നിശ്ശബ്ദമായ കരച്ചില്‍

ശംസുദ്ദീന്‍ എടത്തനാട്ടുകര

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

ഏകദേശം പതിനഞ്ച് വര്‍ഷം മുമ്പാണ് സംഭവം! പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ എന്ന സ്ഥലത്ത് ബസ്സ് കാത്ത് നില്‍ക്കുന്ന എന്റെ കണ്ണുകള്‍, പാവപ്പെട്ട ഒരു അമ്മൂമയുടെയും പേരക്കുട്ടിയുടെയും മേല്‍ പതിഞ്ഞു.

ഒരു പഴക്കടയുടെ മുന്നില്‍ നില്‍ക്കുകയാണ് വൃദ്ധയും കൂടെയുള്ള കുഞ്ഞും. ആ അമ്മൂമ എന്തോ സംശയിച്ചു കൊണ്ട് നിന്നു കുറെ നേരം നിന്നു. പിന്നെ, ഭംഗിയായി അടുക്കിവെച്ചിരിക്കുന്ന ആപ്പിളുകള്‍ക്ക് മുകളില്‍നിന്ന് ഒരെണ്ണമെടുത്ത് അവര്‍ അതിന്റെ വില ചോദിക്കുന്നു. കച്ചവടക്കാരന്‍ അത് തൂക്കിനോക്കി വില അതിന്റെ പറഞ്ഞുകൊടുത്തു. വില കേട്ടപ്പോള്‍ അവര്‍ കയ്യിലുള്ള നാണയത്തുട്ടുകള്‍ എണ്ണി നോക്കി. തിരിച്ചും മറിച്ചും എണ്ണി നോക്കി; പല തവണ! ആ ആപ്പിള്‍ വാങ്ങാനുള്ള തുക തികയുന്നില്ല.

അല്‍പ സമയത്തിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ ആ വൃദ്ധയും കുട്ടിയും തിരിഞ്ഞു നടന്നു. വല്ലാത്ത ഒരു സങ്കടം വൃദ്ധയുടെ മനസ്സില്‍ പതഞ്ഞുപൊങ്ങുന്നുണ്ടാകുമെന്ന് ഉറപ്പ്. എന്നാല്‍ മുഖത്ത് അത് പ്രകടമാക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചുകൊണ്ടാണ് അവര്‍ തിരിഞ്ഞു നടന്നത്. രുചികരമായ ആപ്പിളിന്റെ മധുരം നുണയാന്‍ കൊതിച്ച ശേഷം അത് കിട്ടാതെ പോയതില്‍ ഒരു വിഷമവും ആ കുഞ്ഞും പ്രകടിപ്പിച്ചു കണ്ടില്ല. ആ കുഞ്ഞു ശരീരത്തിലെ വലിയ മനസ്സ് എത്രയോ പക്വതയാര്‍ജിച്ചിരുന്നുവോ?

ഒരു ആപ്പിള്‍ ആ കുഞ്ഞിന് വാങ്ങിക്കൊടുത്ത് കുഞ്ഞുമനസ്സിനെ സന്തോഷിപ്പിക്കണമെന്ന് ആഗ്രഹിച്ചുപോയി. കയ്യില്‍ കഷ്ടിച്ച് നാട്ടിലേക്കെത്താനുള്ള കാശ് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍ ഞാന്‍ നിസ്സഹായനായിരുന്നു.

അവര്‍ ഇല്ലായ്മയുടെ വേദനകള്‍ അറിഞ്ഞു ജീവിക്കുന്നവരാണെന്ന കാര്യം ഉറപ്പ്. ആ വൃദ്ധക്കും കുഞ്ഞിനും ജീവിതത്തില്‍ ആഗ്രഹിക്കുന്നത് ലഭിച്ച സന്ദര്‍ഭങ്ങള്‍ അത്യപൂര്‍വമായിരിക്കും. അത്‌കൊണ്ടു തന്നെ ആഗ്രഹിച്ചത് കിട്ടാതിരുന്നപ്പോള്‍ അവരില്‍ ഭാവമാറ്റമുണ്ടായില്ല. തന്റെ കുഞ്ഞിനെ നിരാശപ്പെടുത്താതിരിക്കാന്‍ ആ വൃദ്ധ കച്ചവടക്കാരനോട് തന്റെ കയ്യിലുള്ള കാശിന് ആപ്പിള്‍ തരുമോ എന്ന് യാചിച്ചില്ല. കിട്ടാതിരുന്നപ്പോള്‍ ആ കുഞ്ഞ് വാശി പിടിച്ച് കരഞ്ഞില്ല. അല്‍പകാലത്തെ ജീവിതാനുഭവങ്ങള്‍ അവനെ ഇല്ലായ്മയോട് പൊരുത്തപ്പെടാന്‍ അവനെ പഠിപ്പിച്ചിരിക്കുന്നു.

ആഗ്രഹിക്കുന്നതെന്തും അപ്പോള്‍ തന്നെ ലഭിച്ച് ശീലമുള്ള നമ്മുടെ മക്കളെ ആ കുഞ്ഞിന്റെ സ്ഥാനത്ത് നാം സങ്കല്‍പിക്കുക. എന്തെല്ലാം പുകിലായിരിക്കും സംഭവിച്ചിരിക്കുക! കിട്ടിയേ തീരൂ എന്ന് വാശി പിടിക്കും. ഉച്ചത്തില്‍ കരയും. തിരിച്ചുപോകാന്‍ കൂട്ടാക്കില്ല...

നമ്മുടെ കാര്യമോ? കുട്ടിയെ നിരാശപ്പെടുത്തിയതില്‍ നമ്മള്‍ സങ്കടപ്പെടും. അവരുടെ കരച്ചില്‍ കാണുമ്പോള്‍ നമ്മുടെ കണ്ണുകള്‍ നിറയും.

ഒരു കാര്യം ഉറപ്പ്; ജീവിതയാത്രയിലെ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ അടിപതറാതെ മുന്നോട്ട് പോകാന്‍ ആ കുഞ്ഞിനെ പോലുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. പ്രയാസങ്ങളുടെ തീച്ചൂളയില്‍ വളര്‍ന്ന് കടഞ്ഞെടുക്കപ്പെട്ടവര്‍ക്കേ അതിന് സാധിക്കൂ. അല്ലാത്തവര്‍ക്ക് കൊച്ചുകൊച്ചു പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍പോലും പകച്ചു നില്‍ക്കാനേ കഴിയൂ.

അന്ന് അവരെ സഹായിക്കാനായില്ലല്ലോ എന്ന വിഷമം ഇപ്പോഴും മനസ്സില്‍ ബാക്കിയാണ്. ഇന്നും പഴക്കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍, ആപ്പിള്‍ കാണുമ്പോഴെല്ലാം ആ നിഷ്‌കളങ്ക മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വരും.