വിയര്‍പ്പിനെ വെറുക്കുന്നവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

അരോഗദൃഢഗാത്രയായ ഒരു ചെറുപ്പക്കാരി മുറ്റത്തു വന്ന് ഭിക്ഷയാചിച്ചു. വീടിന് മുന്നില്‍ വെറ്റില മുറുക്കി ഇരിക്കുന്ന, എന്റെ അടുത്ത ബന്ധുവായ മുതിര്‍ന്ന സ്ത്രീക്ക് അതൊട്ടും പിടിച്ചില്ല. അവര്‍ വീടിന്റെ പുറംതിണ്ണയുടെ മൂലയിലുള്ള ചൂല് ചൂണ്ടിക്കാണിച്ച് മുറ്റം മുഴുവന്‍ അടിച്ചു വൃത്തിയാക്കിയാല്‍ കൂലിയായി കാശ് തരാം എന്ന് പറഞ്ഞു. എന്നാല്‍ അവരെ പുച്ഛഭാവത്തില്‍ നോക്കി അമര്‍ത്തിച്ചവിട്ടി ചെറുപ്പക്കാരി തിരിഞ്ഞു നടക്കുകയായിരുന്നു.

അധ്വാനിക്കാതെ, വിയര്‍ക്കാതെ പണം സംഘടിപ്പിച്ച് ജീവിക്കുക എന്നത് പലരുടെയും ദൗര്‍ബല്യമായി മാറിയിരിക്കുന്നു എന്ന് ഇത് പോലുള്ള സംഭവങ്ങള്‍ വിളിച്ചു പറയുന്നു.

സമ്പന്നരുടെ വീട്ടില്‍ ഇടയ്ക്കിടെ പോയി കൊച്ചുവര്‍ത്തമാനം പറഞ്ഞ്, ഒപ്പം 'മുതലാളി'ക്ക് ഇഷ്ടമില്ലാത്ത ആളെക്കുറിച്ച് രണ്ട് കുറ്റവും പറഞ്ഞ് രസിപ്പിച്ച് തിരിച്ചു പോകുമ്പോള്‍ കൈമടക്ക് വാങ്ങിപോക്കറ്റിലിടുന്ന ചില വിരുതന്മാരുണ്ട്.'

വേറെ ചിലരുണ്ട്; വിദേശത്തു നിന്ന്  നാട്ടിലെത്തുന്ന പ്രവാസികളുടെ വീട്ടില്‍ യഥാസമയത്ത് എത്തി വര്‍ത്തമാനം പറഞ്ഞു സന്തോഷിപ്പിക്കും. ഒടുക്കം അഥവാ പണമൊന്നും കിട്ടിയില്ലെങ്കില്‍ ഇത്ര രൂപ ഇന്ന ആവശ്യത്തിന് വേണമെന്ന്  ചോദിച്ചു വാങ്ങുകയും ചെയ്യും. കൊടുത്തില്ലെങ്കില്‍ മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശമായി പറഞ്ഞുകൊടുക്കും എന്ന പേടി ഉള്ളത് കൊണ്ട് പണം നല്‍കി തൃപ്തിപ്പെടുത്തി മടക്കിയയക്കുകയാണ് പ്രവാസികളുടെ പതിവ്.

ഭാര്യക്കോ മക്കള്‍ക്കോ ജോലിയുണ്ടെങ്കില്‍ അവരുടെ ചെലവില്‍ മാത്രം ജീവിക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്. പ്രായംകൊണ്ടോ ആരോഗ്യംകൊണ്ടോ ഒരു പ്രയാസവും ഇല്ലാത്ത ഇവര്‍ ജോലി ചെയ്യാതിരിക്കാന്‍ എന്തെങ്കിലും അസുഖം അഭിനയിക്കുകയാണ്പതിവ്.

'മതവേഷം' കെട്ടി ദിക്‌റുകളെ  ഉപജീവന മാര്‍ഗമായി ഉപയോഗിച്ച് നടക്കുന്ന ചിലരുണ്ട്. ഏതെങ്കിലും സ്ഥാപനത്തിന്റെ പേരിലും പിരിവ്  നടത്താന്‍ മടിക്കില്ല ഇവര്‍. മുമ്പ് ജോലി ചെയ്തിരുന്ന പ്രദേശങ്ങളില്‍ ഇടവിട്ട് ചെന്ന് പ്രമുഖരെ കണ്ട് കാശൊപ്പിക്കുന്നവരാണ് മറ്റു ചിലര്‍.

കൂട്ടുകാരിലും ബന്ധുക്കളിലും സാമ്പത്തിക സുസ്ഥിതിയുള്ളവരെ സമര്‍ഥമായി ഉപയോഗിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇടയ്ക്കിടെ കടം വാങ്ങി തിരികെ കൊടുക്കാതിരിക്കുക എന്നതാണ് പതിവ് ശൈലി. ചിലപ്പോള്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിച്ച് സംരംഭം തുടങ്ങാന്‍ എന്ന് പറഞ്ഞു പണം കൈപ്പറ്റും; വൈകാതെ തിരികെ കൊടുക്കാം എന്ന ഉറപ്പില്‍. പണം കിട്ടാന്‍ പല സമ്മര്‍ദങ്ങളും പ്രയോഗിക്കും ഇവര്‍. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് അവരാ സംരംഭം പൊളിക്കും. ഇത്തരക്കാര്‍ മേലനങ്ങി ജോലി ചെയ്യാനൊന്നും മിനക്കെടില്ല, അവര്‍ ബോസ് ആയിരിക്കും. തന്റെതായി അരക്കാശ് പോലും നഷ്ടപ്പെടാനില്ല എന്നതിനാല്‍ അവര്‍ക്ക് യാതൊരു വിഷമവും ഉണ്ടാവുകയും ഇല്ല. പൊളിഞ്ഞ് പാളീസായ അവസ്ഥയില്‍ ആരും പണം തിരികെ ചോദിക്കില്ല, ചോദിച്ചാലും കിട്ടില്ല എന്ന് ഉറപ്പാണല്ലോ. അഥവാ ചോദിച്ചാലും എവിടെ നിന്ന് എടുത്ത് തരും എന്നാവും മറുചോദ്യം.

കൊല്ലങ്ങള്‍ക്ക് മുമ്പ്, അയല്‍ സംസ്ഥാനത്ത് നിന്ന് ഗ്രാനൈറ്റ് വാങ്ങി വില്‍ക്കാന്‍ രജിസ്‌ട്രേഷന് വേണ്ടി രണ്ട് പേര്‍ വന്നത് ഓര്‍ക്കുന്നു. ഒരാള്‍ വശം പണമുണ്ട്, രണ്ടാമന് നീണ്ട നാവും ആളെ സംസാരിച്ച്  വശത്താക്കാനുള്ള സവിശേഷ കഴിവും. ക്രാന്തദര്‍ശിയായ എന്റെ അന്നത്തെ ഓഫിസര്‍ പറഞ്ഞു, ആ സാമര്‍ഥ്യക്കാരന്‍ മറ്റവനെ പറ്റിക്കുമെന്ന്. മാസങ്ങള്‍ക്കുള്ളില്‍ അപ്പറഞ്ഞത് ശരിയായി ഭവിച്ചു. കാശു മുടക്കിയ പാവത്തിന് കുറെ നഷ്ടവും വരുത്തിവച്ച് മറ്റെയാള്‍ മുങ്ങി.

വാങ്ങുന്ന കൈകള്‍ എപ്പോഴും താഴെയാണ്. അത് അത്ര മേന്‍മയുള്ള കാര്യമൊന്നുമല്ല. അധ്വാനിച്ച് വിയര്‍ത്ത് സമ്പാദിച്ചത് കൊണ്ട് ജീവിക്കുന്നതിന്റെ സംതൃപ്തിയും മാന്യതയും മറ്റൊന്നിനും ലഭിക്കില്ല.

നബി ﷺ  പറഞ്ഞു: ''സ്വന്തം കൈകള്‍കൊണ്ട് അധ്വാനിച്ച് ആഹരിക്കുന്നതിനെക്കാള്‍ ഉത്തമമായി ആരും  ഭക്ഷണം കഴിക്കുന്നില്ല. അല്ലാഹുവിന്റെ പ്രവാചകന്‍ ദാവൂദ്(അ) സ്വന്തം അധ്വാനത്തിലൂടെയാണ് ആഹരിച്ചിരുന്നത്'' (ബുഖാരി)