൂര്‍ത്തിയാക്കി. ചെറിയ തോതില്‍ കുടുംബ കോടതിയില്‍ പ്രാക്ടീസ് തുടങ്ങി, ഒപ്പം കൗണ്‍സലിംഗും.

അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം, ജോലിയില്‍ നിന്ന് പിരിയുന്നതിന് രണ്ടുമുന്ന് വര്‍ഷം മുമ്പ് തന്നെ 'പിന്നീട് എന്ത്' എന്ന് ആലോചിച്ച് തീരുമാനിക്കണം. അതിന് അനുസരിച്ച് പഠനം, വായന, പരിശീലനം, എന്തൊക്കെയാണോ വേണ്ടത് അതിനൊക്കെ നേരത്തെ കാലത്തെ ഒരുങ്ങണം. കൃഷി, കൗണ്‍സലിംഗ്, സാമൂഹ്യ പ്രവര്‍ത്തനം, ഓഫീസ് ജോലി, അധ്യാപനം, എഴുത്ത്, വര തുടങ്ങി മാനസികവും ശാരീരികവുമായ ഉത്സാഹം കിട്ടുന്ന എന്തും ചെയ്യാം. സാമ്പത്തിക വരുമാനം കിട്ടുന്ന ഇനം ആണെങ്കില്‍ ഉഷാര്‍! പക്ഷേ, ലക്ഷ്യം പണത്തിലേക്ക് ചുരുങ്ങരുത് എന്ന് മാത്രം. മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും ആസൂത്രണവും അനിവാര്യം.

പെന്‍ഷന്‍ പറ്റുക എന്നത് സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ക്ക് മാത്രം ഉള്ളതെന്ന് ധരിക്കാതിരിക്കുക. പതിവ് ജോലി നിര്‍ത്തുന്ന എല്ലാവര്‍ക്കും, പ്രവാസികള്‍ ഉള്‍പെടെയുള്ളവര്‍ക്കും ഈ റിട്ടയര്‍മെന്റ് ഉണ്ട്.

 അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടി, വേഗത കുറഞ്ഞ മറ്റൊരു ട്രാക്കിലേക്ക് മാറിയത് പോലെയാണ് പെന്‍ഷന്‍ ആകുന്നവരുടെ കാര്യങ്ങള്‍. ജോലിത്തിരക്ക്  കൊണ്ട് ഒന്നിനും സമയം തികയാതിരുന്ന അയാള്‍ക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ! വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും  അയാളോട് പെന്‍ഷനായി അല്ലേ എന്ന് ചോദിക്കുന്നതോടെ അയാള്‍ തളരും.  ജോലിക്കാലത്ത് ആഗ്രഹിച്ച സേവനം ഉദേ്യാഗസ്ഥനില്‍ നിന്ന് കിട്ടാതെ കലിപ്പിലായിരുന്ന ചിലരെങ്കിലും ഇല്ലാതിരിക്കില്ല. അത്തരക്കാര്‍  ഈ അവസരം അയാളെ മുറിവേല്‍പിക്കാന്‍ പരമാവധി ഉപയോഗിക്കുകയും ചെയ്യും.

ഔദേ്യാഗിക, സൗഹൃദ മണ്ഡലങ്ങളില്‍ സജീവമായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചതോടെ എല്ലാറ്റില്‍ നിന്നും ഒളിച്ചോടിയത് എനിക്ക് നേരിട്ടറിവുണ്ട്. ഫോണ്‍ സ്വിച്ചോഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് വരെ വിരമിച്ച് അവനവന്‍ നിര്‍മിച്ച വല്മീകത്തില്‍ ചുരുണ്ട് കൂടി കാലംകഴിക്കുന്നവരുമുണ്ട് പെന്‍ഷന്‍കാരുടെ കൂട്ടത്തില്‍.

നല്ല സൗഹൃദത്തിന് വല്ലാത്തൊരു ഔഷധ ഗുണമുണ്ട്. ചെറിയ മുറിവുകളെയത് ആരുമറിയാതെ കരിച്ച് കളയും. ഔദേ്യാഗിക ബന്ധങ്ങള്‍ തുടരാന്‍ ആവില്ലെങ്കിലും മനസ്സിനോട് ചേര്‍ന്നുനില്‍ക്കുന്ന ചുരുക്കം വ്യക്തി ബന്ധങ്ങള്‍ വെട്ടിമുറിക്കുന്നത് മനോനിലക്ക് കാര്യമായ പരിക്കുണ്ടാക്കും. റിട്ടയര്‍മെന്റ് എന്നത് അവസാനമല്ല. ഔദേ്യാഗിക കെട്ടിക്കുരുക്കുകളോ മേലുദേ്യാഗസ്ഥന്റെ ചുട്ട നോട്ടമോ ഓഡിറ്റോ ഇല്ലാത്ത, കൂടുതല്‍ സ്വതന്ത്രവും വിശാലവുമായ ഇഷ്ടപ്പെട്ട ഇടങ്ങളിലേക്കുള്ള മനസ്സു മാറ്റമാണ് അതെന്ന് തിരിച്ചറിയുക. കുടുംബ കാര്യങ്ങളിലും ആത്മീയ വിഷയങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുമെന്നതില്‍ സംശയമില്ല.