മഴയൊഴിയാനേരം

ഇബ്‌നു അലി എടത്തനാട്ടുകര

2019 ആഗസ്ത് 31 1440 ദുല്‍ഹിജ്ജ 29

പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. കാറിന്റെ വൈപ്പര്‍ പരമാവധി വേഗതയില്‍ പ്രവര്‍ത്തിച്ചിട്ടും പുറത്തെ കാഴ്ചക്ക് വേണ്ടത്ര വ്യക്തത കിട്ടിയില്ല. റോഡ് ഏതാണ്ട് വിജനമായിരുന്നു. വല്ലപ്പോഴും പോകുന്ന ഗ്ലാസ് മൂടിയ വാഹനങ്ങള്‍, അല്ലെങ്കില്‍ മഴക്കോട്ട് ധരിച്ച ബൈക്ക് യാത്രക്കാര്‍. പട്ടണത്തില്‍ റോഡില്‍ കയറിയ വെള്ളം കുറച്ച് ഇറങ്ങിയിരുന്നു. കടച്ചുമരുകളുടെ വൈവിധ്യമാര്‍ന്ന നിറങ്ങളെ ഇറങ്ങിപ്പോയ ചെളിവെള്ളം വികൃതമാക്കിയിരുന്നു. അയല്‍ജില്ലയിലെ മഴക്കെടുതി അനുഭവിക്കുന്നവരെ കാണാനാണ് ഞങ്ങള്‍ കൂട്ടുകാര്‍ യാത്രതിരിച്ചത്.

ഒരു ക്യാമ്പില്‍ ഞങ്ങളെത്തി. റോഡരികില്‍ ഒരു ചെറിയ സ്‌കൂള്‍. തുരുമ്പുപിടിച്ച ഇരുമ്പുകസേരകളില്‍ റോഡിലേക്ക് നോക്കിയിരിക്കുന്ന പ്രായമുള്ള  ഏതാനും പുരുഷന്മാര്‍.  വാഹനം നിര്‍ത്തി മഴ നനഞ്ഞ് സ്‌കൂളിലേക്ക് കയറുന്ന ഞങ്ങളെ അവര്‍ കാണുന്നില്ലായിരുന്നു. വേദന, വിഷമം, ഏകാന്തത, നിസ്സഹായത, നിര്‍വികാരത  ഇവയില്‍ ഏത് ഭാവമാണ് ആ മുഖങ്ങളില്‍ എന്ന് ഞങ്ങള്‍ക്ക് ഇഴപിരിച്ചെടുക്കാനായില്ല. ഇവയെല്ലാം ഒന്നിച്ചുചേര്‍ന്ന സമ്മിശ്ര വികാരം ആയിരുന്നു അവര്‍ക്ക്. പ്രതീക്ഷ പോലും നഷ്ടപ്പെട്ട ഒരു കൂട്ടം.

ക്യാമ്പിന്റെ ചുമതലയുള്ള കൗണ്‍സിലറെ കണ്ട് സംസാരിച്ചു. സുഹൃത്ത് കൊണ്ടുവന്ന കുറച്ച് വസ്ത്രങ്ങള്‍ കൈമാറി. അന്നേക്ക് ഉച്ചഭക്ഷണം ആരോ കൊണ്ടുവന്നിരിക്കുന്നു.

യാത്രാമധ്യെ ക്യാമ്പിലേക്ക് ഭക്ഷണം വാങ്ങി കൊണ്ടുവരാനുള്ള കൂട്ടുകാരന്റെ തീരുമാനം ഞാനാണ് മുടക്കിയിരുന്നത്. ചെന്ന് നോക്കിയിട്ട് ആവശ്യമെങ്കില്‍ മതി എന്നതിനാലായിരുന്നു അത്.

എളിയ സഹായം എന്തെങ്കിലും വേണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ആവശ്യത്തിനുണ്ട്, പിന്നീട് ആവശ്യം വരും, അപ്പോള്‍ അറിയിക്കാം എന്ന് പറഞ്ഞു, ഞങ്ങളുടെ പേരും ഫോണ്‍ നമ്പറും വാങ്ങിവെച്ചു.

ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം ദിവസങ്ങള്‍ കഴിഞ്ഞാല്‍ കുറഞ്ഞു കുറഞ്ഞുവരും. അന്നേരമാണ് സഹായം കൂടുതല്‍ ആവശ്യമായി വരിക എന്നവര്‍ വിശദീകരിച്ചു. മരുന്നുകളും അല്‍പം പച്ചക്കറിയും മറ്റും മാത്രമാണ് അവിടെ കണ്ടത്. ഞങ്ങളത് ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍ വളണ്ടിയര്‍മാര്‍ വിശദീകരിച്ചു. ക്യാമ്പില്‍ 145 പേരാണ് ഉള്ളത്. എന്നാല്‍ തൊട്ടപ്പുറത്ത് ക്യാമ്പുകളിലായി 1500നടുത്ത് ആളുകള്‍ താമസിക്കുന്നുണ്ട്. അന്നന്നേക്ക് വേണ്ട സാധനങ്ങള്‍ മാത്രമെ ക്യാമ്പില്‍ സൂക്ഷിക്കുന്നുള്ളൂ, ബാക്കി എല്ലാം അടുത്ത ക്യാമ്പിലേക്ക് എത്തിക്കുകയാണ് പതിവ്.  കുറേക്കൂടി ഉള്‍ഭാഗത്ത്, വാഹനങ്ങള്‍ എത്താന്‍ പ്രയാസമുള്ള സ്ഥലം ആയത് കൊണ്ട് അവിടെ സാധനങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും കുറവായത് കൊണ്ടാണ് കൊടുത്തയക്കുന്നത്. കഴിയുന്ന സഹായങ്ങള്‍ ചെയ്യാമെന്ന ഉറപ്പു നല്‍കി ഞങ്ങള്‍ മടങ്ങി.

മഴ തുടങ്ങിയ നാള്‍ രാവിലെ വീടിനു മുമ്പില്‍ ഒരു ഒരു വലിയ മരക്കൊമ്പ് പൊട്ടിവീണു. കാലത്ത് കാലം തെറ്റി ഏത്തിയ കാറ്റ് ഉയരത്തിലുള്ള മരക്കൊമ്പ് ചുഴറ്റി കീറി മുറിച്ച് താഴെ എറിയുകയായിരുന്നു. ഭാഗ്യത്തിന് മറ്റു അപകടങ്ങള്‍ ഒന്നുമുണ്ടായില്ല. വൈദ്യുതി ബന്ധം വേറിട്ടു. നാലു മണിക്കൂര്‍ പണിക്കാരന്‍ കഠിനമായി ജോലി ചെയ്താണ് തല്‍ക്കാലം തടസ്സം മാറ്റിയത്. പോയ വൈദ്യുതി പിറ്റേന്ന് വൈകുന്നേരം രംഗത്തെത്തിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും പോയി. മൂന്നുനാലു ദിവസം വൈദ്യുതി ഇല്ല എന്ന അവസ്ഥയില്‍ ആയിരുന്നു.

 വൈദ്യുതി ഇല്ലെങ്കില്‍ ജീവിതം വഴി മുട്ടും എന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ടല്ലോ നാം. മോട്ടോര്‍ പ്രവര്‍ത്തിക്കാത്തത് കാരണം ടാങ്കിലെ വെള്ളം തീര്‍ന്നു. കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍വര്‍ട്ടര്‍ കാത്തുവെച്ച വൈദ്യുതിയും തീര്‍ന്നു. പവര്‍ ബാങ്ക് പ്രവര്‍ത്തനരഹിതമായി.

കഴിഞ്ഞ പ്രളയ കാലത്തിന്റെ ശേഷിപ്പായി ബാക്കി വന്ന പച്ചനിറമുള്ള തടിയന്‍ മെഴുകുതിരി കത്തിച്ചു. പുതിയത് വാങ്ങിച്ചു. മൊബൈല്‍ ഫോണ്‍ ആവശ്യത്തിനുമാത്രം ഉപയോഗിച്ചു. മെഴുകുതിരി വെട്ടത്തില്‍ ഗ്രൈന്ററും മിക്‌സിയും ഇല്ലാതെ പാകം ചെയ്ത ഭക്ഷണം കഴിച്ചു.

മൂന്നു ദിവസം അങ്ങനെ 'ഇല്ലായ്മകള്‍' അനുഭവിച്ച് ജീവിച്ചു. മഴ നിര്‍ത്താതെ പെയ്യുകയും കാറ്റ് ഇടക്ക് വീശിക്കൊണ്ടിരിക്കുകയും പേടി വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു.

ഇഷ്ടാനുസരണം വെള്ളവും വെളിച്ചവുമില്ലാതെ കേവലം രണ്ടുമൂന്നുദിവസം എത്ര കഷ്ടപ്പെട്ടാണ് തള്ളിനീക്കിയത്! അങ്ങനെയെങ്കില്‍ മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ടും പ്രയാസവും എത്രത്തോളം ഭീകരമായിരിക്കും?!

വീട് നഷ്ടപ്പെട്ടു, ഭൂമി നഷ്ടപ്പെട്ടു, സമ്പാദ്യം നഷ്ടപ്പെട്ടു, രേഖകള്‍ നഷ്ടപ്പെട്ടു, ചിലര്‍ക്ക് കൂടപ്പിറപ്പുകളും നഷ്ടപ്പെട്ടു. ജീവിതം വഴിമുട്ടി നില്‍ക്കുന്നു. ക്യാമ്പില്‍ നിന്ന് എന്ന് തിരികെ പോകാനാകും എന്ന് അറിയില്ല. പോയാല്‍ തന്നെ എവിടേക്ക് എന്ന് നിശ്ചയമില്ല. എങ്ങനെ ജീവിക്കും എന്ന് അറിയില്ല. മുന്നില്‍ ശൂന്യത മാത്രം! വല്ലാത്തൊരു പരീക്ഷണം. അവര്‍ക്ക് കരുത്ത് പകരാന്‍ നാമല്ലാതെ മറ്റാരാണുള്ളത്?