ഉത്തരവാദിത്തം നിറവേറ്റുക

സലാം സുറുമ എടത്തനാട്ടുകര

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

''ഇതെന്താ ഈ ഓഫീസില്‍ മാത്രമായി പ്രളയമുണ്ടായോ?''

രാവിലെ ഓഫീസില്‍ എത്തിയ ജീവനക്കാര്‍ പരസ്പരം ചോദിച്ചു.

ഓഫീസ് മുറികളിലെല്ലാം ഞെരിയാണിക്കൊപ്പം വെള്ളം തളം കെട്ടി നില്‍ക്കുന്നു!

തലേദിവസം സ്ഥാപനത്തിലെ രണ്ട് ഓഫീസ് അസിസ്റ്റന്റുമാര്‍ തമ്മിലുണ്ടായ പടലപ്പിണക്കമാണ് പ്രളയമായി മാറിയത്! ഓഫീസിനോട് ചേര്‍ന്നുള്ള ശുചിമുറിയിലെ ബക്കറ്റ് നിറക്കാനായി പൈപ്പ് തുറന്ന സമയത്താണ് ഓഫീസ് മേധാവി അയാളെ എന്തോ ആവശ്യത്തിനായി വിളിച്ചത്.ബക്കറ്റ് നിറയുമ്പോഴേക്കും തിരിച്ചെത്താം എന്ന പ്രതീക്ഷയോടെ അയാള്‍ വാതില്‍ ചാരി ഓഫീസറുടെ ക്യാബിനിലെത്തി. ഓഫീസര്‍ അയാളെ അത്യാവശ്യമായി മറ്റൊരു ഓഫീസില്‍ എത്തിക്കാനുള്ള തപാലുമായി അയച്ചു. സമയം അഞ്ചു മണിയോടടുത്തതിനാല്‍ തപാല്‍ കൊടുത്ത് അയാള്‍ നേരെ വീട്ടിലേക്ക് പോകുകയും ചെയ്തു.

നിസ്സാര കര്യങ്ങള്‍ക്ക് വരെ മറ്റേ അസിസ്റ്റന്റിനോട് പ്രശ്‌നമുണ്ടാക്കുന്ന രണ്ടാമനായ ഓഫീസ് അസിസ്റ്റന്റ് വൈകുന്നേരം ഓഫീസ് അടക്കുന്ന സമയത്ത് ശുചിമുറിയില്‍ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടുവെങ്കിലും മറ്റേ അസിസ്റ്റന്റ് തുറന്നത് അയാള്‍ തന്നെ പൂട്ടട്ടെ എന്ന വാശിയോടെ ഓഫീസടച്ച് വീട്ടില്‍ പോയി.

പിറ്റേന്ന് ഓഫീസില്‍ എത്തിയ എല്ലാവരും കൂടി ചേര്‍ന്നാണ് പ്രളയ ജലം പുറത്തേക്കൊഴുക്കി കളഞ്ഞത്.

1998ല്‍ വള്ളുവനാട്ടിലെ ഒരു മൃഗാശുപത്രിയില്‍ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്റ്റര്‍ പരിശീലന കാലത്തെ എന്റെ മറക്കാനാവാത്ത ഒരു അനുഭവമാണിത്.

രണ്ടുപേര്‍ക്കും കാരണം കാണിക്കല്‍ കത്ത് കൊടുത്ത് വിശദീകരണം വാങ്ങി, ഇനി ഇത്തരം ചെയ്തികള്‍ ഉണ്ടായാല്‍ ഇരുവര്‍ക്കും സ്ഥലം മാറ്റം നല്‍കാന്‍ മുകളിലേക്ക് ശുപാര്‍ശ നല്‍കുമെന്ന് താക്കീത് നല്‍കി സ്ഥാപന മേധാവി പ്രശ്‌നം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

ചിലര്‍ അങ്ങനെയാണ്. സ്വന്തം ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാതെ മറ്റുള്ളവരെ പഴിചാരി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കും. അനാവശ്യമായ ഈഗോ വെച്ചുപുലര്‍ത്തി മറ്റുള്ളവരോട് കലഹിച്ചു കൊണ്ടേയിരിക്കും. അവനവന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ മടിയുള്ള ചിലരാകട്ടെ സംഘടനകളിലും സ്ഥാപനങ്ങളിലും സമൂഹത്തിലും അനാവശ്യമായി ഗ്രൂപ്പുകള്‍ ഉണ്ടാക്കി സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കും.

അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനാ ഭാരവാഹികള്‍, കര്‍ഷകര്‍, കൂലിപ്പണിക്കാര്‍ തുടങ്ങി സകലരും സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാതെ, കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്യേണ്ട സമയത്ത് ഭംഗിയായി ചെയ്തു തീര്‍ത്താല്‍ അത് എല്ലാവര്‍ക്കും വലിയ ആശ്വാസമാകും; സ്വന്തത്തിനും.