ശാപവാക്കുകള്‍ ഏറ്റുവാങ്ങുന്ന ഡ്രൈവര്‍മാര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 ജൂണ്‍ 29 1440 ശവ്വാല്‍ 26

ടാക്‌സി വാഹനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ ജോലി ചെയ്യുന്നവര്‍ മാത്രമല്ല ഡ്രൈവര്‍മാര്‍;സൈക്കിള്‍ തൊട്ട് മുകളിലേക്കുള്ള ഏത് വാഹനം ഓടിക്കുന്നവരും ഡ്രൈവര്‍മാര്‍ തന്നെ. സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ ദിവസം ഒരു ഡ്രൈവറെയെങ്കിലും വെറുപ്പോടെ തുറിച്ചുനോക്കാത്ത ദിവസം കുറവായിരിക്കും!

ആവശ്യമില്ലാതെ ഹോണ്‍ അടിച്ച് വെറുപ്പിക്കുന്ന കൂട്ടര്‍ ഉണ്ട്. മുമ്പില്‍ ഓടുന്ന വാഹനത്തെ മറികടന്ന് പോകാന്‍ ഇടം ഉണ്ടാവില്ല, ചിലര്‍ക്ക് അതിനുള്ള ഡ്രൈവിംഗ് ധൈര്യവും ഉണ്ടാകില്ല. എന്നാലും അവര്‍ ഹോണില്‍ നിന്ന് കൈയെടുക്കാതെ ശബ്ദ കോലാഹലം സൃഷ്ടിച്ച് മടുപ്പിച്ച് കൊണ്ടിരിക്കും.

വേറൊരു തരക്കാരുണ്ട്; മറികടക്കാന്‍ ഇടമില്ലാത്ത റോഡിലൂടെ ഇടിച്ചുകയറി, ഒടുക്കം ഇരു വശത്തെയും ഗതാഗതം തടസ്സപ്പെടുത്തി ബ്ലോക്ക് ഉണ്ടാക്കി ആകപ്പാടെ രംഗം സങ്കീര്‍ണമാക്കുന്നവര്‍. നിരവധി പേരുടെ വെറുപ്പ് ചോദിച്ച് വാങ്ങുന്നവരാണ് ഇവര്‍. സ്വകാര്യ ബസ് ജീവനക്കാരിലാണ് ഇക്കൂട്ടര്‍ കൂടുതല്‍ എന്ന് തോന്നുന്നു. ഇങ്ങനെ ഇടിച്ചുകയറി കുതിരാനില്‍ ബ്ലോക്ക് ഉണ്ടാക്കിയ ഒരു ബസിനെ കിലോമീറ്റര്‍ പിന്നിലേക്ക് റിവേഴ്‌സില്‍ ഓടിപ്പിച്ചതിന്റെ വാര്‍ത്ത വായിച്ചത് ഓര്‍ക്കുന്നു.

വലിയ വാഹനങ്ങള്‍ ഇങ്ങനെ ഇടിച്ച് കയറുമ്പോള്‍ ചെറിയ വാഹനങ്ങള്‍ ഒതുക്കിക്കൊടുത്തില്ലെങ്കില്‍ വാഹനത്തില്‍ ഉരസി കേടുപാടുകള്‍ ഉണ്ടാക്കി രക്ഷപ്പെടാറാണ് പതിവ്. ഇങ്ങനെ ഉണ്ടാകുന്ന അപകടവും ഒട്ടും കുറവല്ല. ഒരു ഇടുങ്ങിയ പാലമോ റോഡോ മുന്നില്‍ കണ്ടാല്‍ ആര് ആദ്യം മുന്നിലോടിക്കയറും എന്ന കാര്യത്തില്‍ മത്സരിക്കുകയും ഒടുക്കം ഇരു വാഹനങ്ങളും ഒപ്പം കയറുകയും ചെയ്യും. പിന്നെ ആരും ഒട്ടും കുറഞ്ഞു കൊടുക്കില്ല. അങ്ങെന രണ്ട് കൂട്ടരും പിന്നോട്ടെടുക്കാന്‍ തയ്യാറാകാതിരിക്കുകയും തുടര്‍ന്ന് ബ്ലോക്കിനും തര്‍ക്കത്തിനും അനാവശ്യ വര്‍ത്തമാനത്തിനും ഇട വരുത്തുകയും ചെയ്യാറുണ്ട്.

ഇനിയൊരു കൂട്ടര്‍ ഉണ്ട്; വ്യത്യസ്ത രൂപവും ശബ്ദവുമുള്ള മോട്ടോര്‍ സൈക്കിളില്‍ 'ബെല്ലും ബ്രൈക്കുമില്ലാതെ' ഇല്ലാത്ത ഇടങ്ങളുണ്ടാക്കി മറ്റു വാഹങ്ങള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് നുഴഞ്ഞു കയറിപ്പോകുന്നവര്‍. ഇടതുഭാഗം, വലതുഭാഗം, നിയമം എന്നിവ ഇവര്‍ക്ക് ഒട്ടും ബാധകമല്ല താനും! ഒപ്പമുള്ളതും എതിര്‍വശത്ത് നിന്ന് വരുന്നതുമായ വാഹനങ്ങള്‍ സന്മനസ്സ് കാണിച്ച് സ്പീഡ് കുറച്ച് ഇവര്‍ക്ക് കടന്നുപോകാന്‍ വാഹനം ഒതുക്കി വഴിയുണ്ടാക്കിക്കൊടുത്തില്ലെങ്കില്‍ റോഡില്‍ ചുടുചോര പുരളും. ഇങ്ങനെ എത്രയെത്ര നാം കാണുന്നു ദിനവും! ഈയിടെ ഒരിക്കല്‍ കാറോടിച്ച് പോകുമ്പോള്‍ ഇത്തരത്തിലൊരുത്തന്‍  ഇടത് വശത്തിലൂടെ പാഞ്ഞു പോയി. ഞെട്ടല്‍ മാറുന്നതിന് മുമ്പ് മറ്റൊരുത്തന്‍ വലത് ഭാഗത്ത് കൂടിയും പറന്ന് പോയി. അടുത്ത വളവില്‍ മേലാസകലം ചിരകി മുറിഞ്ഞു ചോരയൊലിച്ച് കിടക്കുന്ന രണ്ടാമനെ ആളുകള്‍ റോഡില്‍ നിന്ന്  എഴുന്നേല്‍പിക്കുന്ന കാഴ്ച കാണേണ്ടിവരികയും ചെയ്തു.

ലൈറ്റ് കൊണ്ടുള്ള കളിയാണ് മറ്റൊന്ന്. ഇടത്തേക്കോ വലത്തേക്കോ തിരിയുമ്പോള്‍ കൈ കൊണ്ട് സിഗ്‌നല്‍ കാണിക്കുന്നത് ഇപ്പോള്‍ വിരളം. പകരം ഇന്റിക്കേറ്റര്‍ ലൈറ്റ് പോലും ഇടാന്‍ പലരും തയാറാകാറില്ല. ഇത് കൊണ്ട് അപകടവും വരാറുണ്ട്. അനുമതിയില്ലാത്ത തീക്ഷ്ണ വെളിച്ചമുള്ള ഹെഡ് ലൈറ്റുകള്‍ ഉപയോഗിക്കുക,  എതിരെ  വാഹനം വന്നാലും ഡിം ചെയ്തു കൊടുക്കാതിരിക്കുക എന്നതൊക്കെ പതിവു കാഴ്ചയാണ്. മുമ്പിലേക്ക് കണ്ണ് കാണത്തതിനാല്‍ അപകടം സാധാരണം. ലൈറ്റ് ഡിം ചെയ്താല്‍ അവരുടെ മുമ്പില്‍ ചെറുതായിപ്പോകുമോ എന്നതാണ് ഈ 'വന്‍കിട' ഡ്രൈവര്‍മാരുടെ അഹങ്കാരത്തിന് കാരണം എന്ന് തോന്നുന്നു!

വനിതാ ഡ്രൈവര്‍മാരെ അവഗണിക്കുകയും വാഹനം അതിവേഗതയില്‍ ഓടിച്ച് അവരെ പേടിപ്പിക്കുകയും ചെയ്യുന്ന ന്യുനപക്ഷവുമുണ്ട്. മഴ പെയ്ത് ചെളിവെള്ളം നിറഞ്ഞ റോഡിലൂടെ വാഹനം പറത്തി, വഴിയേ നടക്കുന്നവനെയും മറ്റു വാഹനങ്ങളെയും കുളിപ്പിച്ച് ശാപം ചോദിച്ച് വാങ്ങുന്നവരെ ഏറെ കാണാം. കാല്‍നട യാത്രക്കാര്‍, ബൈക്ക് യാത്രക്കാര്‍, ചെറു വാഹനം ഓടിക്കുന്നവര്‍ എന്നിവരുടെ കാര്യം മഹാ കഷ്ടം!

ഡ്രൈവിങ്ങ് മാന്യവും മനോഹരവുമായ ഒരു കലയാണ്. ഓടിക്കുന്നവന്റെ മാന്യത ഡ്രൈവിങ്ങില്‍ പ്രകടമാകും. തിരക്ക് കൂട്ടാതെ, ആവശ്യമായ സിഗ്‌നലുകള്‍ കാണിച്ച്, മുന്നിലെയും പിന്നിലെയും  വാഹനങ്ങളെ പരിഗണിച്ച് വാഹനം ഓടിക്കുന്നവര്‍  ശപിക്കപ്പെടുന്നില്ല  എന്ന് മാത്രമല്ല മറ്റു  യാത്രക്കാരുടെ ഹൃദയങ്ങളില്‍ ഇടം നേടുക കൂടി ചെയ്യുന്നു എന്നതാണ് സത്യം.