പിതാവെന്ന എ.ടി.എം യന്ത്രം!

ഇബ്‌നു അലി എടത്തനാട്ടുകര

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

അഗതി മന്ദിരങ്ങളില്‍ പോകാറുണ്ട് ചിലപ്പോള്‍; കുടുംബത്തോടൊപ്പവും കൂട്ടുകാരുടെ കൂടെയും. അവിടെയുള്ളവരുടെ കൂടെ കുറച്ച് നേരം ചെലവഴിക്കും. അവരുടെ സംസാരം കേള്‍ക്കും. ഒരു നേരം അവരോടൊപ്പം ഭക്ഷണം കഴിക്കും. മടങ്ങിപ്പോരുമ്പോള്‍ നമ്മുടെ മനസ്സ് കലങ്ങിയിട്ടുണ്ടാവും. നമ്മില്‍ ഉള്ള, എന്നാല്‍ നാം സമ്മതിക്കാത്ത ഞാനെന്ന ഭാവം പൂജ്യത്തിലേക്ക് താഴ്ന്നിരിക്കും.

ഇത്തരം ഒരു കേന്ദ്രത്തിലെ മുഖ്യസംഘാടകന്‍ തലേനാളത്തെ ഒരു കൗണ്‍സലിംഗ് അനുഭവം പങ്കുവെച്ചത് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ വളരെ പ്രയാസം തോന്നി.

ഒരു ടീനേജ് കോളേജ് കുമാരി ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയി. അതും പ്രത്യേകിച്ച് വിദ്യാഭ്യാസമോ തൊഴിലോ നല്ല സ്വഭാവം പോലുമോ ഇല്ലാത്ത, അടുത്ത വീട്ടില്‍ വാടകക്ക് താമസിക്കുന്ന അന്യനാട്ടുകാരനായ, ഒരു തല്ലിപ്പൊളി കൂട്ടുകെട്ടിലെ ഒരംഗത്തിന്റെ കൂടെ! പോലീസില്‍ പരാതിപ്പെട്ടു. ഇരുവരെയും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കി. അവള്‍ പയ്യനൊപ്പം പോകണമെന്ന് കോടതിയില്‍ പറഞ്ഞു. തല്‍ക്കാലം അവളെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കാനും അടുത്ത സിറ്റിങ്ങില്‍ അന്തിമ തീരുമാനം എടുക്കണമെന്നും കോടതി.

മകളുടെ ഈ വിവരം അറിഞ്ഞു വിഷമിച്ച് വിദേശത്തുനിന്ന് പിതാവും വന്നിരുന്നു. തന്റെ മകളെ ഒന്ന് ഉപദേശിക്കണം എന്ന ആവശ്യം പലതവണ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് പോകാതിരിക്കാന്‍ കഴിഞ്ഞില്ല.

പൊതുവെ ഇത്തരം കേസുകളില്‍, മാതാപിതാക്കളുടെ പ്രയാസവും മക്കളില്‍ അവര്‍ ചൊരിഞ്ഞ സ്‌നേഹവും അവരുടെ പ്രതീക്ഷയും മകളുടെ ഭാവിയും ഭൂതകാലം അറിയാത്ത ഒരുത്തന്റെ ഒപ്പം ഇറങ്ങിപ്പോയാലുള്ള ജീവിതത്തിലെ അനിശ്ചിതത്വവും മതപരമായ പാശ്ചാത്തലത്തില്‍ സംസാരിച്ച് ബോധ്യപ്പെടുത്തുകയാണത്രെ പതിവ്. ഈ ഉപദേശം കേള്‍ക്കുന്ന കുട്ടിക്ക് സങ്കടം വരും. കണ്ണുകള്‍ നിറയും. തേങ്ങാന്‍ തുടങ്ങും. പിന്നെ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാകും. പതിവ് അനുഭവം അങ്ങനെയത്രെ.

എന്നാല്‍ ഇത്തരം ഒരു നിര്‍മല വികാരവും പെണ്‍കുട്ടിയില്‍ പ്രകടമായില്ല എന്ന് മാത്രമല്ല, ഒരു തരം പ്രതികാര മനോഭാവമാണ് കുട്ടിയില്‍ കണ്ടതത്രെ! പിതാവിനെക്കുറിച്ചുള്ള കുട്ടിയുടെ പരാമര്‍ശമാണ് അദ്ദേഹത്തെ ഞെട്ടിച്ചത്; കേട്ട എന്നെയും! മരുഭുമിയിലെ തീച്ചുടില്‍ അധ്വാനിച്ച് ആവശ്യമുള്ളപ്പോഴെല്ലാം സ്‌നേഹപൂര്‍വം കാശ്  അയച്ചുതന്നിരുന്ന ആ പാവം പിതാവിനെ മറക്കരുത്, വിഷമിപ്പിക്കരുത് എന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ  മറുപടി ഇതായിരുന്നു: ''എനിക്ക് അയാള്‍ ഒരു എ.ടി. എം ഉപകരണം മാത്രമായിരുന്നു. പണം തരുന്നത് കൊണ്ട് മാത്രം ഒരാള്‍ പിതാവ് ആവില്ല.''

ഇനിയൊന്നും ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയില്ല എന്ന് ബോധ്യമായ അദ്ദേഹം തോറ്റു പിന്മാറി. ആ സംസാരം കൊണ്ടുള്ള ഏക പുരോഗതി  കോടതിയുടെ അടുത്ത സിറ്റിങ്ങില്‍ പയ്യന്റെ ഒപ്പം പോകണം എന്ന് ആവശ്യപ്പെടില്ല, തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണം എന്ന് ആവശ്യപ്പെടാന്‍ പെണ്‍കുട്ടി തയ്യാറായി എന്നത് മാത്രമാണ്. ഇനി ഇക്കാര്യത്തില്‍ വിളിക്കരുത്, തനിക്കൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞു മടങ്ങിയ അദ്ദേഹം, ആ മാതാപിതാക്കളുടെ കണ്ണുനീര്‍ മറക്കാന്‍ കഴിയുന്നില്ല എന്ന് സങ്കടപ്പെട്ടു.

മക്കള്‍ക്ക് ഇഷ്ടാനുസരണം പണം നല്‍കിയാല്‍ മാത്രം നല്ല പിതാവായി എന്ന ധാരണയുള്ള പിതാക്കള്‍ ഇതില്‍നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. മക്കള്‍ പിതാവിന്റെ സ്‌നേഹവും വാത്സ്യല്യവും സാമീപ്യവും കരുതലും ആഗ്രഹിക്കിന്നുണ്ട്. അത് നല്‍കാതിരുന്നാല്‍ ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടിവരും.