പുഞ്ചിരിക്കുക; സര്‍വരോടും

സലാം സുറുമ എടത്തനാട്ടുകര

2019 ഒക്ടോബര്‍ 26 1441 സഫര്‍ 27

'നിത്യവും മുടങ്ങാതെ ലഭിച്ചിരുന്ന നല്ലൊരു പുഞ്ചിരിയാണ് ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തോടെ നമുക്ക് നഷ്ടമാകുന്നത്'-മറ്റൊരുരുവിദ്യാലയത്തിലേക്ക് ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് വേളയില്‍ പറഞ്ഞ വാക്കുകളാണിത്.

ചിലര്‍ അങ്ങനെയാണ്. എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് ഇടപെടും. എന്നാല്‍ മറ്റു ചിലരാകട്ടെ എപ്പോഴും കാര്‍മേഘം പെയ്യുന്ന മുഖവുമായാണ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടുക. വേറെ ചിലര്‍ സമൂഹത്തില്‍ എല്ലാവരോടും പുഞ്ചിരിയോടെ ഇടപെടും. എന്നാല്‍വീട്ടിലെത്തിയാല്‍ അവരുടെ മുന്‍ശുണ്ഠിയുംഉഗ്രകോപവുമുള്ള കറുത്തിരുണ്ട മുഖമാവും കാണാന്‍ കഴിയുക.  അങ്ങോട്ട് പുഞ്ചിരിച്ചാല്‍ പോലും തിരിച്ച് പുഞ്ചിരിക്കാന്‍ പിശുക്ക് കാണിക്കുന്നവരും നമ്മുടെ ചുറ്റുപാടിലുണ്ട്.

മൂടിക്കെട്ടിയ മുഖത്തോടുകൂടി ക്ലാസ്സില്‍ പ്രവേശിക്കുന്ന ഒരുരുഅധ്യാപകനെയും വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെടുന്നില്ല. പുഞ്ചിരിയുടെ ലാഞ്ചന പോലുമില്ലാതെ പെരുമാറുന്ന മേലുദ്യോഗസ്ഥന്‍മാരോട് കീഴ്ജീവനക്കാര്‍ക്ക് വെറുപ്പായിരിക്കും.പുഞ്ചിരിയോടെ പെരുമാറുന്ന ഉദ്യോഗസ്ഥരോട് പൊതുജനങ്ങള്‍ക്കെന്നും നല്ല മതിപ്പാണ്. ചെറുപുഞ്ചിരിയോടെ കുശലാന്വേഷണം നടത്തി ചികിത്സാ വിധികള്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരെ രോഗികള്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കും. നിറപുഞ്ചിരിയൊടെ കടയിലേക്ക് ക്ഷണിക്കുന്ന കടയുടമസ്ഥനെയും ജോലിക്കാരെയുമാണ് എല്ലാ കസ്റ്റമറും ആഗ്രഹിക്കുന്നത്.

മന്ദസ്മിതത്തോടെ ഹസ്തദാനം നടത്തി വിശേഷങ്ങള്‍ തിരക്കുന്ന സംഘടനാ നേതാക്കന്‍മാര്‍ ഏതൊരു പ്രസ്ഥാനത്തിന്റെയും കരുത്താണ്. പുഞ്ചിരിക്കാന്‍ മടി കാണിക്കുന്ന നേതാക്കള്‍ക്ക് അണികളുടെ മനസ്സില്‍ വലിയ ഇടം ലഭിക്കില്ല.

''എന്റെ സ്വഭാവം ജന്‍മനാ ഇങ്ങനെയാണ്''എന്നാണ് അന്യരുമായി പുഞ്ചിരിച്ച് ഇടപെടാന്‍ മടി കാണിക്കുന്ന ചിലര്‍ ന്യായീകരണമായി പറയാറുള്ളത്. എന്നാല്‍ അവരില്‍ പലരും സ്വന്തം അടുപ്പക്കാരോടും സുഹൃത്തുക്കളോടും കളിചിരിയോടെ പെരുമാറുന്നത് കാണാം.

ചിരിക്കുക എന്നത് മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. പുഞ്ചിരിക്ക് പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യാന്‍ കഴിയും. അത് കാഠിന്യത്തെ ലോലമാക്കും. ബന്ധങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിക്കും. ഇടപാടുകളെ അഭിവൃദ്ധിയിലാക്കും. ഒരുരുപുഞ്ചിരി കൊണ്ട് വിദ്വേഷത്തിന്റെ മഞ്ഞുമലകളെ അലിയിപ്പിച്ചു കളയാന്‍ സാധിക്കും. ശത്രുത വെച്ചുപുലര്‍ത്തുന്ന ആള്‍ക്ക് ഹൃദയം തുറന്ന് ഒരുരുപുഞ്ചിരി സമ്മാനിച്ചാല്‍ അത് മതിയാവും അയാള്‍ക്ക് നമ്മോടുള്ള ശത്രുത മുഴുവന്‍ ഇല്ലാതാകാന്‍. ഏത് കടുത്ത ഹൃദയമുള്ളവന്റെയും ഉള്ളില്‍ നന്‍മയുടെ പൂക്കള്‍ വിരിയിക്കാന്‍ മനസ്സറിഞ്ഞുള്ള ഒരുരുപുഞ്ചിരിക്കാവും.

ചിരിക്കാന്‍ കഴിയുക എന്നത് മഹത്തായൊരുഅനുഗ്രഹമാണ്. ഹൃദയത്തിന്റെ വിശാലതയാണ്. ആത്മാവിന്റെ സൗന്ദരൃമാണ്. മറ്റൊരാളുടെമുഖം നോക്കി നല്‍കുന്ന പുഞ്ചിരി ദാനമാണ്. ''നന്മയില്‍ നിന്നും ഒന്നുംനീ നിസ്സാരമാക്കരുത്; അത് മന്ദസ്മിതത്തോടെ നിന്റെ സഹോദരനെ അഭിമുഖീകരിക്കലാണെങ്കിലും ശരി''എന്ന പ്രവാചക വചനം നാം മറക്കാതിരിക്കുക. അതിനാല്‍ പുഞ്ചിരിക്കുക സര്‍വരോടും.