വ്രതകാല വഴിയോരക്കാഴ്ചകള്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 മെയ് 18 1440 റമദാന്‍ 13

ജോലി കഴിഞ്ഞ് പതുക്കെ വാഹനമോടിച്ചാണ് നോമ്പുകാലത്ത് വീട്ടിലെത്താറ്. നോമ്പ് തുറക്കാന്‍ സമയമാകുന്നതിന്റെ മിനുട്ടുകള്‍ക്ക് മുമ്പ് വീട്ടിലെത്താറുണ്ട.് അപൂര്‍വം ചില ദിവസങ്ങളില്‍ ഏതാനും മിനുട്ടുകള്‍ വൈകിയെത്താറുമുണ്ട്.

കടകളുടെ മുന്നില്‍ മുമ്പോട്ട് തള്ളി കെട്ടിയുണ്ടാക്കിയ 'റമദാന്‍ എണ്ണപ്പലഹാര കൗണ്ടറുകള്‍' നിറയെ കണ്ടാണ് മടക്കയാത്രയുടെ തുടക്കം. ഉന്തുവണ്ടികളിലും മേശകളിലും കുട്ടകള്‍ നിറയെ പലഹാരം നിറച്ച് കാത്ത് നില്‍ക്കുന്ന കച്ചവടക്കാര്‍ വേറെയും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂവട, പഴംപൊരി എന്നിത്യാദി നാടന്‍ വിഭവങ്ങളേ നാട്ടിന്‍പുറങ്ങളില്‍ കാണാറുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സമൂസ, കട്‌ലറ്റ് തുടങ്ങി നാനാവിധ വിഭവങ്ങളില്ലെങ്കില്‍ നോമ്പ് തുറ ഇല്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. സീസണില്‍ ലക്ഷങ്ങളുടെ സമൂസയുടെ മാത്രം വിറ്റുവരവുള്ള സ്ഥാപനങ്ങളുണ്ട്. നോമ്പുതുറ ഒരാഘോഷമാക്കി മാറ്റാറുള്ള ഒരു ജില്ലയില്‍ 'സമൂസപ്പടി' എന്നൊരു പ്രദേശം തന്നെയുണ്ട് എന്നത് ശ്രദ്ധേയമാണ്.

വൈകുന്നേരത്തെ യാത്രയില്‍ പാതയോരത്തെ വീടുകളില്‍നിന്നുയരുന്ന മണം സത്യത്തില്‍ വായില്‍ വെള്ളം നിറക്കാറുണ്ട്. തരിക്കഞ്ഞി, ബീഫ്കറി, കോഴിക്കറി എന്നിവയുടെ മണം...! പുറമെ വിവിധ പലഹാരങ്ങള്‍ എണ്ണയില്‍ പൊരിച്ചെടുക്കുമ്പോഴുണ്ടാകുന്ന സുഗന്ധം.

ചില വീടുകള്‍ക്ക് മുമ്പില്‍ നോമ്പുതുറ ഒരുക്കങ്ങള്‍ കാണാറുണ്ട്. വര്‍ണ വൈവിധ്യമാര്‍ന്ന പലവിധ പാനീയങ്ങള്‍ നിറച്ചുവെച്ച ഗ്ലാസുകള്‍, പല നിറത്തിലുള്ള പഴങ്ങള്‍ ഒരേ നീളത്തില്‍ ഭംഗിയായി മുറിച്ച് വെച്ച പാത്രങ്ങള്‍. പൂമുഖങ്ങളിലും തണല്‍വീണ മുറ്റങ്ങളിലും ഈ തളികകള്‍ അതിഥികളെ കാത്തിരിക്കുന്നത് കാണുമ്പോള്‍ ഒരു വേള ആഗ്രഹിച്ച് പോകാറുണ്ട്, നമ്മളെയെങ്ങാനും ക്ഷണിച്ചിരുന്നുവെങ്കിലെന്ന്!

നോമ്പ് തുറക്കാന്‍ വിശ്വാസികള്‍ ധൃതിയില്‍ ഇരുചക്ര, ബഹുചക്ര വാഹനങ്ങളില്‍ ഒറ്റക്കും കൂട്ടായൂം കുടുംബത്തോടെയും പറക്കുന്ന കാഴ്ചകള്‍ കാണാറുണ്ട്. ആദ്യത്തെ പത്തിലാണീ കാഴ്ച കൂടുതല്‍. നവദമ്പതികളുടെയും കുടുംബങ്ങളുടെയും ഇത്തരത്തിലെ യാത്ര അവരുടെ മുഖപ്രസന്നതയില്‍ നിന്നും ഉല്‍സാഹത്തില്‍ നിന്നും വേറിട്ടറിയാം. 

ചെറിയ തോതിലെങ്കിലും എണ്ണപ്പലഹാരങ്ങള്‍ സ്വന്തം വീട്ടിലും വേണമെന്ന് എല്ലാവരുമിന്ന് ആഗ്രഹിക്കാറുണ്ട്. എന്നാല്‍ പുറത്ത് നിന്ന് വാങ്ങാനാണ് പല കുടുംബിനികള്‍ക്കും താല്‍പര്യം. അധ്വാനം ലാഭം. ചെലവും കുറവ്. നോമ്പ് സ്‌പെഷ്യല്‍ പൊരിക്കടി കടകള്‍ക്ക് മുമ്പില്‍ ഇതരമതസ്ഥരുടെ തിരക്ക് രസകരമായ കാഴ്ചയാണ്. ആഘോഷത്തിനൊപ്പം പുതുമയുള്ള എണ്ണപ്പലഹാരങ്ങള്‍ ചൂടോടെ കിട്ടുമെന്നാണ് അവരുടെ പക്ഷം.

അയല്‍പക്കത്തും സ്ഥിര നോമ്പുതുറ കേന്ദ്രത്തിലും പതിവ് ക്ഷണമുണ്ടെങ്കിലും സ്വന്തം വീട്ടില്‍ ലളിതമെങ്കിലും തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ഉള്ളത് സാവധാനം സമാധാനത്തോടെ, തിരക്കില്ലാതെ കഴിച്ചാലേ സംതൃപ്തി ലഭിക്കൂ എന്ന പക്ഷക്കാരും ഉണ്ട്. സ്ഥിരമായി പള്ളിയില്‍ പോയി നോമ്പ് തുറക്കുന്നവരും ധാരാളം. 

നോമ്പിനെ തീറ്റയുടെ മാസമാക്കി മാറ്റാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക എന്നാണ് പറയാനുള്ളത്. നോമ്പിന്റെ നാളുകളില്‍ പ്രവാചക നിര്‍ദേശമനുസരിച്ച് ഭക്ഷണ പാനീയങ്ങള്‍ കഴിക്കുകയും ആരാധനകള്‍ അന്തസ്സത്ത കളയാതെ നിര്‍വഹിക്കുകയും ചെയ്താല്‍ ആത്മീയവും ശാരീരികവുമായ നേട്ടം ഉറപ്പ്. എന്നാല്‍ ലക്കുംലഗാനുമില്ലാത്ത തീറ്റ നോമ്പിനെന്നല്ല അല്ലാത്തപ്പോഴും ശരീരത്തിന് ദോഷമേ വരുത്തിവെക്കൂ.