അവധിക്കാലത്തും ക്ലാസ്സ് വെക്കാമോ സാറേ?

സലാം സുറുമ എടത്തനാട്ടുകര

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

'പത്തുദിവസത്തെ അവധിക്കാലത്തും സ്‌കൂളില്‍ ക്ലാസ്സ് വെക്കാന്‍ പറ്റുമോ സാറേ?''

അവധികള്‍ക്കായി കാത്തിരിക്കുന്ന കുഞ്ഞുമനസ്സുകള്‍ക്കിടയില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഈ ആവശ്യം ക്ലാസ്സിലെ എല്ലാവരെയുംആശ്ചര്യപ്പെടുത്തി.

പാലക്കാട് ജില്ലയിലെ ഒരുരുഗോത്രവര്‍ഗമേഖലയില്‍ അധ്യാപന ജോലി ആരംഭിച്ച കാലത്താണ് ഈ സംഭവം നടക്കുന്നത്. ഒന്നാം പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ ശേഷം 'ഇനിപത്തുദിവസം സ്‌കൂളിന് അവധിയായിരിക്കും' എന്ന അറിയിപ്പ് ക്ലാസ്സില്‍ വായിച്ചപ്പോഴാണ് ഒരു നാലാം ക്ലാസ്സുകാരന്‍ ഈ ആവശ്യം ഉന്നയിച്ചത്. പഠന വിഷയങ്ങളില്‍ വലിയ താല്‍പര്യമൊന്നും കാണിക്കാത്ത അവന്റെ ഈ ആവശ്യം ഞാന്‍ ഒരു കേസ് സ്റ്റഡിക്ക് വിധേയമാക്കി.

നൂറില്‍ താഴെ എണ്ണം മാത്രം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലെ എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തിയാണ് ഉച്ചഭക്ഷണം വിളമ്പിയിരുന്നത്. ഉച്ചഭക്ഷണം വിളമ്പിത്തുടങ്ങുന്ന അറ്റത്തു വന്നിരിന്ന് ആദ്യം തന്നെ ഈ കുട്ടി അവന്റെ വലിയപ്ലേറ്റ് നിറയെ ഭക്ഷണം വാങ്ങും. എല്ലാവര്‍ക്കും വിളമ്പിക്കഴിയുമ്പോഴേക്കും പ്ലേറ്റിലെ ഭക്ഷണം തുടച്ച് കഴിച്ച് വീണ്ടും ഒരു പ്ലേറ്റ് ഭക്ഷണം കൂടി വാങ്ങി മാറിയിരുന്ന് ആസ്വദിച്ച് കഴിക്കുന്ന അവനെയും അവന്റെ അനിയത്തിയെയും ഉച്ചക്കഞ്ഞി വിളമ്പുന്ന എല്ലാ അധ്യാപകരും പ്രത്യേകം പരിഗണിച്ചിരുന്നു.  

ഉച്ചഭക്ഷണം കഴിച്ച് അവരുമായി ഒറ്റക്ക് ക്ലാസ്സില്‍ ഇരുന്ന് വിശദമായി സംസാരിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസ്സിലായത്.

അവരുടെ അമ്മ മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. മദ്യപാനിയായ പിതാവിന് മക്കളുടെ കാര്യത്തില്‍ വലിയ ശ്രദ്ധയൊന്നുമില്ല. രാവിലെ വീട്ടില്‍ വെറും കട്ടന്‍ചായ മാത്രം ഉണ്ടാക്കും. പലഹാരമൊന്നും ഉണ്ടാക്കാറേയില്ല. രാത്രിയില്‍ കഞ്ഞി വെച്ച് കുടിക്കും. അച്ചാറോ ചമ്മന്തിയോ ആണ് പതിവ് കൂട്ടാന്‍. സ്‌കൂളില്‍ നിന്നും കഴിക്കുന്ന ഉച്ചക്കഞ്ഞിയാണ് അവരുടെ പ്രധാന ഭക്ഷണം.

സ്‌കൂള്‍ അവധി ദിവസങ്ങളില്‍ അയല്‍വാസികള്‍ കനിഞ്ഞില്ലെങ്കില്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഉച്ചപ്പട്ടിണിയായിരിക്കും. ശനിയും ഞായറും വയറു നിറക്കാന്‍ പാടുപെടുന്ന ഇവര്‍ക്ക് പത്തുദിവസം സ്‌കൂളില്‍ പോകാതെ തള്ളിനീക്കുന്നത് ആലോചിക്കാനേ വയ്യ. അത് ഓര്‍ത്തപ്പോഴാണ് അവന്‍ ഓണാവധിക്കും സ്‌കൂള്‍ നടത്താന്‍ പറ്റുമോ എന്ന് മനസ്സില്‍ തട്ടിത്തന്നെ ചോദിച്ചത്.

സ്‌കൂളിനടുത്തുള്ള, സ്ഥലം വാര്‍ഡ് മെംബറുമായിആലോചിച്ച് അവര്‍ക്ക് അവധി ദിവസങ്ങളില്‍ പട്ടിണി ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കി.

സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി മാറ്റി ചോറ്'ആക്കിയപ്പോഴും പാല്‍, മുട്ട എന്നിവയുടെ വിതരണം ആരംഭിച്ചപ്പോഴും പ്രഭാതഭക്ഷണ സംവിധാനം നടപ്പിലാക്കിയപ്പോഴും രണ്ട് മാസത്തെ വേനലവധിക്കാലത്ത് ഉപയോഗിക്കാനായി ഓരോ വിദ്യാര്‍ഥിക്കും അഞ്ച് കിലോഗ്രാം വീതം അരി വിതരണം ചെയ്തപ്പോഴും എനിക്ക് ഓര്‍മ വന്നത് ഈ വിദ്യാര്‍ഥിയെയായിരുന്നു.

വിഭവങ്ങള്‍ കുറഞ്ഞുപോയി, ഭക്ഷണത്തിന് ചൂടില്ല, എരിവ് കൂടിപ്പോയി, വിളമ്പിയപാത്രങ്ങള്‍ക്ക് ഭംഗിയില്ല തുടങ്ങിയ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഭക്ഷണം തട്ടിക്കളയുന്നവരും വീടുകളിലും വിവാഹപാര്‍ട്ടികളിലും സല്‍ക്കാര വേളകളിലും മറ്റും നിരവധി പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം പാഴാക്കിക്കളയുന്നവരുമൊക്കെ ആ നാലാം ക്ലാസ്സുകാരന്റെ ഈ വാക്കുകള്‍ കൂടി ഓര്‍മയില്‍ സൂക്ഷിക്കണം:''വെയിലും മഴയും ചൂടും തണുപ്പുമൊക്കെ സഹിക്കാം. പക്ഷേ, വിശപ്പ് സഹിക്കാന്‍ കഴിയില്ല സാറേ...'