വെല്ലുവിളികളെ അതിജീവിക്കുന്നവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 ഒക്ടോബര്‍ 12 1441 സഫര്‍ 13

അധ്യാപക ദിനത്തില്‍ ഒരു സ്‌കൂളില്‍ പോയി.  സുഹൃത്തായ സാമൂഹ്യപ്രവര്‍ത്തകന്‍ അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് ആയ സ്‌കൂളിലേക്ക് അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് പോയത്. ഒപ്പം വ്യാപാരി എക്കൗണ്ടന്റ് സുഹൃത്തുക്കളും സഹ ഓഫീസര്‍മാരും. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പലതരത്തിലുള്ള മത്സരങ്ങള്‍ ഉണ്ടായിരുന്നു; നല്ലൊരു വെജിറ്റേറിയന്‍ സദ്യയും. സുഹൃത്ത് അധ്യാപകര്‍ക്ക് സമ്മാനമായി വാങ്ങിയ മേല്‍ത്തരം ബ്രാന്‍ന്റെഡ് പേനകള്‍ എന്റെ കൂടെ വന്നവര്‍ സമ്മാനിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും സമ്മാനിക്കാന്‍ എത്തിച്ചിരുന്ന പേപ്പര്‍ പേനകള്‍ ഞാന്‍ പരിചയപ്പെടുത്തി. കിണര്‍ പണിക്കിടെ കിണറ്റിലേക്ക് തൂങ്ങിയിറങ്ങിയ കയറില്‍ നിന്ന് വഴുതി പിടിവിട്ടു കിണറ്റില്‍ വീണ് നട്ടെല്ലിന് ക്ഷതമേറ്റു തളര്‍ന്ന് വീല്‍ചെയറിലായ എന്റെ നാട്ടുകാരനാണ് പേനകള്‍ നിര്‍മിച്ചത്. അദ്ദേഹം കുടയും നിര്‍മിക്കുന്നുണ്ട്. ശാരീരിക അവശതയില്‍ തളരാത്ത ഈ പോരാളി സ്‌കൂളുകളിലും സ്ഥാപനങ്ങളിലും പേന നിര്‍മാണം പഠിപ്പിക്കുകയും മോട്ടിവഷന്‍ ക്ലാസ്സെടുക്കുകയും ചെയ്യുന്നു എന്ന ആഹ്‌ളാദവും പങ്കുവച്ചു. കൂടെ വന്ന എക്കൗണ്ടന്റ് സുഹൃത്ത് അധ്യാപനമെന്ന മഹനീയ ജോലിയെക്കുറിച്ച് നന്നായി സംസാരിച്ചു. ആ സ്ഥാപനത്തിലെ അധ്യാപകരെക്കുറിച്ച് വിശേഷിച്ച് പ്രശംസിച്ചു, കാരണം മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരായിരുന്നു സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും.

സ്‌റ്റേജില്‍ ആകര്‍ഷകമായ വേഷം ധരിച്ച് ഗൗരവത്തില്‍ ഇരുന്ന വിദ്യാര്‍ഥി ദേശീയ തലത്തില്‍ ഷോട്പുട്ടില്‍ മത്സരിക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തവനാണ് എന്ന് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു. ഒപ്പം ഫോട്ടോ എടുക്കാന്‍ ചിലര്‍ തിരക്ക് കൂട്ടി.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ മത്സരങ്ങള്‍ ഉണ്ടായിരുന്നു. പങ്കെടുത്ത എല്ലാ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്കും പ്രത്യേക സമ്മാനം ഉണ്ടായിരുന്നു. സമ്മാനങ്ങള്‍ വര്‍ഷങ്ങളായി സ്‌പോണ്‍സര്‍ ചെയ്യുന്ന എന്റെ എക്കൗണ്ടന്റ് സുഹൃത്തിനെ ക്ഷണിച്ചെങ്കിലും ഇത്തവണയും അദ്ദേഹം വന്നില്ല. ഒരിക്കല്‍ പോലും സ്‌കൂളിലേക്ക് അദ്ദേഹം വന്നിട്ടുമില്ല. പല തരത്തില്‍ ബുദ്ധിമുട്ടുന്ന കുട്ടികളെ കാണാനുള്ള മനക്കരുത്ത് ഇല്ലാത്തത് കൊണ്ടാണ് എന്നാണ് അദ്ദേഹം പറയാറ്. ഒപ്പം എത്തിയ രക്ഷിതാക്കള്‍ പുറമെ സദാ സന്തോഷം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ഉള്ളിലെ സങ്കടം മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.

ഞങ്ങളും കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. തൊട്ടു മുമ്പില്‍ ഇരുന്ന രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മറ്റൊരാളെ ഉപദേശിക്കുന്നത് കാണാന്‍ ഇടയായി. ദിവസവും ക്ലാസില്‍ വരണം, മടി കാണിക്കരുത്, മിടുക്കന്‍ ആവണം, മാതാവിനെ ചീത്ത പറയരുത്, പിതാവിനെ തല്ലരുത് എന്നിങ്ങനെ പോയി ഉപദേശങ്ങള്‍! പാവങ്ങള്‍...

അവിയലും പായസവും അടക്കമുള്ള വെജിറ്റേറിയന്‍ സദ്യയാണ് ഒരുക്കിയിരുന്നത്. മുമ്പിലിരുന്ന ഒരു കുട്ടി ഭക്ഷണം കഴിക്കാന്‍ മടി കാട്ടുന്നു, അവന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു. അന്വേഷിച്ചപ്പോള്‍ മത്സ്യം ഇല്ലാതെ ഭക്ഷണം കഴിക്കില്ല എന്ന വാശിയിലാണ് എന്നറിഞ്ഞു. ആ കുട്ടിയെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്ന മാതാവ് നിറകണ്ണുകളുമായി സമീപമുണ്ട്. അവര്‍ എന്നും മീന്‍ പൊതിഞ്ഞ് കൊടുത്തയാക്കാറുണ്ടായിരുന്നത്രെ. അന്ന് തിരക്കില്‍ മറന്നുപോയി. ആ കുട്ടിക്കാണെങ്കിലോ സംസാര, കേള്‍വി ശേഷി ഇല്ലതാനും!

മുമ്പും ഞാന്‍ ആ സ്ഥാപനത്തില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകനും പി.ടി.എ പ്രസിഡന്റുമായ സുഹൃത്തിന്റെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ അന്ന് വന്നിരുന്നില്ല. സജീവമായി കാണാറുള്ള അവന്‍ വരാതിരുന്നത് പനിപിടിച്ച് വീട്ടില്‍ വിശ്രമത്തിലായത് കൊണ്ടാണെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ അവന്റെ കൂടെ ഒരു നിഴലായി, ഉത്സാഹത്തോടെ, മങ്ങാത്ത ഇളംചിരിയോടെ വന്നിരുന്ന അവന്റെ മാതാവ് വന്നിട്ടില്ല. അവര്‍ക്കന്ന് വരാന്‍ കഴിയില്ലല്ലോ. അന്നെന്നല്ല, ഇനി ഒരു നാളിലും... ഒരു മഹാരോഗം പിടിപെട്ട്, അത് തിരിച്ചറിഞ്ഞ്  ഒരു മാസത്തിനുള്ളില്‍ അവരെ മരണം പിടികൂടിയിരിക്കെ എങ്ങനെ വരാന്‍!  

നാം അനുഭവിക്കുന്ന ചെറിയ സങ്കടങ്ങള്‍ക്കിടയില്‍, കളിചിരികള്‍ക്കിടയില്‍ ജീവിതത്തിനും മരണത്തിനും ഇടക്കുള്ള ദൂരം ഓടിത്തീര്‍ത്ത് നമുക്കും പോകണമല്ലോ ഒരു നാള്‍; ഇന്നല്ലെങ്കില്‍ നാളെ.