പരിശ്രമിച്ചാല്‍ ജോലി കിട്ടും

ഇബ്‌നു അലി എടത്തനാട്ടുകര

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

ഓഫീസിലേക്ക് ഒരു സുമുഖന്‍ കടന്ന് വന്നു. ചുവപ്പ് ടീഷര്‍ട്ടും വെള്ള മുണ്ടും ധരിച്ച, കാഴ്ചയില്‍ വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ളവനെന്ന് തോന്നിപ്പിക്കുന്ന ഒരു യുവാവ്. തന്റെ മാനേജ്‌മെന്റ് മേഖലയിലെ ബിരുദാനന്തര ബിരുദ സര്‍ടിഫിക്കറ്റ് കോപ്പി അറ്റസ്റ്റ് ചെയ്യാനാണയാള്‍ വന്നത്. എന്ത് ചെയ്യുന്നുവെന്ന എന്റെ ചോദ്യത്തിന് പ്രത്യേകിച്ചൊന്നുമില്ല എന്നായിരുന്നു മറുപടി. ജോലിക്ക് ശ്രമിക്കുന്നില്ലേ എന്ന ചോദ്യത്തിനുള്ള മറുചോദ്യം കേട്ട ഞാന്‍ അക്ഷരാര്‍ഥത്തില്‍ പകച്ച് പോയി! 'പി. എസ്.സി വഴി ജോലികിട്ടാന്‍ എന്താണ് ചെയ്യേണ്ടത്' എന്നതായിരുന്നു അയാളുടെ മറുചോദ്യം. വിദ്യാസമ്പന്നരിലും നിരക്ഷരതയോ?

കോളേജിലെ എന്റെ ഒരു സീനിയര്‍ ഡിഗ്രി അവസാന വര്‍ഷം പുര്‍ത്തിയാക്കാതെ നേരെ പി.എസ്. സി. വഴി ജോലിക്ക് ചേരുകയാണ് ഉണ്ടായത്. ടൗണില്‍ ജീവിക്കുന്ന, സര്‍ക്കാര്‍ ജീവനക്കാരന്റെ മകനായ അയാള്‍ നേരത്തെ അപേക്ഷിക്കേണ്ടതിന്റെയും പഠിക്കേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കിയിരുന്നു, അല്ലെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ അയാള്‍ക്ക് ആളുണ്ടായിരുന്നു എന്നതായിരുന്നു ഇരുപതാം വയസ്സില്‍ സര്‍ക്കാര്‍ ജോലി കിട്ടാന്‍ കാരണം. എന്നാല്‍ ഡിഗ്രി പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ പി.എസ്.സി അപേക്ഷ തന്നെ നല്‍കുന്നത്. ഗ്രാമത്തില്‍ ജീവിച്ച എനിക്ക് അത്തരത്തില്‍ ഉപദേശ നിര്‍ദേശം തരാന്‍ ആരുമില്ലെന്നതായിരുന്നു കാരണം.

പത്ത് മുപ്പത് വര്‍ഷം മുമ്പ് എന്റെ നാട്ടില്‍ ഞാനടക്കമുള്ള മൂന്ന് പേര്‍ പി.എസ്.സി ക്‌ളര്‍ക് ലിസ്റ്റില്‍ ഇടം നേടി, പോസ്റ്റിംഗ് കിട്ടി. പത്താം ക്ലാസ്സ് ടി.ടി.സി, അല്ലെങ്കില്‍ ഡിഗ്രി, ബിഎഡ,് പിന്നെ മാനേജ്‌മെന്റ് സ്‌കൂളില്‍ ജോലി എന്ന നാട്ടിലെ സാമ്പ്രദായിക ലൈനില്‍ നിന്ന് ഞങ്ങളുടെ പോസ്റ്റിംഗ് മാറ്റം ഉണ്ടാക്കി എന്ന് തോന്നുന്നു. ഒറ്റക്കും  കൂട്ടമായും ഫീസ് കൊടുത്ത് സ്ഥാപനങ്ങളില്‍ ചേര്‍ന്നും പി.എസ്. സി ജോലിക്കുള്ള പഠനം സജീവമായി. നിരവധി പേര്‍ക്ക് നിയമനം കിട്ടി.

പണ്ട്, പരീക്ഷ എഴുതിയിരുന്ന ചുരുക്കം പേര്‍ പഠിക്കാതെ, ഒരു തയ്യാറെടുപ്പും കൂടാതെ ഹാള്‍ടിക്കറ്റ് മടക്കി പോക്കറ്റിലിട്ട് പേരിന് പരീക്ഷക്ക് പോയി, ഇതൊന്നും നമുക്ക് കിട്ടില്ല, പിടിപാടുള്ളവനേ കിട്ടൂ എന്ന് പറഞ്ഞു തിരിച്ച് പോരാറായിരുന്നു പതിവ്.

യോഗ്യതയുണ്ടായിട്ടും പി.എസ്.സി. പരീക്ഷക്ക് അപേക്ഷ പോലും നല്‍കാത്തവരാണ് യുവാക്കളില്‍ സിംഹഭാഗവും എന്നതാണ് യാഥാര്‍ഥ്യം. പരീക്ഷ എഴുതുന്നവര്‍ പോലും ഗൗരവമായി തയ്യാറെടുപ്പുകള്‍ നടത്തുന്നുമില്ല.

വീട്ടില്‍ ഞാനും സഹോദരരും ഭാര്യമാരുമടക്കം 9 പേര്‍ക്ക് പി.എസ്.സി. വഴി ജോലികിട്ടിയ വിശേഷങ്ങള്‍ ഒരു യുവജന സംഘടനയുടെ സംസ്ഥാന കൗണ്‍സില്‍ പ്രതിനിധികളുമായി പങ്കുവെച്ചപ്പോള്‍  അവര്‍ക്കത് വലിയ വിസ്മയമായിരുന്നു. പരീക്ഷക്ക് ഒരുമിച്ച് തയ്യാറെടുത്ത എന്റെ ഭാര്യയും രണ്ട് സഹോദരരും അടക്കം വീട്ടില്‍ മൂന്ന് പേര്‍ക്ക് ഒരേ ലിസ്റ്റില്‍ നിന്ന് നിയമനം കിട്ടിയതും ചര്‍ച്ചയായി.

'അതി ഗൗരവത്തോടെ ഒരു വര്‍ഷം കഠിനമായി പരിശ്രമിച്ചാല്‍ ഏതെങ്കിലും ജോലി കിട്ടാതിരിക്കില്ല' എന്ന എന്റെ  സുഹൃത്തായ പരീക്ഷാ പരിശീലകന്റെ ഉറപ്പ് ഞാന്‍ പങ്ക് വെച്ചു. ഈ പരിപാടി അവരില്‍ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട് എന്നാണ് പിന്നീട് കിട്ടിയ വിലയിരുത്തല്‍.

 പണ്ടത്തെ അത്ര എളുപ്പമല്ലെങ്കിലും, അറിയാനും പഠിക്കാനും നിരവധി ആധുനിക സൗകര്യങ്ങള്‍ ലഭ്യമായ ഇക്കാലത്ത് ചിട്ടയോടെ പതിവായി ഗൗരവത്തോടെ  തുടര്‍ച്ചയായി പഠിച്ചാല്‍ ജോലി കിട്ടുമെന്ന് ഉറപ്പ്-ഇന്‍ശാ അല്ലാഹ്. എന്നാല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കല്ല, കഠിനാധ്വാനികള്‍ക്ക് മാത്രമാണ് ഇങ്ങനെ ജോലി ലഭിക്കുന്നത് എന്നാണ് കാല്‍ നൂറ്റാണ്ടിലേറെ നീണ്ട എന്റെ സര്‍വീസ് അനുഭവവും നല്‍കുന്ന പാഠം