സംതൃപ്തിയുടെ തെളിനീര്‍ മഴ

ഇബ്‌നു അലി എടത്തനാട്ടുകര

2019 നവംബര്‍ 02 1441 റബിഉല്‍ അവ്വല്‍ 03

കാലം നോക്കാതെ മഴപെയ്യുന്ന വനപ്രദേശത്തിലൂടെയായിരുന്നു ഞങ്ങള്‍ നാല് കൂട്ടുകാര്‍ യാത്ര ചെയ്തുകൊണ്ടിരുന്നത്. വീതികുറഞ്ഞ റോഡിന് ഇരുവശങ്ങളിലും മാനം മുട്ടെ മരങ്ങള്‍ നിവര്‍ന്നു നില്‍ക്കുന്നു. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന ഈ കാട്ടില്‍ രാജവെമ്പാലകള്‍ എമ്പാടും വിഹരിക്കുന്നുണ്ട്. പ്രദേശത്തെ പൈതൃക ഗ്രാമത്തിലെ കൊച്ചു പുല്‍ക്കുടിലുകളുടെ ഓരം ചേര്‍ന്ന്  കാര്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നേരം സന്ധ്യയാകുന്നേയുള്ളൂ. പക്ഷേ, കുടിലുകള്‍ക്ക് മുമ്പില്‍ ആരെയും കാണുന്നില്ല. ഒരു പക്ഷേ, അവര്‍ പകല്‍ പണി കഴിഞ്ഞു ക്ഷീണിച്ച് വിശ്രമം നേരത്തെ തുടങ്ങിയിരിക്കാം. അല്ലെങ്കിലും അതിമോഹങ്ങള്‍ ഇല്ലാത്തവര്‍ക്ക് നാളെയെക്കുറിച്ചുള്ള വേവലാതികളും കുറയുമല്ലോ.

ഇരുട്ട് പരന്നുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ മടക്കയാത്രയായി. സന്ധ്യാനമസ്‌കാരം എവിടെവെച്ച് എന്ന് ആലോചിച്ചു തുടങ്ങുമ്പോഴാണ് മെയിന്റോഡിനരികില്‍ നിന്ന് പതിഞ്ഞ സ്വരത്തില്‍ ബാങ്കുവിളി കേട്ടത്. കാടിന്റെ ശാന്തതയെ തെല്ലും അലോസരപ്പെടുത്താതെ ഒരു ചെറിയ പള്ളിയില്‍ നിന്നാണ് മൃദുവായ വിളിയാളം. വിചാരിച്ചത് പോലെ തന്നെ പള്ളിയില്‍ ആളില്ല, ബാങ്ക് വിളിച്ച ഒരാളൊഴികെ. അംഗശുദ്ധി വരുത്തി അദ്ദേഹത്തിന് പിന്നില്‍ ഞങ്ങള്‍ നമസ്‌കരിച്ചു. പിന്നെ പരിചയപ്പെട്ടു, വര്‍ത്തമാനം തുടങ്ങി. അയല്‍ സംസ്ഥാനക്കാരനാണെങ്കിലും അദ്ദേഹത്തിന് മലയാളം നന്നായി അറിയാം.

പ്രദേശത്തേക്ക് കച്ചവടത്തിന് വന്ന ഏതാനും മലയാളികളാണ് ആ പള്ളി ഉണ്ടാക്കിയത്. വളരെ ചെറിയ പള്ളിയായിരുന്നു തുടക്കത്തില്‍. ശേഷം എന്നോ ആ പള്ളിയില്‍ നമസ്‌കരിക്കാന്‍ കയറിയ യാത്രക്കാരില്‍ ഏതോ ഒരാള്‍ പള്ളി അല്‍പം വലുതാക്കി പുതുക്കിപ്പണിയാന്‍ സഹായിക്കുകയായിരുന്നു. അന്ന് ഇപ്പോഴത്തെ ഇമാമിന്റെ പിതാവായിരുന്നു പള്ളിയുടെ ചുമതലക്കാരന്‍, മരണശേഷം മകനായി ബാധ്യത. കേവലം അഞ്ചു കുടുംബങ്ങള്‍ മാത്രമെ ആ പള്ളിയുമായി ബന്ധപ്പെടുന്നവരായി ഉള്ളൂ!

ബാങ്കുവിളി, നമസ്‌കാരത്തിന് നേതൃത്വം നല്‍കല്‍, വെള്ളിയാഴ്ച ഖുത്വുബ, പള്ളി പരിപാലനം, മദ്‌റസ അധ്യാപനം തുടങ്ങി പള്ളിയോട് ബന്ധപ്പെട്ട എല്ലാ ചുമതലകളും ആ ഒരാളുടെ ചുമലിലാണ്. ശമ്പളം കൊടുക്കാന്‍ കേവലം അഞ്ച് കുടുംബങ്ങള്‍ മാത്രം! അതും കൂലിപ്പണിക്കാര്‍!! യാത്രക്കാരുടെ ചെറിയ സഹായങ്ങളും പള്ളിയുടെ നടത്തിപ്പിന് ലഭിക്കുന്നുണ്ട്.

ഞങ്ങളെ ഏറെ അത്ഭുതപ്പെടുത്തിയത് ഈ ചെറിയ വരുമാനത്തില്‍നിന്ന് കുടുംബം പോറ്റാന്‍ സാധിക്കുമോ എന്ന സംശയത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയായിരുന്നു. പടച്ചവനെ സ്തുതിച്ച് കൊണ്ട് 'സന്തോഷത്തോടെ, സംതൃപ്തിയോടെ പ്രയാസങ്ങള്‍ ഒന്നുമില്ലാതെ ജീവിച്ച് പോകുന്നു' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. മക്കളുടെ കല്യാണം ആകുമ്പോള്‍ എന്താവും എന്ന സന്ദേഹവും അദ്ദേഹം പങ്ക് വെച്ചു.

അത്യാവശ്യം സമ്പത്ത് ഉള്ളവര്‍ക്കാണ് അത് വീണ്ടും വീണ്ടും കൂട്ടണം എന്ന ആഗ്രഹം ഉണ്ടാകാറുള്ളത് എന്നതാണല്ലോ അനുഭവപാഠം. കച്ചവടക്കാരന് കച്ചവടം മെച്ചപ്പെടുത്തണം. ഉദേ്യാഗസ്ഥന് കൂടുതല്‍ ശമ്പളമുള്ള ജോലിക്കയറ്റം കിട്ടണം. കൃഷിയുടമക്ക് കൃഷിയിടം വികസിപ്പിക്കണം. ചിലര്‍ക്ക് ഉള്ള വാഹനം വിറ്റ് മുന്തിയത് വാങ്ങണം. മറ്റു ചിലര്‍ക്ക് വീടിന്റെ മോടി കൂട്ടണം. ഇങ്ങനെ ഉള്ളത് മെച്ചപ്പെടുത്താന്‍ രാപകല്‍ പണിയെടുക്കുന്ന കാലഘട്ടത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്. എന്നാല്‍ ഇക്കാലത്ത് തന്നെയാണ് അഞ്ച് കുടുംബങ്ങളെയും വല്ലപ്പോഴും വരുന്ന യാത്രികരെയും മാത്രം ആശ്രയിച്ച് ഒരാള്‍ ജീവിക്കുന്നത്. അദ്ദേഹത്തിന് കിട്ടുന്ന വരുമാനം എത്ര ചെറുതായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഉള്ളതില്‍ സംതൃപ്തനായ ആ മനുഷ്യന്‍ ചില്ലറ മതിപ്പല്ല ഞങ്ങളില്‍ ഉണ്ടാക്കിയത്. ഫോണ്‍ നമ്പര്‍ വാങ്ങി യാത്ര പറഞ്ഞ് ഇറങ്ങി.

വൈകാതെ കോടമഞ്ഞ് വീണുതുടങ്ങി. വാഹനത്തിന്റെ എല്ലാ ലൈറ്റുകളും കത്തിയിട്ടും ഒരു മീറ്റര്‍  ദൂരത്തേക്ക് പോലും കാണാന്‍ പറ്റാത്തത്ര കട്ടികൂടിയ കോട! ഏത് റോഡിലും കുലുങ്ങാത്ത ഞങ്ങളുടെ ഡ്രൈവര്‍ സുഹൃത്ത് ഈ നിലയില്‍ ചുരമിറങ്ങാന്‍ ഇല്ല, ഇനി രാത്രി യാത്ര വയ്യ എന്ന് ഉറപ്പിച്ചു പറഞ്ഞു.

നിലയ്ക്കാതെ പെയ്ത രാത്രിമഴയില്‍ ദൂരെ നിന്നുള്ള കാട്ടു ജീവികളുടെ ശബ്ദം ശ്രവിച്ച്  കാടിനോരം ചേര്‍ന്ന ഒരു വീടിന്റെ ഒന്നാം നിലയിലെ ഹോം സ്‌റ്റെയില്‍ അന്ന് രാപാര്‍ക്കവെ ചര്‍ച്ചകളില്‍ ആ ശുഭ്ര വസ്ത്ര ധാരിയുടെ സംതൃപ്ത രൂപം നിറഞ്ഞ് നിന്നു. കാടും മലയും മഴയും യാത്രയും ഓര്‍മ വരുമ്പോള്‍ ഇടക്കിടെ ഇപ്പോഴും ആ സംതൃപ്ത മുഖം ഓര്‍മയില്‍ തെളിയാറുണ്ട്.