കുറച്ച് കച്ചവടവും പഠിക്ക് മാഷേ...!

സലാം സുറുമ എടത്തനാട്ടുകര

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

സ്ഥലം: എല്‍.പി.സ്‌കൂള്‍ സ്റ്റാഫ് മുറി.

കുറ്റാരോപിതര്‍: നാലാം ക്ലാസ്സിലെ രണ്ട് ആണ്‍തരികള്‍.

കേസ്: സ്‌കൂളില്‍ വെച്ച് മത്സ്യ വില്‍പന നടത്തി.

പരാതിക്കാരന്‍: മത്സ്യം നേരത്തെ ബുക്ക് ചെയ്തിരുന്നുവെങ്കിലും കിട്ടാതെ പോയ നിരാശന്‍.

വിചാരണക്കു പകരം സൗഹൃദ സംഭാഷണം തെരഞ്ഞെടുത്തു ഞാന്‍.

ജൂണ്‍ മാസത്തില്‍ മഴ ചന്നംപിന്നം പെയ്യുന്ന സമയത്ത് മത്സ്യവില്‍പനക്കാരനായ പ്രതിയുടെ അടുത്തുള്ള ചെറിയ തോട്ടില്‍ നിറയെ മുശി (മുയ്യ്), വരാല്‍ (കണ്ണന്‍) തുടങ്ങിയ ഇനത്തില്‍ പെട്ടമീന്‍കുഞ്ഞുങ്ങള്‍ നീന്തിത്തുടിക്കും. അനിയത്തിയുടെ സഹായത്തോടെ ഇവയില്‍ നിന്നും തോര്‍ത്ത് മുണ്ട് കൊണ്ട് കോരിപ്പിടിക്കുന്ന മീന്‍കുഞ്ഞുങ്ങളെ സ്‌കൂളിലെ അവശ്യക്കാര്‍ക്ക് കാശിന് വില്‍ക്കും. മത്സ്യം സ്‌കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടുവരുന്നതിനു പകരം കുപ്പിയിലാക്കി തൊട്ടടുത്തുള്ള റബര്‍ തോട്ടത്തില്‍ ഒളിപ്പിച്ചുവെക്കും. ആവശ്യക്കാരനില്‍ നിന്നും പണം കൈപ്പറ്റിയതിനു ശേഷം കുപ്പി ഒളിപ്പിച്ചു വെച്ച സ്ഥലം പറഞ്ഞു കൊടുക്കും. സ്‌കൂള്‍ വിട്ട് പോകുമ്പോള്‍ മീന്‍കുപ്പി എടുത്ത് പോയ്‌ക്കോളണം. കുപ്പി ഒളിപ്പിക്കുന്ന ഇടങ്ങള്‍ നിത്യവും മാറ്റിക്കൊണ്ടേയിരിക്കും!

പിന്നെ നടന്നത് മത്സ്യം വാങ്ങിയതിന് പിടിക്കപ്പെട്ടവന്റെ മൊഴിയെടുപ്പ്.

മുശി, വരാല്‍ എന്നീ മത്സ്യക്കുഞ്ഞുങ്ങളെയാണ് വില്‍പനക്കാരനില്‍ നിന്നും വാങ്ങിയിട്ടുള്ളത്. പരല്‍ മീനിന് വലിയ ഡിമാന്റില്ല.

ഇവനില്‍ നിന്നും വാങ്ങാതെ മത്സ്യം വില്‍ക്കുന്ന പെറ്റ്‌ഷോപ്പില്‍ നിന്നും വാങ്ങിയാല്‍ പോരേ എന്നായി ഞാന്‍.

 മറുപടിക്ക് പകരം ഉശിരന്‍ ചോദ്യം വന്നു അവനില്‍ നിന്നും.

'സാറിനെന്തറിയാം? ഇവന്റെ ഒരു മത്സ്യക്കുഞ്ഞിന് അഞ്ചു രൂപയേ ഉള്ളൂ. പെറ്റ്‌ഷോപ്പില്‍നിന്നും വാങ്ങുമ്പോള്‍ പതിനഞ്ച് രൂപയെങ്കിലും കൊടുക്കണം. ഇവന് തോട്ടില്‍ നിന്നും വെറുതെ കിട്ടുന്നതാണ് മീന്‍. കച്ചവടത്തിലൂടെ കിട്ടുന്നതൊക്കെ ഇവന് ലാഭം. ഇവനില്‍ നിന്നും അഞ്ച് രൂപക്ക് വാങ്ങിയ മീന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് പത്ത് രൂപക്ക് ഞാന്‍ മറിച്ചു വില്‍ക്കുന്നു. എനിക്കും വാങ്ങുന്നവനും അഞ്ച് രൂപ വെച്ച് ലാഭം. സാറിന് കണക്ക് 'പഠിപ്പിക്കാന്‍' മാത്രമേ അറിയൂ.' ഇത്രയും പറഞ്ഞത് കേട്ട് ഞാന്‍ സ്തബ്ധനായി നില്‍ക്കവെ ഉടന്‍ വന്നു ഒരു സൗജന്യ ഉപദേശവും: 'കുറച്ചൊക്കെ കച്ചവടവും പഠിക്കണമെന്റെ സാറേ.'

പകച്ചു പോയി ഞാന്‍ എന്ന് പ്രതേ്യകം പറയേണ്ടതില്ലല്ലോ. അവനില്‍ ഭാവിയിലെ വലിയൊരു ബിസിനസ്സുകാരനെ ഞാന്‍ ഭാവനയില്‍ കണ്ടു.

ഇപ്പോഴത്തെ വിദ്യാര്‍ഥി തലമുറ മുന്‍ഗാമികളെ പോലെയല്ല. ഇവര്‍ ഏറെ മാറിയിരിക്കുന്നു. സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും ആരുടെ മുമ്പിലും വെട്ടിത്തുറന്ന് പറയുന്നതില്‍ ആവര്‍ ആരെയും ഭയക്കുന്നില്ല.

പ്രായം കൊണ്ട് 'ചെറുതാണെങ്കിലും' വിദ്യാലയങ്ങളിലെ പാഠ്യ, പാഠ്യാനുബന്ധ, പാഠ്യേതര വിഷയങ്ങളുടെ നവീനത കൊണ്ടും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും അടക്കമുള്ള ആധുനിക സൗകരൃങ്ങളുടെ ഉപയോഗത്താലും മാനസികമായും ശാരീരികമായും അവര്‍ ഏറെ 'മുതിര്‍ന്നവരായിരിക്കുന്നു.' അവരോട് നോക്കിയും കണ്ടുമൊക്കെ ഇടപെട്ടാല്‍ നന്ന്!

അവര്‍ വഴിതെറ്റാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നമ്മുടെ വികലവും അപക്വവുമായ പെരുമാറ്റം അവരെ നിഷേധികളാക്കി മാറ്റുമെന്ന് നാം തിരിച്ചറിയുകയും ചെയ്യുക.