കഥയല്ല ജീവിതം

ഇബ്‌നു അലി എടത്തനാട്ടുകര

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

വിദ്യാര്‍ഥികള്‍ അറ്റസ്റ്റ് ചെയ്യാന്‍ ഓഫീസിന് മുമ്പില്‍ വരുമ്പോള്‍ വിദ്യാഭ്യാസ കാലം ഓര്‍ത്തു പോകും. ക്ലാസ്സ് കഴിഞ്ഞ് ഭക്ഷണം കഴിക്കാതെ കാഞ്ഞ വയറുമായി, ഒരൊപ്പിനും സീലിനും മണിക്കൂറുകള്‍ ഓഫീസ് വരാന്തകളില്‍ കാത്തുനിന്ന കാലം!

മൂന്ന് നില ഓഫീസ് സമുച്ചയത്തില്‍ ഒരു ഡസനോളം കാര്യാലയങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും മുകളിലെ നിലയിലുള്ള ഓഫീസിലേക്കാണ് അധികം പേരും എത്താറ്. എന്ത് തിരക്കാണെങ്കിലും, മുന്‍കൂട്ടി സമയം നിശ്ചയിച്ച് എത്തിയവര്‍ മുന്നില്‍ രേഖകളും കണക്ക് പുസ്തകങ്ങളുമായി കാത്തിരിക്കുകയാണെങ്കിലും അറ്റസ്റ്റ് ചെയ്യാനെത്തുന്നവരെ കാത്ത് നിര്‍ത്താറില്ല.

ഒരു ദിവസം തിരക്കുള്ള നേരം; ഒരു യുവാവും യുവതിയും വാതില്‍ക്കല്‍ സംശയത്തോടെ കാത്ത് നില്‍ക്കുന്നത് കണ്ട് അവരെ കാബിനിലേക്ക് വിളിച്ചു. ഇത് കണ്ടപ്പോള്‍ മുന്നില്‍ ഔദേ്യാഗിക കാര്യങ്ങള്‍ക്ക് സീറ്റില്‍ ഇരുന്നവര്‍ പുറത്തേക്കിറങ്ങി. രണ്ടുപേരോടും മുന്നിലെ കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. കത്തുന്ന കളറില്‍ മോഡേണ്‍ ഉടുപ്പിട്ട പെണ്‍കുട്ടി ഉത്സാഹ ഭരിതയായിരുന്നു. പയ്യന് മൊത്തം ഒരു ചടപ്പ് കാണപ്പെട്ടു. രണ്ട് പേരുടെയും ഫോട്ടോ ഒട്ടിച്ച, പൂരിപ്പിച്ച അപേക്ഷ നീട്ടിയത് വായിച്ച ഞാന്‍ ഞെട്ടി. പരീക്ഷ ഹാള്‍ടിക്കറ്റില്‍ ഫോട്ടോ സാക്ഷ്യപ്പെടുത്താന്‍ എത്തിയതാണെന്നു കരുതിയ എനിക്ക് തെറ്റി! വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയായിരുന്നു അത്.  

നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മനസ്സിലൂടെ ഒരായിരം ദൃശ്യങ്ങള്‍ മിന്നിമറഞ്ഞു. ഇവര്‍ കല്യാണം കഴിച്ചാല്‍ എവിടെ താമസിക്കും. ചെലവിന് ഈ പയ്യന്‍ എന്ത് മാര്‍ഗം കണ്ടെത്തും? ഒരു കുഞ്ഞ് പിറന്നാല്‍ സഹായത്തിന് ആരെ കൂട്ടും? അഥവാ ഇടയ്ക്കുവെച്ച് ഇവര്‍ വേര്‍പിരിഞ്ഞാല്‍ ഈ പെണ്‍കുട്ടിയുടെ അവസ്ഥ എന്താവും? അവള്‍ എങ്ങനെ ജീവിക്കും...?

എന്നാല്‍ ഈ ചോദ്യങ്ങളെക്കാള്‍ എന്നെ വേട്ടയാടിയത് അവരുടെ കുടുംബങ്ങളെ കുറിച്ചുള്ള ആലോചനയായിരുന്നു. ഈ മക്കളെക്കുറിച്ചും അവരുടെ പഠനത്തെയും ജോലിയെയും കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചുമൊക്കെ അവരുടെ മാതാപിതാക്കള്‍ക്ക് എന്തെല്ലാം കണക്ക് കൂട്ടലുകള്‍ ഉണ്ടായിരിക്കും! സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കും! അവര്‍ അറിയാതെ ഇവര്‍ സ്വന്തമായി നടത്തുന്ന വിവാഹത്തിന്റെ വാര്‍ത്തയറിഞ്ഞാല്‍ ആ മാതാപിതാക്കളും കുടുംബക്കാരും സങ്കടക്കടലില്‍ ആഴ്ന്നുപോവില്ലേ? ഇരു കുടുംബവും ഇവരുടെ പേരില്‍ പരസ്പരം പോരടിക്കില്ലേ?

എന്തുകൊണ്ട് ഈ രഹസ്യവിവാഹം? എന്തെങ്കിലുമൊക്കെ കാരണമുണ്ടാകുമെന്നത് ഉറപ്പാണല്ലോ. വീട്ടുകാര്‍ അറിഞ്ഞാല്‍ നടത്തിക്കൊടുക്കില്ല എന്ന ബോധ്യമുള്ളതുകൊണ്ടാവാം. അല്ലെങ്കില്‍ വീട്ടുകാര്‍ അറിഞ്ഞിട്ടുണ്ടാകും; വിസമ്മതം പ്രകടിപ്പിച്ചിട്ടുമുണ്ടാകും. അവരോട് വിശദമായി സംസാരിക്കാന്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ സമയമില്ല. ഉപദേശിക്കാന്‍ ഒരുങ്ങിയാല്‍ ഇവര്‍ ഏത് രൂപത്തില്‍  പ്രതികരിക്കുമെന്നും അറിയില്ല.  

ഒരു ചോദ്യം മാത്രം അവരോട് ചോദിച്ചു; ഞാന്‍ ഇക്കാര്യത്തില്‍ കോടതി കയറേണ്ടി വരുമൊയെന്ന്. എന്നെ ഞെട്ടിച്ച് കൊണ്ട് ആ പെണ്‍കുട്ടി പറഞ്ഞു: 'അതിന്റെ ആവശ്യം വരില്ല, ഞങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ പോയിട്ടുണ്ട്.' പയ്യന്‍ തല താഴ്ത്തിയിരുന്നു. പിന്നെ കൂടുതല്‍ ഒന്നും ഞാന്‍ ചോദിച്ചില്ല. ചോദിച്ചിട്ട് എന്ത് കാര്യം?!

മക്കള്‍ക്ക് സ്‌നേഹവും പരിഗണനയും നല്‍കുവാനും ധാര്‍മിക ബോധത്തില്‍ അവരെ വളര്‍ത്തി വലുതാക്കുവാനും മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കുക. കൂടെ അവര്‍ വഴിപിഴക്കാതിരിക്കുവാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. അല്ലാതെന്തു പറയാന്‍?!