കുറ്റബോധത്തിന്റെ കണ്ണീര്‍കണങ്ങള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 ജൂണ്‍ 08 1440 ശവ്വാൽ 05

ഒരു റമദാന്‍ പുലരിയില്‍ കാളിങ് ബെല്‍ ചിലച്ചു. സ്വുബ്ഹി നമസ്‌കാരം കഴിഞ്ഞ് ചെറു മയക്കത്തിലായിരുന്ന സുഹൃത്ത് വാതില്‍ തുറന്നു പുറത്ത് വന്നു. ഒരു വൃദ്ധനും ഒരു സ്ത്രീയും. കാഴ്ചയില്‍ ദാനം ചോദിക്കാന്‍ വന്ന ലക്ഷണമല്ല. കണ്ണില്‍ ഉറക്കച്ചടവ് ബാക്കി നിന്ന സുഹൃത്തിനെ അയാള്‍ കെട്ടിപ്പിടിച്ചു. 'അന്ന് പട്ടിണി കൊണ്ട് ചെയ്ത് പോയതാണ്, പൊറുക്കണം, മാപ്പാക്കണം...' എന്നു പറഞ്ഞ് ഉറക്കെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഒപ്പം പ്രായമായ സ്ത്രീയും തേങ്ങാന്‍ തുടങ്ങി. പുറത്തെ ഒച്ചപ്പാട് കേട്ട് അകത്തുനിന്ന് വന്ന സുഹൃത്തിന്റെ മാതാവിനും അത് കണ്ടപ്പോള്‍ കരയാതിരിക്കാനായില്ല. ആ കൂട്ടരെ അവര്‍ക്ക് പരിചയമുണ്ടായിരുന്നു.

'അന്ന് കട്ടുവിറ്റ ഉണങ്ങിയ അടക്കക്ക് ഇന്നത്തെ വില, അല്ലെങ്കില്‍ പറയുന്ന വില തരാം... പൊരുത്തപ്പെടണം, പൊറുത്ത് തരണം...' എന്ന് അയാള്‍ വിലപിച്ചു കൊണ്ടേയിരുന്നു!

സുഹൃത്തിന് ആഗതരെയും കുടുംബത്തെയും നേരിയ ഓര്‍മ വന്നു. മൂന്ന് പതിറ്റാണ്ടിനപ്പുറത്തെ കഥയാണ്. അന്ന് സുഹൃത്ത് പച്ച അടക്ക വാങ്ങി ഉണക്കി തോട് കളഞ്ഞ് വില്‍ക്കുന്ന ഒരു ചെറിയ സംരംഭം തുടങ്ങിയിരുന്നു. ഉണങ്ങിയ അടക്കയുടെ തൊലി നീക്കാന്‍ ചില വീടുകളില്‍ എത്തിക്കും. തോട് കളഞ്ഞ പാക്ക് തുക്കി കൂലി കൊടുക്കും. ഒരു കിലോ അടക്ക തോട് കളഞ്ഞാല്‍ രണ്ട് രൂപക്കടുത്തേ അന്ന് കൂലി ഉണ്ടായിരുന്നുള്ളു.

മുന്നില്‍ വന്നുനില്‍ക്കുന്ന വയസ്സായ ആളുടെ വീട്ടിലും അടക്ക തോട് കളയാന്‍ കൊടുക്കാറുണ്ടായിരുന്നു. മുപ്പത് കൊല്ലം മുമ്പ് ദാരിദ്ര്യം കൊണ്ട്, തൊലി കളയാന്‍ കൊടുത്തതില്‍ നിന്ന് രണ്ട് കിലോ അടക്ക എടുത്ത് വിറ്റതിന്റെ കുറ്റബോധം കൊണ്ടാണ് കിലോമീറ്ററുകള്‍ താണ്ടി ആ മനുഷ്യന്‍ ഭാര്യയെയും കൂട്ടി വന്നിരിക്കുന്നത്. ഇന്ന് അയാളുടെ മക്കള്‍ മുതിര്‍ന്നിരിക്കുന്നു. പണിക്ക് പോയി സമ്പാദിക്കാന്‍ തുടങ്ങിയിരിക്കുന്നു. പട്ടിണി മാറിയിരിക്കുന്നു. അന്നത്തെ വിലയുടെ എത്ര ഇരട്ടി ചോദിച്ചാലും കൊടുക്കാന്‍ അയാള്‍ക്കിന്ന് ഉണ്ട്. പരലോകത്ത് വെച്ച് തിരിച്ച് ചോദിക്കരുതേ എന്നാണ് അയാളുടെ തേട്ടം. രണ്ട് കിലോ അടക്കയുടെ പേരില്‍ നരകത്തില്‍ പോകരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നു. വര്‍ഷങ്ങളായി അയാളെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കുറ്റബോധം ഈ വയസ്സുകാലത്ത് അയാളെ കിലോമീറ്ററുകള്‍  യാത്ര ചെയ്യിച്ചിരിക്കുന്നു.

വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്തിയത്, അനര്‍ഹമായി പറ്റിയത്, ഭുജിച്ചത് എത്രയെത്ര  പൊരുത്തപ്പെടുവിക്കാന്‍ ബാക്കി കിടപ്പുണ്ടാവും നമുക്കോരോരുത്തര്‍ക്കും!

പട്ടിണിക്കാരെ ഒരു പാട് കണ്ട, അവരുടെ കണ്ണീരും അവശതയും പരിഹരിക്കാന്‍ വര്‍ഷങ്ങളായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തിന് ആ വൃദ്ധന്റെ അവസ്ഥ മറ്റാരെക്കാളും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. സുഹൃത്ത് ആ മനുഷ്യനെ ചേര്‍ത്ത് പിടിച്ച്, 'കുട്ടികളുടെ പട്ടിണി മാറ്റാന്‍ അല്ലേ, രണ്ട് കിലോ അല്ല, രണ്ട് ചാക്ക് നിറയെ എടുത്തിരുന്നാലും ഞാന്‍ പൊരുത്തപ്പെട്ടിരിക്കുന്നു' എന്ന് മന്ത്രിച്ചു. സംതൃപ്തമായ മനസ്സോടെ അയാള്‍ യാത്ര പറഞ്ഞു.