സൗഹൃദത്തണലിലെ കുളിര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 സെപ്തംബര്‍ 14 1441 മുഹര്‍റം 15

ഞങ്ങള്‍ 20 പേര്‍,  31 കൊല്ലം മുമ്പ് പഠിച്ച കലാലയത്തില്‍ അതേ ക്ലാസില്‍ ഒന്നിച്ചിരുന്നു. ബോര്‍ഡില്‍ അധ്യാപകര്‍ പണ്ട് കോറിയിട്ട ചിത്രങ്ങളുടെയും അക്ഷരങ്ങളുടെയും മാഞ്ഞുതീരാത്ത ശകലങ്ങള്‍ ശേഷിക്കുന്നണ്ടോ എന്ന് വെറുതെ നോക്കി. നിശ്ശബ്ദ താഴ്‌വര താണ്ടിയെത്തുന്ന കാറ്റിന് കുസൃതിയും തണുപ്പും കൂടിയോ എന്ന് ഒരുവേള ആലോചിച്ചു. ക്ലാസിന് ഓരം ചാരി നില്‍ക്കുന്ന നെല്ലിമരങ്ങള്‍ പൂത്തുവോ എന്ന് പാളി നോക്കി. വെളിച്ചം മങ്ങിയ ഇടനാഴിയിലൂടെ ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ ധൃതിയില്‍ നടന്നുവരുന്നുണ്ടോ എന്ന് ഒരുവേള ആലോചിച്ചു. അന്ന് ഞങ്ങള്‍ ഇരുന്ന ബെഞ്ചിലും ചാരിയിരുന്ന ഡെസ്‌കിലും ഞങ്ങള്‍ കോറിയിട്ട അക്ഷരങ്ങളും ചിത്രങ്ങളും ബാക്കിയുണ്ടോ എന്ന് വെറുതെ തിരഞ്ഞു.

ഞങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഇഹലോകം വിട്ടുപോയ ഒരാളെ ഓര്‍മിച്ചു. ഞങ്ങളില്‍ ഒരുവള്‍ നൊന്തു പ്രസവിച്ച കുഞ്ഞിനെ ബൈക്കപകട രൂപത്തില്‍ ഈ ലോകത്ത് നിന്ന് കൊണ്ടുപോയത് ഓര്‍ത്തു, പ്രാര്‍ഥിച്ചു. ഈ സങ്കടമൊഴിച്ചാല്‍ ബാക്കിയെല്ലാം സന്തോഷകരമായിരുന്നു. ഞങ്ങള്‍ വട്ടത്തില്‍ ഇരുന്നു, ജീവിതം പറഞ്ഞു, മൂന്ന്  പതിറ്റാണ്ട് പിന്നിട്ട നാള്‍വഴികള്‍ പങ്കുവെച്ചു.

പട്ടിണിയുടെ അരികുചേര്‍ന്ന് സഞ്ചരിച്ച ഗതകാലം, ഒട്ടും ദാരിദ്ര്യവും പ്രയാസവും അറിയാതെ ജീവിച്ച യൗവനകാലം, പിന്നീട് അധ്വാനത്തിന്റെയും സമ്പത്തിന്റെയും യഥാര്‍ഥ വിലയും മൂല്യവും അറിഞ്ഞത്. ജീവിതത്തിലെ നേട്ടങ്ങള്‍, കോട്ടങ്ങള്‍, ആകസ്മിക വഴിത്തിരിവുകള്‍ തുടങ്ങിയ വിശേഷങ്ങള്‍ ഓരോരുത്തരുടെയും സംസാരത്തില്‍ വന്നു. കുറിക്കുകൊള്ളുന്ന മറു ചോദ്യങ്ങള്‍ കൊണ്ട്  സഹപാഠികള്‍ രംഗം പൊലിപ്പിച്ചു. ചിലത് ഞങ്ങളുടെ കണ്ണുനിറച്ചു, ചിലപ്പോള്‍ ചിരിച്ചു, ചിലനേരം ഓര്‍ത്തോര്‍ത്ത്  ഉറക്കെ ചിരിച്ചു. ഞങ്ങള്‍ പഴയ ടീനേജുകാരായി മാറി. ഞങ്ങളില്‍ ചൊരിയപ്പെട്ട അനുഗ്രഹങ്ങള്‍ ഓര്‍ത്ത് പലവുരു സ്രഷ്ടാവിനെ വാഴ്ത്തി.

വീട്ടമ്മമാര്‍, അധ്യാപകര്‍, കര്‍ഷകര്‍, സഹകാരികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ബിസിനസുകാര്‍, വിദേശ ജോലിക്കാര്‍, ഡോക്ടറേറ്റ് നേടി മികച്ച ജോലി നേടിയയാള്‍... അങ്ങനെ വൈവിധ്യമാര്‍ന്ന  ജീവിതങ്ങളുടെ ക്രോസ് സെക്ഷന്‍ ആയിരിക്കുന്നു ഞങ്ങള്‍. നൊമ്പരപ്പെടുത്തുന്ന ചുരുക്കം ഓര്‍മകള്‍ ഒഴികെ എല്ലാം സന്തോഷകരം.

 കുട്ടികളും കുടുംബവുമായി, ചിലര്‍ പേരമക്കളുമായി ജീവിതം ആഘോഷിക്കുന്നു. കൂട്ടത്തിലെ ഭാഗ്യവാനെ നറുക്കെടുത്ത്  തിരഞ്ഞെടുത്ത് സമ്മാനിക്കാന്‍ ഞാന്‍ വരച്ച അക്രലിക് പെയിന്റിംഗ് കൊണ്ടുപോയിരുന്നു. എന്നാല്‍ മറ്റൊരു കൂട്ടുകാരന്റെ നിര്‍ദേശപ്രകാരമത് ലേലത്തിന് വെച്ചു. ലേല വിലയുടെ ഒപ്പം അപ്പോള്‍  സ്വരൂപിച്ചതടക്കം 14,000 രൂപ മഴദുരിതമനുഭവിക്കുന്നവര്‍ക്ക് എളിയ താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി.

ഓര്‍മ്മകള്‍ക്ക് മിഴിവേകാന്‍ ഞങ്ങളുടെ രണ്ട് പഴയ ഗുരുനാഥന്മാര്‍ ഞങ്ങള്‍ക്കൊപ്പം കൂടി. ദുരിത പ്രളയത്തിന്റെ പിന്നിലുള്ള, ചില ദുരമൂത്ത മനുഷ്യ കൈകടത്തലുകളും സൗഹൃദത്തിന്റെ ഉത്കണ്ഠാകുലമായ കുറഞ്ഞുവരവും അവര്‍ തെര്യപ്പെടുത്തി.

 ഒരുമിച്ച് ചായകുടിച്ച്,  പിന്നെ സദ്യയുണ്ടാണ്  വനിതകള്‍ അടക്കമുള്ള തിരക്കുള്ളവര്‍ പിരിഞ്ഞു പോയത്. എങ്കിലും ബാക്കിയുള്ളവര്‍ വീണ്ടും കലാലയ മുറ്റത്തേക്ക് തിരിച്ചുപോയി. പണ്ട് ഒരു പാട് നടന്ന വഴികളിലൂടെ വീണ്ടും നടന്നു. മൂന്നര പതിറ്റാണ്ട് മുമ്പ് കലാലയ അന്തരീക്ഷത്തിലെ അവരുടെ പഴയ ഓര്‍മകള്‍, പ്രതീക്ഷകള്‍, സൗഹൃദങ്ങള്‍, കുന്നായ്മകള്‍ എന്നിങ്ങനെ എന്തെങ്കിലും ബാക്കി ശേഷിക്കുന്നുണ്ടോ എന്ന് വെറുതെ ആലോചിച്ചു.

വഴിതെറ്റിക്കുന്ന ചീത്ത സൗഹൃദങ്ങള്‍ ഒഴിവാക്കുവാന്‍ ഇന്ന് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല സൗഹൃദങ്ങള്‍ നല്‍കുന്ന സംതൃപ്തിയും സന്തോഷവും പറഞ്ഞറിയിക്കാനാകാത്ത ഒന്നാണ്.  ആത്മാര്‍ഥ സൗഹൃദങ്ങള്‍ കുറയുന്നതായി ആശങ്കപ്പെടേണ്ട ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും.