അറിയാവാതിലുകള്‍ തുറക്കപ്പെടുമ്പോള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 സെപ്തംബര്‍ 07 1441 മുഹര്‍റം 08

വ്യാപാരി സുഹൃത്തിന് കുടുംബവുമൊത്ത് ഹജ്ജിന് പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.  എന്നാല്‍  ഹജ്ജ് കമ്മിറ്റിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.

വെയിറ്റിംഗ് ലിസ്റ്റില്‍ സാധ്യത ഇല്ലാത്ത ഇടം ആയിരുന്നു നറുക്കെടുപ്പില്‍  കിട്ടിയത്.  പ്രത്യേക പരിഗണന ലഭിക്കാന്‍ സാധ്യതയുള്ള കേന്ദ്ര മേധാവികള്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലം നിരാശയായിരുന്നു.

എങ്ങനെയെങ്കിലും ഹജ്ജിനു പോകണമെന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. ഒരു നാള്‍ ജോലിക്ക് പോകാന്‍ ഞാന്‍ റോഡരികില്‍ നില്‍ക്കവെ അദ്ദേഹം അരികില്‍ കാര്‍ പാര്‍ക്ക് ചെയ്തു, പടച്ചോനെ സ്തുതിച്ചു. ഹജ്ജിന് പോകാനുള്ള മാര്‍ഗം തെളിഞ്ഞു എന്ന് പറഞ്ഞു.

കേന്ദ്ര ഹജ്ജ് കമ്മിറ്റി അത്തവണ ആദ്യമായി സ്വകാര്യ ഹജ്ജ്  യാത്രാ സ്ഥാപനങ്ങള്‍ക്ക്, ഗവണ്‍മെന്റ്‌നിരക്കില്‍ ഏതാനും പേരെ ഹജ്ജിന് കൊണ്ടുപോകണം എന്ന് ഉത്തരവ് നല്‍കിയിരുന്നു. ഈ

ഉത്തരവ് പ്രകാരമാണ് സുഹൃത്തിന് ഭാഗ്യം തെളിഞ്ഞത്.

ഏതാണ്ട് സര്‍ക്കാര്‍ നിരക്കില്‍ തന്നെ അദ്ദേഹത്തിന് ഹജ്ജിനു പോകാന്‍ സാധിച്ചു. പടച്ചവന്‍ ഒരാളെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെ എപ്പോള്‍ ഏതെല്ലാം വഴിക്ക് എന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാനാവില്ല എന്ന അത്ഭുതം ഞങ്ങള്‍ പങ്കുവെച്ചു.

ഭാര്യക്ക് അത്യാവശ്യമായി വലിയ ശസ്ത്രക്രിയ ചെയ്യേണ്ടിവന്നിരിക്കുന്നു  എന്ന് വേവലാതിപ്പെട്ട ഓഫീസറുടെ കാര്യം ഓര്‍മ വരുന്നു. രണ്ടുമൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും അദ്ദേഹത്തിന് പെട്ടന്ന് സംഘടിപ്പിക്കാന്‍ കഴിയാത്ത വലിയ തുകയാണ് ചെലവ് ആവശ്യപ്പെട്ടത്.

മറ്റൊരു സംസ്ഥാനത്തില്‍ ഗവണ്‍മെന്റ് അധീനതയിലുള്ള വളരെ ചെലവുകുറഞ്ഞ ഒരു ആശുപത്രിയില്‍ ഭാര്യയുടെ സര്‍ജറിക്കായി പോകാന്‍ തയ്യാറെടുപ്പുകള്‍ നടത്തിക്കോണ്ടിരിക്കുകയാണ്

എന്ന വിവരമാണ് അദ്ദേഹം ആഴ്ചകള്‍ക്ക് ശേഷം സന്തോഷത്തോടെ പങ്കുവെച്ചത്.

നാട്ടിലുള്ള ഒരാളെ അവിചാരിതമായി കാണുകയും മേല്‍ ആശുപത്രിയില്‍ അയാളുടെ മകന്‍ ജോലിക്കാരനാണ് എന്ന് അറിയുകയും മകന്റെ ഫോണില്‍ ബന്ധപ്പെടുകയും അങ്ങനെ ആ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കുള്ള മാര്‍ഗങ്ങള്‍ തെളിയുകയും ചെയ്യുകയാണ് ഉണ്ടായത്.

ഏതാനും ദിവസം അവിടെ താമസിക്കേണ്ടിവന്നെങ്കിലും നാമമാത്രമായ ചെലവ് മാത്രമെ  വന്നതുള്ളൂ. പടച്ചവന്‍ തുറന്നുതരുന്ന മാര്‍ഗങ്ങള്‍ എത്രമേല്‍ അതിശയകരം!

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മകന് വൈദ്യപഠന അവസരം ലഭിച്ചപ്പോള്‍ ആവശ്യമായ വലിയ തുകയെ കുറിച്ച് വേവലാതിപ്പെട്ടിരിക്കുകയായിരുന്നു ഞാന്‍. അന്നേരം ഓഫീസിലേക്ക് വന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരന്‍ എന്റെ ആവശ്യം ഫോണ്‍  സംസാരത്തില്‍ നിന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരു ലോണ്‍ ആവശ്യമുണ്ടോ, ശ്രമിക്കണമോ എന്ന് എന്നോട് ചോദിച്ചു.

അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപന ഉടമകള്‍ നടത്തുന്ന ട്രസ്റ്റില്‍ നിന്ന് എനിക്ക് പലിശ രഹിത വായ്പ അനുവദിച്ചുതന്നു. അപ്രതീക്ഷിതമായി ഒരു വാതില്‍ തുറക്കപ്പെടുകയായിരുന്നു.

എന്റെ ആവശ്യം പ്രത്യേകമായി പരിഗണിക്കുകയും അഞ്ചു വര്‍ഷത്തിനിടയില്‍ അഞ്ചു തവണകളായി കൊടുക്കുന്ന തുക എനിക്ക് ഒന്നിച്ച് തരാനുള്ള തീരുമാനം ഉണ്ടാക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

നിങ്ങളുടെ ജീവിതത്തിലും ഇതുപോലെ ചില അവസരങ്ങള്‍ ഉണ്ടായിരിക്കും.  അങ്ങനെ ഒരു മാര്‍ഗം ഉണ്ടോ എന്നുപോലും അറിയില്ല, പക്ഷേ നമുക്ക് മുന്നില്‍ അതങ്ങനെ അറിയാതെ തുറന്നു വരും.

ആഗ്രഹിക്കുക, പ്രവര്‍ത്തിക്കുക, പ്രാര്‍ഥിക്കുക. സര്‍വശക്തന്‍ നമുടെ കണക്ക് കൂട്ടലുകള്‍ക്കപ്പുറത്ത് അറിയാവാതിലുകള്‍ തുറന്നുതരും.