വിതക്കാത്തത് കൊയ്യാന്‍ ഒരുങ്ങുന്നവര്‍

ഇബ്‌നു അലി എടത്തനാട്ടുകര

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

അഗതി, അനാഥ മന്ദിരങ്ങളില്‍ ഇടക്ക് പോകാറുണ്ട്. അന്നേരം ജോലിയുടെയും മറ്റും സമ്മര്‍ദം കുറയും, മനസ്സ് ആര്‍ദ്രമാകും. അന്ന് കൂട്ടുകാരോടൊപ്പമാണ് പോയത്. കേന്ദ്രത്തിലെ പഴയവരെ കണ്ട് പരിചയം പുതുക്കി; അവര്‍ക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല എങ്കിലും. ഭക്ഷണ ഹാളിലേക്ക് പോകാന്‍ സാധിക്കാത്ത ചിലര്‍ മുറിയിലിരുന്ന് കഴിക്കുന്നു. മറ്റുള്ളവരൊക്കെ ഭക്ഷണഹാളിലേക്ക് പോകുന്നു.

സ്ഥാപന മേധാവി ഒരു പുതിയ അന്തേവാസിയെ പരിചയപ്പെടുത്തി. ഈ 'പുതിയ ആള്‍' മാത്രം രണ്ടിലും പെടാതെ മാറി, തന്റെ കട്ടിലില്‍ ഇരിക്കുന്നു. മേധാവി വിളിച്ചപ്പോള്‍  ഞങ്ങളുടെ അടുത്തേക്ക് വന്നെങ്കിലും പ്രകടമായ അകല്‍ച്ച കാണിച്ചു. ഭക്ഷണം കഴിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്ന് ആംഗ്യം കാണിച്ച് അയാളുടെ ഇടത്തിലേക്ക് ചുരുങ്ങി. 70 വയസ്സിനടുത്ത് പ്രായം. മെലിഞ്ഞ ശരീരം. മുമ്പ് അധ്വാനിച്ച് ജീവിച്ചതെന്ന് വ്യക്തമാക്കുന്ന ശരീരം. മനസ്സ് വിചാരിക്കുന്നിടത്ത് ശരീരം എത്തുന്നില്ലെന്ന അസ്വസ്ഥത മറച്ചുവെക്കാത്ത ശരീരഭാഷ.

മേധാവി അയാളുടെ കഥ പറഞ്ഞു തുടങ്ങി: കല്യാണം കഴിച്ച് കുട്ടികളായപ്പോള്‍ അയാള്‍ രാജ്യം വിട്ട് പോയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും  ആളെ പിടികിട്ടിയില്ല. മറ്റെവിടെയോ ജീവിക്കുന്നു എന്ന് പിന്നീട് കേട്ടറിഞ്ഞു. മാതാവിന്റെയും മക്കളുടെയും ജീവിതം വഴിമുട്ടി.

പെറ്റമ്മ അയല്‍വീടുകളില്‍ ചില്ലറ പണികളെടുത്ത് പട്ടിണി കിടന്നും അല്ലാതെയും മക്കളെ പോറ്റി. വേണ്ട പോലെ മക്കളുടെ പഠനവും നടന്നില്ല. അനാഥത്വവും ദാരിദ്ര്യവും പങ്കുവെച്ച് പരസ്പരം താങ്ങായി മക്കള്‍ വളര്‍ന്നു. മുതിര്‍ന്നപ്പോള്‍ കൂലിപ്പണി തുടങ്ങി. ജീവിതം തെളിഞ്ഞു തുടങ്ങി. അപ്പോഴതാ, അവരെ ഇളം പ്രായത്തില്‍ വിധിക്ക് മുമ്പിലേക്ക് വലിച്ചെറിഞ്ഞ, സ്വന്തം ജീവിതം ആസ്വദിച്ച് കഴിച്ചുകൂട്ടിയ പിതാവ് തിരിച്ച് വന്നിരിക്കുന്നു!

വയസ്സായി ജീവിതം പണ്ടത്തെപ്പോലെ  ആസ്വദിക്കാനാവാതെ വന്നപ്പോള്‍ നാടും വീടും മക്കളും അയാള്‍ക്ക് ഓര്‍മ വന്നു. മക്കളുടെ സംരക്ഷണം തനിക്ക് വേണമെന്ന തോന്നല്‍ വന്നു. എന്നാല്‍ പറക്കമുറ്റാത്ത കാലത്ത് തങ്ങളെ പട്ടിണിയുടെയും അശരണത്വത്തിന്റെയും ആഴത്തിലേക്ക് ചവിട്ടിത്താഴ്ത്തി സ്വന്തം ജീവിതാസ്വാദനങ്ങള്‍ക്കായി വീടുപേക്ഷിച്ച് പോയ പിതാവിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. പിതാവില്‍ നിന്ന് കിട്ടാത്ത യാതൊന്നും തിരികെ കൊടുക്കില്ലെന്ന് മക്കള്‍ കട്ടായം പറഞ്ഞു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടെങ്കിലും മക്കള്‍ അയഞ്ഞില്ല.

കൊടുത്തതേ തിരിച്ച് കിട്ടൂ എന്ന് ഉറപ്പിച്ച് നാട്ടുകാര്‍ അഗതി മന്ദിരത്തില്‍ ഏല്‍പിച്ചു. ആ കലിപ്പ് വിടാത്ത വാശിയിലാണ് നിരാഹാരം. ആ മക്കളെ ന്യായീകരിക്കാനാളല്ല ഞാന്‍. പക്ഷേ, അവശ്യ കാലത്ത് വേണ്ടപ്പെട്ടവര്‍ക്ക് അതൊന്നും നല്‍കാതെ, തനിക്ക് വേണ്ടപ്പോള്‍ അത് കിട്ടിയില്ല എന്ന് പതം പറയാന്‍ പാടില്ല എന്നതാണ് ഇക്കഥയിലെ ഗുണ പാഠം എന്ന് നമ്മളും മനസ്സിലാക്കുന്നത് നന്ന്.