അലമാരയിലെ നിറംമങ്ങാത്ത വസ്ത്രങ്ങള്‍

സലാം സുറുമ, എടത്തനാട്ടുകര

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

''നീ ഈ വര്‍ഷത്തെ എന്‍.എസ്.എസ് ക്യാമ്പിന്നുപേര് കൊടുക്കുന്നില്ലേ?''

ചോദ്യം കേട്ട ആത്മസുഹൃത്തിന്റെ മുഖം വാടുന്നത് ഞാന്‍ ശ്രദ്ധിച്ചു. മറ്റു സുഹൃത്തുക്കള്‍ ക്ലാസ്സില്‍ ഒപ്പം ഉള്ളതിനാല്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് ഞാന്‍ കടന്നില്ല. ഉച്ചസമയത്തെ ഇടവേളയില്‍ നമസ്‌കാരത്തിന്നുക്യാമ്പസ് പള്ളിയില്‍ പോകുന്ന വഴിക്ക് അവന്‍ കാര്യങ്ങള്‍ തുറന്ന് സംസാരിച്ചു.

25 വര്‍ഷംമുമ്പ് കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണീ സംഭവം. കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിനുനുകീഴില്‍ സംഘടിപ്പിക്കുന്ന പതിനഞ്ച് ദിവസത്തെ കമ്യൂണിറ്റി ലീവിംഗ് ക്യാമ്പില്‍ പങ്കെടുക്കുന്ന ക്യാമ്പ് അംഗങ്ങള്‍ മുഴുവന്‍ ദിനരാത്രങ്ങളിലും ക്യാമ്പ് സ്ഥലത്ത് തന്നെ താമസിക്കണം. ഒരു ദിവസം പോലും വീട്ടിലേക്ക് വിടില്ല. വസ്ത്രം അലക്കാനും ഉണക്കാനുമൊന്നും അവിടെ സൗകര്യമുണ്ടാകില്ല. അതിനാല്‍ പതിനഞ്ച് ദിവസത്തിന് ആവശ്യമായ വസ്ത്രം നിര്‍ബന്ധമായും കരുതണം. സുഹൃത്തിനാകട്ടെ മൂന്ന് കൂട്ടം ഡ്രസ്സ് പോലും തികച്ചില്ല. നല്ല ഒരു ലുങ്കി പോലും ഇല്ലെന്ന് സങ്കടത്തോടെ അവന്‍ പറഞ്ഞു.

അവന്റെ ചെറുപ്പത്തിലേ പിതാവ് മരിച്ചതാണ്.  ഉമ്മ കൂലിവേല ചെയ്തുണ്ടാക്കുന്ന പണം കൊണ്ടാണ് അവന്റെയും രണ്ട് സഹോദരിമാരുടെയും പഠനം മുന്നോട്ടു പോകുന്നത് എന്ന് ഞാന്‍ അപ്പോഴാണറിയുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ടെങ്കിലും മാറ്റിയുടുക്കാന്‍ ആവശ്യത്തിന് വസ്ത്രമില്ലാത്തതിനാല്‍ അവന്‍ ക്യാമ്പില്‍നുവന്നില്ല.

ക്യാമ്പിന് എന്റെ പേര് കൊടുക്കാന്‍ സുഹൃത്ത് സ്‌നേഹപൂര്‍വം ആവശ്യപ്പെട്ടു. എന്റെ സാഹചരൃം അവനെ സഹായിക്കാന്‍ മാത്രം പര്യാപ്തമായിരുന്നില്ല. ഞങ്ങള്‍ രണ്ട് പേരും ക്യാമ്പിന് പോകേണ്ടെന്ന് തീരുമാനമെടുത്തു.

രണ്ട് വര്‍ഷം കഴിഞ്ഞ് ടി.ടി.സിക്ക് പഠിക്കുമ്പോള്‍ പതിനഞ്ച് ദിവസത്തെ കമ്യൂണിറ്റി ലീവിംഗ് ക്യാമ്പില്‍ പങ്കെടുത്ത് ഞാന്‍ പഴയ നഷ്ടസങ്കടം തീര്‍ത്തു. ബി.എഡ് പഠനകാലത്ത് അവനും ഒരു ക്യാമ്പ് ഒത്തുവെന്ന് പിന്നീടറിഞ്ഞു.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞ് നാട്ടിലെ സലഫി സെന്ററിനു കീഴില്‍ബീഹാര്‍ പോലുള്ള അന്യ സംസ്ഥാനങ്ങളിലെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനായി കീറാത്തതും നിറം മങ്ങാത്തതുമായ ഉപയോഗിച്ച വസ്ത്രങ്ങളുടെ ശേഖരണം ആരംഭിച്ചപ്പോള്‍ എന്റെ മനസ്സില്‍ കോളേജ് കാലത്തെ ആ പഴയ സുഹൃത്തിന്റെ മുഖം ഓടിയെത്തി. രണ്ട്'നാഷണല്‍ പെര്‍മിറ്റ് ലോറി'കൡ കൊള്ളാവുന്നത്ര വസ്ത്രങ്ങള്‍ ആ വര്‍ഷം ശേഖരിച്ച് അയച്ചുകൊടുക്കുന്നതില്‍ പങ്കാളിയായത് ഓര്‍ക്കുമ്പോള്‍ ഇന്നും നിറഞ്ഞ സന്തോഷം.

മലപ്പുറം പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഷെല്‍ട്ടര്‍ ഇന്ത്യ'യുടെ ഡ്രസ്സ്ബാങ്ക് വിഭാഗവുമായി സഹകരിച്ച്, ഞാന്‍ ജോലി ചെയ്തിരുന്ന എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂളില്‍ നിന്നും 2017 മുതല്‍ മുന്ന് വര്‍ഷം തുടര്‍ച്ചയായി പഴയതും പുതിയതുമായ വസ്ത്രങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ പ്രചോദനമായതും ആ പഴയ കോളേജ് അനുഭവം തന്നെയായിരുന്നു.

കടയില്‍ നിന്നും വാങ്ങിയിട്ട് ഒരിക്കല്‍പോലും ഉടുത്തിട്ടുണ്ടോ എന്ന് സംശയിച്ചു പോകുന്ന തരത്തിലുള്ള ഒന്നേകാല്‍ ടണ്‍ വസ്ത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം മൂച്ചിക്കല്‍ സ്‌കൂളിനു കീഴില്‍ ശേഖരിച്ച് ഷെല്‍ട്ടര്‍ ഇന്ത്യക്ക് കൈമാറിയത്. പഴയ ആ സുഹൃത്തിനെപ്പോലെയോ അതിനെക്കാള്‍ അധികമായോ വസ്ത്ര ദാരിദ്ര്യം അനുഭവിക്കുന്ന ആയിരങ്ങള്‍ ആയിരുന്നു ഓരോ വസ്ത്രവുംപായ്ക്ക് ചെയ്യുമ്പോള്‍ മനസ്സു നിറയെ.

ഡ്രസ്സ്‌കോഡിന്നുചേരാത്തതിനാലോ ഫാഷന്‍ മാറിയതിന്റെ പേരിലോ ഒക്കെ പുതുപുത്തന്‍ വസ്ത്രങ്ങള്‍വരെ ഒഴിവാക്കുന്ന ഇന്നത്തെ പുതുതലമുറ മാറിയുടുക്കാന്‍ വസ്ത്രമില്ലാതെ വിഷമിക്കുന്ന ജനലക്ഷങ്ങളെ ഓര്‍ക്കേണ്ടതുണ്ട്. അലമാരയിലും മറ്റും സ്ഥലം മുടക്കി കിടക്കുന്ന ഈ ഉപയോഗിച്ച വസ്ത്രങ്ങള്‍കൈമാറിഇല്ലാത്തവരെ  ഉടുപ്പിക്കാക്കുള്ള പദ്ധതികള്‍ക്ക് സര്‍വരും കൈത്താങ്ങേകണം.