നന്മയുടെ ശത്രുക്കള്‍

ഷാജഹാന്‍ സുറുമ, എടത്തനാട്ടുകര

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

ജീവിത യാത്രയില്‍ നാം പല  മുഖങ്ങളും കാണാറുണ്ട്. എന്നാല്‍ നമ്മുടെ ഓര്‍മയില്‍ തങ്ങിനില്‍ക്കുക മോടിയില്‍ ഉടുത്തൊരുങ്ങി, ശീതീകരിച്ച കാറില്‍ വന്നിറങ്ങി, മുന്തിയ ഹോട്ടലുകള്‍ തിരയുന്നവരെയായിരിക്കില്ല. മറിച്ച് ഒരു നേരത്തെ അന്നത്തിനായി കൈനീട്ടുന്ന പട്ടിണിക്കോലമായ മുഖങ്ങളായിരിക്കും. അങ്ങേയറ്റം പ്രയാസമനുഭവിക്കുന്ന രോഗികളെയും അംഗവൈകല്യമുള്ളവരെയും കണ്ടുകഴിഞ്ഞാല്‍ അവരുടെ മുഖം മനുഷ്യത്വമുള്ളവരുടെ മനസ്സില്‍ ദിവസങ്ങളോളം മായാതെ നില്‍ക്കും.

 മാസങ്ങള്‍ക്ക് മുമ്പ് തൃശൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് ആ കാഴ്ച കണ്ടത്. സമയം ഉച്ച. റോഡിനരികില്‍ ഏതാനും ഭിക്ഷാടകര്‍ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ നില്‍ക്കുന്നു. അവരുടെ ബോസിനെയാവും എന്ന് കരുതി, ഞാനും കൗതുകത്തോടെ അല്‍പനേരം കാത്ത് നിന്നു. ഭിക്ഷാടന മാഫിയ അരങ്ങ് വാഴുന്ന കാലമാണല്ലോ ഇത്.

കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ അവിടെ ഓട്ടോയില്‍ വന്നിറങ്ങി. മുതുകില്‍ ഒരു ബാഗും ഇരു കൈകളിലും ഓരോ സഞ്ചിയുമുണ്ട്. അയാള്‍ അവ താഴെവച്ചു. കനമുള്ള എന്തോ ആണെന്ന് വ്യക്തം. ഭിക്ഷാടകര്‍ അയാളെ സാകൂതം നോക്കി നില്‍ക്കുന്നു. വൈകാതെ അയാള്‍ ബാഗില്‍ നിന്നും ഓരോ പൊതികള്‍ എടുത്ത് ഭിക്ഷക്കാര്‍ക്ക് കൊടുക്കാന്‍ തുടങ്ങി. ആര്‍ത്തിയോടെ പൊതി തുറന്ന് അവര്‍ കഴിക്കാന്‍ തുടങ്ങയപ്പോഴാണ് അത് ചോറ്റുപൊതികളാണെന്ന് മനസ്സിലായത്. കൂടുതല്‍ വിഭവങ്ങള്‍ ഒന്നുമില്ലാതെ അവര്‍ തിന്നുന്നത് കണ്ടപ്പോള്‍ സ്വയമൊന്ന് വിലയിരുത്തി, കരിച്ചതും പൊരിച്ചതും ഇല്ലാതെ നമുക്കെങ്ങനെ...

ആ യുവാവ് നടന്നകലുന്നത് വളരെ വിനയത്തോടെ ചിലര്‍ നോക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ അതൊന്നും നോക്കാതെ അവരുടെ വിശപ്പിന്റെ വിളിക്ക് ഉത്തരം നല്‍കുകയാണ്.

ഇത്തരം നന്മ ചെയ്യുന്നവരുടെ എണ്ണം വളരെ വിരളമാണ്. നന്മകളെ പ്രോത്സാഹിപ്പിക്കുന്നവരും നിരുല്‍സാഹപ്പെടുത്തുന്നവരുമുണ്ട്. സാധുജന സേവനം ചെയ്യാനുള്ള സന്മനസ്സില്ലാത്തവര്‍ അത് ചെയ്യുന്നവരെ പരിഹസിക്കുന്നതാണ് പതിവ്. കാലിളകിയ ബെഞ്ചിലിരുന്ന് ഹാലിളകിയ 'യുവവൃദ്ധന്മാര്‍' ഒരു കോപ്പ ചായക്ക് ഒരു പരദൂഷണം എന്ന അനുപാതത്തില്‍ പരദൂഷണത്തിന്റെ ഭാണ്ഡമിറക്കിവെക്കുന്നത് കാണാം ചില പ്രദേശങ്ങളില്‍. സുമനസ്സുകളെ, അവരുടെ ഉദ്ദേശ്യശുദ്ധിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യലാണ് അവരുടെ പ്രധാന ജോലി.

പരദൂഷണം ഇന്ന് കൂടുതലായും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ്. വാട്‌സാപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും അത് നിര്‍ബാധം നടക്കുന്നുണ്ട്. സുമനസ്സുകളെ ദുരാരോപണത്തിന്റെ ചാട്ടുളികൊണ്ട് എറിഞ്ഞ് വീഴ്ത്തുന്നതില്‍ ഗവേഷണം നടത്തുന്നവര്‍ ഏറെയുണ്ട്. ചിലര്‍ക്ക് അതൊരു ആത്മസുഖം ലഭിക്കുന്ന കാര്യം, അതിനപ്പുറം നന്മയെ എതിര്‍ക്കാര്‍ അവര്‍ക്ക് കാരണമൊന്നുമില്ല. മറ്റു ചിലര്‍ മതവും കക്ഷിരാഷ്ട്രീയവും നോക്കിയാണ് എതിര്‍ക്കുക. നന്മചെയ്ത് ജനമനസ്സുകളില്‍ കയറിക്കൂടുന്നവന്‍ തന്റെ പാര്‍ട്ടിക്കാരനല്ലെങ്കില്‍, തന്റെ മതക്കാരനല്ലെങ്കില്‍ അന്ധമായി എതിര്‍ക്കുക; എന്നിട്ട് നന്മയില്‍ നിന്ന് പിന്തിരിപ്പിക്കുക. ഇതാണ് ഇക്കൂട്ടര്‍ ചെയ്യുക. നഷ്ടം എപ്പോഴും കഷ്ടപ്പെടുന്നവര്‍ക്ക് തന്നെ.